ഇംഗ്ലീഷ് ഭാഷ പ്രധാനഭാഷയായിട്ട്
പഠിച്ചത് കൊണ്ടും കുട്ടിക്കാലം തൊട്ട് വായനയുടെ അസുഖം ഉള്ളതുകൊണ്ടും അതിന്റെ ആഴം കണ്ട്
ഇന്നും ഞാൻ പകച്ച്നിൽക്കുകയാണ്. നിരന്തരം കേൾവിയിലൂടെയും
വായനയിലൂടെയും ആ ഭാഷയിലുള്ള എന്റെ നിലവാരമുയർത്താൻ ശ്രമിക്കാറുണ്ട്.പക്ഷെ അതൊരിക്കലും
മലയാളത്തോടുള്ള എന്റെ താല്പര്യം കുറച്ചിട്ടില്ല.ഓരോ ഭാഷയേയും അതിന്റേതായ തനിമയോടും
പലമയോടും ഉപയോഗിക്കുമ്പോഴാണ് ആ ഭാഷ സൗന്ദര്യമുള്ളതായിത്തീരുന്നത്.ഒരു ഭാഷയെ വൈകാരികമായി
ഉൾക്കൊള്ളാൻ കഴിയുമ്പോളാണ് അതിനെ സ്വാഭാവികതയോട്കൂടി പ്രയോഗിക്കാൻ കഴിയുന്നത്.അല്ലാതെ
വരുമ്പോൾ അത് കൃത്രിമമാവും.ഈ കൃത്രിമത്വം ആണ് പല ടി.വി. ചാനൽ അവതാരകരുടേയും മംഗ്ലീഷിൽ
കാണുന്നത്.ഈ കൃത്രിമത്വത്തിൽ നിന്ന് മനസ്സിലാക്കാം അവർ ഭാഷയെ വൈകാരികമായല്ല സമീപിക്കുന്നത്
മറിച്ച് അപകർഷതാബോധം ഉള്ളതുകൊണ്ടാണെന്ന്.
ലോകത്തിലെ ഏറ്റവും
ഭീകരമായ അധീശത്വം സാംസ്കാരികമായ അധീശത്വം ആണ്.ഈ സാംസ്കാരികമായ അധീശത്വത്തിന് ഉപോൽബലകമായ
ഏറ്റവും ശക്തിയേറിയ ആയുധം ഭാഷയാണ്.സാമ്പത്തികവും സാമൂഹികവുമായ മേൽക്കോയ്മയിലൂടെ ആധിപത്യം
നേടുന്ന സാമ്രാജ്യത്ത്വശക്തികൾ തങ്ങളുടെ സംസ്കാരമാണ് ഉത്തമം എന്ന് കീഴ്പ്പെടുത്തിയ
ജനതയെ വിശ്വസിപ്പിക്കുന്നു.ആ വിശ്വാസം നീണ്ടകാലംനിലനിർത്താൻ അവർ ഭാഷയെ കരുവാക്കുന്നു.ലോകചരിത്രം
പരിശോധിച്ചാൽ ഇത് മനസ്സിലാവും.ബ്രിട്ടീഷുകാർ ഇൻഡ്യയിലും പരീക്ഷിച്ചത് ഇതുതന്നെയാണ്.അത്
അവർ പ്രതീക്ഷിച്ചതിലും അധികം ഇവിടെ വിജയിച്ചു.തൊലി കറത്തുപോയതിന്റെ അപകർഷതാബോധം ഇന്നും
നമ്മളെ വിട്ടുപോയിട്ടില്ല.അതുകൊണ്ടാണ് ഇംഗ്ലീഷ് സംസാരിച്ചാൽ നിലവാരം ഉയരും എന്ന് നമ്മൾ
തെറ്റിദ്ധരിക്കുന്നത്.ഈ തെറ്റിദ്ധാരണയാണ് നമ്മളെ ആവശ്യം ഇല്ലാത്തിടത്തും അനാവശ്യമായി
ഇംഗ്ലീഷ്ഭാഷ ഉപയോഗിക്കാൻ നിർബന്ധിക്കുന്നത്, അല്ലാതെ ആ ഭാഷയോടുള്ള ബഹുമാനം കൊണ്ടൊന്നുമല്ല.
മംഗ്ലീഷിൽ ചിലക്കുന്ന ഈ ചെല്ലക്കിളികളോട് ഈ ഭാഷയെപ്പറ്റിയോ സാഹിത്യത്തെപറ്റിയോ ചോദിച്ചാൽ
അറിയാം ഇവർ ചേതൻ ഭഗത്തോ ഹാരിപോട്ടറോ സിഡ്നി ഷെൽഡനോ പോലുള്ള ചവറുകൾക്കപ്പുറം ഒന്നും
വായിച്ചിട്ടുണ്ടാവില്ല എന്ന്.
ഈ കൃത്രിമത്ത്വം ഒഴിവാക്കി
ഓരോ ഭാഷയുടേയും ശുദ്ധിനിലനിർത്തേണ്ടത് മറ്റാരേക്കാളുമുപരി മാധ്യമങ്ങളുടെ കടമയാണ്.അല്ലെങ്കിൽ
ശ്രേഷ്ഠഭാഷാപദവിയിലൂടെ കിട്ടുന്ന കോടിക്കണക്കിന് രൂപ മലയാളഭാഷയുടെ ശവസംസ്കാരത്തിനും
പുലകുളിയടിയന്തിരത്തിനും ആവും വിനിയോഗിക്കേണ്ടിവരുക.
No comments:
Post a Comment