സമത്വമുന്നേറ്റയാത്രയിൽ
യോഗക്ഷേമസഭാ പ്രസിഡന്റ് കാളിദാസ ഭട്ടതിരി പങ്കെടുത്തതിൽ യോഗക്ഷേമസഭയിൽ അഭിപ്രായവ്യത്യാസം.ഹിന്ദു
ഐക്യം എന്ന ആശയത്തോട് വിരോധമില്ല, പക്ഷെ മുന്നേറ്റയാത്രയിൽ പങ്കെടുക്കുന്നതിനോട് യോജിപ്പില്ല
എന്നാണ് ഒരു സഭാ നേതാവ് ടിവിയിൽ പറഞ്ഞത്.ഗ്രാമ്യഭാഷയിൽ പറഞ്ഞാൽ “ഹിന്ദു ഐക്യം എല്ലാം
ആവാം, പക്ഷെ അതൊരു ഈഴവന്റെ കീഴിലാവണം എന്നത് പള്ളീ പോയി പറഞ്ഞാ മതി എന്ന്.”ഇത് തന്നെയാണ്
ഉട്ടോപ്യനായ ഹിന്ദു ഐക്യത്തിലെ വിരോധാഭാസവും.അടരടരുകളായി നിലനിൽക്കുന്ന ജാതികളുടെ ഒരു
സംഘാതമാണ് ഹിന്ദു എന്ന സംജ്ഞ.അതിന്റെ നിലനില്പ് എല്ലാക്കാലത്തും ഒരിക്കലും മാറാൻ സമ്മതിക്കാത്ത
മേൽജാതി-കീഴ്ജാതി ഹൈറാർക്കി അടിസ്ഥാനപ്പെടുത്തിയാണ്.അത് ഏറ്റവും മേൽജാതിയായ നമ്പൂരിയിൽ
മാത്രം കാണുന്ന ഒന്നല്ല, മറിച്ച് ഹിന്ദു സമുദായത്തിലെ (അങ്ങനെയൊന്നില്ല എന്ന് എം.ജി.എസ്)എല്ലാ
ജാതികളിലും ഉണ്ട്.അതിന്റെ ഏറ്റവും വലിയ ദൃഷ്ടാന്തമാണ് വെള്ളാപ്പിള്ളി ഉപയോഗിക്കുന്ന
‘നായാടി മുതൽ നമ്പൂരി വരെ’ എന്ന പ്രയോഗം.ഇതിൽ ഈഴവനെ ഈ ഹൈറാർക്കിയുടെ മധ്യത്തിൽ നിർത്തുന്നതിൽ
വെള്ളാപ്പിള്ളി അഭിമാനം കൊള്ളുന്നുമുണ്ട്.ഹിന്ദു ഐക്യം ഉണ്ടായാലും നായാടി ഈഴവന്റെ താഴെ
തന്നെ എന്നർത്ഥം.ഇത് തന്നെയാണ് സ്വത്വരാഷ്ട്രീയത്തിന്റെ പ്രശ്നവും.സ്വത്വരാഷ്ട്രീയം
എപ്പോഴും ഐഡന്റിറ്റിയെ ലിബറേറ്റ് ചെയ്യാം എന്നേ പറയൂ.അല്ലാതെ ഐഡന്റിറ്റിയിൽനിന്ന് ലിബറേറ്റ്
ചെയ്യാൻ ശ്രമിക്കില്ല.അതിന്റെ പ്രശ്നം മാർക്സ് The German Ideology എന്ന പുസ്തകത്തിൽ
പറയുന്നുണ്ട്: “as soon as the
distribution of labour comes into being, each man has a particular, exclusive
sphere of activity, which is forced upon him and from which he cannot escape.” അങ്ങനെ സംഭവിച്ചാൽ അവരവരുടെ നിലനില്പ് തന്നെയാണ് ചോദ്യം ചെയ്യപ്പെടുക.ഇത്
മനസ്സിലാക്കതെയാണ് സ്വത്വരാഷ്ട്രീയത്തിലേക്ക് ഈയ്യാമ്പാറ്റകളെ പോലെ ജാതിവെറിയന്മാർ
ചെന്ന് ചാടുന്നത്. ഐഡന്റിറ്റിയെ ലിബറേറ്റ് ചെയ്യുന്നതിന് പകരം ഐഡന്റിറ്റിയിൽനിന്ന്
ലിബറേറ്റ് ചെയ്യുക എന്നതാവണം യഥാർത്ഥ രാഷ്ട്രീയം.അങ്ങനെയുള്ള
രാഷ്ട്രീയത്തിന് മാത്രേ സമൂഹത്തിന്റെ ടോട്ടാലിറ്റിയെ എൻഹാൻസ് ചെയ്യുന്ന വ്യക്തിസ്വത്വങ്ങളെ
സൃഷ്ടിക്കാൻ കഴിയൂ.
No comments:
Post a Comment