Sunday, September 11, 2016

മഹാബലിയും വാമനനും

ചരിത്രം വിജയികൾ എഴുതിയ കഥകളാണെന്ന് പറഞ്ഞത് വാൾട്ടർ ബെഞ്ചമിനാണ്. നമ്മൾ ഇന്ത്യക്കാർ പൊതുവെ ചരിത്രബോധം കുറഞ്ഞവരാണ്. നമുക്ക് മിത്തും ചരിത്രവും തമ്മിലുള്ള അതിർവരമ്പ് ഇനിയും മനസ്സിലായിട്ടില്ല. അതുകൊണ്ടാണ് മിത്തിക്കൽ ആയിട്ടുള്ള പലതും ചരിത്രമാണെന്ന് നമ്മൾ ഇന്നും വിശ്വസിക്കുന്നത്. പരശുരാമൻ മഴുവെറിഞ്ഞ് കേരളം സൃഷ്ടിച്ചു എന്നത് ഇന്നും നമ്മളിൽ പലരും ഒരു ചരിത്ര വസ്തുത പോലെയാണ് അവതരിപ്പിക്കുന്നത്. എന്നാൽ ഈ ഇന്ത്യൻ മിഥോളജിയിലും ചരിത്രത്തിന്റെ അംശങ്ങൾ കണ്ടെത്താൻ കഴിയും. അന്നത്തെ ജീവിത രീതിയും സാമൂഹ്യ വ്യവസ്ഥയും മറ്റും.
വാൾട്ടർ ബെഞ്ചമിന്റെ വരികൾ ഇന്ത്യൻ മിത്തോളജിയുടെ കാര്യത്തിലും ശരിയാണ്. ഭാരതീയ പുരാണങ്ങളിലെ പല അനക്ഡോട്സും പരിശോധിച്ചാൽ മനസ്സിലാവും അതെല്ലാ കാലത്തും സാംസ്കാരിക മേൽക്കോയ്മ നേടിയവരുടെ വ്യാഖ്യാനങ്ങളായിരുന്നു എന്ന്. ഇതിഹാസത്തിലെ ചോരയും നീരുമുള്ള കഥാപാത്രങ്ങൾ പുരാണത്തിലെത്തിയപ്പോൾ ദേവന്മാരും ഈശ്വരന്മാരുമായി മാറി. പിന്നെ അവർ എന്ത് തെറ്റ് ചെയ്താലും അതിനെ ന്യായീകരിക്കലായി ഇവിടുത്തെ ആസ്ഥാന സവർണ്ണ പണ്ഡിതന്മാരുടെ ജോലി. ഈശ്വരന്മാർ എന്ത് തോന്ന്യവാസം ചെയ്താലും അത് നല്ലതിനു വേണ്ടിയാണെന്നും ആരെയെങ്കിലും കൊന്നാൽ അത് മോക്ഷം നൽകിയതാണെന്നും ഉള്ള കപട വ്യാഖ്യാനങ്ങളാണ് എവിടേയും. അതിനൊരപവാദമയിരുന്നു മാവേലിയുടെ കഥ. ഇരയായി തീർന്ന ഒരാളെ ഒരു പ്രദേശം മുഴുവൻ വീരനും നല്ലവനും ആയി ആഘോഷിക്കുന്ന ഒരു അത്ഭുതം ഇന്ത്യയിൽ വേറെയെവിടേയും ഇത്ര വിപുലമായ രീതിയിൽ കാണാൻ കഴിയില്ല. ഈ കഥയിൽ ശത്രുസ്ഥാനത്ത് നിൽക്കുന്നത് ഐറണിക്കലി ദൈവവും, പ്രത്യേകിച്ച് വിഷ്ണുവിന്റെ അവതാരവും. മിത്തോളജിക്കൽ വ്യാഖ്യാനങ്ങളുടെ ഈ കീഴ്മേൽ മറിയലാണ് ഹിന്ദു മതത്തിന്റെ സവർണ്ണ മൂല്യങ്ങളെ മൂലധനമായി ഉപയോഗിച്ച് രാഷ്ട്രീയം കെട്ടിപടുക്കുന്ന സംഘപരിവാറിന് കല്ലുകടിയായി മാറുന്നത്. കീഴാള സ്വത്വവുമായി കൂടുതൽ ചേർന്ന് നിൽക്കുന്ന രീതിയിൽ പാത്രസൃഷ്ടിക്ക് വിധേയമായ മഹാബലിയെ പോലെയൊരു കഥാപാത്രത്തെ ജാതി മത ഭേദമന്യേ ഒരു ദേശം ആരാധിക്കുമ്പോൾ തങ്ങൾ പ്രതിനിധീകരിക്കുന്ന സവർണ്ണഹൈന്ദവതയുടെ നീച രാഷ്ട്രീയം വളർത്തുക എന്നത് ഏറ്റവും ശ്രമകരമാവും എന്ന് മറ്റാരേക്കാളും നല്ലവണ്ണം സംഘ പരിവാറിനറിയാം. അതുകൊണ്ട് തന്നെ ശശി(വിഷ)കലയുടെ വാക്കുകൾ അബദ്ധത്തിൽ ഉണ്ടായതല്ല.

Monday, August 29, 2016

Cause and Effect

ദുരിതങ്ങൾ കാണുമ്പോഴുള്ള അനുകമ്പാർദ്ര പ്രകടനങ്ങൾ അല്പായുസ്സാവുന്നത് എപ്പോഴും വലിയ വിമർശനങ്ങൾ നേരിടാറുണ്ട്. എന്തുകൊണ്ട് ഈ പ്രകടനങ്ങൾ മാത്രം ഉണ്ടാവുന്നു എന്ന് ചോദിച്ചാൽ അതാണ് എളുപ്പം. ദരിദ്രന്റെ ഒരു ചിത്രം കണ്ടാലോ മാറാ രോഗം വന്നൊരാളെ കാണുമ്പോഴോ ദു:ഖം നടിക്കാനോ എന്തെങ്കിലും സഹായസഹകരണങ്ങൾ നൽകാനോ തയ്യാറാവുക എന്നത് താരതമ്യേന എളുപ്പവും സുരക്ഷിതവുമായ വഴിയാണ്. അതിലൂടെ മനുഷ്യസ്നേഹി എന്ന ഇമേജും ചുളുവിൽ ലഭിക്കും. എന്നാൽ ഇത് കാര്യത്തിന്റെ താത്കാലിക പരിഹാരം മാത്രമാണ്. ഒരു സമൂഹം മുഴുവൻ ഈ കാര്യത്തിനെ ആഘോഷിക്കുമ്പോൾ അവഗണിക്കപ്പെടുന്നത് ഈ കാര്യത്തിന് ഹേതുവായ കാരണമാണ്. കാരണത്തെ മറയ്ക്കുമ്പോൾ പലപ്പോഴും വെള്ള പൂശപ്പെടുന്നത് ഇതേ മനുഷ്യസ്നേഹി എന്ന് വാഴ്ത്തപ്പെടുന്ന ആളുടെ യഥാർത്ഥ താത്പര്യങ്ങളായിരിക്കും. കാര്യത്തിന് ഹേതു തന്നെ പലപ്പോഴും ഇതേ മനുഷ്യസ്നേഹിയുടെ പ്രവർത്തിയുടെ ഫലവുമാവാം.
ഇത്രയ്ക്ക് എളുപ്പമല്ല ഒരു കാര്യത്തിന് പിന്നിലുള്ള കാരണത്തെ അന്വേഷിക്കുക എന്നത്. ആ കാരണം സിസ്റ്റത്തിന്റെ ഭാഗമാണ്. ആ സിസ്റ്റത്തിന്റെ ഭാഗമാണ് താനും എന്ന തിരിച്ചറിവാണ് ഇവിടുത്തെ വലിയ പ്രശ്നം. അപ്പോൾ സമൂഹത്തിൽ നടക്കുന്ന ഓരോ പ്രശ്നത്തിനു പിന്നിലുള്ള കാരണത്തിലും താനും പങ്കാളിയാണെന്ന് വന്നു ചേരും. അത് ഒരു പ്രശ്നം വരുമ്പോൾ മറ്റുള്ളവരെ കുറ്റം പറഞ്ഞ് കൈ കഴുകുന്നത് പോലെ എളുപ്പമല്ല. പക്ഷെ ഇത് വലിയൊരു പാഠം നമുക്ക് നൽകുന്നു. സമൂഹത്തിലെ ഒരു പ്രശ്നത്തിനും ലളിതമായ പരിഹാരങ്ങളില്ല എന്ന്. ദാരിദ്ര്യം അനുഭവിക്കുന്ന ഒരു കുടുമ്പത്തിനെ സാമ്പത്തികമായി സഹായിച്ചാൽ തീരുന്നതല്ല പ്രശ്നം, മറിച്ച് ആ ദാരിദ്ര്യം സൃഷ്ടിച്ച സിസ്റ്റത്തെ മനസ്സിലാക്കണം. അതിന് പരിഹാരം കാണുക എന്നത് വ്യക്തി തലത്തിലുള്ള ചാരിറ്റി കൊണ്ടല്ല, പകരം വലിയൊരു ഗവേണിങ്ങ് സിസ്റ്റത്തിന്റെ ഫലവത്തായ ഇമ്പ്ലിമെന്റേഷനിലൂടെ വേണം. അതുകൊണ്ടാണ് ബ്രെഹ്ത്ത് Hungry man, reach for the book: it is a weapon" എന്ന് പറഞ്ഞത്. പട്ടിണി കിടക്കുന്നവന് ഒരു നേരത്തെ ആഹാരം കൊടുക്കുന്നതാണ് ചാരിറ്റി. പക്ഷെ അത് ആത്യന്തികമായി ഒരു പരിഹാരം നൽകില്ല. പട്ടിണി സൃഷ്ടിക്കുന്ന സിസ്റ്റത്തിനെ മനസ്സിലാക്കിയാലേ അതിന് ശാശ്വത പരിഹാരമാവുകയുള്ളൂ.
കാര്യത്തിനെ ആഘോഷിക്കുന്ന ചാരിറ്റിയുടെ കപട മനുഷ്യസ്നേഹമല്ല നമുക്ക് വേണ്ടത്. കാരണമായ സിസ്റ്റത്തിലുള്ള പ്രശ്നങ്ങളെ പരിഹരിക്കുന്ന ഗവേണിങ്ങ് സിസ്റ്റമാണ്. മനുഷ്യസ്നേഹപ്രകടനങ്ങളിൽ വീഴാതെയും അഭിരമിക്കാതെയും ആഘോഷിക്കാതെയും സിസ്റ്റത്തിനെ ഓരോ ഡിസ്കോഴ്സിലും പ്രശ്നവത്കരിക്കുന്ന ഒരു സമൂഹമായി മാറാൻ നമുക്ക് കഴിയണം.

Sunday, August 28, 2016

A letter from Lord Ayyappa to his devotees

പ്രിയപ്പെട്ട അയ്യപ്പന്മാരേ,

എല്ലാക്കാലത്തും ഓരോ പ്രശ്നം പറഞ്ഞ് നിങ്ങളുണ്ടാക്കുന്ന പൊല്ലാപ്പുകൾ ഒന്നും ഞാൻ ശ്രദ്ധിക്കാറില്ല, കാരണം ഈ പൂങ്കാവനത്തിൽ വരുന്ന എന്റെ ഭക്തരുടെ സൗകര്യത്തിന് വേണ്ടിയാണ് എന്ന് ന്യായം പറഞ്ഞായിരുന്നു നിങ്ങളതെല്ലാം കാട്ടി കൂട്ടിയത്. മറ്റ് മൂരാച്ചി ദൈവങ്ങളേക്കാൾ നല്ലവനും മതേതരനും വ്യത്യസ്തനും  ആണ് ഞാനെന്ന് നിങ്ങൾ പറഞ്ഞത് കേട്ട് കുറച്ചൊക്കെ അഹങ്കരിച്ചിട്ടുമുണ്ട്. പക്ഷെ ആ വ്യത്യാസം ഒരു പാരയായി വരുമെന്ന് മനസ്സിലാക്കിയത് ഞാൻ നൈഷ്ഠിക ബ്രഹ്മചാരിയാണെന്ന്  നിങ്ങൾ പറഞ്ഞ് കേട്ടപ്പോഴാണ്. നമ്മുടെ ഒരു ഹിന്ദു ദൈവത്തിനും ബാധകമല്ലാത്ത ഒന്ന് എന്റെ തലേല് കെട്ടി വെക്കുമെന്ന് സ്വപ്നത്തിൽ കൂടി വിചാരിച്ചില്ല. ഒന്നല്ലെങ്കിലും കല്ല്യാണം കഴിക്കണമെന്ന് ആഗ്രഹമുണ്ടായിരുന്ന ഒരാളല്ലേ ഞാൻ. അതെങ്കിലും നിങ്ങൾക്കോർക്കാമായിരുന്നില്ലേ. ഞാനെന്ത് പിഴച്ചു. എന്നെ ബുദ്ധമതദൈവത്തെ പോലെയാക്കിയത് വലിയ ചതിയായിപ്പോയി അയ്യപ്പന്മാരേ.

ആ മനോവിഷമത്തിലിരിക്കുമ്പോളാണ് അടുത്ത ഇടിത്തീ വീഴുന്നത്. വർഷം മുഴുവൻ നട തുറക്കണമെന്ന്. ഇപ്പോളുള്ള ദുരിതം സഹിക്കണത് പോരാഞ്ഞിട്ടാണ് വർഷം മുഴുവൻ വേണമെന്ന് പറയുന്നത്. വികസനത്തിന്റെ പേരും പറഞ്ഞ് കാട് പകുതിയും വെട്ടി തെളിച്ചു. ഇനി വർഷം മുഴുവൻ തുറന്നാൽ ഒരു പുല്ല് പോലും ഇവിടെ ബാക്കിയില്ലാണ്ടെ കക്കൂസും കുളിമുറിയും പണിയാൻ ഇവന്മാർ നശിപ്പിക്കും. അതുകൊണ്ട് ദയവ് ചെയ്ത്  ഇനീം ആരാധിച്ച് ഉപദ്രവിക്കരുത്. മാത്രോ ശ്രീകോവിൽ നട തുറന്നാൽ പേടിയാവും. ഏതോ തീച്ചാമുണ്ടി തെയ്യത്തിന്റെ അവസ്ഥയാണ്. ഇന്ത്യയിലുണ്ടാക്കുന്ന കർപ്പൂരമെല്ലാം എന്നെ പുകച്ച് പുറത്ത് ചാടിക്കാനാണെന്ന് തോന്നും ഇവന്മാർ കത്തിക്കണത് കണ്ടാൽ. അത് കഴിഞ്ഞാൽ ഒരാറാട്ട് ശിക്ഷയുണ്ട്. കോടിക്കണക്കിന് ആൾക്കാർ മൂത്രമൊഴിച്ചും ചായം മുക്കിയ തല്ലിപ്പൊളി മുണ്ട്  മുക്കി നാശവുമാക്കിയ ആ പമ്പയിൽ കൊണ്ട് രണ്ട് പ്രാവശ്യം മുക്കും. അതോടെ ആ വർഷം മുഴുവൻ എനിക്ക് ജലദോഷവും പനിയും പിടിക്കും.  ഞാനൊരു ക്രോണിക്ക് സൈനസ് പേഷ്യന്റായി മാറ്വോന്നാണ് പേടി. ഏതവനാ പമ്പ പാപനാശിനിയാണെന്ന് പറഞ്ഞത്? ഇനി വർഷം മുഴുവൻ തുറന്ന് നിങ്ങൾ ഭക്തന്മാരെല്ലാം കൂടി വന്ന്  ബുദ്ധിമുട്ടിക്കരുത്. ഇവിടെ ഞാൻ മാത്രല്ല ഉള്ളത്, നമ്മളേ പോലെ ജീവനുള്ള കുറേ മൃഗങ്ങളും  വലിയ വൃക്ഷ സമ്പത്തും എല്ലാം ഉണ്ട്. അതുംകൂടി സംരക്ഷിക്കണമെല്ലോ? അതിനും കൂടി കൊള്ളില്ലെങ്കിൽ ഞാനെന്തിനാ ദൈവം എന്ന് പറഞ്ഞ് ഇവിടെ ഇരിക്കുന്നത്.
ആകെയൊരാശ്വാസം ആ മാപ്പിള ചെക്കൻ പാടിയ ഹരിവരാസനമാണ്!!!
ഇങ്ങനെ ഇവിടുത്തെ തോന്ന്യവാസങ്ങളും  പരാതിയും  പറയാൻ തുടങ്ങിയാൽ  കുറേയുണ്ട്. എന്തിനാ പല്ലിന്റിടയിൽ കുത്തി നാറ്റിക്കണേ? തത്ക്കാലം നിർത്തുന്നു. കുറച്ച് തിരക്കുണ്ട്. അഷ്ടമംഗല പ്രശ്നത്തിൽ ജ്യോത്സ്യൻ പറയണത് എന്താണെന്ന് ശ്രദ്ധിച്ച് കേട്ട് എല്ലാത്തിനും സമ്മതം മൂളണം. ഇല്ലെങ്കിൽ എന്റെ കാര്യാ കട്ടപൊകയാവുക. എനിക്കും ജീവിക്കണമല്ലോ? ഇവറ്റകളാണെങ്കിൽ പറയുന്നതൊന്നും മനുഷ്യന് മനസ്സിലാവുകയുമില്ല. അപ്പോ ശരി, അടുത്ത മണ്ഡലക്കാലത്ത് കാണാം.  

                                                                                        എന്ന് സ്വന്തം,
                                                                                                   അയ്യപ്പൻ

                                                                                                    ഒപ്പ്

Tuesday, August 2, 2016

Politics and common man

എല്ലാ ഇലക്ഷൻ കഴിഞ്ഞാലും കേൾക്കുന്ന സ്ഥിരം പല്ലവിയാണ് ആരു ജയിച്ചാലും നമുക്ക് കാര്യമൊന്നുമില്ല, ജീവിക്കണമെങ്കിൽ നമ്മൾ തന്നെ അധ്വാനിക്കണം എന്ന്. ഭരിക്കുന്നവർ തമിഴ്നാട്ടിലെ പോലെ സൗജന്യങ്ങൾ വിതരണം ചെയ്യണമെന്നോ അല്ലെങ്കിൽ രാഷ്ട്രീയമെന്നാൽ ഭരിക്കുന്നവരുടെ ബിസ്സിനസ്സ് മാത്രമാണെന്നോ ഉള്ള ഒരു തെറ്റിദ്ധാരണയിൽ നിന്നാണ് ഈ വാദം ഉണ്ടാവുന്നത്. രാഷ്ട്രീയത്തിന്റെ മുഖ്യ ഉത്തരവാദിത്വം വ്യവസ്ഥിതി സൃഷ്ടിക്കുകയും നിലനിർത്തുകയും ചെയ്യുക എന്നതാണ്. അത് വിദ്യാഭ്യാസത്തിലൂടേയും ആരോഗ്യപരിപാലനത്തിലൂടേയുംസാമുഹ്യസുരക്ഷയിലൂടേയും മറ്റുമാണ് കൈവരിക്കുന്നത്. ഇവയെ സമൂഹത്തിന്റെ എല്ലാ തുറകളിലേക്കും എത്തിക്കുക എന്നതാണ് ഗവേണൻസിന്റെ ലക്ഷ്യം. ഈ വ്യവസ്ഥിതിയെ ഫലപ്രദമായി പൂരിപ്പിച്ചെടുക്കുകയും ഈ പ്രക്രിയയുടെ കാവലാളായി നിൽക്കുകയും ചെയ്യുക എന്നതാണ് ഒരു പൗരന്റെ ധർമ്മം. അതായത് ഭരിക്കുന്നവരെ പോലെ ഭരിക്കപ്പെടുന്നവർക്കും തുല്ല്യമായ ഉത്തരവാദിത്വം ഉണ്ടെന്നർത്ഥം. ആ അർത്ഥത്തിൽ ഓരോ പൗരനും രാഷ്ട്രീയ ജീവിയാണ്. അങ്ങനെയുള്ള കൂട്ടുത്തരവാദിത്വത്തിൽ നിന്ന് മാറി നിന്ന് വ്യവസ്ഥിതി നൽകിയ എല്ലാ ആനുകൂല്ല്യങ്ങളും കൈപ്പറ്റി സുരക്ഷിതമായ തുരുത്തുകളിലെത്തുമ്പോൾ ഉണ്ടാവുന്ന ഒരു മനോവൈകല്ല്യമാണ് സമൂഹത്തിലെന്ത് നടന്നാലും അതെന്നെ ബാധിക്കില്ല എന്ന തോന്നൽ. രാഷ്ട്രീയം അധികാരത്തിലിരിക്കുന്നവരുടെ മാത്രം സ്വകാര്യവിഷയമാണെന്ന തെറ്റിദ്ധാരണ ഇതിൽ നിന്നാണ് ഉടലെടുക്കുന്നത്. ഇതിനൊരു പരിഹാരമേയുള്ളൂ; ഓരോ വ്യക്തിയും രാഷ്ട്രീയ ജീവിയായി മാറുക. അരാഷ്ട്രീയത എന്നത് സുരക്ഷിതമായ ഒരിടത്തേക്ക് സ്വയം ഒതുങ്ങാനുള്ള സ്വാർത്ഥമോഹത്തിന്റെ മറ്റൊരു പേരാണെന്ന് തിരിച്ചറിയുക. ഈ അരാഷ്ട്രീയതയുടെ മുഖം മൂടി മാറ്റിയാൽ മനസ്സിലാവും അനീതിക്കെതിരെയുള്ള ശബ്ദമുയർത്തലും പ്രതിഷേധങ്ങളും ശബ്ദമലിനീകരണങ്ങളല്ലെന്ന്.

Semantics

" Experience of a sunset for example in a painting or in a poem is more memorable than in actual sunset because the mind has participated more in the execution of it than in the absence of a direct sense stimuli. Art sharpens our experience"
തന്റെ കവിതകളിലെ ക്ലിഷ്ടതയ്ക്കെതിരെ ആരോപണം വന്നപ്പോൾ T.S.Eliot പറഞ്ഞ വാക്കുകളാണ് മുകളിൽ കൊടുത്തിരിക്കുന്നത്. ചിന്തിക്കുക എന്ന പ്രക്രിയ ലേശം ക്ലേശമുള്ളത് തന്നെയാണ്. ഗഹനമായ ഒരു വിഷയത്തെ മനസ്സിലാക്കാൻ വാക്കുകളുടെ അർത്ഥം മാത്രം അറിഞ്ഞാൽ പലപ്പോഴും മതിയാവില്ല, ഒരു വാക്ക് നിർമ്മിക്കപ്പെടുന്നത് ചരിത്രവും രാഷ്ട്രീയവും തത്ത്വചിന്തയും അധികാരബന്ധങ്ങളും തുടങ്ങി അനേകം ഘടകങ്ങൾ ചേർന്നാണ്. അപ്പോൾ നമ്മുടെ വായനയും ഈ അർത്ഥങ്ങളെല്ലാം മനസ്സിൽ പേറിയാവണം. ലൈംഗിക സദാചാരം എന്ന വാക്ക് കാണുമ്പോൾ സദാചാരം എന്ന നിഘണ്ടുവിലെ അർത്ഥമെടുത്താൽ വേട്ടക്കാരൻ ഇരയായി മാറും. അതല്ലാതാവണമെങ്കിൽ ആ വാക്ക് കേരളീയ സമൂഹത്തിൽ എങ്ങനെ ഉപയോഗിക്കപ്പെടുന്നു എന്നും അതിലേക്ക് നയിച്ച സെമാന്റിക് വ്യാഖ്യാനങ്ങളെന്താണെന്നും മനസ്സിലാക്കണം.

ന ബ്രൂയാൽ സത്യമപ്രിയം!!!


ടി.എം.കൃഷ്ണയ്ക്ക് നൽകിയ മഗ്സാസെ അവാർഡിന്റെ സൈറ്റേഷനിലെ പരാമർശത്തിനെതിരെ പ്രതിഷേധിക്കുന്നവർ ഇങ്ങനെ കണ്ണടച്ചിരുട്ടാക്കിയാൽ ഇല്ലാതാവുന്നതല്ല യാഥാർത്ഥ്യം. അത് ഒരു വിദേശ അവാർഡ് കമ്മറ്റി പറഞ്ഞു എന്നതുകൊണ്ട് അതിനെ സാമ്മ്രാജ്യത്ത്വശക്തികളുടെ ഉപജാപമാണെന്ന രീതിയിൽ ചിത്രീകരിക്കുന്നതിൽ പരം കാപട്യം വേറൊന്നുമില്ല. ഒരു യേശുദാസിന്റേയോ രാജരത്തിനം പിള്ളയുടേയോ പേരെടുത്ത് പറഞ്ഞ് അതിനെ നിഷേധിക്കാൻ ശ്രമിക്കുന്നതും ബാലിശമാണ്.
ഇക്കണോമിക്ക് അല്ലെങ്കിൽ പൊളിറ്റിക്കൽ ഇമ്പീരിയലിസത്തേക്കാൾ ശക്തമായത് കൾച്ചറൽ ഇമ്പീരിയലിസമാണ് എന്ന് ഏറ്റവും നല്ലവണ്ണം മനസ്സിലാക്കിയവരാണ് അധികാരി വർഗ്ഗം. അതിന്റെ സ്വാധീനം ഇന്ത്യയിലെ എല്ലാ ക്ലാസ്സിക്കൽ കലകളിലും കാണാം. ഒരേ സമയം കലയുടെ സംരക്ഷകൻ എന്ന ഇമേജ് നിലനിർത്തുമ്പോളും അതിന്റെ കൾച്ചറൽ സ്പേസിനെ തങ്ങളുടെ സാംസ്കാരിക പരിധിക്കുള്ളിൽ ഒതുക്കി നിർത്തുന്നതിൽ ബദ്ധശ്രദ്ധരായിരുന്നു. ഈ കൺഫൈന്മെന്റ് കഥകളിയിലും കർണ്ണാടക സംഗീതത്തിലും എല്ലാം ഇപ്പോഴും ശക്തമായി നിലനിൽക്കുന്നുണ്ട് എന്നതാണ് യാഥാർത്ഥ്യം. ഈ അദൃശ്യമായ എലീറ്റിസ്റ്റ് ബോധത്തിനെ അതിന്റെ ഉള്ളിൽ നിന്ന് വെല്ലുവിളിക്കാനുള്ള ധൈര്യം ഇല്ലാതെ വന്നതു കൊണ്ടാണ് ദേവദാസിയായ എം.എസ് സുബ്ബുലക്ഷ്മിയെ ഒരു തമിഴ് ബ്രാഹ്മണ യുവതിയായി മദ്രാസ് സംഗീത ലോകത്ത് സദാശിവത്തിന് അവതരിപ്പിക്കേണ്ടി വന്നത്. അവിടെയാണ് സിസ്റ്റത്തിന്റെ ഉള്ളിൽ നിന്ന് അതിനെ വിമർശിക്കുന്ന കൃഷ്ണയുടെ ഉദ്യമത്തെ ബഹുമാനിക്കേണ്ടത്. ഒരു സമൂഹത്തിന്റെ പൊതു ബോധത്തിനെ സ്വാധീനിക്കാൻ കലയ്ക്ക് കഴിയുമ്പോൾ, അതിന് മനുഷ്യന്റെ നിലവാരമുയർത്താൻ സാധിക്കുമ്പോൾ, കല സമൂഹത്തിലേക്ക് ഇറങ്ങുന്നതിന് തടസ്സമാവുന്ന എന്തിനേയും ചോദ്യം ചെയ്യുക എന്നത് ഒരു രാഷ്ട്രീയ പ്രവർത്തനമാണ്. അതാണ് കൃഷ്ണ ചെയ്യുന്നത്. കൃഷ്ണ ഉയർത്തുന്ന ചോദ്യങ്ങൾ നിങ്ങളെ ശല്ല്യപ്പെടുത്തുന്നുണ്ടെങ്കിൽ അത് തന്നെയാണ് അയാളുടെ നിലപാട് ശരിയാണെന്നുള്ളതിന് ഏറ്റവും നല്ല തെളിവും.
മദ്രാസ്സിലെ കർണ്ണാടക സംഗീത ലോകം കൂടുതൽ ഇങ്ക്ളൂസീവ് ആകുന്ന വരെ ഈ ശല്ല്യപ്പെടുത്തുന്ന ചോദ്യങ്ങൾ മുഴങ്ങുകയും ചെയ്യും. കാരൈക്കുടി മണിയ്ക്ക് ഇനിയും സംഗീത കലാനിധി കിട്ടിയിട്ടില്ല എന്ന് കൂട്ടി വായിക്കുമ്പോൾ കൃഷ്ണയുയർത്തുന്ന ചോദ്യങ്ങൾ വളരെ പ്രസക്തവും.

Sunday, March 27, 2016

ഉത്തരീയത്തിന്റെ ബകവധം

നൃത്തനാടകം എന്ന് വിശേഷിപ്പിക്കാവുന്ന കഥകളിയുടെ ചൊല്ലിയാട്ടസൗന്ദര്യം നിറഞ്ഞ് നിൽക്കുന്ന കഥകളാണ് കോട്ടയം കഥകൾ.അതിനെ അതിശയിപ്പിക്കുന്ന ആട്ടക്കഥകൾ പിന്നീടുണ്ടായിട്ടുണ്ടോ എന്നതും സംശയം.തലമുറകൾ കഴിയുംതോറും ഈ ചൊല്ലിയാട്ടവിശുദ്ധി കാത്തു സൂക്ഷിക്കുക എന്നത് തന്നെയാണ് കഥകളിയെ നിലനിർത്തുക എന്നതിന്റെ അർത്ഥവും.അങ്ങനെ കഥകളിയെ അടുത്ത തലമുറയിലേക്ക് കൂട്ടി കൊണ്ടുപോകുന്ന ഒരുപറ്റം കലാകാരന്മാരിൽ വളരെയധികം പ്രതീക്ഷ നൽകുന്നവരാണ് ശ്രീ കലാ: നീരജും ശ്രീ കലാ:അരുൺ വാര്യരും.ഇത് തെളിയിക്കുന്നതായിരുന്നു ഇന്നലെ ഉത്തരീരം അവതരിപ്പിച്ച പാണ്ഡവായനം സീരീസിലെ ബകവധം കഥകളി.

ലളിതയുടെ (ഹിഡുമ്പി) സാരി നൃത്തത്തോട് കൂടി തുടങ്ങുന്ന ഭാഗം മുതൽ ഘടോത്കചനും ഹിഡുമ്പിയും ഭീമന്റെ അനുവാദത്തോട് കൂടി കാട്ടിലേക്ക് തിരിച്ചു പോകുന്ന രംഗം വരെയാണ് അവതരിപ്പിച്ചത്.സാരി നൃത്തത്തിന് ശേഷം ലളിതയുടെ ‘മാരസദൃശ’ എന്ന പദം.ലജ്ജയും കാമവും സ്ഥായീ ഭാവവും ഹിഡുമ്പനെപറ്റി സൂചിപ്പിക്കുമ്പോളും മറ്റും ആവശ്യം വേണ്ട സഞ്ചാരീ ഭാവവുമെല്ലാം അരുൺ വാര്യർ വളരെ ഭംഗിയായി അവതരിപ്പിച്ചു.സ്ത്രീ വേഷത്തിനു വേണ്ട രൂപസൗന്ദര്യവും ലളിത പൊലുള്ള ചിട്ട പ്രധാനമായ വേഷത്തിനു വേണ്ട ചൊല്ലിയാട്ടശുദ്ധിയും ഒത്തിണങ്ങിയ കലാകാരനാണ് ശ്രീ അരുൺ വാര്യർ.കഴിഞ്ഞ കുറേ വർഷങ്ങളിലെ രംഗപരിചയം കൊണ്ട് ഈ നടൻ നേടുന്ന പക്വത വളരെ പ്രതീക്ഷ നൽകുന്നതാണ്.

വീരരസത്തോട് കൂടിയ ശൃംഗാരം സ്ഥായീഭാവമായി ചിട്ടയായ ചൊല്ലിയാട്ട സൗന്ദര്യത്തോട് കൂടി അവതരിപ്പിക്കേണ്ട കഥാപാത്രമാണ് ബകവധത്തിലെ ഭീമൻ.നല്ല കളരിയഭ്യാസവും അരങ്ങു പരിചയവും വേണ്ട ഈ കഥാപാത്രം പുതുതലമുറയുടെ പ്രതിനിധിയായ ശ്രീ നീരജ് വളരെ ഭംഗിയായി തന്നെ അവതരിപ്പിച്ചു. ‘പാണ്ഡുസുതന്മാർ ഞങ്ങളാകുന്നു ബാലേ’ എന്ന ചരണത്തിലെ വീര്യവും നാഗകേതനന്‍  തന്റെ വ്യാജത്താല്നാടും നഗരവും വെടിഞ്ഞിങ്ങുപോന്നതും”  എന്ന ദിക്കിലെ ക്രോധവും ശോകവും തുടങ്ങി പല രംഗങ്ങളിലേയും രസാഭിനയം വളരെ നന്നായി.പക്ഷെ സ്ഥായിയിൽ നിന്ന് സഞ്ചാരീ ഭാവങ്ങളിലേക്ക് മാറുമ്പോഴുള്ള ഭാവപ്രകടനം ലേശം കൂടി ആവിഷ്കരണ സമർത്ഥമാവാമായിരുന്നു എന്ന് തോന്നി. ഭീമൻ വ്യാസനെ വണങ്ങുന്നതാപസകുലതിലകപതിഞ്ഞ ഇരട്ടികളോടുകൂടിയ പദത്തിന്റെ പതിഞ്ഞകാലത്തിലുള്ള അവതരണം ഈ നടന്റെ ചൊല്ലിയാട്ടത്തിന്റെ ഭംഗി പൂർണ്ണമായി കാണികൾക്ക് അനുഭവവേദ്യമായി..അതുപോലെ ചെന്താര്ബാണഎന്ന ചരണാത്തെ തുടര്ന്നുള്ള ഇരട്ടിയുടെ അന്ത്യത്തില്ഭീമന്ഹിഡിംബിയെ ആലിംഗനംചെയ്തുള്ള നൃത്തത്തോടുക്കൂടിയുള്ള നിഷക്രമണവും നല്ല കൃത്യതയോട് കൂടി തന്നെ അവതരിപ്പിച്ചു.കലാ: ശ്രീരാമിന്റെ ഘടോത്കചൻ വളരെ നന്നായി.അവസാനം സൂചിക്കിരിക്കലോട് കൂടിയ നാലിരട്ടി കലാശം സങ്കേത ബദ്ധമായി തന്നെ ശ്രീറാം അവതരിപ്പിച്ചു.കലാ:അതുൽ വ്യാസന്റെ വേഷം വളരെ ഭംഗിയായി കൈകാര്യം ചെയ്തു.

ഇന്നലത്തെ കളിയിൽ എടുത്തു പറയേണ്ട മറ്റൊരു ഘടകമാണ് പാട്ട്.മൂന്ന് പതിഞ്ഞ പദങ്ങൾ വളരെ ഭംഗിയായി രണ്ട് ഗായകർ മാത്രം നിന്ന് പാടുക എന്നത് വളരെ ആയാസകരമായ ഒന്നാണ്.പക്ഷെ ശ്രീ കലാ: വിനോദും കലാ: സുധീഷും അതിസുന്ദരമായിട്ടും അനായാസേനയും  പാടി നിറച്ചു.യദുകുലകാമ്പോജിയും ബിലഹരിയും തോടിയും വളരെ ചിട്ടപ്രധാനമാട്ട് പാടുമ്പോഴും അതിനിടയിൽ ഒരു നീലാമ്പരിയും പാടിയുമെല്ലാം കർണ്ണപീയൂഷമായി എന്ന് തന്നെയാണ് വിശേഷിപ്പിക്കേണ്ടത്.കലാ: വേണുമോഹനും കലാ: വൈശാഖും ചേർന്ന മേളവും തുല്ല്യ നിലവാരം പുലർത്തി.കലാ: സതീശേട്ടൻ ചുട്ടിയും കുഞ്ഞിരാമേട്ടനും സംഘവും അണിയറയും കൈകാര്യം ചെയ്തു.