ചെന്നൈയിൽ മറ്റൊരു മാർഗഴിമാസം കൂടി വന്നെത്തിയിരിക്കുന്നു.കാറ്റിന്റെ
ശബ്ദം പോലും രാഗത്തിന്റെ വഴികളിലൂടെ സഞ്ചരിക്കുന്ന കാലം.സംഗീതകലാനിധിയെപ്പറ്റിയും മ്യൂസിക്ക്
അക്കാദമിയിൽ ഇക്കൊല്ലം ആർക്കെല്ലാം സ്ലോട്ട് കിട്ടിയിട്ടുണ്ട് എന്നതിനെപ്പറ്റിയും സഞ്ജയിയുടേയും
അഭിഷേകിന്റേയും പുതിയ പരീക്ഷണങ്ങളെപ്പറ്റിയും ടി.എൻ.ശേഷഗോപാലന്റെ ഈ പ്രായത്തിലും കോട്ടം
തട്ടാത്ത പ്രകടനങ്ങളെപ്പറ്റിയും ഫീമെയിൽ സിംഗേഴ്സിന്റെ പുതിയ ഫാഷൻ ഭ്രമത്തെപ്പറ്റിയും
സഭാ കാന്റീനുകളിലെ വിഭവങ്ങളേയും പറ്റി മാത്രം സംസാരങ്ങൾ വായുവിൽ ഒഴുകി പരക്കുന്ന മൈലാപ്പൂർ-ആൽവാർപ്പേട്ട്
എന്ന ഭൂമിശാസ്ത്രദ്വന്ദ്വങ്ങളിലേക്ക് ചുരുങ്ങുന്ന ചെന്നൈ നഗരം.രജനീകാന്തിന്റെ സിനിമയേക്കാളും
ടിക്കറ്റ് കിട്ടാൻ ബുദ്ധിമുട്ടുള്ളത്രയും അത്ഭുതമാർന്ന നിറഞ്ഞുകവിഞ്ഞ സംഗീതസദസ്സുകൾ.ഇങ്ങനെയുള്ള
സംഗീതലോകം ഏതൊരാളേയും ആകർഷിച്ചില്ലെങ്കിലേ അത്ഭുതമുള്ളൂ.
2008ലെ ഇതുപോലുള്ള ഒരു മാർഗഴിസീസണിലാണ് ഞാനും ഈ മോഹവലയത്തിൽ
എത്തിപ്പെട്ടത്.അതിനു കാരണം മൈലാപ്പൂരിലുണ്ടായിരുന്ന ‘താവളം’ എന്ന ഓമനപ്പേരിൽ പ്രസിദ്ധമായിരുന്ന
ഒരു ബാച്ചിലേഴ്സ് കൂടാരമായിരുന്നു.അയ്യപ്പന്റേയും ചുള്ളിക്കാടിന്റേയും കവിതകളിലും ജോൺ
എബ്രഹാമിന്റേയും അരവിന്ദന്റേയും ജീവിതകഥകളിലും ഭ്രമിച്ച് ക്രമമില്ലായ്മയുടെ സൗന്ദര്യത്തെ
നിശ്ശബ്ദമായി ആരാധിച്ചിരുന്ന ഒരു കാലത്താണ് ഞാൻ താവളവുമായിട്ട് പരിചയത്തിലെത്തുന്നത്.ഒരു
ബാച്ചിലേഴ്സ് വീടിന് ചേർന്നരീതിയിൽ എല്ലാ അരാജകസ്വഭാവവും അതിന്റെ പരകോടിയിൽ എത്തിച്ചേർന്ന
ഒരു ഇടമായിരുന്നു അത്.പക്ഷെ എല്ലാ അരാജകത്വലോകത്തിന്റേയും സവിശേഷത പോലെ അവിടേയും കലാവാസന
തളം കെട്ടി നിന്നിരുന്നു.അടുക്കും ചിട്ടയുമില്ലാതെ ഒരു വന്യസൗന്ദര്യം കാത്തുസൂക്ഷിച്ചിരുന്ന
ആ സ്ഥലത്തു നിന്ന് ഉയർന്ന് കേട്ടതും വൃത്തിയും ചിട്ടയും വശ്യസൗന്ദര്യവുമുള്ള സംഗീതമായിരുന്നില്ല,
മറിച്ച് സംഗീതത്തിന്റെ വന്യസ്വഭാവമായിരുന്നു.ഇത് സംഗീതജ്ഞാനമില്ലാത്ത എന്റെ ഭാവുകത്വത്തേയും
നല്ലവണ്ണം സ്വാധീനിച്ചു.മധുര മീനാക്ഷിയേയും ശ്രീകൃഷ്ണനേയും നേരിൽകാണുന്ന അനുഭവമുണ്ടാവാൻ
കച്ചേരിക്ക് വരുന്ന എൺപത് വയസ്സ് കഴിഞ്ഞ മാമിമാരെ തൃപ്തിപ്പെടുത്തുന്നതിന് വേണ്ടി പാടുന്ന
പട്ടുസാരി സംഗീതജ്ഞകളുടെ ഒരു കച്ചേരിക്ക് പോലും താവളത്തിൽ നിന്ന് പോയതായി ഓർമ്മയില്ല.മറിച്ച്
ശബ്ദസുഖത്തിനും ഭക്തിക്കുമപ്പുറം സംഗീതസാഗരത്തിന്റെ ആഴവും പരപ്പും തേടിയിറങ്ങി മുത്തും പവിഴവും ശേഖരിച്ചു
വരുന്ന, സംഗീതത്തിന്റെ വന്യസൗന്ദര്യം അന്വേഷിച്ചിറങ്ങുന്ന പാട്ടുകാരുടെ കച്ചേരിക്ക്
പോവാനായിരുന്നു എല്ലാവരും താല്പര്യം കാട്ടിയിരുന്നത്.
ഈ ക്രമമില്ലായ്മയിലെ സൗന്ദര്യം തന്നെയാണ് ഏതൊരു സംഗീതശാഖയുടേയും
ജീവനും മുമ്പോട്ടുള്ള പ്രയാണത്തിന്റെ ചാലകശക്തിയും.ആ ബോധ്യം വന്നതോ ക്രമമില്ലായ്മയുടെ
വന്യസൗന്ദര്യം തളംകെട്ടിനിന്ന ഒരു ‘താവള’ത്തിൽ നിന്നും.വീണ്ടും ഒരു മ്യൂസിക് സീസൺ വരുമ്പോൾ
അരവിന്ദനെല്ലാം താമസിച്ചിരുന്ന കാല്പനികമായ പാരഗൺ ലോഡ്ജ് പോലെ ‘താവള'വും ഓർമ്മയിൽ വരുന്നത്
യാദൃശ്ചികമല്ല.