പ്രിയപ്പെട്ട
അയ്യപ്പന്മാരേ,
എല്ലാക്കാലത്തും
ഓരോ പ്രശ്നം പറഞ്ഞ് നിങ്ങളുണ്ടാക്കുന്ന പൊല്ലാപ്പുകൾ ഒന്നും ഞാൻ ശ്രദ്ധിക്കാറില്ല,
കാരണം ഈ പൂങ്കാവനത്തിൽ വരുന്ന എന്റെ ഭക്തരുടെ സൗകര്യത്തിന് വേണ്ടിയാണ് എന്ന് ന്യായം
പറഞ്ഞായിരുന്നു നിങ്ങളതെല്ലാം കാട്ടി കൂട്ടിയത്. മറ്റ് മൂരാച്ചി ദൈവങ്ങളേക്കാൾ നല്ലവനും
മതേതരനും വ്യത്യസ്തനും ആണ് ഞാനെന്ന് നിങ്ങൾ
പറഞ്ഞത് കേട്ട് കുറച്ചൊക്കെ അഹങ്കരിച്ചിട്ടുമുണ്ട്. പക്ഷെ ആ വ്യത്യാസം ഒരു പാരയായി
വരുമെന്ന് മനസ്സിലാക്കിയത് ഞാൻ നൈഷ്ഠിക ബ്രഹ്മചാരിയാണെന്ന് നിങ്ങൾ പറഞ്ഞ് കേട്ടപ്പോഴാണ്. നമ്മുടെ ഒരു ഹിന്ദു
ദൈവത്തിനും ബാധകമല്ലാത്ത ഒന്ന് എന്റെ തലേല് കെട്ടി വെക്കുമെന്ന് സ്വപ്നത്തിൽ കൂടി വിചാരിച്ചില്ല.
ഒന്നല്ലെങ്കിലും കല്ല്യാണം കഴിക്കണമെന്ന് ആഗ്രഹമുണ്ടായിരുന്ന ഒരാളല്ലേ ഞാൻ. അതെങ്കിലും
നിങ്ങൾക്കോർക്കാമായിരുന്നില്ലേ. ഞാനെന്ത് പിഴച്ചു. എന്നെ ബുദ്ധമതദൈവത്തെ പോലെയാക്കിയത്
വലിയ ചതിയായിപ്പോയി അയ്യപ്പന്മാരേ.
ആ മനോവിഷമത്തിലിരിക്കുമ്പോളാണ്
അടുത്ത ഇടിത്തീ വീഴുന്നത്. വർഷം മുഴുവൻ നട തുറക്കണമെന്ന്. ഇപ്പോളുള്ള ദുരിതം സഹിക്കണത്
പോരാഞ്ഞിട്ടാണ് വർഷം മുഴുവൻ വേണമെന്ന് പറയുന്നത്. വികസനത്തിന്റെ പേരും പറഞ്ഞ് കാട്
പകുതിയും വെട്ടി തെളിച്ചു. ഇനി വർഷം മുഴുവൻ തുറന്നാൽ ഒരു പുല്ല് പോലും ഇവിടെ ബാക്കിയില്ലാണ്ടെ
കക്കൂസും കുളിമുറിയും പണിയാൻ ഇവന്മാർ നശിപ്പിക്കും. അതുകൊണ്ട് ദയവ് ചെയ്ത് ഇനീം ആരാധിച്ച് ഉപദ്രവിക്കരുത്. മാത്രോ ശ്രീകോവിൽ
നട തുറന്നാൽ പേടിയാവും. ഏതോ തീച്ചാമുണ്ടി തെയ്യത്തിന്റെ അവസ്ഥയാണ്. ഇന്ത്യയിലുണ്ടാക്കുന്ന
കർപ്പൂരമെല്ലാം എന്നെ പുകച്ച് പുറത്ത് ചാടിക്കാനാണെന്ന് തോന്നും ഇവന്മാർ കത്തിക്കണത്
കണ്ടാൽ. അത് കഴിഞ്ഞാൽ ഒരാറാട്ട് ശിക്ഷയുണ്ട്. കോടിക്കണക്കിന് ആൾക്കാർ മൂത്രമൊഴിച്ചും
ചായം മുക്കിയ തല്ലിപ്പൊളി മുണ്ട് മുക്കി നാശവുമാക്കിയ
ആ പമ്പയിൽ കൊണ്ട് രണ്ട് പ്രാവശ്യം മുക്കും. അതോടെ ആ വർഷം മുഴുവൻ എനിക്ക് ജലദോഷവും പനിയും
പിടിക്കും. ഞാനൊരു ക്രോണിക്ക് സൈനസ് പേഷ്യന്റായി
മാറ്വോന്നാണ് പേടി. ഏതവനാ പമ്പ പാപനാശിനിയാണെന്ന് പറഞ്ഞത്? ഇനി വർഷം മുഴുവൻ തുറന്ന്
നിങ്ങൾ ഭക്തന്മാരെല്ലാം കൂടി വന്ന് ബുദ്ധിമുട്ടിക്കരുത്.
ഇവിടെ ഞാൻ മാത്രല്ല ഉള്ളത്, നമ്മളേ പോലെ ജീവനുള്ള കുറേ മൃഗങ്ങളും വലിയ വൃക്ഷ സമ്പത്തും എല്ലാം ഉണ്ട്. അതുംകൂടി സംരക്ഷിക്കണമെല്ലോ?
അതിനും കൂടി കൊള്ളില്ലെങ്കിൽ ഞാനെന്തിനാ ദൈവം എന്ന് പറഞ്ഞ് ഇവിടെ ഇരിക്കുന്നത്.
ആകെയൊരാശ്വാസം
ആ മാപ്പിള ചെക്കൻ പാടിയ ഹരിവരാസനമാണ്!!!
ഇങ്ങനെ ഇവിടുത്തെ
തോന്ന്യവാസങ്ങളും പരാതിയും പറയാൻ തുടങ്ങിയാൽ കുറേയുണ്ട്. എന്തിനാ പല്ലിന്റിടയിൽ കുത്തി നാറ്റിക്കണേ?
തത്ക്കാലം നിർത്തുന്നു. കുറച്ച് തിരക്കുണ്ട്. അഷ്ടമംഗല പ്രശ്നത്തിൽ ജ്യോത്സ്യൻ പറയണത്
എന്താണെന്ന് ശ്രദ്ധിച്ച് കേട്ട് എല്ലാത്തിനും സമ്മതം മൂളണം. ഇല്ലെങ്കിൽ എന്റെ കാര്യാ
കട്ടപൊകയാവുക. എനിക്കും ജീവിക്കണമല്ലോ? ഇവറ്റകളാണെങ്കിൽ പറയുന്നതൊന്നും മനുഷ്യന് മനസ്സിലാവുകയുമില്ല.
അപ്പോ ശരി, അടുത്ത മണ്ഡലക്കാലത്ത് കാണാം.
എന്ന് സ്വന്തം,
അയ്യപ്പൻ
ഒപ്പ്
No comments:
Post a Comment