Friday, February 20, 2015

സ്ത്രീശബ്ദം

ഒരു നാട് പേട്രിയാർക്കൽ ആണെന്നതിന് തെളിവാണ് സ്വതന്ത്രമായി ചിന്തിക്കുകയും സംസാരിക്കുകയും ചെയ്യുന്ന സ്ത്രീകളെ മോശം സ്വഭാവമുള്ള സ്ത്രീകളായി ചിത്രീകരിക്കുന്നവരുടെ പ്രതികരണങ്ങൾ.ശരീരത്തിന്റെ ജൈവകാമനകളേയും തുറന്നിടലുകളേയും സത്യസന്ധമായി എഴുതുകയും അതിന്റെ കലാപസാദ്ധ്യതകളെ വളരെ ശക്തമായി ആവിഷ്കരിക്കുകയും ചെയ്ത എല്ലാവരും ഈ ദുഷിച്ച ആക്രമണത്തെ നേരിട്ടിട്ടുണ്ട്.താൻ എഴുതിയ ‘എന്റെ കഥ’ എന്ന പുസ്തകത്തിലെ പലതും ഭാവനാസൃഷ്ടികളാണ് എന്ന് പറഞ്ഞിട്ടും മാധവക്കുട്ടി മോശപ്പെട്ട സ്ത്രീ എന്ന രീതിയിൽ ചിത്രീകരിക്കപ്പെട്ടിട്ടുണ്ട്.


 ഇന്നും മലയാളിയുടെ ഈ മാനസികാവസ്ഥ മാറിയിട്ടില്ല എന്നതിന് തെളിവാണ് അരുന്ധതിയുടെ ഇൻബോക്സിൽ വരുന്ന മെസേജുകൾ. ഒരു വിദ്യാർത്ഥിയായിരിക്കുമ്പോൾ തന്നെ താൻ വിശ്വസിക്കുന്ന ഒരു സ്ത്രീസ്വാതന്ത്ര്യത്തിനുവേണ്ടി ശക്തമായി നിലകൊള്ളുകയും സമൂഹത്തെ തന്റെ നിലപാടുകൾ വളരെ ഭംഗിയായി convince ചെയ്യുകയും ചെയ്യുന്ന അവരേയും ഇതേ കണ്ണുകൊണ്ട് മലയാളി നോക്കികാണുന്നതിൽ വലിയ അത്ഭുതമൊന്നുമില്ല.പണ്ട് ഇബ്സന്റെ നോറ കൊട്ടിയടച്ച വാതിലിന്റെ പ്രകമ്പനം ലോകസാഹിത്യത്തെ മുഴുവൻ പ്രകമ്പനം കൊള്ളിച്ചതുപോലെ ഈ മലയാളക്കരയിലും വാതിൽ കൊട്ടിയടക്കുന്നതിന്റെ പ്രകമ്പനം തുടരെ തുടരെ കേട്ടാൽ മാത്രമേ ഈ മാനസികരോഗത്തിന് ഒരു ശമനമുണ്ടാവുകയുള്ളൂ.അതിന് ഗോപ്യതയെ അലങ്കാരമായി ആഘോഷിക്കുന്ന ഒരു സമൂഹത്തിൽ അരുന്ധതിയെപോലുള്ള സ്ത്രീകൾ ധൈര്യമായി മുന്നോട്ട് വരുക എന്നുള്ളതുമാത്രമാണ് പോംവഴി.അവരുടെ പരിശ്രമങ്ങൾക്ക് എല്ലാ ആശംസകളും നേരുന്നു.

Monday, December 29, 2014

ശ്രീനിവാസൻ എന്ന ചലച്ചിത്രകാരൻ

തന്റെ സിനിമകളെ വിമർശിച്ച രാജീവ് രവിക്ക് കാര്യമായി എന്തോ കുഴപ്പമുണ്ട് എന്ന് പറഞ്ഞ നടൻ ശ്രീനിവാസൻ സ്വയം താഴുകയാണ് ചെയ്യുന്നത്.തനിക്കെല്ലാവരേയും വിമർശിക്കാം തന്നെയാരും വിമർശിക്കാൻ പാടില്ല എന്ന ഫ്യൂഡൽ ചിന്താഗതി തികച്ചും അപലപനീയമാണ്.

നർമ്മത്തിലും ആക്ഷേപഹാസ്യത്തിലും പൊതിഞ്ഞ ശ്രീനിവാസൻ സിനിമകൾ നമ്മളെല്ലാവരും എന്നും ആസ്വദിക്കുന്നുണ്ടെന്ന് വെച്ച് അവ വിമർശനാതീതമാണ് എന്ന് കരുതുന്നത് തികച്ചും മണ്ടത്തരം തന്നെയാണ്.വെറും രണ്ട് സിനിമ മാത്രേ എടുത്തുള്ളുവെങ്കിലും വ്യക്തമായ ഒരു രാഷ്ട്രീയം മുന്നോട്ട് വെക്കാൻ രാജീവ് രവി എന്ന സംവിധായകന് കഴിഞ്ഞിട്ടുണ്ട്.അങ്ങനെയുള്ളൊരാളുടെ വിമർശനത്തിനെതിരെ ശ്രീനിവാസനെപ്പോലുള്ള ഒരു സീനിയർ ചലച്ചിത്രകാരൻ പക്വതയോട് കൂടി പ്രതികരിച്ചിരുന്നെങ്കിൽ നമ്മുടെ ബഹുമാനം പതിന്മടങ്ങ് വർദ്ധിക്കുമായിരുന്നു.പണ്ട് അടൂരിനെ പരോക്ഷമായിട്ട്, അമ്പത് വർഷം മുൻപത്തെ കേരളസമൂഹത്തിന്റെ കഥ പറയുന്നവർ കപടബുദ്ധിജീവികളാണെന്ന് കളിയാക്കിയിരുന്നു.അന്നും കേരള സമൂഹം ആ പരിഹാസം ആസ്വദിക്കുകയാണ് ചെയ്തത്.പക്ഷെ ‘എലിപ്പത്തായം’ പോലൊരു രാഷ്ട്രീയശരിയോട് കൂടിയ സിനിമ എടുക്കാൻ ശ്രീനിവാസന് ഇനിയും സാധിച്ചിട്ടില്ല.

ശ്രീനിവാസൻ സിനിമയിൽ ഞാൻ കാണുന്ന പോരായ്മകൾ:-

1)  പണ്ട് മാത്യൂ ആർണോൾട് എന്ന ആംഗ്ലേയ കവി ജെഫ്രീ ചോസറുടെ കവിതയെ പറ്റി പറഞ്ഞ ഒരു വിമർശനമുണ്ട്: “He [Chaucer] lacks the high seriousness of the great classics, and therewith an important part of their virtue.”ഇത് ശ്രീനിവാസൻ സിനിമയെപ്പറ്റിയും ശരി തന്നെയാണ്.സിനിമയെപ്പറ്റിയുള്ള ഗൗരവമായ ഒരു ചർച്ചയിൽ ഏതെങ്കിലും ശ്രീനിവാസൻ സിനിമ ഉൾപ്പെടുത്താൻ പറ്റുമോ എന്ന് സംശയമാണ്.

 

2)  ശ്രീനിവാസൻ സിനിമകൾ നഷ്ടപ്പെടുത്തിയത് വളരെ ഗൗരവമേറിയ രാഷ്ട്രീയസംവാദങ്ങളാണ്.രാഷ്ട്രീയലോകത്തെ ദുഷിപ്പുകൾക്കെതിരെയുള്ള പരിഹാസം എന്ന നിലയിൽ അവതരിക്കപ്പെട്ട പല ശ്രീനിവാസൻ സിനിമകളും ഫലത്തിൽ അരാഷ്ട്രീയതയാണ് മുന്നോട്ട് വെച്ചത്.മധ്യവർഗ്ഗത്തിന്റെ ചില സംഗതികൾ എടുത്ത് അതിനെ ചൂഷണം ചെയ്യുകയാണ് ചെയ്തത് എന്ന രാജീവ് രവിയുടെ വിമർശനം ഒരു പരിധി വരെ ശരിയുമാണ്.


     ഇന്നും നമ്മൾ ശ്രീനിവാസൻ സിനിമകൾ ആസ്വദിക്കുന്നുണ്ടെങ്കിലും അയാൾ വിമർശനത്തിനതീതനാണെന്നും ശ്രീനിവാസന്റെ വിമർശനങ്ങളാണ് യഥാർത്ഥ രാഷ്ട്രീയശരികളെന്നും കരുതുന്നത് അനീതിയായിരിക്കും.പുതിയ ചലച്ചിത്രകാരന്മാർ വരിക്കാശ്ശേരിമനയും ഭാരതപ്പുഴയും വള്ളുവനാടൻ മലയാളവുമില്ലാതെ ശരിയായ രാഷ്ട്രീയബോധത്തോടെ അരികുജീവിതങ്ങളുടെ കഥ പറയാൻ ധൈര്യം കാണിക്കുമ്പോൾ അതിനെ പ്രോത്സാഹിപ്പിക്കേണ്ടത് ശ്രീനിവാസനെപ്പോലുള്ള മുതിർന്ന ചലച്ചിത്രകാരന്മാരുടെ കടമ കൂടിയാണ്.



Saturday, December 27, 2014

ശരീരത്തിന്റെ കലാപസാദ്ധ്യതകൾ

ശരീരത്തിന്റെ കലാപസാദ്ധ്യതകളിൽ നിന്നാണ് പല വിപ്ലവാശയങ്ങളും സാഹിത്യവും മറ്റു കലാസൃഷ്ടികളും ഉരുവാകുന്നത്.ആദിമമനുഷ്യന് ശരീരത്തെപ്പറ്റി ബോധമുണ്ടാവുകയും അതിൽ നിന്ന് നാണം എന്ന വികാരം ഉണ്ടായതും ആകാം ആദ്യത്തെ ശരീരകേന്ദ്രിതമായ വിപ്ലവം.പക്ഷെ ഈ വിപ്ലവത്തെ മതം എല്ലാകാലത്തും ഭയന്നിരുന്നു എന്നതിന്റെ തെളിവാണ് “Fall of Man” എന്ന പ്രയോഗം എന്ന് വേണം കരുതാൻ.എല്ലാ സംസ്കാരങ്ങളിലും ശരീരത്തിന്റെ ഈ തുറന്നിടലുകളേയും അതിന്റെ സാധ്യതകളേയും അടിച്ചമർത്താൻ ശ്രമങ്ങൾ ഉണ്ടായിട്ടുണ്ട്.

നഗ്നതയോടുകൂടിയ നാരീപൂജയിലൂടേയും ലൈംഗികതയുടെ പ്രയോഗസാദ്ധ്യതകളിലൂടേയും ഈശ്വരസാക്ഷാത്കാരം എന്ന ഭാരതത്തിലെ വാമമാർഗ്ഗസമ്പ്രദായത്തേയും പതിത്വം കല്പിച്ച് മാറ്റി നിർത്താനുള്ള കാരണവും മറ്റൊന്നായിരിക്കില്ല.ശ്രേഷ്ഠമായ അംഗങ്ങളോടുകൂടി രജസ്വലയായി സംഭോഗതൃഷ്ണയോടുകൂടിയ ഒരു സ്ത്രീയായി ഹോമകുണ്ഡത്തെ സങ്കല്പിക്കാൻ പറയുന്ന ഒരു സംസ്കാരഭൂമിയിൽ എന്നാണ് സ്പർശനത്തിലൂടേയും ആർത്തവത്തിലൂടേയും മനുഷ്യൻ അശുദ്ധനായി തുടങ്ങിയത്?


ദേവിയുടെ മാസമുറയെ ആരാധനയോടെ കാണുന്ന ഒരു സംസ്കാരഭൂമിയിൽ എന്ന് തൊട്ടാണ് മനുഷ്യശരീരം അശുദ്ധമായി തുടങ്ങിയത്?അശുദ്ധിയുടെ ശാസ്ത്രം തടഞ്ഞ് വെച്ച അവകാശങ്ങൾ നേടിയെടുക്കണമെങ്കിൽ കലാപം അശുദ്ധമായ ശരീരത്തിൽ നിന്ന് തന്നെ ആരംഭിക്കണം. 

Sunday, December 14, 2014

സംഗീതഭാവുകത്വവും മൈലാപ്പൂർ ‘താവളവും’


ചെന്നൈയിൽ മറ്റൊരു മാർഗഴിമാസം കൂടി വന്നെത്തിയിരിക്കുന്നു.കാറ്റിന്റെ ശബ്ദം പോലും രാഗത്തിന്റെ വഴികളിലൂടെ സഞ്ചരിക്കുന്ന കാലം.സംഗീതകലാനിധിയെപ്പറ്റിയും മ്യൂസിക്ക് അക്കാദമിയിൽ ഇക്കൊല്ലം ആർക്കെല്ലാം സ്ലോട്ട് കിട്ടിയിട്ടുണ്ട് എന്നതിനെപ്പറ്റിയും സഞ്ജയിയുടേയും അഭിഷേകിന്റേയും പുതിയ പരീക്ഷണങ്ങളെപ്പറ്റിയും ടി.എൻ.ശേഷഗോപാലന്റെ ഈ പ്രായത്തിലും കോട്ടം തട്ടാത്ത പ്രകടനങ്ങളെപ്പറ്റിയും ഫീമെയിൽ സിംഗേഴ്സിന്റെ പുതിയ ഫാഷൻ ഭ്രമത്തെപ്പറ്റിയും സഭാ കാന്റീനുകളിലെ വിഭവങ്ങളേയും പറ്റി മാത്രം സംസാരങ്ങൾ വായുവിൽ ഒഴുകി പരക്കുന്ന മൈലാപ്പൂർ-ആൽവാർപ്പേട്ട് എന്ന ഭൂമിശാസ്ത്രദ്വന്ദ്വങ്ങളിലേക്ക് ചുരുങ്ങുന്ന ചെന്നൈ നഗരം.രജനീകാന്തിന്റെ സിനിമയേക്കാളും ടിക്കറ്റ് കിട്ടാൻ ബുദ്ധിമുട്ടുള്ളത്രയും അത്ഭുതമാർന്ന നിറഞ്ഞുകവിഞ്ഞ സംഗീതസദസ്സുകൾ.ഇങ്ങനെയുള്ള സംഗീതലോകം ഏതൊരാളേയും ആകർഷിച്ചില്ലെങ്കിലേ അത്ഭുതമുള്ളൂ.

2008ലെ ഇതുപോലുള്ള ഒരു മാർഗഴിസീസണിലാണ് ഞാനും ഈ മോഹവലയത്തിൽ എത്തിപ്പെട്ടത്.അതിനു കാരണം മൈലാപ്പൂരിലുണ്ടായിരുന്ന ‘താവളം’ എന്ന ഓമനപ്പേരിൽ പ്രസിദ്ധമായിരുന്ന ഒരു ബാച്ചിലേഴ്സ് കൂടാരമായിരുന്നു.അയ്യപ്പന്റേയും ചുള്ളിക്കാടിന്റേയും കവിതകളിലും ജോൺ എബ്രഹാമിന്റേയും അരവിന്ദന്റേയും ജീവിതകഥകളിലും ഭ്രമിച്ച് ക്രമമില്ലായ്മയുടെ സൗന്ദര്യത്തെ നിശ്ശബ്ദമായി ആരാധിച്ചിരുന്ന ഒരു കാലത്താണ് ഞാൻ താവളവുമായിട്ട് പരിചയത്തിലെത്തുന്നത്.ഒരു ബാച്ചിലേഴ്സ് വീടിന് ചേർന്നരീതിയിൽ എല്ലാ അരാജകസ്വഭാവവും അതിന്റെ പരകോടിയിൽ എത്തിച്ചേർന്ന ഒരു ഇടമായിരുന്നു അത്.പക്ഷെ എല്ലാ അരാജകത്വലോകത്തിന്റേയും സവിശേഷത പോലെ അവിടേയും കലാവാസന തളം കെട്ടി നിന്നിരുന്നു.അടുക്കും ചിട്ടയുമില്ലാതെ ഒരു വന്യസൗന്ദര്യം കാത്തുസൂക്ഷിച്ചിരുന്ന ആ സ്ഥലത്തു നിന്ന് ഉയർന്ന് കേട്ടതും വൃത്തിയും ചിട്ടയും വശ്യസൗന്ദര്യവുമുള്ള സംഗീതമായിരുന്നില്ല, മറിച്ച് സംഗീതത്തിന്റെ വന്യസ്വഭാവമായിരുന്നു.ഇത് സംഗീതജ്ഞാനമില്ലാത്ത എന്റെ ഭാവുകത്വത്തേയും നല്ലവണ്ണം സ്വാധീനിച്ചു.മധുര മീനാക്ഷിയേയും ശ്രീകൃഷ്ണനേയും നേരിൽകാണുന്ന അനുഭവമുണ്ടാവാൻ കച്ചേരിക്ക് വരുന്ന എൺപത് വയസ്സ് കഴിഞ്ഞ മാമിമാരെ തൃപ്തിപ്പെടുത്തുന്നതിന് വേണ്ടി പാടുന്ന പട്ടുസാരി സംഗീതജ്ഞകളുടെ ഒരു കച്ചേരിക്ക് പോലും താവളത്തിൽ നിന്ന് പോയതായി ഓർമ്മയില്ല.മറിച്ച് ശബ്ദസുഖത്തിനും ഭക്തിക്കുമപ്പുറം സംഗീതസാഗരത്തിന്റെ  ആഴവും പരപ്പും തേടിയിറങ്ങി മുത്തും പവിഴവും ശേഖരിച്ചു വരുന്ന, സംഗീതത്തിന്റെ വന്യസൗന്ദര്യം അന്വേഷിച്ചിറങ്ങുന്ന പാട്ടുകാരുടെ കച്ചേരിക്ക് പോവാനായിരുന്നു എല്ലാവരും താല്പര്യം കാട്ടിയിരുന്നത്.


ഈ ക്രമമില്ലായ്മയിലെ സൗന്ദര്യം തന്നെയാണ് ഏതൊരു സംഗീതശാഖയുടേയും ജീവനും മുമ്പോട്ടുള്ള പ്രയാണത്തിന്റെ ചാലകശക്തിയും.ആ ബോധ്യം വന്നതോ ക്രമമില്ലായ്മയുടെ വന്യസൗന്ദര്യം തളംകെട്ടിനിന്ന ഒരു ‘താവള’ത്തിൽ നിന്നും.വീണ്ടും ഒരു മ്യൂസിക് സീസൺ വരുമ്പോൾ അരവിന്ദനെല്ലാം താമസിച്ചിരുന്ന കാല്പനികമായ പാരഗൺ ലോഡ്ജ് പോലെ ‘താവള'വും ഓർമ്മയിൽ വരുന്നത് യാദൃശ്ചികമല്ല.

Monday, December 1, 2014

Truth and Power

മിഷേൽ ഫൂക്കോ Truth and Power എന്ന പഠനത്തിൽ അധികാരം എങ്ങിനെ സത്യത്തെ സ്വാധീനിക്കുന്നു എന്നും manipulate ചെയ്യുന്നു എന്നും പറയുന്നുണ്ട്.സമൂഹത്തിലെ രാഷ്ട്രീയ-സാമ്പത്തിക ശക്തികൾ തങ്ങളുടെ ആഗ്രഹങ്ങൾക്കും ആവശ്യങ്ങൾക്കും അനുസരിച്ച് സത്യത്തെ വ്യാഖ്യാനിക്കുകയും പരമമായ സത്യം എന്ന നിലയിൽ അവതരിപ്പിക്കുകയും ചെയ്യുന്നതിനെ ധൈഷണികമായി പ്രതിരോധിക്കേണ്ടതിന്റെ ആവശ്യകത ഫൂക്കോ എടുത്തുപറയുന്നു.പരമമായ സത്യം എന്നത് തന്നെ ഒരു മിഥ്യയാണെന്ന് അദ്ദേഹം പറയുന്നുണ്ട്.അത് ഓരോ വ്യക്തിക്കും വ്യത്യസ്തമായിരിക്കും.ഭരിക്കുന്നവൻ തങ്ങളുടെ താല്പര്യങ്ങൾക്കും വിശ്വാസങ്ങൾക്കും അനുസരിച്ച് ഒരു regime of truth സൃഷ്ടിക്കുന്നു.ആ സത്യത്തെ അധികാരമുപയോഗിച്ച് വ്യക്തികളിൽ അടിച്ചേൽപ്പിക്കുന്നു.ഇവിടെ സമൂഹത്തിനെ ഒരു വലിയ ചിലന്തിവലയോട് ഫൂക്കോ ഉപമിക്കുന്നത് വളരെ അർത്ഥവത്താണ്.അതിൽ നിന്ന് രക്ഷപ്പെടണമെങ്കിൽ ഈ സത്യത്തെ വ്യക്ത്യധിഷ്ഠിതമായി മാറ്റുകയും സ്വന്തം യുക്തിബോധം കൊണ്ട് വിവേചിച്ചറിയുകയും വേണം.അങ്ങനെയുള്ള വ്യക്തികളുടെ ഒരു സമൂഹം ശക്തമായിരിക്കുകയും ചെയ്യും.

ഫൂക്കോയുടെ ഈ ആശയത്തെ ഇന്ത്യയുടെ സാംസ്കാരിക പശ്ചാത്തലത്തിൽ നോക്കിയാലും വളരെ പ്രസക്തമാണ്.ഇവിടെ ശരിയേതെന്ന് എല്ലാ കാലത്തും നിശ്ചയിച്ചിരുന്നത് അധികാരകേന്ദ്രങ്ങൾ തന്നെയാണ്.അറിവിന്റെ ഉത്പാദനത്തെ വളരെ വിദഗ്ധമായി, ചെറുതെങ്കിലും സാമൂഹ്യപരമായി വളരെ ശക്തമായ ഒരു  വിഭാഗത്തിലേക്ക് ചുരുക്കുകയും അവരുടെ മേധാവിത്വം സംരക്ഷിച്ചുപോരുന്ന വിധത്തിൽ അതിന്റെ വിതരണം ശ്രദ്ധാപൂർവ്വം നടത്തുകയും ചെയ്തുപോന്നു.അതിനെ ചോദ്യം ചെയ്യാതിരിക്കാൻ ഗുരു ഈശ്വരതുല്ല്യനാണെന്ന് വിശ്വസിപ്പിക്കുകയും ചെയ്തു.

അറിവിന്റെ ജനാധിപത്യം കൂടുതൽ ശക്തമായ ഇക്കാലത്ത്  കോട്ടകൊത്തളങ്ങൾ സംരക്ഷിക്കാൻ ഇക്കൂട്ടർ പല്ലും നഖവും ഉപയോഗിച്ച് പൊരുതുകയും ചെയ്യും.അതിനെ പ്രതിരോധിക്കേണ്ടത് സത്യത്തെ വ്യക്തിയുടെ വിവേചനഗ്രാഹ്യത്തിലൂടെ വ്യാഖ്യാനിക്കാൻ ആഗ്രഹിക്കുന്ന ഓരോ വ്യക്തിയുടേയും കടമയാണ്.
           


Tuesday, November 18, 2014

മുൻ വിധികൾ

ഇന്ന് exam invigilation നോക്കുമ്പോൾ സ്ക്വാഡ് വന്നു.വളരെ random ആയി കുറേപേരെ പരിശോധിക്കുകയാണ് പതിവ്.അവർ സിലക്റ്റ് ചെയ്തവരെ ശ്രദ്ധിച്ചപ്പോളാണ് അദ്ഭുതകരമായ ഒരു കാര്യം മനസ്സിലായത്.നല്ല ഭംഗിയില്ലാത്ത ഡ്രസ്സ് ധരിച്ചവരേയും വളരെ അലക്ഷ്യമായി മുടി ചീകാതെയിരിക്കുന്നവരേയും തിരഞ്ഞ്പിടിച്ച് കുറ്റവാളികളേപ്പോലെ പരിശോധിക്കുന്നു.
ഇന്നും ബാഹ്യമായ വേഷവിധാനം നോക്കിയും തൊലിനിറം നോക്കിയും മറ്റ് ലക്ഷണം കണ്ടുമാണ് നമ്മൾ ആളെ വിലയിരുത്തുന്നത്.ഇതുപോലെത്തന്നെ മറ്റുപല മാനദണ്ഡങ്ങളും നമ്മൾ നല്ല സ്വഭാവസർട്ടിഫിക്കറ്റ് കൊടുക്കാൻ സൃഷ്ടിച്ച് വെച്ചിട്ടുണ്ട്.ഈശ്വരവിശ്വാസിയാവുക, അവനവന്റെ താല്പര്യത്തിനെതിരാണെങ്കിലും മറ്റുള്ളവർ പറയുന്നത് അനുസരിക്കുക, ചോദ്യം ചോദിക്കാതിരിക്കുക, തന്റെ മനസ്സിനു ശരിയെന്ന് തോന്നുന്നുവെങ്കിലും ഭൂരിപക്ഷസമൂഹത്തിന്റെ പ്രതിഷേധത്തെ പേടിച്ച് മൗനം പാലിക്കുക,വിമർശനം ഒഴിവാക്കുക, നിശ്ശബ്ദതയണ് അച്ചടക്കത്തിന്റെ ലക്ഷണം എന്ന് ധരിക്കുക തുടങ്ങി അനവധിയുണ്ട് മാനദണ്ഡങ്ങൾ.
ശരിക്കും പരിശോധിച്ചാൽ ഈ ‘നല്ല സ്വഭാവലക്ഷണങ്ങളെല്ലാം’ പ്രതിലോമകരമാണ്.ഇതിനെതിരെ ചിന്തിക്കുന്നവരാണ് കൂടുതലും യുക്തിസഹമായി ജീവിതത്തെ സമീപിക്കുകയും വിജയം വരിക്കുകയും ചെയ്യുന്നത്.

സദാചാരപൊലീസ്

സമൂഹത്തിന്റെ പൊതുബോധത്തെ അലോസരപ്പെടുത്തുന്ന എന്ത് പ്രശ്നം നമ്മുടെ നാട്ടിലുണ്ടായാലും സദാചാരവാദികൾ ശക്തമായി അതിനെ എതിർക്കുന്നതിന് പറയുന്ന ന്യായം നമ്മുടെ സാംസ്കാരിക പൈതൃകമാണ്.പക്ഷെ ഇവർ ഭാരതത്തിന്റെ ഈ പറയപ്പെടുന്ന സാംസ്കാരിക പൈതൃകത്തെ താൻ ജീവിക്കുന്ന സമൂഹത്തിന്റെ പൊതുവീക്ഷണത്തിന്റേയും വിശ്വാസത്തിന്റേയും മുൻവിധികളുടേയും അടിസ്ഥാനത്തിലാണ് വ്യാഖ്യാനിക്കുന്നത് എന്നതാണ് ഏറ്റവും രസകരമായ കാര്യം.അല്ലാതെ ഇവർ ഉയർത്തി പിടിക്കുന്ന പൈതൃകത്തിന്റെ സാംസ്കാരികാന്തരീക്ഷത്തിൽ നിന്നുകൊണ്ടല്ല.അതുകൊണ്ട് തന്നെ ഇക്കൂട്ടരുടെ വാദഗതികൾ പുരാതനഭാരതീയസംസ്കാരത്തിന്റെ വെളിച്ചത്തിൽ നോക്കി കാണുമ്പോൾ ധാരാളം വൈരുദ്ധ്യങ്ങൾ കാണുന്നു.അതിനു കാരണം ഇന്നത്തെ ഇന്ത്യൻ സമൂഹത്തിൽ കാണുന്ന കർശനമായ പല സദാചാരനിയമങ്ങളും യഥാർത്ഥത്തിൽ ഭാരതീയമല്ല മറിച്ച് വിക്റ്റോറിയൻ സദാചാരനിയമങ്ങളാണ് എന്നതാണ്.
അവിശ്വസനീയമായ പല കഥാസന്ദർഭങ്ങളും മാറ്റി നിർത്തി പൗരാണികഭാരത്തിന്റെ സാമൂഹ്യജീവിതം യുക്തിസഹമായി പരിശോധിച്ചാൽ ഇന്നത്തെ പല സദാചാരവാദികൾക്കും സ്വപ്നം കാണാൻപോലും കഴിയാത്തത്ര സ്വതന്ത്രവും കാപട്യരഹിതവും ആയിരുന്നു എന്ന് കാണാൻ കഴിയും.ബഹുഭാര്യാത്തവും ബഹുഭർത്തൃത്വവും വളരെ സാധാരണമായിരുന്ന ഒരു സമൂഹം,ഏറ്റവും ബഹുമാനിതരായ കഥാപാത്രങ്ങൾ (ശിവനും വിഷ്ണുവും) പരാമർശവിധേയരായ സ്വവർഗ്ഗരതിയുടെ ഇതിവൃത്തങ്ങൾ,സ്വന്തം മകനോട് നഗ്നനായ് തന്റെ മുൻപിൽ വരാൻ പറഞ്ഞ ഒരമ്മ ( ഗാന്ധാരി),തന്‍റെ മക്കള്‍ ഒരു സുന്ദരിയുടെ പേരില്‍ കലഹിക്കാതിരിക്കാന്‍ മകന്‍ കല്യാണം കഴിച്ചു കൊണ്ടുവന്ന സ്ത്രീയെ എല്ലാ മക്കളോടും പങ്കിട്ടെടുക്കാന്‍ ഉപദേശിച്ച മറ്റാരമ്മ, ലൈംഗികസ്വാതന്ത്ര്യം അനുഭവിച്ചിരുന്ന സന്ന്യാസിമാർ, ലൈംഗികതയെ ഏറ്റവും ശാസ്ത്രീയമായി വ്യാഖ്യാനിച്ച വാത്സ്യായനൻ, ക്ഷേത്രവുമായി ബന്ധപ്പെട്ട് ദാസിമാർ എന്ന ഒരു വർഗ്ഗത്തെ പരിപാലിച്ച് കാമപൂർത്തിക്കായി പരസ്യമായി ഉപയോഗിച്ചിരുന്ന ഒരു സമൂഹം, ലൈംഗികതയെ ക്ഷേത്രത്തിലെ ഏറ്റവും പാവനമായ ശ്രീകോവിലിനു ചുറ്റും ഒരു മറയുമില്ലാതെ ആലേഖനം ചെയ്യാൻ യാതൊരു സങ്കോചവും കാണിക്കാത്ത ഒരു സമൂഹം തുടങ്ങി നമ്മുടെ ഇന്നത്തെ സദാചാരബോധത്തെ പരിഹസിക്കുകയും അവജ്ഞയോടെ തള്ളിക്കളയുകയും ചെയ്യുന്ന അനവധി സങ്കല്പങ്ങളുടെ ആകെതുകയാണ് ഭാരതീയ സംസ്കാരം.പലകാര്യത്തിലും നമ്മളേക്കാളും പുരോഗമനചിന്താഗതിക്കാരായിരുന്നോ അന്നുള്ളവർ എന്നുപോലും സംശയം തോന്നാം.
ഭാരതീയപൈതൃകം ഇങ്ങനെയാണെന്നിരിക്കെ ഇതിന്റെ പേരിൽ സദാചാരവാദികൾ പ്രതിഷേധിക്കുന്നത് കാണുമ്പോൾ ശരിക്കും ചിരി വരുന്നു. ഇംഗ്ലണ്ട് പോലും ഉപേക്ഷിച്ച വിക്ടോറിയൻ സദാചാരബോധം തിരികെ കൊണ്ടുവരാൻ മാത്രേ പാശ്ചാത്യസംസ്കാരത്തെ എതിർക്കുന്ന ഇക്കൂട്ടരുടെ പ്രതിഷേധം ഉപകരിക്കൂ.അത് തന്നെയാണ് ആധുനിക ഇന്ത്യയിലെ ഏറ്റവും വലിയ വിരോധാഭാസവും.