ചരിത്രം വിജയികൾ എഴുതിയ കഥകളാണെന്ന് പറഞ്ഞത് വാൾട്ടർ ബെഞ്ചമിനാണ്. നമ്മൾ ഇന്ത്യക്കാർ പൊതുവെ ചരിത്രബോധം കുറഞ്ഞവരാണ്. നമുക്ക് മിത്തും ചരിത്രവും തമ്മിലുള്ള അതിർവരമ്പ് ഇനിയും മനസ്സിലായിട്ടില്ല. അതുകൊണ്ടാണ് മിത്തിക്കൽ ആയിട്ടുള്ള പലതും ചരിത്രമാണെന്ന് നമ്മൾ ഇന്നും വിശ്വസിക്കുന്നത്. പരശുരാമൻ മഴുവെറിഞ്ഞ് കേരളം സൃഷ്ടിച്ചു എന്നത് ഇന്നും നമ്മളിൽ പലരും ഒരു ചരിത്ര വസ്തുത പോലെയാണ് അവതരിപ്പിക്കുന്നത്. എന്നാൽ ഈ ഇന്ത്യൻ മിഥോളജിയിലും ചരിത്രത്തിന്റെ അംശങ്ങൾ കണ്ടെത്താൻ കഴിയും. അന്നത്തെ ജീവിത രീതിയും സാമൂഹ്യ വ്യവസ്ഥയും മറ്റും.
വാൾട്ടർ ബെഞ്ചമിന്റെ വരികൾ ഇന്ത്യൻ മിത്തോളജിയുടെ കാര്യത്തിലും ശരിയാണ്. ഭാരതീയ പുരാണങ്ങളിലെ പല അനക്ഡോട്സും പരിശോധിച്ചാൽ മനസ്സിലാവും അതെല്ലാ കാലത്തും സാംസ്കാരിക മേൽക്കോയ്മ നേടിയവരുടെ വ്യാഖ്യാനങ്ങളായിരുന്നു എന്ന്. ഇതിഹാസത്തിലെ ചോരയും നീരുമുള്ള കഥാപാത്രങ്ങൾ പുരാണത്തിലെത്തിയപ്പോൾ ദേവന്മാരും ഈശ്വരന്മാരുമായി മാറി. പിന്നെ അവർ എന്ത് തെറ്റ് ചെയ്താലും അതിനെ ന്യായീകരിക്കലായി ഇവിടുത്തെ ആസ്ഥാന സവർണ്ണ പണ്ഡിതന്മാരുടെ ജോലി. ഈശ്വരന്മാർ എന്ത് തോന്ന്യവാസം ചെയ്താലും അത് നല്ലതിനു വേണ്ടിയാണെന്നും ആരെയെങ്കിലും കൊന്നാൽ അത് മോക്ഷം നൽകിയതാണെന്നും ഉള്ള കപട വ്യാഖ്യാനങ്ങളാണ് എവിടേയും. അതിനൊരപവാദമയിരുന്നു മാവേലിയുടെ കഥ. ഇരയായി തീർന്ന ഒരാളെ ഒരു പ്രദേശം മുഴുവൻ വീരനും നല്ലവനും ആയി ആഘോഷിക്കുന്ന ഒരു അത്ഭുതം ഇന്ത്യയിൽ വേറെയെവിടേയും ഇത്ര വിപുലമായ രീതിയിൽ കാണാൻ കഴിയില്ല. ഈ കഥയിൽ ശത്രുസ്ഥാനത്ത് നിൽക്കുന്നത് ഐറണിക്കലി ദൈവവും, പ്രത്യേകിച്ച് വിഷ്ണുവിന്റെ അവതാരവും. മിത്തോളജിക്കൽ വ്യാഖ്യാനങ്ങളുടെ ഈ കീഴ്മേൽ മറിയലാണ് ഹിന്ദു മതത്തിന്റെ സവർണ്ണ മൂല്യങ്ങളെ മൂലധനമായി ഉപയോഗിച്ച് രാഷ്ട്രീയം കെട്ടിപടുക്കുന്ന സംഘപരിവാറിന് കല്ലുകടിയായി മാറുന്നത്. കീഴാള സ്വത്വവുമായി കൂടുതൽ ചേർന്ന് നിൽക്കുന്ന രീതിയിൽ പാത്രസൃഷ്ടിക്ക് വിധേയമായ മഹാബലിയെ പോലെയൊരു കഥാപാത്രത്തെ ജാതി മത ഭേദമന്യേ ഒരു ദേശം ആരാധിക്കുമ്പോൾ തങ്ങൾ പ്രതിനിധീകരിക്കുന്ന സവർണ്ണഹൈന്ദവതയുടെ നീച രാഷ്ട്രീയം വളർത്തുക എന്നത് ഏറ്റവും ശ്രമകരമാവും എന്ന് മറ്റാരേക്കാളും നല്ലവണ്ണം സംഘ പരിവാറിനറിയാം. അതുകൊണ്ട് തന്നെ ശശി(വിഷ)കലയുടെ വാക്കുകൾ അബദ്ധത്തിൽ ഉണ്ടായതല്ല.