തന്റെ സിനിമകളെ വിമർശിച്ച
രാജീവ് രവിക്ക് കാര്യമായി എന്തോ കുഴപ്പമുണ്ട് എന്ന് പറഞ്ഞ നടൻ ശ്രീനിവാസൻ സ്വയം താഴുകയാണ്
ചെയ്യുന്നത്.തനിക്കെല്ലാവരേയും വിമർശിക്കാം തന്നെയാരും വിമർശിക്കാൻ പാടില്ല എന്ന ഫ്യൂഡൽ
ചിന്താഗതി തികച്ചും അപലപനീയമാണ്.
നർമ്മത്തിലും ആക്ഷേപഹാസ്യത്തിലും
പൊതിഞ്ഞ ശ്രീനിവാസൻ സിനിമകൾ നമ്മളെല്ലാവരും എന്നും ആസ്വദിക്കുന്നുണ്ടെന്ന് വെച്ച് അവ
വിമർശനാതീതമാണ് എന്ന് കരുതുന്നത് തികച്ചും മണ്ടത്തരം തന്നെയാണ്.വെറും രണ്ട് സിനിമ മാത്രേ
എടുത്തുള്ളുവെങ്കിലും വ്യക്തമായ ഒരു രാഷ്ട്രീയം മുന്നോട്ട് വെക്കാൻ രാജീവ് രവി എന്ന
സംവിധായകന് കഴിഞ്ഞിട്ടുണ്ട്.അങ്ങനെയുള്ളൊരാളുടെ വിമർശനത്തിനെതിരെ ശ്രീനിവാസനെപ്പോലുള്ള
ഒരു സീനിയർ ചലച്ചിത്രകാരൻ പക്വതയോട് കൂടി പ്രതികരിച്ചിരുന്നെങ്കിൽ നമ്മുടെ ബഹുമാനം
പതിന്മടങ്ങ് വർദ്ധിക്കുമായിരുന്നു.പണ്ട് അടൂരിനെ പരോക്ഷമായിട്ട്, അമ്പത് വർഷം മുൻപത്തെ
കേരളസമൂഹത്തിന്റെ കഥ പറയുന്നവർ കപടബുദ്ധിജീവികളാണെന്ന് കളിയാക്കിയിരുന്നു.അന്നും കേരള
സമൂഹം ആ പരിഹാസം ആസ്വദിക്കുകയാണ് ചെയ്തത്.പക്ഷെ ‘എലിപ്പത്തായം’ പോലൊരു രാഷ്ട്രീയശരിയോട്
കൂടിയ സിനിമ എടുക്കാൻ ശ്രീനിവാസന് ഇനിയും സാധിച്ചിട്ടില്ല.
ശ്രീനിവാസൻ സിനിമയിൽ
ഞാൻ കാണുന്ന പോരായ്മകൾ:-
1) പണ്ട് മാത്യൂ ആർണോൾട് എന്ന ആംഗ്ലേയ കവി ജെഫ്രീ ചോസറുടെ
കവിതയെ പറ്റി പറഞ്ഞ ഒരു വിമർശനമുണ്ട്: “He [Chaucer] lacks the
high seriousness of the great classics, and therewith an important part of
their virtue.”ഇത് ശ്രീനിവാസൻ സിനിമയെപ്പറ്റിയും
ശരി തന്നെയാണ്.സിനിമയെപ്പറ്റിയുള്ള ഗൗരവമായ ഒരു ചർച്ചയിൽ ഏതെങ്കിലും ശ്രീനിവാസൻ
സിനിമ ഉൾപ്പെടുത്താൻ പറ്റുമോ എന്ന് സംശയമാണ്.
2) ശ്രീനിവാസൻ സിനിമകൾ നഷ്ടപ്പെടുത്തിയത് വളരെ ഗൗരവമേറിയ
രാഷ്ട്രീയസംവാദങ്ങളാണ്.രാഷ്ട്രീയലോകത്തെ ദുഷിപ്പുകൾക്കെതിരെയുള്ള പരിഹാസം എന്ന
നിലയിൽ അവതരിക്കപ്പെട്ട പല ശ്രീനിവാസൻ സിനിമകളും ഫലത്തിൽ അരാഷ്ട്രീയതയാണ്
മുന്നോട്ട് വെച്ചത്.മധ്യവർഗ്ഗത്തിന്റെ ചില സംഗതികൾ എടുത്ത് അതിനെ ചൂഷണം
ചെയ്യുകയാണ് ചെയ്തത് എന്ന രാജീവ് രവിയുടെ വിമർശനം ഒരു പരിധി വരെ ശരിയുമാണ്.
ഇന്നും
നമ്മൾ ശ്രീനിവാസൻ സിനിമകൾ ആസ്വദിക്കുന്നുണ്ടെങ്കിലും അയാൾ വിമർശനത്തിനതീതനാണെന്നും
ശ്രീനിവാസന്റെ വിമർശനങ്ങളാണ് യഥാർത്ഥ രാഷ്ട്രീയശരികളെന്നും കരുതുന്നത്
അനീതിയായിരിക്കും.പുതിയ ചലച്ചിത്രകാരന്മാർ വരിക്കാശ്ശേരിമനയും ഭാരതപ്പുഴയും
വള്ളുവനാടൻ മലയാളവുമില്ലാതെ ശരിയായ രാഷ്ട്രീയബോധത്തോടെ അരികുജീവിതങ്ങളുടെ കഥ പറയാൻ
ധൈര്യം കാണിക്കുമ്പോൾ അതിനെ പ്രോത്സാഹിപ്പിക്കേണ്ടത് ശ്രീനിവാസനെപ്പോലുള്ള
മുതിർന്ന ചലച്ചിത്രകാരന്മാരുടെ കടമ കൂടിയാണ്.
No comments:
Post a Comment