വികസനസംബന്ധമായ ചർച്ചകളിലെല്ലാം
പരാമർശവിധേയമാകാത്ത ഒരു പേരാണ് കേരളം. ഇക്കാലത്ത്
മലയാളിയുടെ ചർച്ചയിൽ പോലും കടന്നുവരുന്നത് തമിഴ്നാടും ഗുജറാത്തും മറ്റ് ഉത്തരേന്ത്യൻ
സംസ്ഥാനങ്ങളും മറ്റുമാണ്.പക്ഷെ വിരോധാഭാസമെന്ന് പറയട്ടെ ലോകപ്രശസ്ത സാമ്പത്തിക ശാസ്ത്രജ്ഞൻ
അമർത്യാസെന്നിന്റെ ആദരവിന് പാത്രമാവുകയും ഐക്യരാഷ്ട്രസഭയുടെ അഭിനന്ദനത്തിന് അർഹമാവുകയും
ചെയ്ത ഒരു വികസനമാതൃകയാണ് കേരളത്തിന്റേത്.എന്തുകൊണ്ടായിരിക്കാം വ്യാവസായികപുരോഗതി താരതമ്യേന
കുറവായ കേരളത്തെ വികസിതമായ പല യൂറോപ്യൻ രാജ്യങ്ങളുമായി തുലനം ചെയ്തത്. അതു മനസ്സിലാക്കുവാൻ
അവർ ഉപയോഗിച്ച മാനദണ്ഡങ്ങൾ പരിശോധിച്ചാൽ മതി. സാധാരണക്കാരന്റെ കണ്ണിൽ മായക്കാഴ്ചകൾ
സൃഷ്ടിക്കുന്ന കോർപ്പറേറ്റ് വികസനമല്ല മറിച്ച് സമൂഹത്തിലെ ഏറ്റവും താഴേതട്ടിലുള്ള വ്യക്തിയുടെ
ജീവിതത്തിൽ വരെ ബൗദ്ധികവും ഭൗതികവുമായ സുഖസൗകര്യങ്ങൾ പ്രദാനം ചെയ്യാൻ ശേഷിയുള്ളവയെയാണ്
മാനദണ്ഡമായി അവർ ഉപയോഗിച്ചത്.
GDP (Gross
Domestic Product) & HDI (Human Development Index)
എല്ലാ ചർച്ചകളിലും
കേൾക്കുന്ന രണ്ട് പദങ്ങളാണ് ഇവ.ഒരു രാജ്യത്തിന്റെ വികസനത്തെ അളക്കാൻ ഉപയോഗിക്കുന്ന
അളവുകോലുകളാണ് ഇവ രണ്ടും.GDP വ്യാവസായിക പുരോഗതിയെ അടിസ്ഥാനപ്പെടുത്തിയാകുമ്പോൾ
HDI സമൂഹത്തിലെ എല്ലാ മനുഷ്യരുടേയും ജീവിതനിലവാരത്തിന്റെ അടിസ്ഥാനത്തിൽ കണക്കാക്കുന്നു. പുരോഗതിയാർജിച്ച ഒരു
നാട്ടിൽ സാമ്പത്തിക ശാസ്ത്രപ്രകാരം ഇവ രണ്ടും പരസ്പരപൂരകങ്ങളായിരിക്കണം.അതായത് GDP
Rate ഉയരുംബോൾ HDIയും ഉയരണം.പക്ഷെ നിർഭാഗ്യവശാൽ
ഇന്ത്യയിൽ ഇവ അജഗജാന്തരമാണ്.മറിച്ച് വികസിത രാജ്യങ്ങൾ പരിശോധിച്ചാൽ രണ്ടും ഉയർന്ന നിലയിൽ
നിൽക്കുന്നത് കാണാം.ഈയൊരു വെളിച്ചത്തിൽ വേണം ഇവിടെ നടക്കുന്ന വികസനചർച്ചകളുടെയെല്ലാം
പിന്നിലുള്ള സ്വാർത്ഥതാല്പര്യങ്ങളേയും രഹസ്യ അജണ്ടകളേയും പറ്റി മനസ്സിലാക്കാൻ.
Kerala Model of Development
മുകളിൽ സൂചിപ്പിച്ച
മാനദണ്ഡങ്ങൾ ഉപയോഗിച്ച് പരിശോധിക്കുംബോൾ മനസ്സിലാവും കേരളം എങ്ങനെ യഥാർത്ഥവികസനസങ്കൽപ്പത്തിൽ
മറ്റു സംസ്ഥാനങ്ങളെ അപേക്ഷിച്ച് മുന്നിൽ നിൽക്കുന്നു എന്ന്. HDI കണക്കാക്കാൻ ഉപയോഗിക്കുന്ന
അളവുകോലുകളാണ് ആരോഗ്യം, ശിശുമരണനിരക്ക്, ആയുസ്സ്, വിദ്യാഭ്യാസം, രാഷ്ട്രീയപ്രബുദ്ധത,തൊഴിൽസംരക്ഷണം,
ശുചിത്വം തുടങ്ങിയവ.ഉയർന്ന GDPയുടെ ഭാഗമായിട്ട് ഉയരേണ്ട Per Capita Income വളരെ കുറവായിട്ടും
കേരളം എങ്ങനെ HDIയിൽ ഉയർന്ന നിലവാരം പുലർത്തുന്നു എന്ന് തിരിച്ചറിയുംബോൾ ഏറ്റവും വികസിതമായ
സംസ്ഥാനം കേരളമാണെന്ന് നമ്മൾ മനസ്സിലാക്കുന്നു.എന്നാൽ ഈ മുന്നേറ്റം വളരെ സ്വാഭാവികമായി
വന്നുചേർന്നതാണോ അതോ ഏതെങ്കിലും ദിവ്യശക്തിയുടെ വരദാനമാണോ? ഒരിക്കലുമല്ല, മറിച്ച് വളരെ
വലിയ സഹനങ്ങളിലൂടെയും ആത്മത്യാഗങ്ങളിലൂടേയും
നേടിയെടുത്തതാണ്.അതിലേക്ക് നയിച്ച സംഭവങ്ങളെ ഒന്ന് ചുരുക്കി പറയാൻ ശ്രമിക്കാം.
1) കേരളീയ
നവോത്ഥാനം
വിവേകാനന്ദൻ
ഭ്രാന്താലയം എന്ന് വിശേഷിപ്പിച്ച കേരളത്തെ മനുഷ്യാലയമാക്കി മാറ്റാൻ വേണ്ടി നടന്ന ശുദ്ധികലശമാണ്
കേരളീയനവോത്ഥാനം.തന്റെ സമുദായത്തിനുള്ളിലെ അശാസ്ത്രീയമായ അനാചാരങ്ങളെ തുടച്ചുനീക്കാൻ
ഉള്ളിൽ നിന്ന് പട നയിച്ച് വി.ടിയും അയിത്തം എന്ന ദുർഭൂതത്തിന്റെ ഇരകളായിരുന്ന ഈഴവരെ
മുഖ്യധാരയിലേക്ക് കൊണ്ടുവന്ന ശ്രീനാരായണഗുരുവും ക്ഷേത്രപ്രവേശനവിളംബരവും മറ്റു നവോത്ഥാന
മുന്നേറ്റങ്ങളും കേരളീയസമൂഹത്തിനെ ഇരുണ്ടഗുഹയിൽ നിന്ന് കാറ്റോട്ടമുള്ള തുറന്നിടങ്ങളിലേക്ക്
കൊണ്ടുവന്നു.
2) ഇടതുപക്ഷപ്രസ്ഥാനം
കേരളീയനവോത്ഥാനത്തിന്റെ
നേട്ടങ്ങളെ മുന്നോട്ട് കൊണ്ടുപോകുകയും സമൂഹത്തിന്റെ അടിത്തട്ടിലേക്ക് ആ നേട്ടങ്ങളെ
എത്തിക്കുകയും ചെയ്തതിൽ കേരളത്തിലെ ഇടതുപക്ഷപ്രസ്ഥാനം വഹിച്ച പങ്കു നിസ്തുലമാണ്.ബംഗാളിൽ
അവ പരാജയപ്പെട്ടപ്പോൾ ഇവിടെ വിജയകരമാക്കാൻ കഴിഞ്ഞതിൽ പ്രധാന കാരണം അതിന്റെ പിന്നിൽ
പ്രവർത്തിച്ച ദീർഘദർശികളും നിസ്വാർത്ഥരുമായ അന്നത്തെ കമ്മ്യൂണിസ്റ്റ് ആചാര്യന്മാരാണ്.വിദ്യാഭാസ
ബില്ലും ലാൻഡ് ട്രിബ്യൂണൽ ബില്ലും തൊഴിലാളി സംരക്ഷണവും സാഹിത്യസമ്പോഷണവും എല്ലാം ഇതിന്
ആക്കം കൂട്ടി.ഇത് കേരളജനതയെ രാഷ്ട്രീയപ്രബുദ്ധരാക്കി.
3) ക്രിസ്ത്യൻ
മിഷനറി പ്രവർത്തനം
ക്രിസ്ത്യൻ മിഷനറി കേരളത്തിലെ വിദ്യാഭ്യാസമേഖലയ്ക്ക്
ചെയ്ത സേവനം നിസ്തർക്കമാണ്.അവർ ഇംഗ്ലീഷ് വിദ്യാഭ്യാസത്തിന് പ്രചാരം നൽകി.അതിലൂടെ ഒരു
ഭാഷ മാത്രമല്ല നമ്മൾ പഠിച്ചത് മറിച്ച് ആ ഭാഷയിലൂടെ ഒഴുകിയെത്തിയ സ്വതന്ത്രചിന്തകൂടിയാണ്.ഇത്
നമ്മളെ യൂറോപ്യൻ സാഹിത്ത്യവുമായിട്ട് അടുപ്പിക്കുകയും അവ നമ്മളുടെ ജീവിതവീക്ഷണത്തേയും
ചിന്താഗതിയേയും മാറ്റിമറിക്കുകയും ചെയ്തു.
4) മലയാളസാഹിത്യം
ഇന്ത്യയിലെ
ഏറ്റവും സമ്പന്നമായ സാഹിത്യമാണ് നമ്മുടേത്.നവോത്ഥാനാനന്തരം രാജസദസ്സുകളിൽ നിന്ന് സാഹിത്യം
തെരുവിലേക്ക് ഇറങ്ങിവന്നു.അത് സമൂഹത്തിലെ അടിത്തട്ടിലുള്ളവരുടേയും അരികുജീവിതങ്ങളുടേയും
ജീവിതം ചിത്രീകരിക്കുകയും ഒരു പുതിയ സാമൂഹ്യബോധം സൃഷ്ടിക്കുകയും ചെയ്തു.
5) ആരോഗ്യസംരക്ഷണം
ആദ്യത്തെ ഗവണ്മെന്റു ആരോഗ്യമേഖലയിൽ എടുത്ത ധീരമായ നടപടികൾ ആരോഗ്യസംരക്ഷണത്തിന്റെ ആവശ്യകതെയെപറ്റി
ജനങ്ങളെ ബോധവാന്മാരാക്കി.പിന്നീട് വന്ന എല്ലാ സർക്കാരുകളും ഇത് തുടർന്നുകൊണ്ടുപോവുന്നതിൽ
ബദ്ധശ്രദ്ധയുള്ളവരായിരുന്നു.ഇന്നും കേരളത്തിലുള്ളയത്ര Govt. dispensaryകൾ മറ്റൊരു സംസ്ഥാനത്തിലുമില്ല.സൗജന്യ
ആരോഗ്യപരിരക്ഷ സമൂഹത്തിന്റെ ആരോഗ്യപരിപാലനത്തിൽ നിർണ്ണായകപങ്ക് വഹിച്ചു.
6) സാക്ഷരതാ
യജ്ഞം
കേരളചരിത്രത്തിലെ മറ്റൊരു നാഴികകല്ല്.ഇന്നും മലയാളിയെ
മറ്റു നാട്ടുകാരുടെ മുൻപിൽ നട്ടെല്ലുയർത്തി നിൽക്കാൻ സഹായിക്കുന്ന ഘടകം.
7) പരിസ്ഥിതി
മുന്നേറ്റങ്ങൾ
ഹരിതസുന്ദരമായ ഈ നാടിനെ
വികസനത്തിന്റെ പേരിൽ കാർന്നുതിന്നുന്നതിനെതിരെ ഉയർന്ന silent valley മുതൽക്കുള്ള ശക്തമായ
പ്രക്ഷോഭങ്ങൾ ഈ നാടിനെ കുറയൊക്കെ അതേ സമ്പന്നതയിൽ നിലനിർത്തുന്നു.
മുകളിൽ പറഞ്ഞ ലിസ്റ്റ് അപൂർണ്ണമാണെങ്കിലും കേരളത്തിനെ
ഇന്നത്തെ കേരളമാക്കാൻ സഹായിച്ച സംഭവങ്ങളാണ് ഇവയെല്ലാം.എന്തെല്ലാം കുറവുകളുണ്ടെങ്കിലും
സമൂഹത്തിലെ ബഹുഭൂരിപക്ഷം വരുന്ന ജനങ്ങളുടെ സന്ത്വനത്തിന് നിദാനമാകേണ്ട വികസനസങ്കല്പം
ന്യൂനപക്ഷമായ corporateകളുടെ താല്പര്യങ്ങൾക്ക് വേണ്ടി അട്ടിമറിക്കുമ്പോൾ നാം നശിപ്പിക്കുന്നത്
നമ്മുടെ മുൻപേ നടന്നവർ അനേകകാലത്തെ സഹനസമരങ്ങളിലൂടെ നേടിയെടുത്ത ഈ വാഗ്ദത്തഭൂമിയെയാണ്.അത്
നിലനിർത്തുക എന്നുള്ളത് പുതിയ വികസനസങ്കൽപ്പങ്ങളുടെ മഞ്ഞവെളിച്ചത്തിൽ കണ്ണുചിമ്മിനിൽക്കുന്ന
നമ്മളോരോരുത്തരുടേയും കടമയാണ്.