Sunday, February 12, 2017

ദശമം

സമകാലിക ഇന്റർനെറ്റ് യുഗത്തിൽ കഥകളി ആസ്വാദനത്തിൽ വലിയൊരു സ്വാധീനം ചെലുത്തിയ ഒന്നാണ് ശ്രീ മണി വാതുക്കോടത്തിന്റെ കഥയറിഞ്ഞാട്ടം കാണുക എന്ന ബ്ലോഗ്. അതിന്റെ പത്താം വാർഷികമായ ‘ദശമ’ത്തിന് പങ്കെടുക്കാൻ പോകുമ്പോൾ തന്നെ അറിയുമായിരുന്നു അത് വ്യത്യസ്തമായ ഒരനുഭവമാവുമെന്ന്. കൂട്ടത്തിൽ നമ്മുടെ പ്രിയ ഗഡി സജീഷിന്റെ ദുര്യോധന വധം ചിത്രരചനാ സീരീസിന്റെ ഉദ്ഘാടനവും. കൂടാതെ പതിവുള്ള സുഹൃത്തുക്കളുടെ ഒത്തുചേരലും.

മൂന്ന് വിഷയങ്ങളാണ്  ഇന്നലത്തെ കളിയിൽ എടുത്ത് പറയേണ്ടത്. ഒന്നാമത്തേത് എല്ലാവരും വളരെ താത്പര്യത്തോട് കൂടി കാത്തിരുന്ന ശ്രീ പീശപ്പിള്ളി രാജീവേട്ടന്റെ ബകവധത്തിലെ ആശാരി, ഷണ്മുഖന്റെ ഭീമൻ, പിന്നെ സദനം ഭാസിയേട്ടന്റെ ദുര്യോധനൻ.

ആശാരി പതിവിൽ നിന്ന് അടിമുടി വ്യത്യസ്തമായിരുന്നു. ആഹാര്യത്തിൽ തുടങ്ങി ആദ്യാവസാനമുള്ള പാത്രാവതരണത്തിൽ വരെ. പതിവിലുള്ള ലോകധർമ്മിത്വമുള്ള ആശാരിയുടെ വേഷത്തിനു പകരം രാജീവേട്ടൻ സ്വീകരിച്ചത് കാലകേയവധത്തിലെ മാതലിക്കുള്ളത് പോലെ ദൂതവേഷമാണ്. ഈ കളിക്ക് മുമ്പ് തന്നെ ജയേട്ടൻ ഇട്ട പോസ്റ്റിൽ ആശാരി എന്ന കഥാപാത്രത്തിന്റെ സ്വഭാവത്തിന് ഗൗരവമായ ഒരു പൊളിച്ചെഴുത്ത് വേണമെന്ന് രാജീവേട്ടൻ അഭിപ്രായപ്പെട്ടിരുന്നു. അതിനെ ന്യായീകരിക്കുന്ന രീതിയിലായിരുന്നു ആഹാര്യം മുതൽ എല്ലാം. കലാശങ്ങളെല്ലാം സാധാരണ മറ്റു കഥാപാത്രങ്ങൾക്കുള്ള പോലെ തന്നെ ചിട്ടയോട് കൂടി തന്നെയായിരുന്നു. വളരെ ബുദ്ധിമാനും സ്വതന്ത്രമായി ചിന്തിക്കാൻ ശേഷിയുള്ളവനുമായിരുന്നു ഖനകൻ എന്നതിന് ചേരുന്ന രീതിയിലായിരുന്നു പ്രവൃത്തിയും ധർമ്മപുത്രരും ഭീമനുമായുള്ള സംഭാഷണങ്ങളും. എടുത്ത് പറയാവുന്ന ഒന്ന്;  
“വല്ലതെന്നാലും ഞങ്ങള്ക്കു മല്ലവൈരിതന്റെ
പല്ലവപാദങ്ങള്ഗതിയല്ലോ നൂനം"

എന്ന യുധിഷ്ഠിരന്റെ പദത്തിന് മറുപടിയായി പീശപ്പിള്ളിയുടെ ആശാരി, കൊട്ടാരത്തിൽ വച്ചിട്ടുള്ള, കല്ലിൽ കൊത്തിയതു എന്ന് തോന്നിക്കുന്ന ശ്രീക്ഷ്ണന്റെ ഒരു മനോഹരമായ പ്രതിമ കാണിച്ചു കൊടുക്കുന്നു. എന്നിട്ട് തന്റെ ഉളിയെടുത്ത് അതിൽ ഒന്ന് ചുരണ്ടുമ്പോൾ അരക്കിൽ നിർമ്മിച്ച പ്രതിമ പൊടിഞ്ഞു പോകുന്നു. വേറെ ഒന്നും പറയുന്നില്ല. ഇതൊക്കെ കഴിഞ്ഞു അവസാനം പോവാൻ നിൽക്കുമ്പോ...താൻ ശ്രീകൃഷ്ണന്റെ പ്രതിമ തകർത്തു കലഞ്ഞൂലോ, ശരി എന്ന് പറഞ്ഞു ശരിക്കും കല്ലുകൊണ്ട് ഒരു ശ്രീകൃഷ്ണന്റെ പ്രതിമ ഉണ്ടാക്കി സ്ഥാപിക്കുന്നു. എന്നിട്ടു ഒരു അപേക്ഷയും "ഇതിന്റെ മുൻപിൽ നിന്നു മതിമറന്നു പ്രാർത്ഥിക്കുമ്പോൾ പുരോചനൻ തീ വക്കാൻ വരുന്നുണ്ടോ എന്നുകൂടി ഒന്ന് ശ്രദ്ധിക്കണേ എന്നു" (കൃത്യമായ വിവരണമല്ല, എകദേശ താത്പര്യം മാത്രമാണ്…. ഇതാണ് അർത്ഥം എന്ന് എനിക്ക് സത്യത്തിൽ ആദ്യം മനസ്സിലായില്ല, അടുത്തിരുന്ന മംഗലം മനോജേട്ടനാണ് പറഞ്ഞ് തന്നത്. അതാണ് കളി കണ്ടാൽ മനസ്സിലാവുന്നവരുടെ അടുത്തിരുന്നാലുള്ള ഗുണം). ഈ മറുപടി സാധാരണ കാണുന്ന പാത്രസൃഷ്ടിയുടെ ബൗദ്ധിക തലത്തിന് ചേരുന്നതല്ല, മറിച്ച് വളരെ തത്ത്വചിന്താപരമായി ആലോചിക്കുന്നയാൾക്ക് സാധിക്കുന്ന മറുപടിയാണ്. ഇതു പോലുള്ള സൂക്ഷ്മമായ ചില മാറ്റങ്ങളിലൂടെയാണ് ശ്രീ പീശപ്പിള്ളി ഖനകനെ ഗൗരവം അർഹിക്കുന്ന കഥാപാത്രമാക്കി മാറ്റുന്നത്. പിന്നെയുള്ള ഒരു മാറ്റം തന്റെ സഹായികൾ നിർമ്മിച്ചു തുടങ്ങിയ തുരങ്കത്തിന്  ദ്വാരം ഇടുന്നതോട് കൂടി ആശാരിയുടെ വേഷം അവസാനിക്കുന്നു. സാധാരണ കാണാറുള്ള മരം വെട്ടുന്നതും മുറുക്കി തുപ്പുന്നതും തുടങ്ങിയ ഗ്രാമ്യമായ  ആട്ടങ്ങളൊന്നും ഉണ്ടായില്ല, അതെല്ലാം ഒഴിവാക്കി.ദ്വാരം നിർമ്മിച്ചതിനു ശേഷം ദക്ഷിണ വാങ്ങി നിർഗ്ഗമിക്കുന്നു. സാധാരണയിൽ നിന്ന് വ്യത്യസ്തമായി ഹാസ്യരസത്തിന് പകരം ഖനകനെ വളരെ ഗൗരവമുള്ള, ബുദ്ധിമാനായ ഒരു കഥാപാത്രമായി പീശപ്പിള്ളി സമീപിച്ചു.

ഇതിന് അനുകൂലമായും പ്രതികൂലമായും അഭിപ്രായങ്ങൾ അവിടെ തന്നെ ഉയർന്നു വന്നു. പ്രതികൂലമായ അഭിപ്രായം എന്താണെന്ന് വെച്ചാൽ  ബകവധത്തിലെ ആശാരിക്ക് ചേരുന്നത് പതിവ് ശൈലിയിലുള്ള ഹാസ്യരസപ്രധാനമായ അവതരണമാണ്. കാരണം അങ്ങനെ അവതരിപ്പിക്കുമ്പോൾ മാത്രേ അത് മറ്റ് കഥാപാത്രങ്ങളിൽ നിന്ന് വ്യതിരിക്തമായ ഒരു വ്യക്തിത്വം കൈവരിക്കുന്നുള്ളൂ. അങ്ങനെ വരുമ്പോളാണ് ആശാരിയുടെ രംഗം സവിശേഷമായി നിലനിൽക്കുന്നത്. ഇതിപ്പോൾ മറ്റേതൊരു കഥാപാത്രവും പോലെ സാധാരണമായി പോവുകയും അതിന്റെ സവിശേഷ സാന്നിധ്യം നഷ്ടപ്പെടുകയും ചെയ്യും. മറ്റൊരു വിമർശനം ബകവധം കാണുക  എന്നത് തന്നെ ആയാസമേറിയ ഒന്നാണ്. ആശാരിക്ക് ശേഷം ലളിതയുടെ പദവും ഭീമന്റെ മറുപടിയും അതിനു ശേഷം വരുന്ന രണ്ട് പതിഞ്ഞ പതവും എല്ലാം വളരെ ക്ഷമയോട് കൂടിയിരുന്ന് കാണേണ്ട രംഗങ്ങളാണ്. അതിനിടയിൽ ട്രാജഡിയിലെല്ലാം ഉള്ളതു പോലെയൊരു കോമിക്ക് റിലീഫാണ് ആശാരിയുടെ രംഗം. അതും കൂടി സീരിയസാക്കണോ എന്നതാണ് മറ്റൊരു വിമർശനം. കലാകാരന്മാരും പണ്ഡിതന്മാരും ആസ്വാദകരും ഗൗരവമായി ചർച്ച ചെയ്യേണ്ട വിഷയമാണിത്.
പിന്നെ ബകവധത്തിൽ എടുത്ത് പറയേണ്ടത് ശ്രീ ഷണ്മുഖന്റെ ഭീമനും ശ്രീ ചമ്പക്കര വിജയന്റെ ലളിതയുമാണ്. കറതീർന്ന കളരിച്ചിട്ടയുടെ സൗന്ദര്യം വഴിഞ്ഞൊഴുകുന്നു എന്നേ ഒറ്റ വാചകത്തിൽ പറയാൻ കഴിയുകള്ളൂ. മുദ്രകളുടെ ഭംഗിയും അതിന്റെ സൗന്ദര്യം വർദ്ധിപ്പിക്കുന്ന രീതിയിലുള്ള നിലകളും തികവാർന്ന കലാശങ്ങളും എല്ലാം ഒന്നിനൊന്നു മികച്ചു നിന്നു. ശിഷ്യരുടെ പ്രകടനം കാണാൻ ഗുരുനാഥൻ ശ്രീ കലാ: വാസു പിഷാരടി ആശാൻ മുഴുവൻ സമയവും ഉണ്ടായിരുന്നു. ഒരു ഗുരുനാഥന് ഇതിൽ പരം സന്തോഷം നൽകുന്ന ഒരു ഗുരു ദക്ഷിണയും ഇവർക്ക് നൽകാൻ കഴിയില്ല.
ഞങ്ങൾടെയെല്ലാം പ്രിയ സുഹൃത്ത് സേത്വേട്ടന്റെ ഹിഡുമ്പനും ഉണ്ടായിരുന്നു. വളരെ ഉത്തരവാദിത്വമുള്ള ജോലി തിരക്കിനിടയിലും  ഇവരെല്ലാം കഥകളിയോട് കാണിക്കുന്ന സ്നേഹവും കമ്മിറ്റ്മെന്റും തികച്ചും ശ്ലാഘനീയം തന്നെയാണ്.
ഇന്നലത്തെ കളിയുടെ മറ്റൊരു ഹൈലൈറ്റാണ് ഭാസ്യേട്ടന്റെ കത്തി വേഷം. കലാവതരണത്തിൽ കാണികളുടെ മുൻവിധി പലപ്പോഴും പ്രതിബന്ധമാവാറുണ്ട്. അങ്ങനെയൊന്നാണ് കഥകളിയിലെ കത്തി വേഷം. ശരീരത്തിന്റെ വലുപ്പവും മുഖത്തിന്റെ പ്രത്യേകതകളുമെല്ലാം അതിൽ പ്രധാന ഘടകങ്ങളാണ് എന്നൊരു ധാരണ പൊതുവെയുണ്ട്. അതിനെയെല്ലാം വെല്ലുവിളിക്കുന്ന പ്രകടനമായിരുന്നു ഭാസ്യേട്ടന്റെ ദുര്യോധനൻ. പ്രതിഭയും പിന്നെ നേടിയ കറയറ്റ ശിക്ഷണവും ആണ് ഒരു പെർഫോർമിംഗ് ആർട്ടിന്റെ അടിസ്ഥാനം എന്നതിന് മികച്ചൊരു ഉദാഹരണമാണ് കഥകളിയിൽ ഭാസ്യേട്ടൻ. (ഇതിനു മുമ്പ് ഈ സംശയം പലരേയും പറ്റി തോന്നിയിട്ടുണ്ട്. ഉദാഹരണത്തിന് രാമങ്കുട്ടിയാശാൻ, ടെണ്ടുൽക്കർ, മറഡോണ, മോഹൻലാൽ തുടങ്ങിയവർ). ഇത്രയും ഭംഗിയും ഒതുക്കവും ഉള്ള ഒരു തിരനോക്ക് അടുത്തിടെ വേറെ കണ്ടിട്ടില്ല. കത്തി വേഷത്തിന് വേണ്ട ഊർജ്ജവും തരിപ്പുള്ള അലർച്ചയും എല്ലാം തികവുള്ളതായിരുന്നു. ചില വേഷങ്ങളിലേക്ക് മാത്രം ഈ വലിയ കലാകാരനെ തളച്ചിടുന്നത് ഒരു കണക്കിന് അനീതിയാണെന്ന് ഇന്നലെ ദുര്യോധനൻ കണ്ടപ്പോൾ തോന്നി. മുൻ ധാരണകളെ തിരുത്തുക എന്നത് കലയുടെ അടിസ്ഥാന ധർമ്മമാണല്ലോ.

പതിവ് പോലെ  പാട്ടും കൊട്ടുമെല്ലാം ഒന്നിനൊന്ന് മികച്ചതായിരുന്നു. വിസ്താരഭയത്താൽ ചുരുക്കുന്നു. നല്ലൊരു കളി സംഘടിപ്പിച്ച മണിക്കും മുരള്യേട്ടനും സജീഷിനും തികച്ചും അഭിമാനിക്കാം. പിന്നെ ഒരു വട്ടം കൂടി സജീഷിന് ആ സീരീസ് തിർക്കാനുള്ള എല്ലാ ഭാവുകങ്ങളും.

P.S. കുറിപ്പ് ലേശം നീണ്ട് പോയി, കാരണം കളികളും  വളരെ നീണ്ടതായിരുന്നു. എന്നിട്ടും ചിലത് ഒഴിവാക്കി. ക്ഷമിക്കുക.




  

Tuesday, January 24, 2017

Hindu Lit Fest

ഈയിടെ പങ്കെടുത്ത ഹിന്ദു ലിറ്റററി ഫെസ്റ്റിവൽ സ്ഥലത്തെ കൗതുകകരമായ ചില സന്ദർഭങ്ങൾ. വലിയ കാര്യമുണ്ടെന്നൊന്നും നിങ്ങൾക്ക് ഇത് വായിച്ചാൽ തോന്നില്ലെങ്കിലും  കൗതുകകരമായി എനിക്ക് തോന്നിയ ചിലത് കുത്തിക്കുറിക്കുന്നു.
1)      തമിഴ് എഴുത്തുകാരൻ പെരുമാൾ മുരുകന്റെ സെഷ്ഷൻ കേട്ടുകൊണ്ടിരിക്കുന്നു. ഇടയ്ക്ക് വെറുതെ തിരിഞ്ഞു നോക്കിയപ്പോൾ എന്റെ തൊട്ട് പുറകിൽ ഇരുന്ന് സാകൂതം കേൾക്കുന്നത് സാക്ഷാൽ  ഗിരീഷ് കാസറവള്ളി. ദ്വീപ, ഘടശ്രാദ്ധ തുടങ്ങിയ സിനിമകൾ എടുത്ത ലോക പ്രശസ്ത സംവിധായകൻ യാതൊരു നാട്യങ്ങളുമില്ലാതെ സദസ്സിന്റെ പിൻവരിയിലുള്ള ഒരു കസേരയിലിരുന്ന് വിവാദ തമിഴ് എഴുത്തുകാരനെ കേൾക്കുന്നു.

2)      കനയ്യ കുമാറിന്റെ സെഷ്ഷന് ലേശം വൈകിയാണ് ഞാൻ എത്തിയത്. അപ്പഴ്ത്തേയ്ക്കും ഓഡിറ്റോറിയം നിറഞ്ഞ് കവിഞ്ഞു. സീറ്റ് കിട്ടാത്തതു കൊണ്ട് സ്റ്റെപ്സിന്റെ സൈഡിൽ അർദ്ധാസനത്തിലിരുന്നു. കുറച്ച് കഴിഞ്ഞ് പൊക്കം കുറഞ്ഞൊരു വിദേശ വനിത വന്ന് എന്റെ മുൻപിലെ പടിയിൽ കുന്തിച്ചിരുന്ന് കനയ്യകുമാറിനെ കേട്ടു. കനയ്യ കുമാർ അധികവും ഹിന്ദിയിൽ സംസാരിച്ചത് കൊണ്ട് അവർക്ക് മനസ്സിലാവാത്തതിന്റെ അസ്വസ്ഥത മുഖത്ത് പ്രകടം. ആ സെഷ്ഷൻ കഴിഞ്ഞപ്പോൾ കുറേ പേർ പുറത്തേക്ക് പോയി. ഇവരും എണീറ്റു, പക്ഷെ പോയത് പുറത്തേക്കല്ല, സ്റ്റേജിലേക്കാണ്, അടുത്ത ഗെസ്റ്റായി. അവരെ പരിചയപ്പെടുത്തിയപ്പോളാണറിഞ്ഞത്,  നാട്ടുമ്പുറത്തെല്ലാം നമ്മൾ സാധാരണ സൊറ പറയാൻ ഇരിക്കുന്ന പോലെ എന്റെ മുമ്പിൽ കുന്തിച്ചിരുന്ന് കനയ്യകുമാറിനെ കേട്ടത് 2005ൽ ‘March’ എന്ന നോവലിന് പുലിറ്റ്സർ പ്രൈസ് വാങ്ങിയ ലോക പ്രശസ്ത പ്രശസ്ത എഴുത്തുകാരി Geraldine Brooks ആയിരുന്നെന്ന്. അവരാണ് ഇത്തവണത്തെ ഹിന്ദു പ്രൈസ് കിരൺ ദോഷിക്ക് നൽകിയത്.

3)      ഈ പ്രോഗ്രാമിന് വരുന്നതിന് രണ്ട് ദിവസം മുമ്പാണ് ഭാഷാപോഷിണിയിൽ ശ്രീ ഇ.വി.രാമകൃഷ്ണൻ മഹാശ്വേതാ ദേവിയുടെ നോവലുകളെ പറ്റി എഴുതിയ ഒരു ലേഖനം വായിച്ചത്. അതിൽ അദ്ദേഹം ഉപയോഗിച്ച ഒരു വാക്കാണ് ‘ധൃഷ്യത’. എന്താ ഇതിന്റെ അർത്ഥമെന്ന് മനസ്സിലായില്ല, പലരോടും ചോദിക്കുകയും ചെയ്തു. അങ്ങനെയിരിക്കെയാണ് യാദൃശ്ചികമായി ലേഖകനെ തന്നെ ലിറ്റ് ഫെസ്റ്റിൽ വെച്ച് കണ്ട് മുട്ടുന്നത്. Straight from the horse’s mouth എന്ന പ്രയോഗം പോലെ  അദ്ദേഹത്തോട് തന്നെ അർത്ഥം ചോദിച്ചു. ഹിന്ദു ലിറ്റററി പ്രൈസ് നിശ്ചയിക്കുന്ന ജൂറിയിലെ അംഗമായി വന്നതാണ് അദ്ദേഹം. എ.കെ.രാമാനുജനെ പറ്റിയുള്ള ഒരു ചർച്ച അദ്ദേഹത്തിന്റെ ഒപ്പമിരുന്നാണ് കേട്ടതും.


ദൂരെ നിന്ന് താര പരിവേഷത്തോടെ മാത്രം നോക്കി കണ്ടവരും എക്സെന്റ്രിക്ക് എന്ന് പൊതുവെ കരുതപ്പെടുകയും ചെയ്യുന്ന എഴുത്തുകാരും ചലച്ചിത്രകാരന്മാരും പ്രശസ്തിയുടേയും താരപരിവേഷങ്ങളുടേയും പടം പൊഴിച്ച് സാധാരണക്കാരെ പോലെ പെരുമാറുന്ന ഒരു പരിസരം ലിറ്റററി ഫെസ്റ്റിവലുകളുടെ ഒരു കൗതുകകരമായ മുഖമാണ്. 

Tuesday, January 3, 2017

മഹാഭാരത്തിന്റെ സാംസ്കാരിക ചരിത്രം

സുനിൽ  പി ഇളയിടത്തിന്റെ മഹാഭാരത പ്രഭാഷണം ഇടത്പക്ഷ പ്രസ്ഥാനം കാലാകാലങ്ങളായി ചെയ്തു വരുന്നു എന്നാരോപിക്കുന്ന ലിബറൽ ഹിന്ദു പ്രീണനത്തിന്റെ പ്രചാര പദ്ധതിയുടെ ഭാഗമാണ് എന്നാണ് ഇപ്പോൾ ഉയർന്ന് വരുന്ന ആരോപണം. അതേ സമയം പ്രാകൃതമായ വർണ്ണ വ്യവസ്ഥയെ ആഘോഷിക്കുന്ന പൗരാണിക ഗ്രന്ഥങ്ങളെ മഹത്ത്വവത്കരിക്കുന്നതിലൂടെ അത് പരോക്ഷമായി ഹിന്ദുത്വ രാഷ്ട്രീയത്തെയാണ് സഹായിക്കുക എന്ന് മറ്റൊരു വാദവുമുണ്ട്.  പരസ്പര വിരുദ്ധമായ ഈ രണ്ട് അഭിപ്രായങ്ങളും ആദ്യ നോട്ടത്തിൽ വാസ്തവമെന്ന് തോന്നുമെങ്കിലും സത്യം ഇതിന്റെ ഇടയിലെവിടെയോ ആണ് സ്ഥിതി ചെയ്യുന്നത് എന്നാണ്  ആ പ്രഭാഷണങ്ങൾ മുഴുവൻ കേട്ട എനിക്ക് തോന്നിയത്.

പുരോഗതിയിലേക്ക് സഞ്ചരിക്കുന്ന മറ്റേതൊരു രാജ്യത്തേക്കാളും മതാത്മകമാണ് ഇന്ത്യ. ഹിന്ദുത്വ രാഷ്ട്രീയം ശക്തി പ്രാപിക്കുന്നതിനു മുമ്പ് തന്നെ അങ്ങനെയാണ്. അതു കൊണ്ട് അതിനെ തീരെ അവഗണിച്ച് കൊണ്ട് ഒരു രാഷ്ട്രീയ പ്രവർത്തനം അസാധ്യവുമാണ്. അങ്ങനെയൊരവസ്ഥയിൽ ഒരു പുരോഗമന പ്രസ്ഥാനത്തിന് ചെയ്യാൻ സാധിക്കുന്ന കാര്യം മതത്തിന്റെ വൈകാരികാംശങ്ങൾ പൊതു സമൂഹത്തിന്റെ രാഷ്ട്രീയത്തേയോ യുക്തി ബോധത്തേയോ സ്വാധീനിക്കുന്ന ശക്തിയായി മാറാൻ അനുവദിക്കാതിരിക്കുക എന്നതാണ്. കാരണം ഹിന്ദുത്വ രാഷ്ട്രീയം പ്രയോജനപ്പെടുത്തുന്നത് മതത്തിന്റെ വൈകാരികാംശം മാത്രമാണ്. മറ്റൊന്നും അവരുടെ രാഷ്ട്രീയത്തിനുള്ള അസംസ്കൃത പദാർത്ഥമായി മാറില്ല. ഇതിന്റെ വെളിച്ചത്തിൽ വേണം ശ്രീ സുനിൽ പി ഇളയിടത്തിന്റെ പ്രഭാഷണത്തെ വിലയിരുത്താൻ.

ക്ഷേത്രങ്ങളിലും ഹിന്ദു സംത്സംഗങ്ങളിലും മറ്റും നടക്കുന്ന രീതിയിലുള്ള വായനകളിൽ നിന്ന് ഇതിനെ വ്യത്യസ്തമാക്കിയത് ഒരു പൗരാണിക ഗ്രന്ഥത്തെ വിമർശന ബുദ്ധിയോട് സമീപിച്ചു എന്നതാണ്. ഒരു പൗരാണിക ഗ്രന്ഥം തുറക്കുന്നത് തന്നെ തൊട്ട് തൊഴുത് വേണമെന്നും അതിലുള്ളതെല്ലാം ശരിയാണെന്ന മുൻവിധിയോട് കൂടി വേണം വായിക്കാനെന്നും ശഠിക്കുന്ന മതകീയ വായനയ്ക്ക് പകരം  മഹാഭാരതത്തെ ഒരു സാഹിത്യ രചനയായി സമീപിക്കാൻ ശ്രീ ഇളയിടത്തിന് സാധിച്ചു എന്നതാണ് ഇതിനെ വ്യത്യസ്തമാക്കുന്നത്. എല്ലാ കഥാപാത്രങ്ങളേയും മനുഷ്യനായി കാണാനും മനുഷ്യന്റെ സന്ദിഗ്ദ്ധകളുടെ പശ്ചാത്തലത്തിൽ മഹാഭാരതത്തെ വായിക്കാൻ ശ്രമിക്കുകയും ചെയ്യുന്നു. അതൊരിക്കലും ഹിന്ദുത്വ രാഷ്ട്രീയത്തിന് വളമാവില്ല, കാരണം അവർക്ക് വേണ്ടത് ദൈവീക പരിവേഷം നൽകപ്പെട്ട മഹാഭാരത കഥാപാത്രങ്ങളേയും അവരുടെ രാഷ്ട്രീയത്തിന് ഉപോത്ബലകമായ വൈകാരികാംശങ്ങളുമാണ്. ഇതിനെ രണ്ടിനേയും നിരാകരിച്ച് തികച്ചും അക്കാദമികവും ചരിത്രബന്ധിതവും സാഹിതീയവുമായിരുന്നു ശ്രീ ഇളയിടത്തിന്റെ സമീപനം.

ഇന്ത്യൻ സാമുഹ്യ ജീവിതം വലിയൊരളവിൽ മതാത്മകമാണ്. അതു കൊണ്ട് അതിനെ പൂർണ്ണമായി അവഗണിച്ച് കൊണ്ട് ഒരു രാഷ്ട്രീയ പാർട്ടിക്കും നിലനിൽക്കാൻ സാധിക്കില്ല. എന്നാൽ മതത്തിനെ ഒരു വൈകാരികമായ ആയുധമാക്കുന്ന രാഷ്ട്രീയത്തിനെ ചെറുക്കേണ്ടത് ഇടത് പക്ഷം പോലുള്ള പുരോഗമന രാഷ്ട്രീയത്തിന്റെ ഉത്തരവാദിത്വമാണ്. അത് ഇന്ത്യൻ ജീവിതത്തിന്റെ അവിഭാജ്യ ഘടകമായ മതത്തിനെ പുറത്ത് നിർത്തിയല്ല, മറിച്ച് അതിന്റെ ഉള്ളിൽ നിന്നു കൊണ്ട് അതിലെ വൈരുദ്ധ്യങ്ങളേയും പുരോഗമനപരമല്ലാത്ത നിലപാടുകളേയും എതിർത്തും പൊളിച്ചെഴുതിയും വേണം നിറവേറ്റാൻ. മഹാഭാരതം പോലെ ഇന്ത്യൻ സമൂഹത്തെ ഇത്രയ്ക്ക് സ്വാധീനിച്ച ഒരു കൃതി ഒരേ സമയം ആധുനിക ലോകത്തെ സ്വാധീനിക്കുന്നതിന്റെ കാരണമെന്തെന്നും അതേ സമയം അത് സാമൂഹ്യക്രമത്തെ പ്രതിലോമകരമായി എങ്ങനെ സ്വാധീനിച്ചു എന്നും ഇദ്ദേഹം യുക്തിസഹമായും കാര്യകാരണ സഹിതവും പറയുന്നു. ആ നിലയ്ക്ക് ഈ ഉദ്യമം വളരെ നല്ലത് എന്ന് തന്നെയാണ് എനിക്ക് തോന്നിയത്.