നമ്മള്‍ ജീവിക്കുന്ന ഈ കാലഘട്ടത്തില്‍ നമ്മളെ സ്വാധിനിക്കുന്ന വ്യക്തികള്‍ വളരെ കുറവാണ്.അതില്‍ പ്രഥമഗണനീനയായ ഒരു വ്യക്തിയാണ് അബ്ദുള്‍ കലാം.പല കാര്യത്തിലും വിയോജിപ്പുകള്‍ ഉളളപ്പോഴും വിഗ്രഹവത്കരണം എന്ന മാനസിക രോഗത്തെ വെറുക്കുമ്പോഴും കലാമിനെ എനിക്കിഷ്ടമാണ്.മുസ്ലീമെന്നാല്‍ ഭീകരവാദിയെന്നും പാകിസ്താന്‍ ചാരനെന്നും പ്രാകൃതവിശ്വാസിയെന്നും പൊതുബോധം ശക്തമായി നിലനില്‍ക്കുന്ന ഒരു സമൂഹത്തില്‍ എല്ലാ പ്രതികൂലസാഹചര്യങ്ങളേയും തരണം ചെയ്ത് ജീവിതവിജയം നേടുകയും താന്‍ പഠിച്ച ശാസ്ത്രത്തിന്‍റെ യുക്തി എല്ലാവരിലേക്കും പകര്‍ന്നു നല്‍കാന്‍ ജീവിതകാലം മുഴുവന്‍ ചിലവഴിക്കുകയും ചെയ്തു എന്നതാണ് കലാമിന്‍റെ ഏറ്റവും വലിയ സംഭാവന.ഇസ്ലാമോഫോബിയയെ ഒരു പരിധി വരെ ചെറുക്കാന്‍ കലാമിന്‍റെ ജീവിതം നമുക്ക് സഹായകരമായിരുന്നു.
അധികാരശക്തികളുടെ പിന്തുണയോടെ മതം അതിന്‍റെ ക്രൂരദംഷ്ട്രങ്ങളുമായി സമൂഹത്തിനെ പിച്ചിച്ചീന്താന്‍ വെമ്പല്‍ കൊളളുന്ന ഒരു കാലഘട്ടത്തില്‍ ആധുനിക ശാസ്ത്രത്തിന്‍റെ പ്രാധാന്യത്തെപ്പറ്റി യുവതലമുറയെ ബോധവാന്മാരാക്കുകയും അതിന്‍റെ ഫലമായി യുവതലമുറയിലെ വലിയൊരു ശതമാനം കുട്ടികള്‍ ശാസ്ത്രവിഷയങ്ങള്‍ പഠിക്കാന്‍ തയ്യാറായി എന്നതും കലാമിന്‍റെ വലിയൊരു
നേട്ടമായിട്ട് ഞാന്‍ കാണുന്നു.
നേട്ടമായിട്ട് ഞാന്‍ കാണുന്നു.
കലാമിനെതിരെ കേള്‍ക്കുന്ന ഒരു പ്രധാന ആരോപണമാണ് ആയുധനിര്‍മ്മാണത്തെ പ്രോത്സിഹിപ്പിച്ചു എന്നത്.അതൊരിക്കലും അദ്ദേഹം വ്യക്തിപരമായി യുദ്ധക്കൊതിയനായതുകൊണ്ടാണെന്ന് ഞാന്‍ വിശ്വസിക്കുന്നില്ല.DRDO പോലുളള ഒരു ഡിപ്പാര്‍ട്ട്മെന്‍റിന്‍റെ തലപ്പത്തിരിക്കുമ്പോള്‍ indigenous ആയിട്ടുളള ആയുധങ്ങള്‍ നിര്‍മ്മിക്കുക എന്നത് ഏതൊരു ടെക്നോക്രാറ്റിന്‍റേയും സ്വപ്നമാണ്.അത് അദ്ദേഹം ഭംഗിയായി നിര്‍വ്വഹിച്ചു.പൊഖ്രാന്‍ അണുപരീക്ഷണം നമുക്ക് സാമ്പത്തികമായി വലിയ ദോഷം ചെയ്തിരുന്നെങ്കിലും രാഷ്ട്രീയപരമായി കുറെയൊക്കെ സഹായിച്ചു.
തിരക്കുകള്‍ക്കിടയിലും അദ്ദേഹം നല്ലവണ്ണം വായിക്കുകയും, വായിക്കാനും യുക്തിപരമായി ചിന്തിക്കാനും തന്‍റെ തലമുറയെ പ്രേരിപ്പിക്കുകയും ചെയ്തു.ശാസ്ത്രീയകലകളുടെ വലിയൊരു ആരാധകനും ആയിരുന്നു അദ്ദേഹം.
വിയോജിപ്പുകള്‍
വിഗ്രഹവത്കരണത്തില്‍ വിശ്വാസമില്ലാത്തതുകൊണ്ട് ധാരാളം വിയോജിപ്പുകളും ഉണ്ട്.അദ്ദേഹത്തെ മഹാനായ ശാസ്ത്രജ്ഞന്‍ എന്ന് വിളിക്കുന്നതിനേക്കാള്‍ നല്ലൊരു ടെക്നോക്രാറ്റ് എന്ന് വിശേഷിപ്പിക്കുന്നതാവും കൂടുതല്‍ ശരി.കൂടങ്കുളം, ന്യൂട്രിനോ പരീക്ഷണം തുടങ്ങിയ വിഷയങ്ങളിലുളള നിലപാട് അദ്ദേഹത്തോടുളള ബഹുമാനത്തില്‍ കുറവ് വരുത്തിയുട്ടുണ്ട്.അവിടെ സമരം ചെയ്യുന്നവരുടെ അഭിപ്രായങ്ങള്‍ കേള്‍ക്കാനോ അവരെ നേരാംവണ്ണം പറഞ്ഞ് മനസ്സിലാക്കാനോ മെനക്കെട്ടില്ല.
ശാസ്ത്രത്തിന്‍റെ യുക്തിയെപ്പറ്റി യുവതലമുറയെ ബോധവാന്മാരാക്കുമ്പോള്‍ തന്നെ കളളന്മാരായിട്ടുളള മനുഷ്യദൈവങ്ങളുടെ കൂടെ വേദി പങ്കിടാന്‍ അദ്ദേഹത്തിന് യാതൊരു സങ്കോചവും തോന്നിയിരുന്നില്ല.ഈ വൈരുദ്ധ്യം അദ്ദേഹത്തിലുളള വിശ്വാസത്തില്‍ ഇടിവു വരുത്തിയിട്ടുണ്ട്.
അദ്ദേഹത്തിന്‍റെ പുസ്തകങ്ങള്‍ ഒരിക്കലും ചിന്തയെ അഗാധമാക്കുന്ന രചനകളായി തോന്നിയിട്ടില്ല.പലപ്പോഴും വ്യക്തിത്വവികസനപുസ്തകങ്ങളുടെ നിലവാരമേ തോന്നിയിട്ടുളളൂ.
രാജ്യത്തിന്‍റെ നേതൃത്ത്വനിരയില്‍ മാതൃകാപരമായ വ്യക്തികളെ തീരെ കാണാന്‍ കഴിയാത്ത ഇക്കാലത്ത് കലാം ഒരാശ്വാസം തന്നെയായിരുന്നു.അബ്ദുള്‍ കലാമിന് അന്ധവിശ്വാസങ്ങള്‍ക്ക് പകരം ശാസ്ത്രയുക്തി സമൂഹത്തെ ഭരിക്കണം എന്നാഗ്രഹിക്കുന്ന ഒരു വിദ്യാര്‍ത്ഥിയുടെ ആദരാഞ്ജലികള്‍.
No comments:
Post a Comment