Thursday, August 27, 2015

Narakasuravadham

സർറിയലിസം എന്ന മൂവ്മെന്റ് സാഹിത്യത്തിൽ പ്രചാരത്തിൽ വന്നത് ഇരുപതാം നൂറ്റാണ്ടിന്റെ ആദ്യ ദശകങ്ങളിൽ മാത്രമാണ്.അതിന് ഒരു നൂറ്റാണ്ട് മുമ്പ് തന്നെ കഥകളി സർറിയലിസത്തെ   അതിവിദഗ്ധമായി അരങ്ങിൽ ആവിഷ്കരിച്ചു.സർറിയലിസ്റ്റിക്കായിട്ടുള്ള കഥാതന്തുക്കൾ തിരഞ്ഞെടുത്തു എന്നത് തന്നെയാണ് ഒരു പെർഫോമിങ്ങ് ആർട്ട് എന്ന നിലയിൽ കഥകളിയുടെ വിജയവും.ധാരാളം പരിമിതികൾക്കിടയിൽ സ്റ്റേജിൽ അവതരിപ്പിക്കുന്ന ഒരു കലാരൂപം എന്ന നിലയിൽ നൃത്തത്തിന്റേയും നൃത്ത്യത്തിന്റേയും സാധ്യതകൾ പരമാവധി ചൂഷണം ചെയ്യുന്ന കഥകൾ അവതരിപ്പിക്കുമ്പോളാണ് ആസ്വാദനം കൂടുതൽ നന്നാവുന്നതും. അതിന് സർറിയലിസ്റ്റിക്കായ കഥാതന്തുക്കൾ തിരഞ്ഞെടുത്ത ആട്ടക്കഥാകാരന്മാരുടെ ഔചിത്യത്തെ അത്ഭുതത്തോടു കൂടിയേ നോക്കിക്കാണാൻ കഴിയുകയുള്ളൂ.അതിൽ പ്രഥമഗണനീയമായ ഒരു കഥയാണ് നരകാസുരവധം.

ഉത്തരീയം അവതരിപ്പിച്ച കപ്ലിങ്ങാടൻ ശൈലിയിലുള്ള നരകാസുരവധം മേൽ സച്ചിപ്പിച്ച ആസ്വാദ്യത പ്രദാനം ചെയ്ത ഒന്നായിരുന്നു.കപ്ലിങ്ങാടൻ ശൈലിയിലുള്ള പകർന്നാട്ടവും കേകിയാട്ടവും പടപ്പുറപ്പാടും ഏതൊരു നടനും വെല്ലുവിളി ഉയർത്തുന്ന ആട്ടങ്ങൾ തന്നെയാണ്.അത് അവ ആവശ്യപ്പെടുന്ന ഊർജ്ജം നിലനിർത്തിക്കൊണ്ട് അവതരിപ്പിച്ചാൽ തന്നെയേ ഉദ്ധതനായ നരകാസുരന്റെ വീരത്വം കാണികളിലേക്ക് പകർന്ന് നൽകാൻ കഴിയുകയുള്ളൂ.അത് തന്നെയാണ് നരകാസുരവധം കഥയുടെ മാറ്റ് പരിശോധിക്കുന്ന ഉരകല്ലും.ഈ ഊർജ്ജം ശ്രീ കലാ: രവികുമാറിന്റെ നരകാസുരൻ പൂരണ്ണമായും പകർന്നു നൽകി.ത്രിപുടാത്തിലെല്ലാം പ്രകടിപ്പിച്ച കൈയ്യടക്കം അത്ഭുതം തന്നെയായിരുന്നു.കപ്ലിങ്ങാൻ ശൈലിയിലുള്ള വ്യത്യാസങ്ങളും മനസ്സിലാക്കാൻ സാധിച്ചു.

ഇന്നലത്തെ മറ്റൊരു താരം ശ്രീ കലാ: രാമൻ നമ്പൂതിരിയായിരുന്നു.ഈ പ്രായത്തിലും അദ്ദേഹത്തിന്റെ കൊട്ടിലെ തെളിച്ചവും കൃത്യതയും ഊർജ്ജവും കണ്ട് കൂടെ കൊട്ടിയവരും കാണികളും  യഥാർത്ഥത്തിൽ തരിച്ചിരുന്ന്പോയി.അദ്ദേഹത്തിനെ പിന്തുണച്ച മറ്റെല്ലാ കലാകാരന്മാരും അവരറിയാതെ തന്നെ അദ്ദേഹത്തിന്റെ നിലവാരത്തിലേക്കുയർന്നു എന്നതാണ് സത്യം.അതിന് തെളിവാണ് ശ്രീ രവികുമാർ കളി കഴിഞ്ഞ് വന്ന് അദ്ദേഹത്തിന്റെ കാൽ തൊട്ട് വന്ദിച്ച രംഗം. അങ്ങനെ ഒരിക്കലും മറക്കാനാവാത്ത അനുഭവമാണ് ഈ കലാകാരന്മാർ ചെന്നൈയിലെ കഥകളി പ്രേമികൾക്ക് നൽകിയത്.

കളിക്ക് മുമ്പ് ശ്രീ സേതുനാഥ് അവതരിപ്പിച്ച ലെക്ച്ചർ ഡെമോൺസ്റ്റ്രേഷനും വളരെ വിജ്ഞാനപ്രദമായിരുന്നു.അത് കഥകളി കാണാൻ ആഗ്രഹിക്കുന്നവർക്ക് വളരെ പ്രയോജനകരമായിരിക്കും.
ചെറിയ മോഹങ്ങളുമായി മൂന്ന് വർഷം മുമ്പ് തുടങ്ങിയ ഉത്തരീയം യഥാർത്ഥത്തിൽ ഞങ്ങളുടെ പ്രതീക്ഷയേയും മറികടന്ന് വിജയകരമായ നാലാം വർഷത്തേക്ക് കടക്കുന്നു.അതിനൊപ്പം കൂടുതൽ മോഹങ്ങളും ഉത്തരവാദിത്ത്വങ്ങളും.





  

Sunday, August 2, 2015

കാക്കാമുട്ടൈ

ഒരു ജലബിന്ദുവിൽ സൂര്യനെ പ്രതിഫലിപ്പിക്കുന്ന വൈഭവമാണ് മഹത്തായ കലാസൃഷ്ടിയുടെ ലക്ഷണം.അപ്രകാരം ലക്ഷണമൊത്ത ഒരു അസാമാന്യ കലാസൃഷ്ടിയാണ് കാക്കാമുട്ടൈ എന്ന തമിഴ് ചലച്ചിത്രം.അസ്വാഭാവികതയും അതിനാടകീയതയും അരങ്ങുവാഴുന്ന തമിഴ്സിനിമയിൽ പതിവ് ശൈലിയിൽ നിന്ന് വിഭിന്നമായി ജീവിതത്തിന്റെ നേർകാഴ്ച്ച ഇത്ര സ്വാഭാവികവും വൈകാരികവുമായി ചിത്രീകരിച്ച ഈ സിനിമ ഒരു ക്ലാസ്സിക് തന്നെയാണ്.

ഒരു ചേരിയിൽ ജീവിക്കുന്ന രണ്ട് കൊച്ചു കുട്ടികളുടെ വളരെ സാധാരണമായ ആഗ്രഹങ്ങളുടെ നരേഷനിലൂടെ ഇന്ത്യ പോലുള്ള ഒരു ദരിദ്ര രാജ്യത്ത് നിലനിൽക്കുന്ന ഉച്ചനീചത്വങ്ങളേയും മുതലാളിത്ത വിപണി സൃഷ്ടിക്കുന്ന സാമ്പത്തിക വിടവുകളേയും അതിശക്തം എന്നാൽ വളരെ ലളിതമായ കഥപറച്ചിലിലൂടെ സംവിധായകൻ നമുക്ക് അനുഭവപ്പെടുത്തി തരുന്നു.പ്രശസ്ത ഫ്രഞ്ച് സാമ്പത്തിക ശാസ്ത്രജ്ഞൻ തോമസ് പിക്കറ്റി അദ്ദേഹത്തിന്റെ Capital in the Twenty-First Century എന്ന പ്രശസ്തമായ പുസ്തകത്തിൽ പറയുന്നത് അസമത്വം സ്വാഭാവികമായി സംഭവിക്കുന്ന ഒന്നല്ല മറിച്ച് മുതലാളിത്തത്തിന്റെ കൂടപ്പിറപ്പാണെന്നാണ്.ആ അഭിപ്രായം ശരിവെക്കുന്ന ഒന്നാണ് കാക്കാമുട്ടൈ. വർണ്ണ-ജാതി വിവേചനം വളരെ സങ്കീർണ്ണമായ ഇന്ത്യയിൽ പണം ഉണ്ടായതുകൊണ്ട് മാത്രം ഒരാൾ സ്വീകാര്യനാവില്ല മറിച്ച് അശാസ്ത്രീയമായ, ജന്മം കൊണ്ട് കൈമാറി വരുന്ന ഉത്കർഷസ്ഥാനം ലഭിച്ചാലേ ഒരാൾ സമൂഹത്തിന്റെ മുഖ്യധാരയിൽ സ്വീകാര്യനാവൂ എന്ന പൊള്ളുന്ന യാഥാർത്ഥ്യം ഈ സിനിമ നമ്മെ ശക്തമായി ഓർമ്മപ്പെടുത്തുന്നു.തൊലിയുടെ നിറവും ഇട്ടിരിക്കുന്ന വസ്ത്രത്തിന്റെ ഭംഗിയുമാണ് ഒരാളുടെ സ്ഥാനം നിർണ്ണയിക്കുന്നത് എന്ന പൊതുധാരണയെ ഈ സിനിമ വളരെ ശക്തമായ ഭാഷയിൽ വിമർശിക്കുന്നുണ്ട്.   


 അഭിനേതാക്കളും സാങ്കേതികപ്രവർത്തകരും ഒന്നിനൊന്ന് മികച്ച പ്രകടനമാണ് കാഴ്ച വെച്ചിരിക്കുന്നത്.അതിവൈകാരികത അരങ്ങ് തകർക്കുന്ന തമിഴ് സിനിമയിൽ ഒരത്ഭുതമാണ് കാക്കാമുട്ടൈ.കുറച്ച് കാലമായി അതികാല്പനികതയുടെ ചളിക്കുണ്ടിൽ ആഴ്ന്ന് കിടക്കുന്ന മലയാള സിനിമാപ്രേമികൾ തീർച്ചയായിട്ടും കണ്ടിരിക്കേണ്ട ഒരു സിനിമയാണ് കാക്കാമുട്ടൈ.ഇല്ലെങ്കിൽ അത് വലിയൊരു നഷ്ടമായിരിക്കും.

Tuesday, July 28, 2015

എന്തുകൊണ്ട് കലാം ആരാധ്യനാവുന്നു?




നമ്മള്‍ ജീവിക്കുന്ന ഈ കാലഘട്ടത്തില്‍ നമ്മളെ സ്വാധിനിക്കുന്ന വ്യക്തികള്‍ വളരെ കുറവാണ്.അതില്‍ പ്രഥമഗണനീനയായ ഒരു വ്യക്തിയാണ് അബ്ദുള്‍ കലാം.പല കാര്യത്തിലും വിയോജിപ്പുകള്‍ ഉളളപ്പോഴും വിഗ്രഹവത്കരണം എന്ന മാനസിക രോഗത്തെ വെറുക്കുമ്പോഴും കലാമിനെ എനിക്കിഷ്ടമാണ്.മുസ്ലീമെന്നാല്‍ ഭീകരവാദിയെന്നും പാകിസ്താന്‍ ചാരനെന്നും പ്രാകൃതവിശ്വാസിയെന്നും പൊതുബോധം ശക്തമായി നിലനില്‍ക്കുന്ന ഒരു സമൂഹത്തില്‍ എല്ലാ പ്രതികൂലസാഹചര്യങ്ങളേയും തരണം ചെയ്ത് ജീവിതവിജയം നേടുകയും താന്‍ പഠിച്ച ശാസ്ത്രത്തിന്‍റെ യുക്തി എല്ലാവരിലേക്കും പകര്‍ന്നു നല്‍കാന്‍ ജീവിതകാലം മുഴുവന്‍ ചിലവഴിക്കുകയും ചെയ്തു എന്നതാണ് കലാമിന്‍റെ ഏറ്റവും വലിയ സംഭാവന.ഇസ്ലാമോഫോബിയയെ ഒരു പരിധി വരെ ചെറുക്കാന്‍ കലാമിന്‍റെ ജീവിതം നമുക്ക് സഹായകരമായിരുന്നു.
അധികാരശക്തികളുടെ പിന്തുണയോടെ മതം അതിന്‍റെ ക്രൂരദംഷ്ട്രങ്ങളുമായി സമൂഹത്തിനെ പിച്ചിച്ചീന്താന്‍ വെമ്പല്‍ കൊളളുന്ന ഒരു കാലഘട്ടത്തില്‍ ആധുനിക ശാസ്ത്രത്തിന്‍റെ പ്രാധാന്യത്തെപ്പറ്റി യുവതലമുറയെ ബോധവാന്മാരാക്കുകയും അതിന്‍റെ ഫലമായി യുവതലമുറയിലെ വലിയൊരു ശതമാനം കുട്ടികള്‍ ശാസ്ത്രവിഷയങ്ങള്‍ പഠിക്കാന്‍ തയ്യാറായി എന്നതും കലാമിന്‍റെ വലിയൊരു
നേട്ടമായിട്ട് ഞാന്‍ കാണുന്നു.
കലാമിനെതിരെ കേള്‍ക്കുന്ന ഒരു പ്രധാന ആരോപണമാണ് ആയുധനിര്‍മ്മാണത്തെ പ്രോത്സിഹിപ്പിച്ചു എന്നത്.അതൊരിക്കലും അദ്ദേഹം വ്യക്തിപരമായി യുദ്ധക്കൊതിയനായതുകൊണ്ടാണെന്ന് ഞാന്‍ വിശ്വസിക്കുന്നില്ല.DRDO പോലുളള ഒരു ഡിപ്പാര്‍ട്ട്മെന്‍റിന്‍റെ തലപ്പത്തിരിക്കുമ്പോള്‍ indigenous ആയിട്ടുളള ആയുധങ്ങള്‍ നിര്‍മ്മിക്കുക എന്നത് ഏതൊരു ടെക്നോക്രാറ്റിന്‍റേയും സ്വപ്നമാണ്.അത് അദ്ദേഹം ഭംഗിയായി നിര്‍വ്വഹിച്ചു.പൊഖ്രാന്‍ അണുപരീക്ഷണം നമുക്ക് സാമ്പത്തികമായി വലിയ ദോഷം ചെയ്തിരുന്നെങ്കിലും രാഷ്ട്രീയപരമായി കുറെയൊക്കെ സഹായിച്ചു.
തിരക്കുകള്‍ക്കിടയിലും അദ്ദേഹം നല്ലവണ്ണം വായിക്കുകയും, വായിക്കാനും യുക്തിപരമായി ചിന്തിക്കാനും തന്‍റെ തലമുറയെ പ്രേരിപ്പിക്കുകയും ചെയ്തു.ശാസ്ത്രീയകലകളുടെ വലിയൊരു ആരാധകനും ആയിരുന്നു അദ്ദേഹം.

വിയോജിപ്പുകള്‍
വിഗ്രഹവത്കരണത്തില്‍ വിശ്വാസമില്ലാത്തതുകൊണ്ട് ധാരാളം വിയോജിപ്പുകളും ഉണ്ട്.അദ്ദേഹത്തെ മഹാനായ ശാസ്ത്രജ്ഞന്‍ എന്ന് വിളിക്കുന്നതിനേക്കാള്‍ നല്ലൊരു ടെക്നോക്രാറ്റ് എന്ന് വിശേഷിപ്പിക്കുന്നതാവും കൂടുതല്‍ ശരി.കൂടങ്കുളം, ന്യൂട്രിനോ പരീക്ഷണം തുടങ്ങിയ വിഷയങ്ങളിലുളള നിലപാട് അദ്ദേഹത്തോടുളള ബഹുമാനത്തില്‍ കുറവ് വരുത്തിയുട്ടുണ്ട്.അവിടെ സമരം ചെയ്യുന്നവരുടെ അഭിപ്രായങ്ങള്‍ കേള്‍ക്കാനോ അവരെ നേരാംവണ്ണം പറഞ്ഞ് മനസ്സിലാക്കാനോ മെനക്കെട്ടില്ല.
ശാസ്ത്രത്തിന്‍റെ യുക്തിയെപ്പറ്റി യുവതലമുറയെ ബോധവാന്മാരാക്കുമ്പോള്‍ തന്നെ കളളന്മാരായിട്ടുളള മനുഷ്യദൈവങ്ങളുടെ കൂടെ വേദി പങ്കിടാന്‍ അദ്ദേഹത്തിന് യാതൊരു സങ്കോചവും തോന്നിയിരുന്നില്ല.ഈ വൈരുദ്ധ്യം അദ്ദേഹത്തിലുളള വിശ്വാസത്തില്‍ ഇടിവു വരുത്തിയിട്ടുണ്ട്.
അദ്ദേഹത്തിന്‍റെ പുസ്തകങ്ങള്‍ ഒരിക്കലും ചിന്തയെ അഗാധമാക്കുന്ന രചനകളായി തോന്നിയിട്ടില്ല.പലപ്പോഴും വ്യക്തിത്വവികസനപുസ്തകങ്ങളുടെ നിലവാരമേ തോന്നിയിട്ടുളളൂ.
രാജ്യത്തിന്‍റെ നേതൃത്ത്വനിരയില്‍ മാതൃകാപരമായ വ്യക്തികളെ തീരെ കാണാന്‍ കഴിയാത്ത ഇക്കാലത്ത് കലാം ഒരാശ്വാസം തന്നെയായിരുന്നു.അബ്ദുള്‍ കലാമിന് അന്ധവിശ്വാസങ്ങള്‍ക്ക് പകരം ശാസ്ത്രയുക്തി സമൂഹത്തെ ഭരിക്കണം എന്നാഗ്രഹിക്കുന്ന ഒരു വിദ്യാര്‍ത്ഥിയുടെ ആദരാഞ്ജലികള്‍.

Wednesday, June 24, 2015

തുപ്പേട്ടൻ




എന്റെ താന്ത്രികവൃത്തിയുടെ ആദ്യ കളരിയാണ് തുപ്പേട്ടൻ.ആറാം ക്ലാസ്സിൽ പഠിക്കുമ്പോളാണ് അച്ഛൻ ആദ്യമായിട്ട് തുപ്പേട്ടന്റെ കൂടെയുള്ള ഒരു പൂജയ്ക്ക് കൂട്ടികൊണ്ടുപോകുന്നത്.അന്നെന്റെ യോഗ്യത സഹസ്രനാമം കാണാതെ ചൊല്ലാൻ കഴിയുമായിരുന്നു എന്നതാണ്,സഹസ്രനാമം ചൊല്ലാറായാൽ ഓടി വന്നിരുന്ന് ചൊല്ലും, ബാക്കിയുള്ള സമയത്തെല്ലാം അവിടെയെവിടെയെങ്കിലും മാറിയിരുന്ന് ബാലരമ വായിക്കും.ഒരു കൊച്ചു കുട്ടിയോടുള്ള വാത്സല്ല്യം എന്നും കാണിച്ചിരുന്നു.താടീം മുടീം വളർത്തി ഭീകരരൂപികളായ തന്ത്രിമാരെപോലെയല്ലാതെ എപ്പോഴും സുന്ദരമായ ചിരിയോടും പ്രസന്നവദനനായും മാത്രം തുപ്പേട്ടനെ കണ്ടിരുന്നതുകൊണ്ട് ഒരിക്കലും അസൗഖ്യം തോന്നിയിരുന്നുമില്ല. തന്ത്രിമാർക്ക് അവശ്യം വേണ്ട ഒരു സ്വഭാവമാണ് ദേഷ്യവും പരപുച്ഛവും എന്ന് തെറ്റിദ്ധരിക്കുന്ന ഇക്കാലത്ത് തുപ്പേട്ടൻ ഒരു അപവാദമായിരുന്നു.നാലാളുകൂടുമ്പോൾ ഭക്തി അഭിനയിക്കുകയും പ്രവൃത്തിയിൽ പ്രകടനപരത മാത്രമവശേഷിപ്പിക്കുകയും ചെയ്യുന്ന തന്ത്രിമാർ അധികമുള്ള ഇക്കാലത്ത് തുപ്പേട്ടനെപോലുള്ള വ്യക്തികൾ അപൂർവം.
മേളവും കച്ചേരിയും കഥകളിയും തുടങ്ങി എല്ലാ കലകളും പൊതുസ്ഥലത്ത് നിന്ന് മതിമറന്ന് ആസ്വദിച്ചാൽ താൻ കെട്ടി പൊക്കിയ പൊള്ളയായ പ്രതിച്ഛായയ്ക്ക് മങ്ങലേൽക്കുമോ എന്ന് സംശയിക്കുന്ന ആചാര്യന്മാർ ഉള്ള ഇക്കാലത്ത് തായമ്പകയുടെ മുമ്പിലും മേളത്തിന്റെ മുമ്പിലും കച്ചേരി സ്ഥലത്തും കഥകളി സ്ഥലത്തും മതിമറന്ന് നിന്നാസ്വദിക്കുന്ന തുപ്പേട്ടനെ അനവധി തവണ കണ്ടിട്ടുണ്ട്.എന്തിനേയും സമഭാവനയോടെ കാണാൻ കഴിയുന്ന ഒരു മനസ്സുണ്ടായതുകൊണ്ടാവാം അദ്ദേഹത്തിന് ഇതിനു കഴിഞ്ഞത്,
വളരെ അടുത്ത് ഇടപഴകാൻ സാധിച്ചതുകൊണ്ട് എനിക്കും ഈ വിയോഗം വ്യക്തിപരമായ ഒരു നഷ്ടമാണ്.തുപ്പേട്ടന്റെ (പുലിയന്നൂർ സുബ്രഹ്മണ്യൻ നമ്പൂതിരിപ്പാട്) ആത്മാവിന് നിത്യശാന്തി നേരുന്നു.

Sunday, June 7, 2015

രാഷ്ട്രീയം എന്ന സംജ്ഞ

“Have they gone to study or indulge in politics?”

“Politics was present only in arts and science colleges. Now it’s been entered into engineering colleges.”

കഴിഞ്ഞ ദിവസങ്ങളിൽ മദ്രാസ് ഐ.ഐ.ടിയലെ അമ്പേദ്ക്കർ പെരിയാർ സ്റ്റഡി സർക്കിൾ നിരോധിച്ചതുമായി ബന്ധപ്പെട്ട് ഉണ്ടായ പ്രതിഷേധങ്ങൾക്കിടയ്ക്ക് ഉയർന്ന് വന്ന രണ്ട് പ്രസ്താവനകളാണ് മുകളിൽ കൊടുത്തിരിക്കുന്നത്.അരാഷ്ട്രീയവൽക്കരിക്കപ്പെട്ട മധ്യവർഗ്ഗത്തിന്റെ വിദ്യാഭ്യാസത്തെപ്പറ്റിയുള്ള പൊള്ളയും അതേസമയം അപകടകാരിയുമായ വീക്ഷണം മുഴുവൻ ഇതിൽ അടങ്ങിയിട്ടുണ്ട്.പുസ്തകത്തിലുള്ള കാര്യങ്ങൾ കാണാപാഠം പഠിക്കുകയും അത് ഉത്തരക്കടലാസിൽ ചർദ്ദിച്ചിടുകയുമാണ് വിദ്യാഭ്യാസത്തിന്റെ ആത്യന്തിക ലക്ഷ്യം എന്ന വികലമായതും കാലാകാലങ്ങളായി പിന്തുടർന്നുപോരുന്നതുമായ ഒരു സങ്കല്പത്തിന്റെ ശരിപ്പകർപ്പാണ് ഈ പ്രസ്താവനകൾ.താൻ പുസ്തകത്തിൽ പഠിക്കുന്ന കാര്യങ്ങൾക്കൊപ്പം തന്റെ ചുറ്റും നടക്കുന്ന കാര്യങ്ങളെ അറിയുകയും അതിൽ നീതിക്ക് നിരക്കാത്തത് കണ്ടാൽ പ്രതികരിക്കുകയും ചെയ്യുന്ന ഒരു രാഷ്ട്രീയബോധവും വിദ്യാഭ്യാസത്തിന്റെ ഭാഗമാണെന്ന് ഈ സമൂഹം തിരിച്ചറിയുമ്പോളേ രാഷ്ട്രീയം എന്ന പദത്തിന്റെ അർത്ഥം ഇവർ മനസ്സിലാക്കുകയുള്ളൂ.അതുവരെ സമരങ്ങളും പ്രതിഷേധങ്ങളും തന്റെ സ്വകാര്യജീവിതത്തിനെ ശല്ല്യപ്പെടുത്തുന്ന ശബ്ദമലിനീകരണം മാത്രമായിരിക്കും ഇക്കൂട്ടർക്ക്.അവർ സമരങ്ങളേയും പ്രതിഷേധങ്ങളേയും ക്യാമ്പസ് രാഷ്ട്രീയത്തേയും നിരോധിക്കുന്ന ജഡ്ജിയേമാന്മാർക്ക് ജയ് വിളിച്ചുകൊണ്ടേയിരിക്കും.

പഠിക്കാൻ ബുദ്ധിയുള്ളവർക്ക് എഞ്ചിനിയറിങ്ങും മണ്ടന്മാർക്ക് മാനവികവിഷയങ്ങളും എന്ന പാരമ്പര്യവിശ്വാസത്തിൽനിന്നാണ് രണ്ടാമത്തെ പ്രസ്താവനയുണ്ടാവുന്നത്.മണ്ടന്മാരും സംസ്കാരശൂന്യരുമായിട്ടുള്ളവർക്ക് പറഞ്ഞിട്ടുള്ളതാണ് രാഷ്ട്രീയം എന്ന ഒരു അസംബന്ധതയും അതിലുണ്ട്.അവനവന്റെ സുരക്ഷയ്ക്കപ്പുറം അന്വേഷിക്കാനുള്ള ഒരു മനസ്സുണ്ടാവുമ്പോഴേ രാഷ്ട്രീയം എന്ന മഹത്തായ ഒരാശയത്തിന്റെ അർത്ഥം മധ്യവർഗ്ഗ സമൂഹത്തിന് മനസ്സിലാവുകയുള്ളൂ.അപ്പോൾ മാത്രമേ പ്രതിഷേധങ്ങളുടേയും സമരങ്ങളുടേയും പ്രതികരണങ്ങളുടേയും മഹത്ത്വം ജനത മനസ്സിലാക്കുകയുള്ളൂ.അപ്പോൾ മാത്രമേ ഇതുപോലുള്ള politically incorrect ആയ പ്രസ്താവനകൾ ഇല്ലാതാവുകയുള്ളൂ.ഹാർവാഡ് യൂണിവേഴ്സിറ്റിയിലെ മാത്തമാറ്റിക്സ്സ് പ്രൊഫസർ David Bryant Mumford പറഞ്ഞ അഭിപ്രായം ഇക്കൂട്ടർ മന്ത്രം പോലെ ഉരുവിടേണ്ടതാണ്.അങ്ങനെയെങ്കിലും ഇവരുടെ തലയ്ക്കകത്ത് കുറച്ച് വെളിച്ചം കേറട്ടെ.

“I believe campuses must allow open discussion of divisive issues even when it offends some people so that all aspects of an issue are out in the open. Today's youth are tomorrow's leaders and one wants them to think deeply about the direction in which we are all headed,”


ഏതായാലും ഐ.ഐ.ടിയിൽ നിന്നു വരുന്ന വാർത്തകൾ ശുഭോദർക്കമാണ്.വിദ്യാർത്ഥികളുടേയും പൊതുസമൂഹത്തിന്റേയും പ്രതിഷേധത്തെ മാനിച്ച് അവർ അമ്പേദ്ക്കർ പെരിയാർ സ്റ്റഡി സർക്കിളിന്റെ നിരോധനം പിൻവലിച്ചിരിക്കുന്നു. അധികാരിവർഗ്ഗം അവകാശങ്ങൽ സ്വമേധയാ അനുവദിച്ച് കൊടുത്ത ചരിത്രം ഒരിടത്തും രേഖപ്പെടുത്തിയിട്ടില്ല.അവയെല്ലാം സമരങ്ങളിലൂടെ പിടിച്ചുവാങ്ങിയ ചരിത്രമേയുള്ളൂ.അങ്ങനെ അവകാശങ്ങൾക്ക് വേണ്ടി പോരാടുന്ന രാഷ്ട്രീയത്തിന്റെ ശരിയായ അർത്ഥം സമൂഹം തിരിച്ചറിയുന്ന ഒരു സുദിനത്തിനായി നമുക്ക് പ്രതീക്ഷയോടെ കാത്തിരിക്കാം.

Friday, May 1, 2015

നേതി എന്ന ബോധം

ഭാരതീയ തത്ത്വചിന്തയിൽ വളരെ പ്രാധാന്യമുള്ള ഒരു വാക്കാണ്നേതി’.ഇതിന്റെ അർത്ഥംഇതല്ലഎന്നാണ്.യഥാർത്ഥ സത്യം തേടുന്ന യാത്രയിൽ കാണുന്ന എല്ലാ സങ്കല്പങ്ങളേയും വിശകലനം ചെയ്ത് ഇതല്ല യഥാർത്ഥസത്യം എന്ന് വ്യക്തി മനസ്സിലാക്കുന്നു.ശരീരം, നാമം,രൂപംസംബുദ്ധി തുടങ്ങിയ എല്ലാ പ്രതിഭാസങ്ങളും മിഥ്യയാണെന്നുംഞാൻഎന്ന സ്വത്വം മാത്രമേ സത്യമായിട്ടുള്ളൂ എന്ന് അയാൾ/അവൾ മനസ്സിലാക്കുന്നു.

ഒരു നിരീശ്വരവാദിയും യഥാർത്ഥത്തിൽ ഇത് തന്നെയല്ലേ തിരിച്ചറിയുന്നത്.വിഗ്രഹാരാധനും അന്ധവിശ്വാസങ്ങളെ പ്രോത്സാഹിപ്പിക്കുന്ന ആരാധനാസമ്പ്രദായങ്ങളും മിഥ്യയാണെന്നും എന്റെ ചിന്തയും പ്രവർത്തിയും അതിന്റെ ഫലവും ആണ് സത്യമെന്നും അയാൾ തിരിച്ചറിഞ്ഞ് മതങ്ങൾ ഉദ്ഘോഷിക്കുന്ന സങ്കൽപങ്ങളെ നഖശിഖാന്തം എതിർക്കുന്നു.


ഭാരതീയതത്ത്വശാസ്ത്രപ്രകാരം ഒരു നിരീശ്വരവാദിയല്ലേ യഥാർത്ഥ വിശ്വാസി????  

Sunday, April 26, 2015

ആസ്വാദകനെ വിപ്ലവകാരിയാക്കിയ ഗേയശബ്ദം



കലയിലെ വിപ്ലവം യഥാർത്ഥത്തിൽ നമ്മൾ കരുതുന്നതുപോലെ കലാകാരനിലല്ല സംഭവിക്കുന്നത്, മറിച്ച് ആസ്വാദകനിലാണ്.വിപ്ലവകാരി എന്ന് നമ്മൾ ധരിക്കുന്ന കലാകാരൻ യഥാർത്ഥത്തിൽ തന്റെ കലയെ ആത്മസംതൃപ്തി നൽകുന്ന രീതിയിൽ സത്യസന്ധമായി  പ്രയോഗിക്കുന്നൊരാൾ മാത്രമാണ്.അത് താൻ അനുശീലിച്ച ഉപരിപ്ലവമായ ആസ്വാദനനിലവാരത്തെ മാറ്റിമറിക്കുമ്പോൾ അന്ധാളിക്കുന്ന ആസ്വാദകൻ അയാളെ വിപ്ലവകാരി എന്ന് മുദ്രകുത്തും.പക്ഷെ ഇവിടെ പൊതുബോധത്തിന്റെ വ്യവസ്ഥിതിയിൽ നിന്നു മാറുന്നത് ഗായകനല്ല, മറിച്ച് ആസ്വാദകനാണ്.ഗായകൻ തന്റെ സംഗീതബോധത്തിൽ നിന്ന് ഒരു തരിമ്പുപോലും മാറിയിട്ടില്ല.അങ്ങനെ ആസ്വാദകരെ വിപ്ലവകാരിയാക്കിയ ഗായകനാണ് ശ്രീ കലാ:ഗംഗാധരൻ.

വിപ്ലവകാരിയായ ആസ്വാദകൻ

എങ്ങനെയാണ് ഗംഗാധരാശാനിലൂടെ അസ്വാദകൻ വിപ്ലവകാരിയായി മാറുന്നത്?പൗരന്റെ ഭാഗത്ത്നിന്ന് ഒരദ്ധ്വാനവും ആവശ്യപ്പെടാത്ത വിനീതദാസന്മാരാക്കിനിർത്തുന്ന പൊതുബോധ വ്യവസ്ഥിതിക്കെതിരെയാണ് എപ്പോഴും വിപ്ലവങ്ങൾ ഉണ്ടാവുന്നത്.പക്ഷെ വിപ്ലവം മുന്നോട്ട് വെയ്ക്കുന്ന വ്യവസ്ഥ ഒരു നല്ല സമൂഹത്തിന് സ്വാഭാവികമായി വന്നുചേരേണ്ട ഒന്നാണ്.എന്നാൽ മനുഷ്യൻ അടിസ്ഥാനപരമായി എല്ലാ കാര്യത്തിലും സുഗമമാർഗ്ഗം തേടുന്നതുകൊണ്ട് അദ്ധ്വാനം കൂടാതെ ലഭിക്കുന്നതിൽ തൃപ്തിയടയുകയും മറ്റുള്ളതിനെ ഉട്ടോപ്യൻ എന്ന രീതിയിൽ അവഗണിക്കുകയും ചെയ്യുന്നു.ഇത് കലയിലും പ്രയോജ്യമാണ്.കഥകളിയിൽ ഗംഗാധരാശാൻ കൊണ്ടുവന്ന മാറ്റവും ഇതുതന്നെയാണ്. തന്റെ ഭാഗത്ത് നിന്ന് ഒരദ്ധ്വാനവും ആവശ്യമില്ലാതെ സംഗീതം ആസ്വദിച്ചിരുന്ന കഥകളിപ്രേമികളെ, വിപ്ലവം കൊണ്ടുവരുന്ന പരുക്കൻസ്വഭാവമുള്ള ദുർഘടം പിടിച്ച പുതിയ വ്യവസ്ഥിതിയെ ഉൾക്കൊള്ളുന്ന പോലെ, അതുവരെയുള്ള തന്റെ ശീലങ്ങളെയെല്ലാം വിപ്ലവാത്മകമായി മാറ്റിമറച്ച് ക്ഷമയോടുകൂടിയ ഒരു പുതിയ ആസ്വാദനരീതി നിർമ്മിക്കാൻ നിർബന്ധിച്ചു.അതിൽ പതിയെ പതിയെ ആഴ്ന്നിറങ്ങിയ ആസ്വാദകൻ കാലക്രമേണ തിരിച്ചറിഞ്ഞു;ഗംഗാധരാശാനല്ല വിപ്ലവകാരി, അത് താൻ തന്നെയാണ്.ആശാൻ വേണ്ടപൊലെതന്നെയാണ് പാടുന്നത്.എന്റെയുള്ളിലാണ് കഥകളിസംഗീതത്തിന്റെ ഒരു പുതുയുഗം പിറന്നത്.അതുകൊണ്ട് കലയിൽ വ്യത്യസ്ഥതകൾക്ക് വേണ്ടി വ്യത്യസ്ഥതകൾ കൊണ്ടുവരുന്നവരെയല്ല യുഗപ്രഭാവന്മാർ എന്നു വിളിക്കേണ്ടത്, മറിച്ച് കലയുടെ യഥാർത്ഥസത്തയെ ഉയർത്തിപിടിക്കുകയും ആ ബോധ്യം ആസ്വാദകനിൽ ഊടിയുറപ്പിക്കുകയും ചെയ്യുന്നൊരാളെയാണ്.അങ്ങനെയൊരാളെയാണ് ഗംഗാധരാശാന്റെ വിയോഗത്തിലൂടെ നമുക്ക് നഷ്ടമായത്.