Monday, September 15, 2014

വെണ്മണി ബാണിയുടെ വര്‍ത്തമാനസ്വരം:കലാ:ഹരീഷ് കുമാർ


ഏതൊരു കലാരൂപത്തിലും ഉയര്‍ന്നു വരുന്ന പ്രതിഭകള്‍ കാലത്തിന്‍റെ നൈരന്തര്യം സൃഷ്ടിക്കുന്ന ഉല്‍പന്നമാവും.തന്‍റെ മുന്‍ഗാമികളുടെ പ്രതിഭയുടെ സ്വാധീനം തന്‍റെ കലാഹൃദയത്തില്‍, സ്വന്തം ജന്മവാസന എന്ന രാസത്വരകത്തിന്‍റെ സഹായത്താല്‍ സംസ്കരിച്ച് തികച്ചും നൂതനമായ ഒരു കലാവ്യക്തിത്വം സൃഷ്ടിച്ചെടുക്കുന്നു.അങ്ങനെയുളള കലാകാരന്‍ ഒരിക്കലും തന്‍റെ മുന്‍ഗാമികളുടെ അനുവര്‍ത്തിയായിരിക്കില്ല, മറിച്ച് അതിന്‍റെ പതാകവാഹകനും അടുത്ത തലമുറയിലേക്ക് ആ ദീപശിഖയെ ആനയിക്കുന്നവനുമായിരിക്കും.
കഥകളി സംഗീതത്തില്‍ ഈ നൈരന്തര്യം സൃഷ്ടിച്ച പ്രതിഭകള്‍ വിരളമെങ്കിലും അര്‍ത്ഥപൂര്‍ണ്ണമായിരുന്നു.സോപാനശൈലിയോട് വളരെ അടുത്ത് നില്‍ക്കുന്ന വെങ്കിടകൃഷ്ണഭാഗവതരില്‍ ആരംഭിച്ച് കൂടുതല്‍ ശാസ്ത്രീയവും ആലാപനസമ്പുഷ്ടവുമായ നമ്പീശന്‍ സംഗീതത്തിലൂടെ കടഞ്ഞെടുക്കപ്പെട്ട് ഹിന്ദുസ്ഥാനി സംഗീതത്തിന്‍റെ ഭാവഗരിമയിലൂടെയും കളംപാട്ടിന്‍റെ പരുക്കന്‍ രുചികളിലൂടെയും സംസ്കരിച്ച് പുതിയ ഭാവുകത്വം സൃഷ്ടിച്ച ഉണ്ണികൃഷ്ണകുറുപ്പിലൂടെയും കഥകളി സംഗീതത്തിന്‍റെ പരിമിതികള്‍ക്കുളളില്‍ നിന്ന് അതിന്‍റെ സാധ്യതകളെ പരമാവധി ചൂഷണം ചെയ്ത ഗംഗാധരബാണിയിലൂടെയും ഭാവസംഗീതത്തിന്‍റെ ജനപ്രിയാംശത്തിലൂടെ പരിവര്‍ത്തന വിധേയമായ എമ്പ്രാന്തിരി സംഗീതത്തിലൂടെയും അത് വന്നെത്തിയത് ഭാവസംഗീതത്തിന്‍റെ ഹിമാലയ സാനുക്കളിലൂടെയും നീര്‍ച്ചുഴികളിലൂടെയും അനായാസം കയറിയിറങ്ങിയ വെണ്മണി ഹരിദാസ് എന്ന അത്ഭുതപ്രതിഭാസത്തിലാണ്.
അതിനുശേഷമുളള തലമുറയെ ഇതിഹാസം എന്ന നിലയില്‍ വിലയിരുത്താന്‍ സമയമായില്ലെങ്കില്‍ കൂടി ഈ ധാരയുടെ പിന്തുടര്‍ച്ചയെ അന്വേഷിക്കുന്നത് അര്‍ത്ഥപൂര്‍ണ്ണമായിരിക്കും.മേല്‍സൂചിപ്പിച്ച ചങ്ങലയുടെ അവസാനത്തെ കണ്ണിയായ വെണ്മണി ഹരിദാസ് എന്ന സംഗീതജ്ഞനായിരിക്കും ഇന്നത്തെ യുവസംഗീതപ്രതിഭകളെ ഏറ്റവും അധികം സ്വാധീനിച്ചിട്ടുളള പാട്ടുകാരന്‍.അതിന്‍റെ ഗുണവും ദോഷവും നമുക്ക് അനുഭവപ്പെടാറുണ്ട്.പലപ്പോഴും ഹരിദാസേട്ടന്‍റെ കേവലം അനുകരണം ആയി പല ആലാപനങ്ങളും ചുരുങ്ങുമ്പോള്‍ ചില പാട്ടുകാര്‍ ആ പ്രതിഭയെ നേരാംവണ്ണം സ്വാംശീകരിച്ച് തന്‍റെ സ്വന്തം പ്രതിഭയിലൂടെ സംസ്കരിച്ചെടുത്ത് ആ മഹാഗായകന്‍റെ യഥാര്‍ത്ഥ പിന്തുടര്‍ച്ചാവകാശിയായി മാറുന്നു.അങ്ങനെയുളള ഗായകരില്‍ ഏറ്റവും ശ്രദ്ധേയനാണ് ശ്രീ കലാ:ഹരീഷ് കുമാര്‍(മനയത്താറ്റ്).വെണ്മണി സംഗീതത്തില്‍ കാണുന്ന ഭാവപുഷ്കലതയും കീഴ്സ്ഥായിയിലും താരസ്ഥായിയിലും ഉളള അനായാസമായ സഞ്ചാരവും കഥാപാത്രത്തിന്‍റെ ഭാവത്തിനനുസരിച്ചുളള ശബ്ദനിയന്ത്രണവും മറ്റും ഹരീഷേട്ടനിലും തെളിഞ്ഞു കാണാം.പക്ഷെ അതൊരിക്കലും അനുകരണമായി അനുഭവപ്പെടുകയുമില്ല.ഇതിനു കാരണം ഇന്നലെ ശ്രീ വെണ്മണി ഹരിദാസ്-നെയ്യാറ്റിന്‍കര അനുസ്മരണത്തില്‍ ശ്രീ Manoj Kuroor പറഞ്ഞ ഒരു നിരീക്ഷണമാണ്.''തന്‍റെ മുന്‍ഗാമികളില്‍ നിന്ന് സ്വാംശീകരിച്ച കലാംശങ്ങളെ തന്‍റെ സ്വപ്രതിഭയിലൂടെ കടഞ്ഞെടുക്കുമ്പോളാണ് നല്ലൊരു കലാകാരന്‍ ജനിക്കുന്നത്.അയാളെ മനസ്സിലാക്കണമെങ്കില്‍ ആ കലാകാരന്‍റെ സാംസ്കാരിക-സാമൂഹിക പശ്ചാത്തലത്തലം കൂടി വിലയിരുത്തേണ്ടിവരും".കലാ:ഹരീഷ് കുമാറും സംഗീതത്തിന് വളരെ അനുകൂലമായ ഒരു അന്തരീക്ഷത്തിലാണ് വളര്‍ന്നത്.അദ്ദേഹത്തിന്‍റെ അച്ഛന്‍ ഒരു സംഗീതജ്ഞനായിരുന്നില്ലെങ്കില്‍ കൂടി സംഗീതത്തില്‍ നല്ല അറിവും താത്പര്യവും ഉളള വ്യക്തിയായിരുന്നു.കഥകളിയോടുളള സ്നേഹം കാരണമാണ് അദ്ദേഹത്തിന്‍റെ മക്കള്‍ക്ക് അജിതനെന്നും ഹരിയെന്നും(അജിതാഹരേ....)പേരിട്ടത് എന്ന് കേട്ടിട്ടുണ്ട്.അങ്ങനെ കുട്ടിക്കാലം മുതല്‍ക്ക് താന്‍ അറിയാതെയാണെങ്കിലും ഇല്ലത്ത് മുഴങ്ങി കേട്ടിരുന്ന കഥകളി പാട്ടിലൂടെയായിരുന്നു ഇദ്ദേഹം വളര്‍ന്നു വന്നത്.അങ്ങനെ തന്‍റെ കേള്‍വിശീലത്തിലൂടെ ആര്‍ജ്ജിച്ച അനുഭവങ്ങളും മാടമ്പിയാശാന്‍റെ കളരിയിലൂടെ ഇരുത്തംവന്ന സംഗീതജ്ഞാനവും ഹരിദാസേട്ടന്‍റെ കൂടെ ധാരാളം അരങ്ങുകളില്‍ പാടി ലഭിച്ച അരങ്ങറിവുകളും ഈ യുവകലാകാരനെ എണ്ണം പറഞ്ഞ ഒരു കഥകളി ഗായകനാക്കി മാറ്റി.
വെണ്മണി ഹരിദാസേട്ടന്‍റെ ജീവിതത്തില്‍ നമ്മള്‍ കണ്ടിരുന്ന ഒരു ഉള്‍വലിയല്‍ നമുക്ക് ഹരിയേട്ടനിലും കാണാന്‍ കഴിയും.അതുകൊണ്ട് തന്നെ അനാവശ്യമായ അവകാശവാദങ്ങളുമായി ഈ ഗായകനെ നമുക്ക് കാണാന്‍ കഴിയില്ല.ആരാധകവൃന്ദത്തിന്‍റെ "ഗ്വോ....ഗ്വോ
...." വിളികളും കേട്ടെന്നു വരില്ല.പക്ഷെ എത്ര മറയ്ക്കാന്‍ ശ്രമിച്ചാലും മറയാതെ ആ പ്രതിഭ അനിതരശോഭയോടുകൂടി അരങ്ങുകളില്‍ നിറഞ്ഞു നില്‍ക്കും.ഹരിദാസേട്ടന്‍റെ വേര്‍പാടോടുകൂടി നമുക്ക് നഷ്ടപ്പെട്ട ആ സംഗീതമാധുരി അടുത്ത തലമുറയിലേക്ക് ആനയിക്കുന്നത് ഹരിയേട്ടനായിരിക്കും എന്ന കാര്യത്തില്‍ യാതൊരു സംശയവുമില്ല.ഇനിയുളള കഥകളി വേദികള്‍ ഹരിയേട്ടന്‍റെ സംഗീതം കൊണ്ട് മുഖരിതമാവട്ടെ എന്നാശംസിക്കുന്നു.

No comments:

Post a Comment