Sunday, March 22, 2015

കറുപ്പും വെളുപ്പും

മനുഷ്യൻ അടിസ്ഥാനപരമായി മൃഗം(id) മാത്രമാണെന്നും അവനിൽ ‘സൂപ്പർ ഈഗോ’ എന്ന മനോനിലയിൽ ഒരു ഉട്ടോപ്യൻ സങ്കല്പം എല്ലാ കാലത്തും കുടികൊള്ളും എന്ന് സിഗ്മണ്ട് ഫ്രോയ്ഡ് വർഷങ്ങൾക്ക് മുൻപ് തന്നെ പറഞ്ഞിട്ടുണ്ട്.പ്രാകൃതനിലയിൽ നിന്ന് ഒരു സാമൂഹ്യജീവിയായി മാറിയ മനുഷ്യൻ തന്റെ മൃഗീയവാസനകൾ പുതിയ ലോകക്രമത്തിന് പ്രതിലോമകരമാവും എന്ന് മനസ്സിലാക്കിയാണ് കൃത്രിമമായി സൃഷ്ടിച്ചെടുത്ത(ego) പെരുമാറ്റ സംഹിതകളിലൂടേയും സാംസ്കാരികവിനിമയങ്ങളിലൂടേയും സാമൂഹികജീവിതത്തിനെ ശരിതെറ്റുകൾക്കിടയിലെ നൂല്പാലത്തിലൂടെ മുന്നോട്ട് നയിച്ചത്.പക്ഷെ കാലം മുന്നേറിയപ്പോൾ പല കാരണങ്ങളെക്കൊണ്ട് അധികാരശ്രേണിയിൽ മാറ്റങ്ങൾ വരികയും അധികാരികൾ ശരിതെറ്റുകൾ നിർണ്ണയിക്കുന്ന അവസ്ഥ കൈവരികയും ചെയ്തു.തന്റെ യഥാർത്ഥ സ്വത്വമായ ‘ഇദി’നെ മനപ്പൂർവം മറന്നു കൊണ്ട് ഒരു കാലത്തും എത്തിച്ചേരാൻ സാധ്യതയില്ലാത്ത ‘സൂപ്പർ ഈഗോ’ എന്ന തലത്തിനെ അടിസ്ഥാനപ്പെടുത്തി ശരിതെറ്റുകളെ നിർണ്ണയിക്കാൻ തുടങ്ങി.പ്രായോഗികമായ ‘ഈഗോ’ എന്ന മനോനിലയെ തമസ്കരിച്ച് ഭാവനാത്മകമായ സൂപ്പർ ഈഗോയിനെ അടിസ്ഥാനപ്പെടുത്തി ശരിതെറ്റുകളെ കറുപ്പും വെളുപ്പും കള്ളികളാക്കി തിരിക്കാൻ തുടങ്ങി.
അടുത്ത കാലത്ത് നടന്ന പല സംഭവങ്ങളിലും മാധ്യമങ്ങളിലും സോഷ്യൽ മീഡിയയിലും വരുന്ന പ്രതികരണങ്ങൾ ശ്രദ്ധിച്ചാൽ മനസ്സിലാവുന്നതും നമ്മൾ എല്ലാ പരിമിതികളും പോരായ്മകളും ഉള്ള മനുഷ്യരാണ് എന്ന ബോധ്യത്തോട്കൂടിയല്ല പ്രതികരിക്കുന്നത് മറിച്ച് ഈഗോ എന്ന ഘടകത്തെ പൂർണ്ണമായി അവഗണിച്ച് മനുഷ്യൻ എന്നാൽ രണ്ട് തരമേയുള്ളൂ: ഏറ്റവും നല്ലവനും ഏറ്റവും വൃത്തികെട്ടവനും.ഇങ്ങനെ കൃത്യമായി എങ്ങനെയാണ് മനുഷ്യനെ കറുപ്പും വെളുപ്പും കള്ളികളിൽ തരം തിരിക്കുന്നത് എന്നതാണ് മനസ്സിലാവാത്തത്.മതവിശ്വാസി നല്ലവനും നിരീശ്വരവാദി ചീത്തയും മാംസം കഴിക്കാത്തവൻ നല്ലവനും കഴിക്കുന്നവൻ അധമനും ഭാരതസംസ്കാരത്തെ പുകഴ്ത്തുന്നവൻ ശ്രേഷ്ഠനും തെറ്റു ചൂണ്ടികാണിക്കുന്നവൻ നീചനും മദ്യപിക്കുന്നവൻ ചീത്തയും മദ്യപിക്കാത്തവൻ നല്ലവനും അഴിമതിയെ എതിർക്കുന്നവൻ എളുപ്പത്തിൽ രാജ്യസ്നേഹിയും അതിൽ കൂടാത്തവൻ രാജ്യദ്രോഹിയും പ്രതിഷേധിക്കുന്നവന്‍ ദുര്‍മാര്‍ഗ്ഗിയും അനുസരിക്കുന്ന കുഞ്ഞാട് സന്മാര്‍ഗ്ഗിയും അങ്ങനെ പോകുന്നു നല്ലതിനേയും കെട്ടതിനേയും നിശ്ചയിക്കുന്ന ലളിതവത്കരണ പാഠങ്ങൾ.
ഈ സന്മാർഗ്ഗവാദികളുടെ ആക്രോശം കാണുമ്പോൾ ഒരേയൊരാഗ്രഹമേ ഇപ്പോൾ മനസ്സിലുള്ളൂ; “തെറ്റു ചെയ്യാത്തവരുണ്ടെങ്കിൽ കല്ലെറിയട്ടെ” എന്ന് വിളിച്ചുപറയുന്ന ഒരു പ്രായോഗികമതിയായ മനുഷ്യൻ പുനർജനിക്കേണമേ എന്ന്.

No comments:

Post a Comment