അസാധ്യമായ കാര്യങ്ങളെ തന്‍റെ ഇച്ഛാശക്തികൊണ്ടും ആത്മവിശ്വാസംകൊണ്ടും നേടിയെടുത്ത ഇതിഹാസകഥാപാത്രമാണ് രാവണന്‍.കഥകളിയിലെ ഏറ്റവും ആയാസമേറിയ ആറ് രാവണകഥാപാത്രങ്ങളെ തുടര്‍ച്ചയായി ശ്രീ കലാ: പ്രദീപ് അവതരിപ്പിച്ചു കണ്ടപ്പോള്‍ ഉല്‍ക്കര്‍ഷേച്ഛുവായ രാവണന്‍ പരകായപ്രവേശം ചെയ്തതായിട്ട് തന്നെയാണ് അനുഭവപ്പെട്ടത്.
ദശാസ്യം എന്ന ഈ പ്രോഗ്രാം ലക്ഷ്യം വെയ്ക്കുന്ന എല്ലാ ഉദ്ദേശ്യശുദ്ധികളും മനസ്സിലുളളപ്പോള്‍ തന്നെ ഒരു കഥകളി ആസ്വാദകന്‍ എന്ന നിലയില്‍ അല്പം ആശങ്കയോടുകൂടിയാണ് പോയത്.ഒന്നാമതായി ആറുകഥകള്‍ തുടര്‍ച്ചയായി ആടിഫലിപ്പിക്കാനുളള പ്രായോഗിക ബുദ്ധിമുട്ട്, ഈ കഥകള്‍ സൃഷ്ടിക്കുന്ന നൈരന്തര്യത്തിന്‍റെ അഭാവം തുടങ്ങി പലതും.പക്ഷെ ഈ മഹാനായ കലാകാരന്‍റെ ഇച്ഛാശക്തിക്കും അര്‍പ്പണബോധത്തിനും മുമ്പില്‍ എന്‍റെ ആശങ്കകളെല്ലാം അസ്ഥാനത്തായി.അസ്ഥാനത്തായി എന്ന് മാത്രമല്ല, ഈ നൈരന്തര്യത്തെ വളരെ രസകരമായി നോക്കിക്കാണാനും സാധിച്ചു.
ആധുനിക സാഹിത്യത്തില്‍ വളരെ പ്രചാരമേറിയ ഒരു സ്കൂളാണ് ബോധധാരാ നോവലുകള്‍.ഭൗതിക ലോകത്തെ ഘടികാരങ്ങളെ തകര്‍ത്ത് മനുഷ്യമനസ്സില്‍ ചലിക്കുന്ന ആന്തരികഘടികാരങ്ങളെ പിന്തുടരുന്ന ഒരു രചനാശൈലിയാണ് ഈ നോവലുകള്‍ക്കുളളത്.രേഖീയമായ ഒരു ജീവിത ചിത്രീകരണത്തിനു പകരം മനുഷ്യമനസ്സിന്‍റെ പ്രവചനാതീതമായ വക്രഗതിയാണ് ഈ നോവലുകള്‍ സത്യസന്ധമായി ചിത്രീകരിച്ചത്.വര്‍ത്തമാനത്തില്‍നിന്ന് ഭൂതകാലത്തിലേക്കും അവിടെ നിന്ന് ഭാവിയിലേക്കും തിരിച്ച് ഭൂതത്തിലേക്കോ വര്‍ത്തമാനത്തിലേക്കോ ക്രമവിരുദ്ധമായി ചലിക്കുന്ന ഒരു ആവിഷ്കരണരീതി ഇവയില്‍ കാണാന്‍ കഴിയും.ദശാസ്യത്തിലെ കഥകളുടെ ക്രമത്തിലും സമാനമായ ഒരു ആവിഷ്കാരരീതി അനുഭവപ്പെട്ടു.ഒരുപക്ഷെ ഇത് ബോധപൂര്‍വ്വം അല്ലായിരിക്കാം.
ഉദ്ഭവത്തില്‍ എനിക്ക് സുഖം ഭവിച്ചു എന്നുളളത് വര്‍ത്തമാനകാലമാണ്.അതിനു കാരണമെന്ത് എന്ന് രാവണന്‍ ആലോചിക്കുമ്പോള്‍ മനസ്സ് ഭൂതകാലത്തിലേക്ക് സഞ്ചരിക്കുന്നു.ഗബ്രിയേല്‍ ഗാര്‍സിയ മാര്‍ക്കേസ് മാജിക്കല്‍ റിയലിസത്തിലൂടെ ലാറ്റിനമേരിക്കന്‍ സാഹിത്യത്തില്‍ നിര്‍വ്വഹിച്ചതുപോലെ രാവണന്‍റെ ഓര്‍മ്മകളിലൂടെ പ്രൗഢമായ ഭൂതകാലത്തെ വീണ്ടെടുക്കുന്നു.ഇവിടെ എടുത്ത്പറയേണ്ടത് കറതീര്‍ന്ന കല്ലുവഴി സമ്പ്രദായത്തിന്‍റെ സൗന്ദര്യം കഥകളിത്തം തരിമ്പു പോലും നഷ്ടപ്പെടുത്താതെ ശ്രീ പ്രദീപ് മുഴുനീളെ അവതരിപ്പിച്ചു എന്നുളളതാണ്.ഉദ്ഭവത്തില്‍ ത്രൈലോക്യനാഥന്‍ എന്ന മുദ്രകാണിക്കാത്തതുപോലും രാവണന്‍റെ ആത്മവിശ്വാസത്തിന്‍റെ അത്യുദാത്തമായ മനോനിലയായിട്ടേ കണക്കാക്കാന്‍ കഴിയൂ.
ഓര്‍മ്മകളിലൂടെ സഞ്ചരിക്കുന്ന ഉത്ഭവത്തില്‍ നിന്ന് രണ്ടാമത്തെ കഥയായ രംഭാപ്രവേശത്തിലൂടെ വര്‍ത്തമാനകാലത്തിലേക്ക് രാവണന്‍ വരുമ്പോള്‍ ആ നൈരന്തര്യം നഷ്ടപ്പെട്ടതായി നമുക്ക് അനുഭവപ്പെടുന്നില്ല.എല്ലാ ചാപല്ല്യങ്ങളുമുളള മനുഷ്യനായി രാവണന്‍ മാറുന്നു.ലോകധര്‍മ്മിക്ക് അനവധി സാധ്യതകളുളള ഈ കഥയില്‍പോലും നാട്യധര്‍മ്മിയുടെ അതിരുകള്‍ ശ്രീ പ്രദീപ് ലംഘിക്കുന്നില്ല എന്നുളളത് ഈ കലാകാരന്‍റെ വൈഭവം തെളിയിക്കുന്നു.അദ്ദേഹത്തിന് ദാഹിച്ചപ്പോള്‍ വെളളം മേടിച്ചുകുടിച്ച രംഗം കാണികളെ വളരെയേറെ രസിപ്പിച്ചു.അവിടെയാണ് ഈ കലാകാരന്‍റെ രംഗബോധം മനസ്സിലാവുക.പ്രദീപ് ദാഹിച്ചിട്ട് വെളളം കുടിക്കുന്നു എന്നത് രാവണന്‍ വെളളം കുടിക്കുന്നതായി കാണികളെ അനുഭവിപ്പിക്കാന്‍ കഴിഞ്ഞപ്പോള്‍ ആ വലിയ കലാകാരന്‍റെ രംഗബോധത്തെ മനസ്സുകൊണ്ട് സാഷ്ടാംഗം നമസ്കരിച്ചു.
മൂന്നാമത്തെ കഥയായ ബാലി വിജയത്തിലെത്തുമ്പോള്‍ കഥാഘടന ഉദ്ഭവത്തോട് സമാനമാവുന്നുണ്ട്.നാരദനോട് ചന്ദ്രഹാസം ലഭിച്ച കഥ വിവരിക്കുന്നതിലൂടെ വീണ്ടും വര്‍ത്തമാനത്തില്‍നിന്ന് ഭൂതകാലത്തിലേക്ക് സഞ്ചരിക്കുന്നു.കൈലാസോദ്ധാരണവും പാര്‍വതീ വിരഹവും ആടുന്നത് ഉദ്ഭവവും രംഭാപ്രവേശവും കഴിഞ്ഞിട്ടാണ് എന്ന് വിശ്വസിക്കാന്‍ തന്നെ പ്രയാസം.തപസ്സാട്ടത്തില്‍ കണ്ട അതേ ഊര്‍ജ്ജം കൈലാസോദ്ധാരണത്തില്‍ കണ്ടപ്പോള്‍ ചില അനുഷ്ഠാന കലകളില്‍ കാണുന്നപോലെ ശരിക്കും രാവണന്‍ പ്രദീപില്‍ പരകായപ്രവേശം ചെയ്തു എന്ന് തോന്നിപ്പോയി.കലാകാരനും കഥാപാത്രവും ഒന്നാകുന്ന അവസ്ഥ.തുടര്‍ന്നുനടന്ന ബാലിവധം, തോരണയുദ്ധം, യുദ്ധം എന്നീ കഥകളിലൂടെ ശൃംഗാരവും ക്രോധവും വീര്യവും പരാക്രമശാലിത്വവും എല്ലാം മാറിമറിഞ്ഞ് ആ വേദിയില്‍ നിറഞ്ഞാടി.രാമരാവണയുദ്ധത്തിലൂടെ ദശാസ്യം പര്യവസാനിച്ചു.
ധനാശിപാടുമ്പോള്‍ രാവണന്‍ വേദിയില്‍നിന്നാടിയത് 10 മണിക്കൂറും 2മിനിറ്റും.ശ്രീ പ്രദീപ് വേദിയില്‍നിന്നിറങ്ങിയപ്പോള്‍ കണ്ട ഒരു രംഗം അവിടെ നിന്ന എല്ലാവരുടേയും മനസ്സ് കുളിര്‍പ്പിക്കുകയും കണ്ണ് നനയിപ്പിക്കുകയും ചെയ്തു.കഴിഞ്ഞ പതിനെട്ട് വര്‍ഷമായി ഞാന്‍ കഥകളി കാണുന്നു.ആദ്യമായിട്ടാണ് ഒരു കഥകളിനടന്‍ വേദിയില്‍നിന്ന് ഇറങ്ങിവരുമ്പോള്‍ ആരാധകര്‍ ചുറ്റും നിന്ന് ആര്‍പ്പു വിളിക്കുന്നത് കാണുന്നത്.അത് ഈ മഹാനടന്‍ അര്‍ഹിക്കുന്ന അംഗീകാരം തന്നെയാണ്.അദ്ദേഹത്തിന്‍റെ ഗുരുനാഥന്‍ ശ്രീ വാഴേങ്കട വിജയന്‍, കൂടെ വിഭീഷണനായി വേഷം കെട്ടിയ മകന്‍ പ്രണവ്, സഹധര്‍മ്മിണി, മറ്റു കുടുമ്പാംഗങ്ങള്‍ തുടങ്ങിയവര്‍ സന്നിഹിതരായിരുന്നത് അദ്ദേഹം ചെയ്ത സുകൃതത്തിന്‍റെ ഫലം.കൂടെ സഹകരിച്ച കലാകാരന്മാരും ഈ പ്രോഗ്രാം ഇത്ര ഗംഭീരമായി സംഘടിപ്പിച്ച സംഘാടകരും, പ്രത്യേകിച്ച് ഹരി ചാക്യാര്‍, രഞ്ജിനി, നാരായണേട്ടന്‍ തുടങ്ങി അനവധിപേര്‍ പ്രത്യേക അഭിനന്ദനം അര്‍ഹിക്കുന്നു.ജീവിതത്തില്‍ അസുലഭമായ ഒരു കലാവിരുന്നിന് സാക്ഷിയാവാന്‍ സാധിച്ചതിലുളള അതിയായ ചാരിതാര്‍ത്ഥ്യത്തോടു കൂടി ആ മഹാ കലാകാരനെ മനസ്സു കൊണ്ട് സാഷ്ടാംഗം നമസ്കരിക്കുന്നു.ഇനിയും ഇതുപോലുളള അപൂര്‍വ്വനേട്ടങ്ങള്‍ കൈവരിക്കാനുളള ആരോഗ്യവും ദൈവാനുഗ്രഹവും അദ്ദേഹത്തിനുണ്ടാവട്ടെ എന്ന് പ്രാര്‍ത്ഥിക്കുന്നു.