ഈയിടെ പങ്കെടുത്ത
ഹിന്ദു ലിറ്റററി ഫെസ്റ്റിവൽ സ്ഥലത്തെ കൗതുകകരമായ ചില സന്ദർഭങ്ങൾ. വലിയ കാര്യമുണ്ടെന്നൊന്നും
നിങ്ങൾക്ക് ഇത് വായിച്ചാൽ തോന്നില്ലെങ്കിലും കൗതുകകരമായി എനിക്ക് തോന്നിയ ചിലത് കുത്തിക്കുറിക്കുന്നു.
1)
തമിഴ്
എഴുത്തുകാരൻ പെരുമാൾ മുരുകന്റെ സെഷ്ഷൻ കേട്ടുകൊണ്ടിരിക്കുന്നു. ഇടയ്ക്ക് വെറുതെ തിരിഞ്ഞു
നോക്കിയപ്പോൾ എന്റെ തൊട്ട് പുറകിൽ ഇരുന്ന് സാകൂതം കേൾക്കുന്നത് സാക്ഷാൽ ഗിരീഷ് കാസറവള്ളി. ദ്വീപ, ഘടശ്രാദ്ധ തുടങ്ങിയ സിനിമകൾ
എടുത്ത ലോക പ്രശസ്ത സംവിധായകൻ യാതൊരു നാട്യങ്ങളുമില്ലാതെ സദസ്സിന്റെ പിൻവരിയിലുള്ള
ഒരു കസേരയിലിരുന്ന് വിവാദ തമിഴ് എഴുത്തുകാരനെ കേൾക്കുന്നു.
2)
കനയ്യ
കുമാറിന്റെ സെഷ്ഷന് ലേശം വൈകിയാണ് ഞാൻ എത്തിയത്. അപ്പഴ്ത്തേയ്ക്കും ഓഡിറ്റോറിയം നിറഞ്ഞ്
കവിഞ്ഞു. സീറ്റ് കിട്ടാത്തതു കൊണ്ട് സ്റ്റെപ്സിന്റെ സൈഡിൽ അർദ്ധാസനത്തിലിരുന്നു. കുറച്ച്
കഴിഞ്ഞ് പൊക്കം കുറഞ്ഞൊരു വിദേശ വനിത വന്ന് എന്റെ മുൻപിലെ പടിയിൽ കുന്തിച്ചിരുന്ന്
കനയ്യകുമാറിനെ കേട്ടു. കനയ്യ കുമാർ അധികവും ഹിന്ദിയിൽ സംസാരിച്ചത് കൊണ്ട് അവർക്ക് മനസ്സിലാവാത്തതിന്റെ
അസ്വസ്ഥത മുഖത്ത് പ്രകടം. ആ സെഷ്ഷൻ കഴിഞ്ഞപ്പോൾ കുറേ പേർ പുറത്തേക്ക് പോയി. ഇവരും എണീറ്റു,
പക്ഷെ പോയത് പുറത്തേക്കല്ല, സ്റ്റേജിലേക്കാണ്, അടുത്ത ഗെസ്റ്റായി. അവരെ പരിചയപ്പെടുത്തിയപ്പോളാണറിഞ്ഞത്,
നാട്ടുമ്പുറത്തെല്ലാം നമ്മൾ സാധാരണ സൊറ പറയാൻ
ഇരിക്കുന്ന പോലെ എന്റെ മുമ്പിൽ കുന്തിച്ചിരുന്ന് കനയ്യകുമാറിനെ കേട്ടത് 2005ൽ
‘March’ എന്ന നോവലിന് പുലിറ്റ്സർ പ്രൈസ് വാങ്ങിയ ലോക പ്രശസ്ത പ്രശസ്ത എഴുത്തുകാരി
Geraldine Brooks ആയിരുന്നെന്ന്. അവരാണ് ഇത്തവണത്തെ ഹിന്ദു പ്രൈസ് കിരൺ ദോഷിക്ക് നൽകിയത്.
3)
ഈ
പ്രോഗ്രാമിന് വരുന്നതിന് രണ്ട് ദിവസം മുമ്പാണ് ഭാഷാപോഷിണിയിൽ ശ്രീ ഇ.വി.രാമകൃഷ്ണൻ മഹാശ്വേതാ
ദേവിയുടെ നോവലുകളെ പറ്റി എഴുതിയ ഒരു ലേഖനം വായിച്ചത്. അതിൽ അദ്ദേഹം ഉപയോഗിച്ച ഒരു വാക്കാണ്
‘ധൃഷ്യത’. എന്താ ഇതിന്റെ അർത്ഥമെന്ന് മനസ്സിലായില്ല, പലരോടും ചോദിക്കുകയും ചെയ്തു.
അങ്ങനെയിരിക്കെയാണ് യാദൃശ്ചികമായി ലേഖകനെ തന്നെ ലിറ്റ് ഫെസ്റ്റിൽ വെച്ച് കണ്ട് മുട്ടുന്നത്.
Straight from the horse’s mouth എന്ന പ്രയോഗം പോലെ അദ്ദേഹത്തോട് തന്നെ അർത്ഥം ചോദിച്ചു. ഹിന്ദു ലിറ്റററി
പ്രൈസ് നിശ്ചയിക്കുന്ന ജൂറിയിലെ അംഗമായി വന്നതാണ് അദ്ദേഹം. എ.കെ.രാമാനുജനെ പറ്റിയുള്ള
ഒരു ചർച്ച അദ്ദേഹത്തിന്റെ ഒപ്പമിരുന്നാണ് കേട്ടതും.
ദൂരെ
നിന്ന് താര പരിവേഷത്തോടെ മാത്രം നോക്കി കണ്ടവരും എക്സെന്റ്രിക്ക് എന്ന് പൊതുവെ കരുതപ്പെടുകയും
ചെയ്യുന്ന എഴുത്തുകാരും ചലച്ചിത്രകാരന്മാരും പ്രശസ്തിയുടേയും താരപരിവേഷങ്ങളുടേയും പടം
പൊഴിച്ച് സാധാരണക്കാരെ പോലെ പെരുമാറുന്ന ഒരു പരിസരം ലിറ്റററി ഫെസ്റ്റിവലുകളുടെ ഒരു
കൗതുകകരമായ മുഖമാണ്.
No comments:
Post a Comment