Monday, August 29, 2016

Cause and Effect

ദുരിതങ്ങൾ കാണുമ്പോഴുള്ള അനുകമ്പാർദ്ര പ്രകടനങ്ങൾ അല്പായുസ്സാവുന്നത് എപ്പോഴും വലിയ വിമർശനങ്ങൾ നേരിടാറുണ്ട്. എന്തുകൊണ്ട് ഈ പ്രകടനങ്ങൾ മാത്രം ഉണ്ടാവുന്നു എന്ന് ചോദിച്ചാൽ അതാണ് എളുപ്പം. ദരിദ്രന്റെ ഒരു ചിത്രം കണ്ടാലോ മാറാ രോഗം വന്നൊരാളെ കാണുമ്പോഴോ ദു:ഖം നടിക്കാനോ എന്തെങ്കിലും സഹായസഹകരണങ്ങൾ നൽകാനോ തയ്യാറാവുക എന്നത് താരതമ്യേന എളുപ്പവും സുരക്ഷിതവുമായ വഴിയാണ്. അതിലൂടെ മനുഷ്യസ്നേഹി എന്ന ഇമേജും ചുളുവിൽ ലഭിക്കും. എന്നാൽ ഇത് കാര്യത്തിന്റെ താത്കാലിക പരിഹാരം മാത്രമാണ്. ഒരു സമൂഹം മുഴുവൻ ഈ കാര്യത്തിനെ ആഘോഷിക്കുമ്പോൾ അവഗണിക്കപ്പെടുന്നത് ഈ കാര്യത്തിന് ഹേതുവായ കാരണമാണ്. കാരണത്തെ മറയ്ക്കുമ്പോൾ പലപ്പോഴും വെള്ള പൂശപ്പെടുന്നത് ഇതേ മനുഷ്യസ്നേഹി എന്ന് വാഴ്ത്തപ്പെടുന്ന ആളുടെ യഥാർത്ഥ താത്പര്യങ്ങളായിരിക്കും. കാര്യത്തിന് ഹേതു തന്നെ പലപ്പോഴും ഇതേ മനുഷ്യസ്നേഹിയുടെ പ്രവർത്തിയുടെ ഫലവുമാവാം.
ഇത്രയ്ക്ക് എളുപ്പമല്ല ഒരു കാര്യത്തിന് പിന്നിലുള്ള കാരണത്തെ അന്വേഷിക്കുക എന്നത്. ആ കാരണം സിസ്റ്റത്തിന്റെ ഭാഗമാണ്. ആ സിസ്റ്റത്തിന്റെ ഭാഗമാണ് താനും എന്ന തിരിച്ചറിവാണ് ഇവിടുത്തെ വലിയ പ്രശ്നം. അപ്പോൾ സമൂഹത്തിൽ നടക്കുന്ന ഓരോ പ്രശ്നത്തിനു പിന്നിലുള്ള കാരണത്തിലും താനും പങ്കാളിയാണെന്ന് വന്നു ചേരും. അത് ഒരു പ്രശ്നം വരുമ്പോൾ മറ്റുള്ളവരെ കുറ്റം പറഞ്ഞ് കൈ കഴുകുന്നത് പോലെ എളുപ്പമല്ല. പക്ഷെ ഇത് വലിയൊരു പാഠം നമുക്ക് നൽകുന്നു. സമൂഹത്തിലെ ഒരു പ്രശ്നത്തിനും ലളിതമായ പരിഹാരങ്ങളില്ല എന്ന്. ദാരിദ്ര്യം അനുഭവിക്കുന്ന ഒരു കുടുമ്പത്തിനെ സാമ്പത്തികമായി സഹായിച്ചാൽ തീരുന്നതല്ല പ്രശ്നം, മറിച്ച് ആ ദാരിദ്ര്യം സൃഷ്ടിച്ച സിസ്റ്റത്തെ മനസ്സിലാക്കണം. അതിന് പരിഹാരം കാണുക എന്നത് വ്യക്തി തലത്തിലുള്ള ചാരിറ്റി കൊണ്ടല്ല, പകരം വലിയൊരു ഗവേണിങ്ങ് സിസ്റ്റത്തിന്റെ ഫലവത്തായ ഇമ്പ്ലിമെന്റേഷനിലൂടെ വേണം. അതുകൊണ്ടാണ് ബ്രെഹ്ത്ത് Hungry man, reach for the book: it is a weapon" എന്ന് പറഞ്ഞത്. പട്ടിണി കിടക്കുന്നവന് ഒരു നേരത്തെ ആഹാരം കൊടുക്കുന്നതാണ് ചാരിറ്റി. പക്ഷെ അത് ആത്യന്തികമായി ഒരു പരിഹാരം നൽകില്ല. പട്ടിണി സൃഷ്ടിക്കുന്ന സിസ്റ്റത്തിനെ മനസ്സിലാക്കിയാലേ അതിന് ശാശ്വത പരിഹാരമാവുകയുള്ളൂ.
കാര്യത്തിനെ ആഘോഷിക്കുന്ന ചാരിറ്റിയുടെ കപട മനുഷ്യസ്നേഹമല്ല നമുക്ക് വേണ്ടത്. കാരണമായ സിസ്റ്റത്തിലുള്ള പ്രശ്നങ്ങളെ പരിഹരിക്കുന്ന ഗവേണിങ്ങ് സിസ്റ്റമാണ്. മനുഷ്യസ്നേഹപ്രകടനങ്ങളിൽ വീഴാതെയും അഭിരമിക്കാതെയും ആഘോഷിക്കാതെയും സിസ്റ്റത്തിനെ ഓരോ ഡിസ്കോഴ്സിലും പ്രശ്നവത്കരിക്കുന്ന ഒരു സമൂഹമായി മാറാൻ നമുക്ക് കഴിയണം.

No comments:

Post a Comment