വീണപ്പോൾ താങ്ങിയ
അപരിചിതൻ
എന്നിലുള്ള സംശയം
തീർത്തു തന്നില്ലേ
-കല്പറ്റ നാരായണൻ
കഴിഞ്ഞ കുറച്ച് ദിവസങ്ങളായി
ഒന്നും എഴുതാൻ തോന്നിയിരുന്നില്ല.ഒരു ദുരന്തം ആദ്യമായിട്ട് നേരിൽ കണ്ടതിന്റെ ഞെട്ടൽ
തന്നെയായിരുന്നു കാരണം.തൊട്ട് മുമ്പിൽ മനുഷ്യർ എല്ലാം നഷ്ടപ്പെട്ട് ഇനിയെന്ത് എന്ന
ഏറ്റവും ദാരുണമായ ഒരു ചോദ്യം ചോദിക്കുമ്പോൾ വളരെ സുരക്ഷിതമായ ഒരു മുറിയിലിരുന്ന് ഫേസ്ബുക്കിൽ
മനുഷ്യസ്നേഹത്തെ പറ്റിയോ ദീനാനുകമ്പയെ പറ്റിയോ പോസ്റ്റിടുന്നതിൽപരം കാപട്യവും വേറൊന്നില്ല.പക്ഷെ
ഇപ്പോൾ ഒന്നു മനസ്സിലാവുന്നു.ദുരന്തമാണ് ഏറ്റവും വലിയ അധ്യാപകനെന്ന്.ലോകമഹായുദ്ധവും
മഹാമാരിയും നേരിട്ട് അനുഭവിക്കാത്ത ഒരു സമൂഹത്തിൽ നിന്നുണ്ടാകുന്ന അസ്തിത്വവാദനോവലുകൾക്ക്
ലോകോത്തരനിലവാരം ഉണ്ടാകില്ല എന്ന് പറയുന്നത് എത്ര ശരിയാണ്.
ഏതൊരു ചെന്നൈ നിവാസിയേയും
പോലെ എന്നിലും കുറേ സംശയനിവാരണം നിർവഹിച്ചു ഈ ദുരന്തം. ആത്യന്തികമായി ഈ സമൂഹത്തിൽ മനുഷ്യൻ
മാത്രമേ ഉള്ളൂ എന്ന് ഈ ദുരന്തമാണ് എനിക്ക് നേരിട്ട് പഠിപ്പിച്ച് തന്നത് .ബാക്കിയെല്ലാം
സ്ഥാപിത താത്പര്യക്കാരുടെ സൃഷ്ടി മാത്രം. (ഈ അറിവ് ഇത്ര കാലം വായനയിൽ നിന്ന് മാത്രേ
കിട്ടിയിരുന്നുള്ളൂ.പക്ഷെ നേരിട്ടുള്ള അനുഭവത്തിന് എത്ര മടങ്ങ് ശക്തി!!!!).ഈ തിരിച്ചറിവ്
സമകാലിക ഇന്ത്യയിൽ വളരെ ഗുണകരമാണെന്ന് പൂർണ്ണ
ബോധ്യവുമുണ്ട്.വളരെ യാഥാസ്ഥിതികമായി ചിന്തിക്കുന്ന ഒരു ബ്രാഹ്മണ കുടുമ്പത്തിലാണ് ഞാൻ
ജനിച്ചത്.കുടുമ്പാന്തരിക്ഷത്തിൽ എപ്പോഴും പൂജയെ പറ്റിയും അന്ധവിശ്വാസങ്ങളെപ്പറ്റിയുമാണ്
സംസാരം അധികവും.പിന്നീട് പൂജാ വിഷയങ്ങളാണ് പഠിച്ചതും.അത് മനസ്സിലുയർത്തിയ ധാരാളം സംശയങ്ങൾ
എന്നെ അതിൽ നിന്ന് വഴി മാറി സഞ്ചരിക്കാൻ പ്രേരിപ്പിച്ചു.പിന്നീട് ഇംഗ്ലീഷ് സാഹിത്യം
പഠിക്കാൻ ചെന്നൈയ്ക്ക് വരുകയും ഇവിടെ തന്നെ
അധ്യാപകനായി തുടരുകയും ചെയ്തു.ചെന്നൈ ജീവിതവും എന്റെ വായനയും ലോകപരിചയവും എന്നിലെ യാഥാസ്ഥിതികനെ
മാറ്റി മറിച്ചു എന്ന് തന്നെ പറയാം.ജാതിയുടേയും മതത്തിന്റേയും പൊള്ളത്തരം മനസ്സിലാക്കാനും
കുറയൊക്കെ ആ സങ്കുചിത മനസ്ഥിതിയിൽ നിന്ന് പുറത്ത് കടക്കാനും ചെന്നൈ പഠിപ്പിച്ചു. എങ്കിലും
കാലാകാലങ്ങളായി മനസ്സിന്റെ അടിത്തട്ടിൽ അടിഞ്ഞു
കൂടിയിരുന്ന ജാതി ബോധം പൂർണ്ണമായിട്ട് വിട്ടു പോയിരുന്നില്ല.അത് മാറി കിട്ടാനും ഈ ദുരന്തം
സഹായിച്ചു. ദുരന്തത്തിൽ പെട്ട ആളുകളെ ഏത് ജാതിയാണെന്നോ മതമാണെന്നോ നോക്കാതെ സാധാരണക്കാരായ
ജനങ്ങൾ രക്ഷിക്കുന്ന കാഴ്ച്ചയാണ് എവിടേയും കണ്ടത്.അത് എന്നിൽ അവശേഷിച്ചിരുന്ന ജാത്യാഭിമാനത്തെ
കണക്കറ്റം പരിഹസിക്കുന്നതിനു ശേഷിയുള്ളതായിരുന്നു.അത് വലിയൊരു തീരുമാനം ജീവിതത്തിൽ
എടുക്കാൻ പ്രേരിപ്പിച്ചു.ജാതിയുടെ പ്രകട ചിഹ്നമായ പൂണൂൽ ഉപേക്ഷിക്കാൻ.
ഞാൻ എന്റെ പൂണൂൽ ഉപേക്ഷിച്ചു.
പലർക്കും ഇതൊരു സാധാരണ
സംഭവമാവും.പക്ഷെ യാഥാസ്ഥിതികമായ അന്തരീക്ഷത്തിൽ ജനിച്ചു വളർന്ന എന്നെ സംബന്ധിച്ചിടത്തോളം
അത്ര എളുപ്പമായിരുന്നില്ല ഈ കർമ്മം.വളരെ കാലത്തെ ചിന്തയും സ്വയം ബോധ്യങ്ങളും വേണ്ടി
വന്നു എനിക്ക് എന്നെത്തന്നെ ബോധ്യപ്പെടുത്താൻ.ആ ബോധ്യം ഊട്ടിയുറപ്പിക്കാൻ ഒരു ദുരന്തം
വേണ്ടി വന്നു എന്നത് ഒരു കാവ്യനീതിയായിരിക്കാം.
No comments:
Post a Comment