Wednesday, July 9, 2014

ഓറഞ്ച് മരണം

ഇത് ഫുട്ബോൾ.ഭാഗ്യനിർഭാഗ്യങ്ങൾ വിധിനിർണ്ണയത്തിൽ വലിയ സ്വാധീനം ചെലുത്തുന്ന കായികവിനോദം.ചില ടീമുകളെ ഭാഗ്യം നിരന്തരം പിന്തുടരുമ്പോൾ മറ്റു ചില ടീമുകളെ നിർഭാഗ്യം കൂടപ്പിറപ്പിനെ പോലെ അരിക്പറ്റി സഞ്ചരിക്കും.അങ്ങനെ നിർഭാഗ്യം കൂടപ്പിറപ്പായ ഒരു ടീമാണ് നിന്റെ ഹോളണ്ട്.ഫുട്ബോളിലെ സൗത്താഫ്രിക്കൻ ക്രിക്കറ്റ്ടീമാണ് നിന്റെ ഈ ഓറഞ്ച് പട.നിനക്ക് പ്രതിഭ ഒരു കാലത്തും അന്യമായിരുന്നില്ല,പക്ഷെ ജയം എന്നും അന്യമായി.
ഫുട്ബോൾ ആരാധകരേയും പണ്ഡിതന്മാരേയും എക്കാലത്തും ഒരുപോലെ ആവേശം കൊള്ളിച്ചിരുന്ന ടീമായിരുന്നു നിന്റേത്.ഏതൊരു വേൾഡ് കപ്പും നേടാനുള്ള യോഗ്യത നിനക്കുണ്ടായിരുന്നു.74ൽ യോഹാൻ ക്രൈഫിന്റെ നേതൃത്ത്വത്തിൽ ടോട്ടൽ ഫുട്ബോളിന്റെ വശ്യചാരുതയുമായ് വന്നപ്പോഴും 88ൽ മാർക്കോ വാൻ ബാസ്റ്റനും റൂഡ് ഗുള്ളിറ്റിന്റേയും നേതൃത്വത്തിൽ യൂറോ കപ്പ് നേടിയപ്പോഴും 90ലെ വേൾഡ്കപ്പിൽ പരാജയമായിരുന്നെങ്കിലും മാർക്കോ വാൻ ബാസ്റ്റനും റൂഡ് ഗുള്ളിറ്റും ഡെന്നിസ് ബെർക്കാമ്പും അടങ്ങിയ നിന്റെ താരനിരയും ആരാധകരുടെ മനസ്സിൽ ഒരിക്കലും മായാത്ത കാല്പന്തുകളിയുടെ കാല്പനിക സൗന്ദര്യം വാരിനിറച്ചു..ഇക്കൊല്ലവും നീ ഒരു അപവാദമല്ല.ലോകത്തെ ഏറ്റവും നല്ല പ്ലേമേക്കേഴ്സായ റോബനും സ്നൈഡറും വാൻ പേഴ്സിയും അടങ്ങിയ നിന്റെ ഓറഞ്ച്പട ലോകകപ്പ് നേടാൻ തികച്ചും അർഹർ തന്നെയാണ്.പക്ഷെ നിന്നെ എന്നും പിന്തുടർന്ന ആ അഭിശപ്ത നിർഭാഗ്യം ഇത്തവണയും നിന്നെ ധൃതരാഷ്ട്രാലിംഗനം പോലെ വാരിപുണർന്നു.
എങ്കിലും നിന്റെ യഥാർത്ഥ ആരാധകർക്ക് അഭിമാനിക്കാൻ വക നൽകിയാണ് നീ ഈ ലോകകപ്പിൽ നിന്ന് പടിയിറങ്ങുന്നത്.നിന്റെ സുവർണ്ണതാരം വാൻ പേഴ്സി സ്പെയിനെതിരെ നേടിയ ഹെഡർ,ആര്യൻ റോബൻ അവിശ്വസനീയമായ പന്തടക്കത്തോടെ നേടിയ ഗോളുകൾ!!!ഇത് തന്നെ ധാരാളം ഫുട്ബോളിനെ സ്നേഹിക്കുന്നവരുടെ മനസ്സിൽ നീ ഒരു മായാത്ത ഓർമ്മയായിരിക്കാൻ.ഗാന്ധിജിക്കും ടോൾസ്റ്റോയ്ക്കും കിട്ടാത്ത നൊബേൽ സമ്മാനം എങ്ങനെ നൊബേൽ സമ്മാനത്തിന് തന്നെ അപമാനമായി മാറിയോ അതു പോലെ നിന്റെ അലമാരയിൽ വേൾഡ്കപ്പില്ലാത്തത് നിനക്കല്ല അപമാനം മറിച്ച് വേൾഡ്കപ്പിന് തന്നെയാണ്.പുരസ്കാരങ്ങൾക്കെല്ലാമുപരി നീ ഞങ്ങളുടെ മനസ്സിൽ ഫുട്ബോളിന്റെ മാരിവിൽ സൗന്ദര്യമായി എക്കാലവും ജീവിക്കും.അതിവേഗഫുട്ബോളിന്റെ കാല്പനികവും വന്യവുമായ സൗന്ദര്യം കൊണ്ട് നീ ഞങ്ങളുടെ ഇനിയുള്ള നാളുകളേയും ധന്യമാക്കുക.
നന്ദി ഹോളണ്ട്!!!!!!!!!!!!!!ഒരായിരം നന്ദി!!!!!!!!!!!!!!!!

നളചരിതം അസ്തിത്വവാദവീക്ഷണത്തില്‍


ഇരുപതാം നൂറ്റാണ്ടിന്‍റെ ആദ്യശതകത്തില്‍ യൂറോപ്പില്‍ പ്രചുരപ്രചാരം നേടിയ ഒരു ജീവിതവീക്ഷണമാണ് അസ്തിത്വവാദം.ഷാങ് പാള്‍ സാര്‍ ത്ര്, ഫ്രാന്‍സ് കാഫ്ക, ഹൈഡഗര്‍ തുടങ്ങിയവരിലൂടെയാണ് ഈ പ്രസ്ഥാനം ശ്രദ്ധേയമായത്.ഈ വീക്ഷണം വ്യക്തിജീവിതത്തെ കേന്ദ്രബിന്ദുവായി പ്രതിഷ്ഠിക്കുകയും അവന്‍റെ അസ്തിത്വം, പ്രശ്നങ്ങള്‍, ജീവിതസാഫല്യം എന്നിവ ചര്‍ച്ചചെയ്യുകയും ചെയ്തു.നിര്‍ഭാഗ്യവശാല്‍ മനുഷ്യത്വത്തിന്‍റെ അന്തസ്സ് പാലിക്കാത്ത, അരാജകത്ത്വവും അകര്‍മ്മണ്യതയും പ്രചരിപ്പിക്കുന്ന ഒരിരുണ്ട തത്ത്വസംഹിതയാണ് ഇതെന്ന ആരോപണം ഈ പ്രസ്ഥാനം നേരിട്ടു.പക്ഷെ ഇതിന്‍റെ പ്രധാനിയായ സാര്‍ ത്ര് പറയുന്നത് അസ്തിത്വവാദം നിരാശയും വിഷാദവും ജനിപ്പിക്കുമെന്നല്ല മറിച്ച് മനുഷ്യന്‍റെ പുരോഗതിക്ക് അവന്‍ മാത്രമാണ് ഉത്തരവാദി എന്നും ആ ലക്ഷ്യം നേടാന്‍ അവന്‍ സ്വയം പ്രവര്‍ത്തിച്ച് ലക്ഷ്യപ്രാപ്തിയിലെത്തണമെന്നുമാണ്.ഇത് വളരെ ധീരവും പ്രസാദാത്മകവുമായ ഒരു കര്‍മ്മകാഹളമാണെന്ന് സാര്‍ ത്ര് പറയുന്നു.ഇത് സ്വന്തം ചിന്തയുടേയും കര്‍മ്മത്തിന്‍റേയും നവീകരണത്തിലൂടെമാത്രമേ സാധിക്കുകയുളളൂ.അതിന് ശ്രമിക്കാതിരിക്കുമ്പോള്‍ ജീവിതം നൈരാശ്യജനകമായ വിഷാദാത്മകത്വം കൈവരിക്കും.ഈയൊരു ജീവിതവീക്ഷണത്തിന്‍റെ പശ്ചാത്തലത്തില്‍ നളദമയന്തിമാരുടെ ജീവിതത്തെ അപഗ്രഥിക്കാനാണ് ഈ കുറിപ്പില്‍ ശ്രമിക്കുന്നത്.
പുരാണകഥയുടെ അവിഭാജ്യഘടകങ്ങളായ പ്രകൃത്യതീതശക്തികളുടേയും അതിമാനുഷകഥാപാത്രങ്ങളുടേയും സാന്നിധ്യംകൊണ്ട് സമ്പന്നമാണല്ലോ കഥകളി.അങ്ങനെവരുമ്പോള്‍ മറ്റു ആട്ടകഥകളെ അപേക്ഷിച്ച് പച്ചയായ മനുഷ്യജീവിതത്തോട് ഏറെകുറെ അടുത്ത്നില്‍ക്കുന്ന ഒരു ആട്ടകഥയാണ് നളചരിതം.പ്രഥമദൃഷ്ട്യാ ഏതൊരു സാധാരണക്കാരന്‍റെ ജീവിതത്തിലും സംഭവിക്കാവുന്ന കാര്യങ്ങളാണ് ഇതിലും കാണുവാന്‍ കഴിയുക.ഈ നാടകീയ രംഗങ്ങളാണ് നളചരിതത്തെ ഇത്രയും ജനകീയമായ ഒരാട്ടക്കഥയാവാന്‍ സഹായിച്ചത്.എങ്കിലും ഇതിഹാസനിഷ്പന്നമായ ഒരു കഥയായതുകൊണ്ട് നളചരിതത്തിലും മേല്‍പറഞ്ഞ അവിശ്വസനീയത കാണുവാന്‍ കഴിയും.കാര്‍ക്കോടകന്‍റെ ദംശനത്തിലൂടെ ബാഹുകനായി മാറുന്ന നളന്‍, നളന്‍റെ അവിശ്വസനീയമായ പാചകവൈദഗ്ദ്ധ്യം, നാലാം ദിവസത്തിലെ അശരീരി തുടങ്ങിയവ ചില ഉദാഹരണങ്ങള്‍ മാത്രം.ഇവ ആ കാലഘട്ടത്തിലെ സാഹിത്യത്തിന്‍റെ പൊതുവായ സ്വഭാവം എന്നല്ലാതെ ഒരു ദോഷമായി കാണാന്‍ കഴിയില്ല.സാഹിത്യത്തെ വിണ്ണില്‍നിന്ന് മണ്ണിലേക്ക് ഇറക്കിക്കൊണ്ട് വന്ന ഷേക്സ്പിയറില്‍പോലും ഈ രീതിയിലുളള പാത്രസൃഷ്ടി കാണുവാന്‍ കഴിയും.പക്ഷെ പിന്നീട് സാഹിത്യം വളരുകയും മനുഷ്യകേന്ദ്രിതമായ സാഹിത്യം വികസിക്കുകയും ചെയ്തു.അങ്ങനെ വികസിച്ചു വന്ന ഒരു കലാപ്രസ്ഥാനമാണ് അസ്തിത്വവാദം.ഇതിന്‍റെ വെളിച്ചത്തില്‍ മേല്‍പറഞ്ഞ അവിശ്വസനീയ ഘടകങ്ങളെ മാറ്റിനിര്‍ത്തികൊണ്ട് നളചരിതത്തെ നോക്കികാണുന്നത് വളരെ രസകരമായിരിക്കും.
വിഷാദവും നഷ്ടബോധവും നിറഞ്ഞ ജീവിതസന്ദര്‍ഭങ്ങളില്‍നിന്ന് തന്നില്‍നിന്ന് വിദൂരമായ, തനിക്കതീതമായ ഒരു ലക്ഷ്യപ്രാപ്തിക്കാണ് അസ്തിത്വവാദം പ്രാധാന്യം നല്‍കുന്നത് എന്നതിനാല്‍ ചൂതില്‍ തോറ്റ് സര്‍വ്വസ്വവും നഷ്ടപ്പെട്ട നളന്‍റെ ജീവിതസന്ദര്‍ഭത്തില്‍ നിന്ന് തുടങ്ങുന്നതാവും ഭംഗി.ചൂതുകളിയിലെ തോല്‍വിയില്‍ തുടങ്ങുന്നു നളന്‍റെ കര്‍മ്മത്തിന്‍റെ പരാജയം.പിന്നീട് അവസാനം വരേയും ആ കര്‍മ്മവിമുഖത വെടിഞ്ഞ് മേല്‍സൂചിപ്പിച്ച വിദൂരമായ ലക്ഷ്യപ്രാപ്തിയിലെത്താന്‍ നളനു സാധിക്കുന്നില്ല.പലരും നളനെ ഗ്രീക്ക് ദുരന്തനായകന്മാരുമായി താരതമ്യപ്പെടുത്തി കാണാറുണ്ട്.പക്ഷെ ഞാനതിനോട് വിയോജിക്കുന്നു.കാരണം തന്‍റെ ദുരിതാവസ്ഥയിലും ധൈര്യവും ആദര്‍ശവും ഊര്‍ജ്ജവും കൈവെടിയാത്തവരാണ് ഗ്രീക്ക് ദുരന്ത നായകര്‍.പക്ഷെ നളന്‍റെ കാര്യത്തില്‍ അത് ദിനംപ്രതി കുറഞ്ഞുവരുന്നതായാണ് കാണുന്നത്.തന്നെ പൂര്‍ണ്ണമായി വിശ്വസിച്ച് ഇറങ്ങിവന്ന ദമയന്തിയെ ബാലിശമായ രീതിയില്‍ കാട്ടിലുപേക്ഷിക്കുകയാണ് നളന്‍ ചെയ്യുന്നത്.അസ്തിത്വവാദം ലക്ഷ്യം വെയ്ക്കുന്ന ജീവിത വിജയത്തിന് നേര്‍വിപരീതമായിരുന്നു നളന്‍റെ ചെയ്തി.പിന്നീടങ്ങോട്ട് മുഴുവനും തന്‍റെ വിധിയെയോര്‍ത്ത് വിലപിക്കുന്ന നളനെയാണ് കാണാന്‍ കഴിയുന്നത്.തന്‍റെ വിഷമാവസ്ഥയെ തരണം ചെയ്ത് പൂര്‍വ്വസ്ഥിതിയിലേക്കെത്താനുളള ആത്മാര്‍ത്ഥമായ ഒരു ശ്രമവും നളനില്‍ കാണുന്നില്ല.ഈയൊരു കര്‍മ്മവിമുഖതയെ ഭത്സിക്കുകയും സ്വപ്രയത്നത്തിലൂടെ എല്ലാ ഐശ്വര്യങ്ങളും തിരികെ പിടിക്കണം എന്നും കാര്‍ക്കോടകന്‍ "നീ തന്നെ വേണം തവ ഗുണ ഘടേ" എന്ന ഉപദേശത്തിലൂടെ നളനെ ഓര്‍മ്മിപ്പിക്കുന്നുണ്ട്.ഈ കാര്‍ക്കോടകവചനം തന്നെയാണ് അസ്തിത്വവാദത്തിന്‍റെ അടിസ്ഥാന ആശയവും പരമമായ ലക്ഷ്യവും.പക്ഷെ രസകരമെന്നു പറയട്ടെ ഈ കര്‍മ്മോന്മുഖത നളനിലല്ല കാണാന്‍ കഴിയുന്നത് പകരം ദമയന്തിയിലാണ്.നളദമയന്തീപുനഃസമാഗമത്തിന് എല്ലാ പ്രയത്നവും അതിന്‍റെ ആത്മസംഘര്‍ഷങ്ങളും ഏറ്റെടുക്കുന്നത് ദമയന്തിയാണ്.അതുകൊണ്ട്തന്നെ രണ്ടാം ദിവസത്തിനു ശേഷം നളചരിതം എന്നതിനു പകരം ദമയന്തീചരിതം എന്നു പറയുന്നതാണ് ഉചിതം.ദമയന്തിയുടെ അസാന്നിധ്യം സൃഷ്ടിക്കുന്ന സാന്നിധ്യം ഇത് സാധൂകരിക്കുന്നു.
തന്നെ നിരുത്തരവാദപരമായി ഉപേക്ഷിച്ചു പോയിട്ടും നളനോട് ദമയന്തിക്ക് ഒരു വെറുപ്പും തോന്നുന്നില്ല എന്ന് മാത്രമല്ല പുനഃസമാഗമം നല്ലവണ്ണം ആഗ്രഹിക്കുകയും ചെയ്യുന്നു.വെറുതെ ആഗ്രഹിക്കുക മാത്രമല്ല അതിനുവേണ്ടി വളരെ നയപരമായ രീതിയില്‍ കാര്യങ്ങള്‍ മുമ്പോട്ട് കൊണ്ട് പോകുകയും ചെയ്യുന്നു.തന്‍റെ അസ്തിത്വദുഃഖത്തേയും വിഷാദാവസ്ഥയേയും പ്രവൃത്തിയിലൂടെ മറി കടക്കാന്‍ ദമയന്തി ശ്രമിക്കുമ്പോള്‍ നളന്‍ തന്‍റെ കഷ്ടസ്ഥിതിയോര്‍ത്തും ദുര്‍വിധിയെ പഴിച്ചുകൊണ്ടും മുഴുവന്‍ സമയവും വിലപിച്ചുകൊണ്ടിരിക്കുന്നു.ദമയന്തിയുമായിട്ട് പുനഃസമാഗമം നളന്‍ വളരെയധികം ആഗ്രഹിക്കുന്നുണ്ടെങ്കിലും അതിനു വേണ്ടിയുളള ഒരു പ്രയത്നവും എടുക്കുന്നതായി കാണുന്നില്ല.ഒരിക്കല്‍ നളന്‍ തന്‍റെ കദനകഥ അയവിറക്കുന്നതു കണ്ടപ്പോള്‍ ജീവലന്‍ കാര്യമന്വേഷിക്കുന്നുണ്ട്.അപ്പോള്‍ നളന്‍ ഒരര്‍ദ്ധസത്യമായ കഥയാണ് പറയുന്നത്.അതേസമയം തികച്ചും നുണയായിട്ടുളള തന്‍റെ രണ്ടാം വിവാഹവാര്‍ത്ത അമ്മയുടെ സമ്മതത്തോട്കൂടി ദമയന്തി മാലോകരെ അറിയിക്കുന്നു.തന്‍റെ കഷ്ടസ്ഥിതിയില്‍ വെറുതെ വിലപിച്ചിരിക്കാതെ സ്വപ്രയത്നത്തിലൂടെ ലക്ഷ്യപ്രാപ്തിയിലെത്തണം എന്ന് ദമയന്തി നമുക്ക് കാണിച്ചു തരുന്നു.അങ്ങനെ എല്ലാ അര്‍ത്ഥത്തിലും നളചരിതം ദമയന്തീചരിതമായി മാറുന്നു.
അസ്തിത്വവാദത്തിന്‍റെ അടിസ്ഥാന ആശയമായ വ്യക്തിഗതപ്രയത്നത്തിലൂടെയുളള ലക്ഷ്യപ്രാപ്തി ദമയന്തിയുടെ പ്രയത്നത്തിലൂടെ നളദമയന്തിമാരുടെ ജീവിതത്തില്‍ സാധിക്കുമ്പോള്‍ ദമയന്തി എന്ന കഥാപാത്രം ലോകസാഹിത്യത്തിലെ ഏറ്റവും ശ്രേഷ്ഠമായ സ്ത്രീകഥാപാത്രങ്ങളിലൊന്നായി മാറുന്നു.

Tuesday, June 24, 2014

പ്രദീപോജ്ജ്വലനായ ദശാസ്യന്‍


അസാധ്യമായ കാര്യങ്ങളെ തന്‍റെ ഇച്ഛാശക്തികൊണ്ടും ആത്മവിശ്വാസംകൊണ്ടും നേടിയെടുത്ത ഇതിഹാസകഥാപാത്രമാണ് രാവണന്‍.കഥകളിയിലെ ഏറ്റവും ആയാസമേറിയ ആറ് രാവണകഥാപാത്രങ്ങളെ തുടര്‍ച്ചയായി ശ്രീ കലാ: പ്രദീപ് അവതരിപ്പിച്ചു കണ്ടപ്പോള്‍ ഉല്‍ക്കര്‍ഷേച്ഛുവായ രാവണന്‍ പരകായപ്രവേശം ചെയ്തതായിട്ട് തന്നെയാണ് അനുഭവപ്പെട്ടത്.
ദശാസ്യം എന്ന ഈ പ്രോഗ്രാം ലക്ഷ്യം വെയ്ക്കുന്ന എല്ലാ ഉദ്ദേശ്യശുദ്ധികളും മനസ്സിലുളളപ്പോള്‍ തന്നെ ഒരു കഥകളി ആസ്വാദകന്‍ എന്ന നിലയില്‍ അല്പം ആശങ്കയോടുകൂടിയാണ് പോയത്.ഒന്നാമതായി ആറുകഥകള്‍ തുടര്‍ച്ചയായി ആടിഫലിപ്പിക്കാനുളള പ്രായോഗിക ബുദ്ധിമുട്ട്, ഈ കഥകള്‍ സൃഷ്ടിക്കുന്ന നൈരന്തര്യത്തിന്‍റെ അഭാവം തുടങ്ങി പലതും.പക്ഷെ ഈ മഹാനായ കലാകാരന്‍റെ ഇച്ഛാശക്തിക്കും അര്‍പ്പണബോധത്തിനും മുമ്പില്‍ എന്‍റെ ആശങ്കകളെല്ലാം അസ്ഥാനത്തായി.അസ്ഥാനത്തായി എന്ന് മാത്രമല്ല, ഈ നൈരന്തര്യത്തെ വളരെ രസകരമായി നോക്കിക്കാണാനും സാധിച്ചു.
ആധുനിക സാഹിത്യത്തില്‍ വളരെ പ്രചാരമേറിയ ഒരു സ്കൂളാണ് ബോധധാരാ നോവലുകള്‍.ഭൗതിക ലോകത്തെ ഘടികാരങ്ങളെ തകര്‍ത്ത് മനുഷ്യമനസ്സില്‍ ചലിക്കുന്ന ആന്തരികഘടികാരങ്ങളെ പിന്തുടരുന്ന ഒരു രചനാശൈലിയാണ് ഈ നോവലുകള്‍ക്കുളളത്.രേഖീയമായ ഒരു ജീവിത ചിത്രീകരണത്തിനു പകരം മനുഷ്യമനസ്സിന്‍റെ പ്രവചനാതീതമായ വക്രഗതിയാണ് ഈ നോവലുകള്‍ സത്യസന്ധമായി ചിത്രീകരിച്ചത്.വര്‍ത്തമാനത്തില്‍നിന്ന് ഭൂതകാലത്തിലേക്കും അവിടെ നിന്ന് ഭാവിയിലേക്കും തിരിച്ച് ഭൂതത്തിലേക്കോ വര്‍ത്തമാനത്തിലേക്കോ ക്രമവിരുദ്ധമായി ചലിക്കുന്ന ഒരു ആവിഷ്കരണരീതി ഇവയില്‍ കാണാന്‍ കഴിയും.ദശാസ്യത്തിലെ കഥകളുടെ ക്രമത്തിലും സമാനമായ ഒരു ആവിഷ്കാരരീതി അനുഭവപ്പെട്ടു.ഒരുപക്ഷെ ഇത് ബോധപൂര്‍വ്വം അല്ലായിരിക്കാം.
ഉദ്ഭവത്തില്‍ എനിക്ക് സുഖം ഭവിച്ചു എന്നുളളത് വര്‍ത്തമാനകാലമാണ്.അതിനു കാരണമെന്ത് എന്ന് രാവണന്‍ ആലോചിക്കുമ്പോള്‍ മനസ്സ് ഭൂതകാലത്തിലേക്ക് സഞ്ചരിക്കുന്നു.ഗബ്രിയേല്‍ ഗാര്‍സിയ മാര്‍ക്കേസ് മാജിക്കല്‍ റിയലിസത്തിലൂടെ ലാറ്റിനമേരിക്കന്‍ സാഹിത്യത്തില്‍ നിര്‍വ്വഹിച്ചതുപോലെ രാവണന്‍റെ ഓര്‍മ്മകളിലൂടെ പ്രൗഢമായ ഭൂതകാലത്തെ വീണ്ടെടുക്കുന്നു.ഇവിടെ എടുത്ത്പറയേണ്ടത് കറതീര്‍ന്ന കല്ലുവഴി സമ്പ്രദായത്തിന്‍റെ സൗന്ദര്യം കഥകളിത്തം തരിമ്പു പോലും നഷ്ടപ്പെടുത്താതെ ശ്രീ പ്രദീപ് മുഴുനീളെ അവതരിപ്പിച്ചു എന്നുളളതാണ്.ഉദ്ഭവത്തില്‍ ത്രൈലോക്യനാഥന്‍ എന്ന മുദ്രകാണിക്കാത്തതുപോലും രാവണന്‍റെ ആത്മവിശ്വാസത്തിന്‍റെ അത്യുദാത്തമായ മനോനിലയായിട്ടേ കണക്കാക്കാന്‍ കഴിയൂ.
ഓര്‍മ്മകളിലൂടെ സഞ്ചരിക്കുന്ന ഉത്ഭവത്തില്‍ നിന്ന് രണ്ടാമത്തെ കഥയായ രംഭാപ്രവേശത്തിലൂടെ വര്‍ത്തമാനകാലത്തിലേക്ക് രാവണന്‍ വരുമ്പോള്‍ ആ നൈരന്തര്യം നഷ്ടപ്പെട്ടതായി നമുക്ക് അനുഭവപ്പെടുന്നില്ല.എല്ലാ ചാപല്ല്യങ്ങളുമുളള മനുഷ്യനായി രാവണന്‍ മാറുന്നു.ലോകധര്‍മ്മിക്ക് അനവധി സാധ്യതകളുളള ഈ കഥയില്‍പോലും നാട്യധര്‍മ്മിയുടെ അതിരുകള്‍ ശ്രീ പ്രദീപ് ലംഘിക്കുന്നില്ല എന്നുളളത് ഈ കലാകാരന്‍റെ വൈഭവം തെളിയിക്കുന്നു.അദ്ദേഹത്തിന് ദാഹിച്ചപ്പോള്‍ വെളളം മേടിച്ചുകുടിച്ച രംഗം കാണികളെ വളരെയേറെ രസിപ്പിച്ചു.അവിടെയാണ് ഈ കലാകാരന്‍റെ രംഗബോധം മനസ്സിലാവുക.പ്രദീപ് ദാഹിച്ചിട്ട് വെളളം കുടിക്കുന്നു എന്നത് രാവണന്‍ വെളളം കുടിക്കുന്നതായി കാണികളെ അനുഭവിപ്പിക്കാന്‍ കഴിഞ്ഞപ്പോള്‍ ആ വലിയ കലാകാരന്‍റെ രംഗബോധത്തെ മനസ്സുകൊണ്ട് സാഷ്ടാംഗം നമസ്കരിച്ചു.
മൂന്നാമത്തെ കഥയായ ബാലി വിജയത്തിലെത്തുമ്പോള്‍ കഥാഘടന ഉദ്ഭവത്തോട് സമാനമാവുന്നുണ്ട്.നാരദനോട് ചന്ദ്രഹാസം ലഭിച്ച കഥ വിവരിക്കുന്നതിലൂടെ വീണ്ടും വര്‍ത്തമാനത്തില്‍നിന്ന് ഭൂതകാലത്തിലേക്ക് സഞ്ചരിക്കുന്നു.കൈലാസോദ്ധാരണവും പാര്‍വതീ വിരഹവും ആടുന്നത് ഉദ്ഭവവും രംഭാപ്രവേശവും കഴിഞ്ഞിട്ടാണ് എന്ന് വിശ്വസിക്കാന്‍ തന്നെ പ്രയാസം.തപസ്സാട്ടത്തില്‍ കണ്ട അതേ ഊര്‍ജ്ജം കൈലാസോദ്ധാരണത്തില്‍ കണ്ടപ്പോള്‍ ചില അനുഷ്ഠാന കലകളില്‍ കാണുന്നപോലെ ശരിക്കും രാവണന്‍ പ്രദീപില്‍ പരകായപ്രവേശം ചെയ്തു എന്ന് തോന്നിപ്പോയി.കലാകാരനും കഥാപാത്രവും ഒന്നാകുന്ന അവസ്ഥ.തുടര്‍ന്നുനടന്ന ബാലിവധം, തോരണയുദ്ധം, യുദ്ധം എന്നീ കഥകളിലൂടെ ശൃംഗാരവും ക്രോധവും വീര്യവും പരാക്രമശാലിത്വവും എല്ലാം മാറിമറിഞ്ഞ് ആ വേദിയില്‍ നിറഞ്ഞാടി.രാമരാവണയുദ്ധത്തിലൂടെ ദശാസ്യം പര്യവസാനിച്ചു.
ധനാശിപാടുമ്പോള്‍ രാവണന്‍ വേദിയില്‍നിന്നാടിയത് 10 മണിക്കൂറും 2മിനിറ്റും.ശ്രീ പ്രദീപ് വേദിയില്‍നിന്നിറങ്ങിയപ്പോള്‍ കണ്ട ഒരു രംഗം അവിടെ നിന്ന എല്ലാവരുടേയും മനസ്സ് കുളിര്‍പ്പിക്കുകയും കണ്ണ് നനയിപ്പിക്കുകയും ചെയ്തു.കഴിഞ്ഞ പതിനെട്ട് വര്‍ഷമായി ഞാന്‍ കഥകളി കാണുന്നു.ആദ്യമായിട്ടാണ് ഒരു കഥകളിനടന്‍ വേദിയില്‍നിന്ന് ഇറങ്ങിവരുമ്പോള്‍ ആരാധകര്‍ ചുറ്റും നിന്ന് ആര്‍പ്പു വിളിക്കുന്നത് കാണുന്നത്.അത് ഈ മഹാനടന്‍ അര്‍ഹിക്കുന്ന അംഗീകാരം തന്നെയാണ്.അദ്ദേഹത്തിന്‍റെ ഗുരുനാഥന്‍ ശ്രീ വാഴേങ്കട വിജയന്‍, കൂടെ വിഭീഷണനായി വേഷം കെട്ടിയ മകന്‍ പ്രണവ്, സഹധര്‍മ്മിണി, മറ്റു കുടുമ്പാംഗങ്ങള്‍ തുടങ്ങിയവര്‍ സന്നിഹിതരായിരുന്നത് അദ്ദേഹം ചെയ്ത സുകൃതത്തിന്‍റെ ഫലം.കൂടെ സഹകരിച്ച കലാകാരന്മാരും ഈ പ്രോഗ്രാം ഇത്ര ഗംഭീരമായി സംഘടിപ്പിച്ച സംഘാടകരും, പ്രത്യേകിച്ച് ഹരി ചാക്യാര്‍, രഞ്ജിനി, നാരായണേട്ടന്‍ തുടങ്ങി അനവധിപേര്‍ പ്രത്യേക അഭിനന്ദനം അര്‍ഹിക്കുന്നു.ജീവിതത്തില്‍ അസുലഭമായ ഒരു കലാവിരുന്നിന് സാക്ഷിയാവാന്‍ സാധിച്ചതിലുളള അതിയായ ചാരിതാര്‍ത്ഥ്യത്തോടു കൂടി ആ മഹാ കലാകാരനെ മനസ്സു കൊണ്ട് സാഷ്ടാംഗം നമസ്കരിക്കുന്നു.ഇനിയും ഇതുപോലുളള അപൂര്‍വ്വനേട്ടങ്ങള്‍ കൈവരിക്കാനുളള ആരോഗ്യവും ദൈവാനുഗ്രഹവും അദ്ദേഹത്തിനുണ്ടാവട്ടെ എന്ന് പ്രാര്‍ത്ഥിക്കുന്നു.

Thursday, June 5, 2014

പരിസ്ഥിതിയും മനുഷ്യനും

പ്രകൃതിഭംഗിനിറഞ്ഞ ഒരു ഗ്രാമത്തിൽ ജനിച്ചു വളർന്നതുകൊണ്ടാകണം പരിസ്ഥിതിയുടെ മൂല്യം കുട്ടിക്കാലത്ത് അറിഞ്ഞിരുന്നില്ല.പിന്നീട് ഹൈസ്കൂളിൽ പഠിക്കുന്ന കാലത്ത് ശാസ്ത്രസാഹിത്യപരിഷത്തിന്റെ എല്ലാ പരിപാടികളിലും പങ്കെടുക്കുമായിരുന്നു.അവിടെനിന്നാണ് പ്രകൃതി സംരക്ഷണം എന്ന വാക്ക് ആദ്യമായി കേൾക്കുന്നത്.എങ്കിലും പ്രകൃതിയുടെ സംരക്ഷണം നമ്മുടെ ദൈനംദിന ജീവിതവുമായിട്ട് എങ്ങനെ ബന്ധപ്പെട്ടുകിടക്കുന്നു എന്ന് അന്ന് മനസ്സിലായില്ല.കാരണം അതുവരെ കേട്ട കഥകളിലും ഉപദേശങ്ങളിലും പ്രകൃതി അദൃശ്യനായ ഈശ്വരന്റെ സൃഷ്ടിയാണെന്നും മനുഷ്യൻ അതിന്റെ മുൻപിൽ നിസ്സാരനായ ഒരു ജീവി മാത്രമാണെന്നുമാണ്.പിന്നീട് കാര്യങ്ങൾ കൂടുതൽ മനസ്സിലാക്കുകയും അതിനെപ്പറ്റി വായിക്കുകയും ചെയ്തപ്പോൾ ഒരു കാര്യം തീർച്ചയായി:മനുഷ്യൻ അത്ര നിസ്സാരനല്ലെന്നും അനേകകോടി വർഷങ്ങൾകൊണ്ട് പരിണമിച്ച് എല്ലാ ജീവജാലങ്ങൾക്കും വാസയോഗ്യമായ ഈ ഭൂമിയെ ഒരു മരുഭൂമിയാക്കിമാറ്റാൻ ഈ ‘നിസ്സാരനായ’ മനുഷ്യന്   അധികകാലമൊന്നും വേണ്ടിവരില്ലെന്ന്.അതിനാവശ്യമായ ദുഷ്ടതകളടങ്ങിയ പ്രോമിത്യൂസിന്റെ പേടകവുമായിട്ടാണ് എല്ലാ മനുഷ്യരും ഈ ഭൂമിയിലേക്ക് വരുന്നത്.

തൊണ്ണൂറുകളുടെ ആരംഭത്തിൽ സ്കൂൾവിദ്യാർത്ഥിയായിരിക്കുമ്പോൾ അന്നത്തെ ആക്റ്റിവിസ്റ്റുകൾ നൽകിയ മുന്നറിയുപ്പുകൾ ഇന്ന് വലിയ ശരികളായി മാറിയിരിക്കുന്നു.പിന്നീട് പരിസ്ഥിതിസംരക്ഷണത്തെ സംബന്ധിച്ച് ബൈബിൾ എന്ന് വിശേഷിപ്പിക്കുന്ന റേച്ചൽ കാഴ്സന്റെ ‘സൈലന്റ് സ്പ്രിംഗ് എന്ന പുസ്തകം വായിച്ചപ്പോൾ ഇതിന്റെ ഭീതിജനകമായ അവസ്ഥയും അതിന്റെ വരും വരായ്കളും തിരിച്ചറിഞ്ഞു.പിന്നീട് കോളേജിൽ പഠിച്ചിട്ടുള്ള ഇക്കോ ക്രിട്ടിസിസം എന്ന സാഹിത്യനിരൂപണശാഖയും ഈ വിഷയത്തിൽ കൂടുതൽ ചിന്തിക്കാൻ സഹായിച്ചു.ഈ അവബോധം എന്റെ രാഷ്ട്രീയത്തെ രൂപപ്പെടുത്തുന്നതിൽ വലിയ പങ്കു വഹിച്ചിട്ടുണ്ട്.രാഷ്ട്രീയം മനുഷ്യന്റെ ഉന്നമനത്തിന് വേണ്ടി മാത്രമല്ല നിലകൊള്ളേണ്ടത് മറിച്ച് ജീവവും അജീവവും ആയ എല്ലാ വസ്തുക്കളുടേയും സംരക്ഷണത്തിന് വേണ്ടിയാകണം എന്ന് ബോധ്യം വന്നു .പക്ഷെ പുത്തൻ രാഷ്ട്രീയപരിപ്രേക്ഷ്യങ്ങളെല്ലാം മധ്യകാലഘട്ടത്തിൽ മതങ്ങൾ വിശ്വസിച്ചത് പോലെ മനുഷ്യനാണ് ഭൂമിയുടെ കേന്ദ്രബിന്ദു എന്നും എല്ലാം അവന്റെ സുഖത്തിനും സന്തോഷത്തിനും വേണ്ടിയുള്ളതാണെന്നുമാണ്.ഈ അപകടം പിടച്ച രാഷ്ട്രീയത്തിനെതിരെ ഇനിയും നമ്മൾ മൗനമാചരിച്ചാൽ ഭാവിയിൽ വലിയ വില നൽകേണ്ടി വരും.

നേരത്തെ ചൂഷണം സ്യൂഡോ വികസനത്തിന്റെ കേന്ദ്രങ്ങളായ നഗരങ്ങളായിരുന്നെങ്കിൽ ഇപ്പോൾ അത് ഒരിക്കലും ഉണ്ടാവില്ല എന്നു വിശ്വസിച്ച ഗ്രാമങ്ങളിലേക്കും വന്നുതുടങ്ങി. നിർഭാഗ്യവശാൽ കമ്മ്യൂണിസ്റ്റ്പാർട്ടിയടക്കം എല്ലാ രാഷ്ട്രീയപാർട്ടികളും ഇവിടുത്തെ ഭൂമാഫിയക്കനുകൂലമാണ്. അപ്പോൾ വേറെന്താണ് വഴി?രാഷ്ട്രീയമായ നിറഭേദങ്ങളൊന്നുമില്ലാതെ അതാത് സ്ഥലത്തെ ജനങ്ങൾ ഒത്തുകൂടി ശക്തമായി പ്രതിഷേധിക്കുക.വളരെ ശ്രദ്ധേയമായ പല പരിസ്ഥിതിസമരങ്ങളിൽനിന്നും ഊർജ്ജമുൾക്കൊണ്ട് തങ്ങളുടെ ചുറ്റുപാടും സംരക്ഷിക്കുക.ഒരിക്കലും ഉണ്ടാവില്ല എന്നു പ്രതീക്ഷിച്ച ഇതുപോലുള്ള ചൂഷണങ്ങൾ ഞങ്ങളുടെ ഗ്രാമത്തിനേയും കാർന്നുതുടങ്ങി.വളരെ സന്തോഷമെന്ന് പറയട്ടെ എന്റെ ഏറ്റവും അടുത്ത സുഹൃത്തിന്റെ നേതൃത്ത്വത്തിൽ ചോരയും നീരുമുള്ള ഒരു പറ്റം ചെറുപ്പക്കാർ അതിനെതിരെ ശക്തമായി പ്രതികരിക്കുന്നു.നീതിക്കുവേണ്ടിയുള്ള സമരമാകുമ്പോൾ അത് വിജയിക്കും എന്ന കാര്യത്തിൽ യാതൊരു സംശയവുമില്ല.പ്രകൃതിരമണീയമായ ഒരു ഗ്രാമത്തിൽനിന്നു ഊഷരമായ ചെന്നൈ നഗരത്തിൽ എത്തിപ്പെട്ടപ്പോളാണ് മനുഷ്യജീവിതത്തിൽ പ്രകൃതിയുടെ പ്രാധാന്യം മനസ്സിലായത്. അധികം വൈകാതെ തിരിച്ചെത്തണമെന്ന ആഗ്രഹത്തോടെ എല്ലാ പരിസ്ഥിതിസമരങ്ങളും വിജയിക്കട്ടെ എന്നാഗ്രഹിക്കുന്നു.





Wednesday, May 7, 2014

ഉത്തരീയത്തിൻറെ രാവണോത്ഭവം


കഥകളിയിൽ കാണികളെ ഏറ്റവുമധികം ത്രസിപ്പിക്കുകയും ആവേശചിത്തരാക്കുകയും ചെയ്യുന്ന കഥാപാത്രമാണ് ഉത്ഭവത്തിലെ രാവണൻ.ചെന്നൈ ഉത്തരീയം ഇന്നലെ അവതരിപ്പിച്ച ഉത്ഭവത്തിൽ രാവണനെ അവതരിപ്പിച്ച ശ്രീ കലാമണ്ഡലം പ്രദീപ് മേൽസൂചിപ്പിച്ച ഘടകങ്ങളോട് പൂർണ്ണമായും നീതി പുലർത്തി.കഥകളിയിലെ മറ്റു കഥാപാത്രങ്ങളെ അപേക്ഷിച്ച് പണ്ഡിതപാമര ഭേദമന്യേ ആത്മഭാവം തോന്നുന്ന കഥാപാത്രമാണ് രാവണൻ.അതിന് കാരണം നമ്മുടെ തന്നെ ഒരു അപരവ്യക്തിത്വമാണ് രാവണൻ എന്നുളളതാണ്.കഥകളിയിലെ രാവണൻറെ പാത്രസൃഷ്ടി അസുരൻ എന്ന വാക്ക് പ്രതിനിധാനം ചെയ്യുന്ന അധമതലങ്ങളെ മറികടന്ന് മനുഷ്യൻറെ അപരിമേയമായ ആന്തരികശക്തിയുടെ ഉദാത്തമായ പ്രതിനിധാനമായി മാറുന്നു.രാവണൻറെ ഈ അപരിമേയ ശക്തി അഭിനയിച്ച് ഫലിപ്പിക്കുന്നതിൽ ശ്രീ പ്രദീപ് കാണിച്ച വൈഭവം അസാധാരണമായിരുന്നു.

തൻറെ അപ്രതിരോധ്യമായ ശക്തിയിൽ അടിയുറച്ച് വിശ്വസിക്കുന്ന കാര്യത്തിൽ രാവണനോളം പൂർണ്ണത പ്രകടിപ്പിക്കുന്ന ഒരു കഥാപാത്രം ലോകസാഹിത്യത്തിൽ തന്നെ വിരളമായിരിക്കും.തനിക്ക് തികച്ചും അവകാശപ്പെട്ട വരങ്ങൾ ത്രൈലോക്യനാഥനായ ബ്രഹ്മാവാണെങ്കിൽപ്പോലും താണ്കേണപേക്ഷിച്ച് വാങ്ങുകയല്ല വേണ്ടത്, മറിച്ച് വർദ്ധിതവീര്യത്തോടുകൂടി പിടിച്ചുവാങ്ങുകയാണ് വേണ്ടത് എന്ന കാര്യത്തില്‍ രാവണന് യാതൊരു സംശയവുമില്ല.ഈ ഉറച്ച അവകാശബോധം സാധാരണക്കാരായ നമ്മളെ ഉത്തേജിപ്പിച്ചില്ലെങ്കിലേ അത്ഭുതമുളളൂ.തനിക്ക് എന്തുകൊണ്ടും അർഹതയുളള അവകാശങ്ങൾ ലഭിച്ചതിനുശേഷം അവ തന്ന ആളെ ആവശ്യത്തിലധികം ബഹുമാനിക്കാനോ അയാളോട് അനാവശ്യമായ നന്ദിപ്രകടനം നടത്താനോ ആത്മവിശ്വാസത്തിൻറെ മൂർത്തിമദ്ഭാവമായ രാവണന് സാധിക്കുന്നില്ല.ഈ ഒരു ഊർജ്ജിതമായ വ്യക്തിത്വം തന്നെയാണ് ദുർബലചിത്തരായ നമ്മളെ രാവണൻറെ ആരാധകരാക്കുന്നത്.തൻറെ സ്വകാര്യമായ നേട്ടത്തിന് വേണ്ടി സ്വവ്യക്തിത്വം ഒരിടത്തും അടിയറ വെയ്ക്കുന്നില്ല എന്നുളളത് നമ്മുടെ ബഹുമാനം പതിന്മടങ്ങ് വർദ്ധിപ്പിക്കുന്നു.അഞ്ചാമത്തെ അഗ്നിയായി സൂര്യനോട് നിൽക്കണമെന്ന് അപേക്ഷിക്കുകയല്ല രാവണൻ ചെയ്യുന്നത് മറിച്ച് കൽപ്പിക്കുകയാണ്.അവകാശബോധവും ജീവിതാഭിലാഷങ്ങളുമുളള ഏതൊരു വ്യക്തിയെപ്പോലെയും തൻറെ ലക്ഷ്യം നേടിയെടുക്കാൻ സ്വജീവൻപോലും ബലിയർപ്പിക്കാൻ തയ്യാറാവുംബോൾ രാവണൻ എന്ന കഥാപാത്രം പാത്രസൃഷ്ടിയുടെ അത്യുദാത്ത മേഖലകൾ കൈയ്യടക്കുന്നു.ഈ പാത്രസൃഷ്ടിയിൽ ആട്ടകഥാകാരൻ പ്രകടിപ്പിച്ച ഔചിത്യം അനിർവചനീയമാണ്.ഓരോ സന്ദർഭത്തിലുമുളള അലർച്ച പോലും ഈ കഥാപാത്രത്തിന്‍റെ പ്രൗഢിയുടെ ആക്കം കൂട്ടുന്നു.

ഏതൊരു കാലഘട്ടത്തിലേയും മനുഷ്യസമൂഹത്തിൽ കാണുന്ന നിഷ്കർമ്മണ്യതയുടെ പ്രതീകങ്ങളാണ് കുംഭകർണ്ണനും വിഭീഷണനും.അതർഹിക്കുന്ന പുച്ഛത്തോടെ പ്രതാപബലവാനായ രാവണൻ തളളിക്കളയുന്നു.പക്ഷെ അപ്പോഴും തൻറെ സഹോദരന്മാരോടുളള സ്നേഹം ഏതൊരു മനുഷ്യനേയും പോലെ രാവണൻറെ മനസ്സിലും ഊറിക്കൂടി വരുന്നു.പാത്രസൃഷ്ടിയിലുളള അതിസൂക്ഷ്മമായ കൈയ്യടക്കത്തിലൂടെ അസുരൻ എന്നുളളത് നമ്മളിലെല്ലാം കുടികൊളളുന്ന ഒരു മാനസികതലമാണെന്ന് ആട്ടകഥാകാരൻ പറയാതെ പറയുന്നു.ഈയൊരു പാത്രസൃഷ്ടിവൈഭവമാണ് സാധാരണക്കാരായ നമ്മളേയും രാവണനുമായി തന്മയീഭവിപ്പിക്കുന്നത്.മനുഷ്യമനസ്സിലെ ഈ വിവിധ ഭാവങ്ങളെ അസാധാരണമായ കൈയ്യടക്കത്തോടെ അഭിനയിച്ചു ഫലിപ്പിച്ച ശ്രീ കലാ. പ്രദീപ് കഥകളിയിലെ എക്കാലത്തേയും മികച്ച നടന്മാരിൽ ഒരാളാണെന്ന് സംശയലേശമന്യേ തെളിയിച്ചു.
ശ്രീ കലാ. ബാജിയോ അവതരിപ്പിച്ച കുംഭകർണ്ണനും ശ്രീ കലാ. ശിബിചക്രവർത്തി അവതരിപ്പിച്ച വിഭീഷണനും ശ്രീ പ്രദീപിന് മികച്ച പിന്തുണ നല്കി.ശ്രീ അത്തിപറ്റ രവിയും ശ്രീ പനയൂർ കുട്ടനും നയിച്ച സംഗീതവും ശ്രീ കലാ. ബാലസുന്ദരനും ശ്രീ കലാ. വേണുമോഹനും ശ്രീ കലാ. ഹരിദാസനും ശ്രീ കലാ. വൈശാഖനും നയിച്ച മേളവിഭാഗവും പിന്നണിയിൽ പ്രവർത്തിച്ച ശ്രീ കലാ. സതീശനും ശ്രീ കോട്ടയ്ക്കൽ കുഞ്ഞിരാമനും ശ്രീ ഉണ്ണികൃഷ്ണനും ശ്രീ രാജനും ഈ ഉത്ഭവം ചെന്നൈയിലെ കഥകളി പ്രേമികൾക്ക് ഒരിക്കലും മറക്കാനാവാത്ത ഒരു അനുഭവമാണ് നൽകിയത്.

Monday, April 7, 2014

T M Krishna

ടി.എം.കൃഷ്ണയുടെ ഇന്റെർവ്യൂവിൽ അദ്ദേഹത്തിന് സംഗീതത്തെപറ്റിയുള്ള കാഴ്ചപ്പാടിന്റേയും തന്റെ ശൈലിയിലുള്ള മാറ്റത്തെ സംബന്ധിച്ചുള്ള അഭിപ്രായത്തിന്റേയും വരികൾക്കിടയിൽ വായിച്ചപ്പോൾ എന്റെ വികടബുദ്ധിയിൽ തോന്നിയ ചില കാര്യങ്ങളാണീ കുറിപ്പിൽ.

ഒരു പെർഫോർമർ എന്ന നിലയിൽ എല്ലാ തരത്തിലുമുള്ള പ്രശസ്തിയും അംഗീകാരങ്ങളും നേടിയ ആളാണ് കൃഷ്ണ.ഒരു ‘സംഗീതകലാനിധി’ മാത്രമേ ബാക്കിയുള്ളൂ.അയാളുടെ സ്വാധീനം വെച്ച് അത് തരപ്പെടുത്താൻ വല്ല്യ ബുദ്ധിമുട്ടും ഇല്ല.കൃഷ്ണ തന്നെ തുറന്നു സമ്മതിക്കുന്നപോലെ ഈ രസികരുടെ വാഴ്തലുകളും കൈയ്യടികളും മടുത്തു എന്നു പറയുന്നതിൽ കുറച്ച് വാസ്തവമില്ലാതെയില്ല.ഈ മുഖസ്തുതികളുടെ ഉച്ചസ്ഥായിയിൽ എത്തിയാൽ അതിലും ഉയർന്ന ഒരു പ്രതലത്തിലേക്ക് പോണം എന്ന് ഏതൊരു കലാകാരനും സ്വാഭാവികമായി തോന്നാം.

കൃഷ്ണയുടെ സംഗീതത്തെപ്പറ്റിയുള്ള വ്യാഖ്യാനങ്ങൾ കേട്ടപ്പോൾ എന്റെ മനസ്സിലേക്ക് വന്നത് മറ്റൊരു മഹാഗായകനാണ്…..സാക്ഷാൽ എം.ഡി.ആർ.ഇപ്പോൾ കൃഷ്ണ കലഹിക്കുന്ന പോലെ സാമ്പ്രദായിക  രീതികളോട് കലഹിച്ച ഒരാളാണ് എം.ഡി.ആർ.അറിഞ്ഞിടത്തോളം അദ്ദേഹം ജീവിച്ചിരുന്ന കാലത്ത് വലിയ അംഗീകാരം അദ്ദേഹത്തിന് ലഭിച്ചിരുന്നില്ല.ഒരു സാധാരണ സംഗീതാസ്വാദകന് എളുപ്പത്തിൽ പിടികൊടുക്കുന്നതായിരുന്നില്ല അദ്ദേഹത്തിന്റെ സംഗീതം…ഇന്നും അങ്ങനെ തന്നെ!!!പക്ഷെ ഒരാളുടെ കാലശേഷം അദ്ദേഹത്തിന്റെ മറ്റേതൊരു  സമകാലീനനേക്കാളും ആഘോഷിക്കപ്പെട്ട ഒരു സംഗീതജ്ഞൻ എം.ഡി.ആർ പോലെ മറ്റാരുമുണ്ടാവില്ല.ഈ സംഗീതത്തിലുള്ള വ്യത്യസ്തത അദ്ദേഹത്തെ ഒരു cult figure ആക്കി മാറ്റി.


മറ്റെല്ലാ ബിരുദങ്ങളും പ്രശസ്തിയും കാലത്തിന്റെ കുത്തൊഴുക്കിൽ ഒലിച്ചുപോവും.പക്ഷെ ഈ cult figure status കാലാകാലം നിലനിൽക്കും.എം.ഡി.ആർ തന്നെയാണ് മികച്ച ഉദാഹരണം.മറ്റൊരു ഉദാഹരണം എം.എസ്.സുബ്ബലക്ഷ്മി.  ഈ cult figure status തന്നെ മറ്റുള്ളവരിൽ നിന്ന് വേറിട്ട് നിർത്തും.തനിക്ക് തുല്ല്യമോ അല്ലെങ്കിൽ തന്നേക്കാൾ കേമത്തമുള്ളതോ ആയ അനവധി സംഗീതജ്ഞരുള്ളപ്പോൾ അവരിൽ നിന്ന് വ്യത്യസ്തമായി നിന്നാൽ മാത്രമേ ഈ cult figure status ലഭിക്കൂ എന്ന് മറ്റാരേക്കാളുമധികം അടിമുടി professional ആയ ടി.എം.കൃഷ്ണയ്ക്ക് നന്നായറിയാം.ഈ തിരിച്ചറിവിൽ കാലത്തെ അതിജീവിച്ച് നിലനിൽക്കാനുള്ള ഒരു യാത്രയുടെ ആരംഭമായിരിക്കുമോ ഇത്???

Sunday, April 6, 2014

T.M.Krishna




സമൂഹവീക്ഷണത്തിലും സംഗീതത്തിലും ഇത്രയും വിപ്ളവകരമായ അഭിപ്രായം കാത്തുസൂക്ഷിക്കുന്ന ഒരു സംഗീതജ്ഞന്‍ ടി.എം.കൃഷ്ണയെപ്പോലെ ഇന്ന് മറ്റൊരാളില്ല.കല സമൂഹത്തില്‍ നിന്ന് വേറിട്ട് നില്‍ക്കേണ്ട ഒന്നല്ലെന്നും കലാകാരന്‍ ദന്തഗോപുരവാസിയാവരുതെന്നും കൃഷ്ണ വിശ്വസിക്കുന്നു.

രണ്ടുദാഹരണങ്ങളിതാ:-

"യുക്തിധാരയുടെ അടിസ്ഥാനത്തിലാണോ ജീവിതത്തെ നോക്കികാണേണ്ടത്.എന്തുതന്നെയായാലും ഹിംസ ഹിംസ തന്നെയാണ്.അത് നന്മയ്ക്കുേണ്ടിയോ തിന്മയ്ക്കുവേണ്ടിയോ അല്ല.ഒരു ഹിംസ നടക്കുംബോള്‍ ആ ഹിംസ നല്ലതിന് വേണ്ടിയാണ് അല്ലെങ്കില്‍ ചീത്തതിനുവേണ്ടിയാണ് എന്ന് പറയുന്നതില്‍ അര്‍ത്ഥമില്ല.ഒരാളെ വേദനിപ്പിക്കാനോ ലൈംഗികമായി പീഡിപ്പിക്കാനോ കൊല്ലാനോ ചെയ്യുന്ന ഹിംസയും കൊന്നവനെ കൊല്ലുന്നതിലുളള ഹിംസയും തമ്മില്‍ അന്തരമുളളതായി ഞാന്‍ കരുതുന്നില്ല"

"എന്‍റെ ജീവിതത്തിന്‍റെ ലക്ഷ്യം സംഗീതം എന്നെ എവിടേക്ക് നയിക്കുന്നുവോ അങ്ങോട്ട് പോവുക എന്നതാണ്.കച്ചേരിയുടെ ചട്ടക്കുടിന്‍റെ കളളികളിലേക്ക് നീക്കുപോക്കുകള്‍ നടത്തി കയറി നില്‍ക്കാന്‍ ഞാന്‍ ആഗ്രഹിക്കുന്നില്ല.ഞാന്‍ സംഗീതമായി മാറുന്ന മുഹൂര്‍ത്തങ്ങളാണത്.സ്വീകരിക്കപ്പെടുക എന്ന മാനദണ്ഡം അപ്പോള്‍ അപ്രസക്തമാണ്"

താന്‍ ഇടപെഴുകുന്ന കര്‍മ്മമേഖലയെ ചോദ്യം ചെയ്യാതെ അനുസരണയോടെ പിന്തുടരണമെന്നും സമുഹത്തിലെ ബഹുഭൂരിപക്ഷത്തിന്‍റെ വിശ്വാസങ്ങള്‍ക്കും താല്‍പര്യങ്ങള്‍ക്കും എതിരെ ശബ്ദിക്കുന്നത് പാപവും അഹങ്കാരവുമാണെന്ന് കരുതുന്ന ഈ കപടസമൂഹത്തിലെ ഒരു യഥാർത്ഥ വിപ്ളവകാരി!!!

                                           Salute You T M Krishna!!!