മിഷേൽ ഫൂക്കോ Truth and Power എന്ന പഠനത്തിൽ അധികാരം
എങ്ങിനെ സത്യത്തെ സ്വാധീനിക്കുന്നു എന്നും manipulate ചെയ്യുന്നു എന്നും പറയുന്നുണ്ട്.സമൂഹത്തിലെ
രാഷ്ട്രീയ-സാമ്പത്തിക ശക്തികൾ തങ്ങളുടെ ആഗ്രഹങ്ങൾക്കും ആവശ്യങ്ങൾക്കും അനുസരിച്ച് സത്യത്തെ
വ്യാഖ്യാനിക്കുകയും പരമമായ സത്യം എന്ന നിലയിൽ അവതരിപ്പിക്കുകയും ചെയ്യുന്നതിനെ ധൈഷണികമായി
പ്രതിരോധിക്കേണ്ടതിന്റെ ആവശ്യകത ഫൂക്കോ എടുത്തുപറയുന്നു.പരമമായ സത്യം എന്നത് തന്നെ
ഒരു മിഥ്യയാണെന്ന് അദ്ദേഹം പറയുന്നുണ്ട്.അത് ഓരോ വ്യക്തിക്കും വ്യത്യസ്തമായിരിക്കും.ഭരിക്കുന്നവൻ
തങ്ങളുടെ താല്പര്യങ്ങൾക്കും വിശ്വാസങ്ങൾക്കും അനുസരിച്ച് ഒരു regime of truth സൃഷ്ടിക്കുന്നു.ആ
സത്യത്തെ അധികാരമുപയോഗിച്ച് വ്യക്തികളിൽ അടിച്ചേൽപ്പിക്കുന്നു.ഇവിടെ സമൂഹത്തിനെ ഒരു
വലിയ ചിലന്തിവലയോട് ഫൂക്കോ ഉപമിക്കുന്നത് വളരെ അർത്ഥവത്താണ്.അതിൽ നിന്ന് രക്ഷപ്പെടണമെങ്കിൽ
ഈ സത്യത്തെ വ്യക്ത്യധിഷ്ഠിതമായി മാറ്റുകയും സ്വന്തം യുക്തിബോധം കൊണ്ട് വിവേചിച്ചറിയുകയും
വേണം.അങ്ങനെയുള്ള വ്യക്തികളുടെ ഒരു സമൂഹം ശക്തമായിരിക്കുകയും ചെയ്യും.
ഫൂക്കോയുടെ
ഈ ആശയത്തെ ഇന്ത്യയുടെ സാംസ്കാരിക പശ്ചാത്തലത്തിൽ നോക്കിയാലും വളരെ പ്രസക്തമാണ്.ഇവിടെ
ശരിയേതെന്ന് എല്ലാ കാലത്തും നിശ്ചയിച്ചിരുന്നത് അധികാരകേന്ദ്രങ്ങൾ തന്നെയാണ്.അറിവിന്റെ
ഉത്പാദനത്തെ വളരെ വിദഗ്ധമായി, ചെറുതെങ്കിലും സാമൂഹ്യപരമായി വളരെ ശക്തമായ ഒരു വിഭാഗത്തിലേക്ക് ചുരുക്കുകയും അവരുടെ മേധാവിത്വം
സംരക്ഷിച്ചുപോരുന്ന വിധത്തിൽ അതിന്റെ വിതരണം ശ്രദ്ധാപൂർവ്വം നടത്തുകയും ചെയ്തുപോന്നു.അതിനെ
ചോദ്യം ചെയ്യാതിരിക്കാൻ ഗുരു ഈശ്വരതുല്ല്യനാണെന്ന് വിശ്വസിപ്പിക്കുകയും ചെയ്തു.
അറിവിന്റെ
ജനാധിപത്യം കൂടുതൽ ശക്തമായ ഇക്കാലത്ത് കോട്ടകൊത്തളങ്ങൾ സംരക്ഷിക്കാൻ ഇക്കൂട്ടർ
പല്ലും നഖവും ഉപയോഗിച്ച് പൊരുതുകയും ചെയ്യും.അതിനെ പ്രതിരോധിക്കേണ്ടത് സത്യത്തെ വ്യക്തിയുടെ
വിവേചനഗ്രാഹ്യത്തിലൂടെ വ്യാഖ്യാനിക്കാൻ ആഗ്രഹിക്കുന്ന ഓരോ വ്യക്തിയുടേയും കടമയാണ്.
No comments:
Post a Comment