കേരളത്തിലെ ഏറ്റവും
പ്രചാരമേറിയ രംഗകല എന്ന നിലയിൽ കഥകളി മറ്റു രംഗകലകളിൽ നിന്ന് എങ്ങനെ വ്യത്യസ്തമാവുന്നു.എല്ലാ
കലാരൂപങ്ങളുടേയും ലക്ഷ്യം വിവിധ കഥാപാത്രങ്ങളിലൂടേയും സന്ദർഭങ്ങളിലൂടേയും ഉള്ള ഭാവസ്ഫുരീകരണവും
അതിന്റെ വിനിമയവും ആണ്.അങ്ങനെ വരുംബോൾ കഥകളി മറ്റ് രംഗകലകളായ നാടകത്തിൽ നിന്നും സിനിമയിൽ
നിന്നും എങ്ങനെ വ്യത്യസ്തമാവുന്നു.കഥകളിയിൽ അഭിനയത്തിനാണോ ആട്ടത്തിനാണോ കൂടുതൽ പ്രാധാന്യം
എന്ന തർക്കം അനവധി കാലമായിട്ട് ഇവിടെ നിലനിൽക്കുന്നുണ്ട്.കഥകളി കണ്ടു മാത്രം ആസ്വാദകനായിട്ടുള്ള
ഒരാളുടെ അഭിപ്രായം മാത്രമാണിത്.
കഥകളിയുടെ രംഗപാഠം
സൂക്ഷ്മമായി പരിശോധിച്ചാൽ അതിന്റെ ഒരു ന്യൂനത തന്നെ അതിന്റെ നേട്ടമായി ഭവിച്ചു എന്ന്
മനസ്സിലാവും. കൂടുതലും അമാനുഷകഥാപാത്രങ്ങൾ നിറഞ്ഞ കഥകളിയിൽ അമാനുഷപ്രവൃത്തികൾ നിറഞ്ഞ
അഭിനയരംഗങ്ങൾ അധികം ഉണ്ടായി എന്നത് സ്വാഭാവികം മാത്രം.പക്ഷെ നാടകത്തിലോ സിനിമയിലോ കാണുന്ന
പോലെ പശ്ചാത്തലക്രമീകരണങ്ങളുടെ സഹായത്തോടെ
സൃഷ്ടിക്കപ്പേടുന്ന അന്തരീക്ഷം കഥകളിക്ക് അന്യമായി.ഈ അഭാവം കഥകളി എന്ന കലാരൂപത്തിന്
ഗുണമായി ഭവിച്ചു.നാടകത്തിലും സിനിമയിലും നടൻ സൃഷ്ടിക്കേണ്ടാത്ത അന്തരീക്ഷം കഥകളിയിൽ
നടൻ തന്റെ ആംഗികാഭിനയത്തിലൂടെ സൃഷ്ടിക്കണം എന്ന അവസ്ഥ വന്നു.ഇത് ശൈലീകൃതമായ രംഗപാഠത്തിന്റെ
പ്രാധാന്യത്തെ ഊട്ടിയുറപ്പിച്ചു.ഭാവാഭിനയം ആംഗികാഭിനയത്തിനെ സഹായിക്കുന്ന ഘടകം മാത്രമായിമാറി.കൈലാസോദ്ധാരണം
ഒരു ഉദാഹരണം മാത്രം.ആംഗികാഭിനയത്തിന്റെ ശക്തിയും സൗന്ദര്യവും എങ്ങനെ ഈ രംഗത്തിന്റെ
മാറ്റു കൂട്ടുന്നു എന്ന് നമുക്ക് മനസ്സിലാവുന്നതാണ്.
അതേസമയം ആംഗികാഭിനയം
കൂടാതയുള്ള ഭാവാഭിനയമുഹൂർത്തങ്ങൾ സിനിമയിലോ സാഹിത്യത്തിലോ അനുഭവപ്പെടുന്ന അളവിൽ എനിക്ക്
കഥകളിയിൽ അനുഭവപെട്ടിട്ടില്ല.സിനിമയിൽ ലഭിക്കുന്ന പശ്ചാത്തലാന്തരീക്ഷത്തിന്റേയോ പശ്ചാത്തലസംഗീതത്തിൻടേയോ
പിന്തുണ കഥകളിയിൽ താരതമ്മ്യേന കുറവായതാവാം ഇതിന് കാരണം.പിറവി എന്ന സിനിമയിൽ പ്രേംജി
അവതരിപ്പിക്കുന്ന കഥാപാത്രം മകനെ കാത്തിരിക്കുന്ന ഒരു രംഗമുണ്ട്. ആ രംഗത്തിന്റെ ഒരു
തീവ്രത നളചരിതത്തിലെ മറിമാങ്കണ്ണി എന്ന പദത്തിന്റെ രംഗാഭിനയത്തിൽ എനിക്ക് അനുഭവപ്പെട്ടിട്ടില്ല
( സന്ദർഭം ഒന്നല്ലെങ്കിലും).ഇതിന് physical spaceന്റെ ഒരു പരിമിതിയും കാരണമാവാം.അതേ
സമയം തന്നെ മേൽസൂചിപ്പിച്ച കൈലാസോദ്ധാരണം എന്ന രംഗത്തിന്റെ ഗാംഭീര്യം ഒരു സിനിമയിലോ
സീരിയലിലോ എനിക്കനുഭവപ്പെട്ടിട്ടുമില്ല. ഈ പരിമിതികൾ മനസ്സിൽ കണ്ടുകൊണ്ടാവാം ആദ്യകാലങ്ങളിലെ
ആട്ടകഥാകാരന്മാർ ആംഗികാഭിനയത്തിന് പ്രാധാന്യമുള്ള ശൈലീകൃതമായ ആട്ടകഥകൾ ചിട്ടപ്പെടുത്തിയത്.
ഇവിടെ കഥയറിഞ്ഞ് ആട്ടം
കാണുക എന്ന പ്രയോഗം തന്നെ പരിമിതിയായി മാറുന്നു.കഥയുടെ വിവിധ രസങ്ങൾക്കപ്പുറം ശൈലീകൃതമായ
ആട്ടങ്ങളോട് സാത്മ്യം പ്രാപിക്കാൻ കഴിയുംബോളാണ് കഥകളിയാസ്വാദനം അർത്ഥപൂർണ്ണമാവുന്നത്.ഈ
ചിട്ടപ്രധാനമായ ആട്ടങ്ങളുടെ അഭാവം മൂലമാവാം മാനസികദ്രവീകരണശക്തിയുള്ള പല സന്ദർഭങ്ങളുണ്ടായിട്ടും
സമീപകാലത്തുണ്ടായിട്ടുള്ള പല ആട്ടകഥകൾക്കും കഥകളിയാസ്വാദകരുടെ ഇടയിൽ രണ്ടാം സ്ഥാനം മാത്രം ലഭിക്കുന്നത്.
No comments:
Post a Comment