Sunday, December 14, 2014

സംഗീതഭാവുകത്വവും മൈലാപ്പൂർ ‘താവളവും’


ചെന്നൈയിൽ മറ്റൊരു മാർഗഴിമാസം കൂടി വന്നെത്തിയിരിക്കുന്നു.കാറ്റിന്റെ ശബ്ദം പോലും രാഗത്തിന്റെ വഴികളിലൂടെ സഞ്ചരിക്കുന്ന കാലം.സംഗീതകലാനിധിയെപ്പറ്റിയും മ്യൂസിക്ക് അക്കാദമിയിൽ ഇക്കൊല്ലം ആർക്കെല്ലാം സ്ലോട്ട് കിട്ടിയിട്ടുണ്ട് എന്നതിനെപ്പറ്റിയും സഞ്ജയിയുടേയും അഭിഷേകിന്റേയും പുതിയ പരീക്ഷണങ്ങളെപ്പറ്റിയും ടി.എൻ.ശേഷഗോപാലന്റെ ഈ പ്രായത്തിലും കോട്ടം തട്ടാത്ത പ്രകടനങ്ങളെപ്പറ്റിയും ഫീമെയിൽ സിംഗേഴ്സിന്റെ പുതിയ ഫാഷൻ ഭ്രമത്തെപ്പറ്റിയും സഭാ കാന്റീനുകളിലെ വിഭവങ്ങളേയും പറ്റി മാത്രം സംസാരങ്ങൾ വായുവിൽ ഒഴുകി പരക്കുന്ന മൈലാപ്പൂർ-ആൽവാർപ്പേട്ട് എന്ന ഭൂമിശാസ്ത്രദ്വന്ദ്വങ്ങളിലേക്ക് ചുരുങ്ങുന്ന ചെന്നൈ നഗരം.രജനീകാന്തിന്റെ സിനിമയേക്കാളും ടിക്കറ്റ് കിട്ടാൻ ബുദ്ധിമുട്ടുള്ളത്രയും അത്ഭുതമാർന്ന നിറഞ്ഞുകവിഞ്ഞ സംഗീതസദസ്സുകൾ.ഇങ്ങനെയുള്ള സംഗീതലോകം ഏതൊരാളേയും ആകർഷിച്ചില്ലെങ്കിലേ അത്ഭുതമുള്ളൂ.

2008ലെ ഇതുപോലുള്ള ഒരു മാർഗഴിസീസണിലാണ് ഞാനും ഈ മോഹവലയത്തിൽ എത്തിപ്പെട്ടത്.അതിനു കാരണം മൈലാപ്പൂരിലുണ്ടായിരുന്ന ‘താവളം’ എന്ന ഓമനപ്പേരിൽ പ്രസിദ്ധമായിരുന്ന ഒരു ബാച്ചിലേഴ്സ് കൂടാരമായിരുന്നു.അയ്യപ്പന്റേയും ചുള്ളിക്കാടിന്റേയും കവിതകളിലും ജോൺ എബ്രഹാമിന്റേയും അരവിന്ദന്റേയും ജീവിതകഥകളിലും ഭ്രമിച്ച് ക്രമമില്ലായ്മയുടെ സൗന്ദര്യത്തെ നിശ്ശബ്ദമായി ആരാധിച്ചിരുന്ന ഒരു കാലത്താണ് ഞാൻ താവളവുമായിട്ട് പരിചയത്തിലെത്തുന്നത്.ഒരു ബാച്ചിലേഴ്സ് വീടിന് ചേർന്നരീതിയിൽ എല്ലാ അരാജകസ്വഭാവവും അതിന്റെ പരകോടിയിൽ എത്തിച്ചേർന്ന ഒരു ഇടമായിരുന്നു അത്.പക്ഷെ എല്ലാ അരാജകത്വലോകത്തിന്റേയും സവിശേഷത പോലെ അവിടേയും കലാവാസന തളം കെട്ടി നിന്നിരുന്നു.അടുക്കും ചിട്ടയുമില്ലാതെ ഒരു വന്യസൗന്ദര്യം കാത്തുസൂക്ഷിച്ചിരുന്ന ആ സ്ഥലത്തു നിന്ന് ഉയർന്ന് കേട്ടതും വൃത്തിയും ചിട്ടയും വശ്യസൗന്ദര്യവുമുള്ള സംഗീതമായിരുന്നില്ല, മറിച്ച് സംഗീതത്തിന്റെ വന്യസ്വഭാവമായിരുന്നു.ഇത് സംഗീതജ്ഞാനമില്ലാത്ത എന്റെ ഭാവുകത്വത്തേയും നല്ലവണ്ണം സ്വാധീനിച്ചു.മധുര മീനാക്ഷിയേയും ശ്രീകൃഷ്ണനേയും നേരിൽകാണുന്ന അനുഭവമുണ്ടാവാൻ കച്ചേരിക്ക് വരുന്ന എൺപത് വയസ്സ് കഴിഞ്ഞ മാമിമാരെ തൃപ്തിപ്പെടുത്തുന്നതിന് വേണ്ടി പാടുന്ന പട്ടുസാരി സംഗീതജ്ഞകളുടെ ഒരു കച്ചേരിക്ക് പോലും താവളത്തിൽ നിന്ന് പോയതായി ഓർമ്മയില്ല.മറിച്ച് ശബ്ദസുഖത്തിനും ഭക്തിക്കുമപ്പുറം സംഗീതസാഗരത്തിന്റെ  ആഴവും പരപ്പും തേടിയിറങ്ങി മുത്തും പവിഴവും ശേഖരിച്ചു വരുന്ന, സംഗീതത്തിന്റെ വന്യസൗന്ദര്യം അന്വേഷിച്ചിറങ്ങുന്ന പാട്ടുകാരുടെ കച്ചേരിക്ക് പോവാനായിരുന്നു എല്ലാവരും താല്പര്യം കാട്ടിയിരുന്നത്.


ഈ ക്രമമില്ലായ്മയിലെ സൗന്ദര്യം തന്നെയാണ് ഏതൊരു സംഗീതശാഖയുടേയും ജീവനും മുമ്പോട്ടുള്ള പ്രയാണത്തിന്റെ ചാലകശക്തിയും.ആ ബോധ്യം വന്നതോ ക്രമമില്ലായ്മയുടെ വന്യസൗന്ദര്യം തളംകെട്ടിനിന്ന ഒരു ‘താവള’ത്തിൽ നിന്നും.വീണ്ടും ഒരു മ്യൂസിക് സീസൺ വരുമ്പോൾ അരവിന്ദനെല്ലാം താമസിച്ചിരുന്ന കാല്പനികമായ പാരഗൺ ലോഡ്ജ് പോലെ ‘താവള'വും ഓർമ്മയിൽ വരുന്നത് യാദൃശ്ചികമല്ല.

Monday, December 1, 2014

Truth and Power

മിഷേൽ ഫൂക്കോ Truth and Power എന്ന പഠനത്തിൽ അധികാരം എങ്ങിനെ സത്യത്തെ സ്വാധീനിക്കുന്നു എന്നും manipulate ചെയ്യുന്നു എന്നും പറയുന്നുണ്ട്.സമൂഹത്തിലെ രാഷ്ട്രീയ-സാമ്പത്തിക ശക്തികൾ തങ്ങളുടെ ആഗ്രഹങ്ങൾക്കും ആവശ്യങ്ങൾക്കും അനുസരിച്ച് സത്യത്തെ വ്യാഖ്യാനിക്കുകയും പരമമായ സത്യം എന്ന നിലയിൽ അവതരിപ്പിക്കുകയും ചെയ്യുന്നതിനെ ധൈഷണികമായി പ്രതിരോധിക്കേണ്ടതിന്റെ ആവശ്യകത ഫൂക്കോ എടുത്തുപറയുന്നു.പരമമായ സത്യം എന്നത് തന്നെ ഒരു മിഥ്യയാണെന്ന് അദ്ദേഹം പറയുന്നുണ്ട്.അത് ഓരോ വ്യക്തിക്കും വ്യത്യസ്തമായിരിക്കും.ഭരിക്കുന്നവൻ തങ്ങളുടെ താല്പര്യങ്ങൾക്കും വിശ്വാസങ്ങൾക്കും അനുസരിച്ച് ഒരു regime of truth സൃഷ്ടിക്കുന്നു.ആ സത്യത്തെ അധികാരമുപയോഗിച്ച് വ്യക്തികളിൽ അടിച്ചേൽപ്പിക്കുന്നു.ഇവിടെ സമൂഹത്തിനെ ഒരു വലിയ ചിലന്തിവലയോട് ഫൂക്കോ ഉപമിക്കുന്നത് വളരെ അർത്ഥവത്താണ്.അതിൽ നിന്ന് രക്ഷപ്പെടണമെങ്കിൽ ഈ സത്യത്തെ വ്യക്ത്യധിഷ്ഠിതമായി മാറ്റുകയും സ്വന്തം യുക്തിബോധം കൊണ്ട് വിവേചിച്ചറിയുകയും വേണം.അങ്ങനെയുള്ള വ്യക്തികളുടെ ഒരു സമൂഹം ശക്തമായിരിക്കുകയും ചെയ്യും.

ഫൂക്കോയുടെ ഈ ആശയത്തെ ഇന്ത്യയുടെ സാംസ്കാരിക പശ്ചാത്തലത്തിൽ നോക്കിയാലും വളരെ പ്രസക്തമാണ്.ഇവിടെ ശരിയേതെന്ന് എല്ലാ കാലത്തും നിശ്ചയിച്ചിരുന്നത് അധികാരകേന്ദ്രങ്ങൾ തന്നെയാണ്.അറിവിന്റെ ഉത്പാദനത്തെ വളരെ വിദഗ്ധമായി, ചെറുതെങ്കിലും സാമൂഹ്യപരമായി വളരെ ശക്തമായ ഒരു  വിഭാഗത്തിലേക്ക് ചുരുക്കുകയും അവരുടെ മേധാവിത്വം സംരക്ഷിച്ചുപോരുന്ന വിധത്തിൽ അതിന്റെ വിതരണം ശ്രദ്ധാപൂർവ്വം നടത്തുകയും ചെയ്തുപോന്നു.അതിനെ ചോദ്യം ചെയ്യാതിരിക്കാൻ ഗുരു ഈശ്വരതുല്ല്യനാണെന്ന് വിശ്വസിപ്പിക്കുകയും ചെയ്തു.

അറിവിന്റെ ജനാധിപത്യം കൂടുതൽ ശക്തമായ ഇക്കാലത്ത്  കോട്ടകൊത്തളങ്ങൾ സംരക്ഷിക്കാൻ ഇക്കൂട്ടർ പല്ലും നഖവും ഉപയോഗിച്ച് പൊരുതുകയും ചെയ്യും.അതിനെ പ്രതിരോധിക്കേണ്ടത് സത്യത്തെ വ്യക്തിയുടെ വിവേചനഗ്രാഹ്യത്തിലൂടെ വ്യാഖ്യാനിക്കാൻ ആഗ്രഹിക്കുന്ന ഓരോ വ്യക്തിയുടേയും കടമയാണ്.
           


Tuesday, November 18, 2014

മുൻ വിധികൾ

ഇന്ന് exam invigilation നോക്കുമ്പോൾ സ്ക്വാഡ് വന്നു.വളരെ random ആയി കുറേപേരെ പരിശോധിക്കുകയാണ് പതിവ്.അവർ സിലക്റ്റ് ചെയ്തവരെ ശ്രദ്ധിച്ചപ്പോളാണ് അദ്ഭുതകരമായ ഒരു കാര്യം മനസ്സിലായത്.നല്ല ഭംഗിയില്ലാത്ത ഡ്രസ്സ് ധരിച്ചവരേയും വളരെ അലക്ഷ്യമായി മുടി ചീകാതെയിരിക്കുന്നവരേയും തിരഞ്ഞ്പിടിച്ച് കുറ്റവാളികളേപ്പോലെ പരിശോധിക്കുന്നു.
ഇന്നും ബാഹ്യമായ വേഷവിധാനം നോക്കിയും തൊലിനിറം നോക്കിയും മറ്റ് ലക്ഷണം കണ്ടുമാണ് നമ്മൾ ആളെ വിലയിരുത്തുന്നത്.ഇതുപോലെത്തന്നെ മറ്റുപല മാനദണ്ഡങ്ങളും നമ്മൾ നല്ല സ്വഭാവസർട്ടിഫിക്കറ്റ് കൊടുക്കാൻ സൃഷ്ടിച്ച് വെച്ചിട്ടുണ്ട്.ഈശ്വരവിശ്വാസിയാവുക, അവനവന്റെ താല്പര്യത്തിനെതിരാണെങ്കിലും മറ്റുള്ളവർ പറയുന്നത് അനുസരിക്കുക, ചോദ്യം ചോദിക്കാതിരിക്കുക, തന്റെ മനസ്സിനു ശരിയെന്ന് തോന്നുന്നുവെങ്കിലും ഭൂരിപക്ഷസമൂഹത്തിന്റെ പ്രതിഷേധത്തെ പേടിച്ച് മൗനം പാലിക്കുക,വിമർശനം ഒഴിവാക്കുക, നിശ്ശബ്ദതയണ് അച്ചടക്കത്തിന്റെ ലക്ഷണം എന്ന് ധരിക്കുക തുടങ്ങി അനവധിയുണ്ട് മാനദണ്ഡങ്ങൾ.
ശരിക്കും പരിശോധിച്ചാൽ ഈ ‘നല്ല സ്വഭാവലക്ഷണങ്ങളെല്ലാം’ പ്രതിലോമകരമാണ്.ഇതിനെതിരെ ചിന്തിക്കുന്നവരാണ് കൂടുതലും യുക്തിസഹമായി ജീവിതത്തെ സമീപിക്കുകയും വിജയം വരിക്കുകയും ചെയ്യുന്നത്.

സദാചാരപൊലീസ്

സമൂഹത്തിന്റെ പൊതുബോധത്തെ അലോസരപ്പെടുത്തുന്ന എന്ത് പ്രശ്നം നമ്മുടെ നാട്ടിലുണ്ടായാലും സദാചാരവാദികൾ ശക്തമായി അതിനെ എതിർക്കുന്നതിന് പറയുന്ന ന്യായം നമ്മുടെ സാംസ്കാരിക പൈതൃകമാണ്.പക്ഷെ ഇവർ ഭാരതത്തിന്റെ ഈ പറയപ്പെടുന്ന സാംസ്കാരിക പൈതൃകത്തെ താൻ ജീവിക്കുന്ന സമൂഹത്തിന്റെ പൊതുവീക്ഷണത്തിന്റേയും വിശ്വാസത്തിന്റേയും മുൻവിധികളുടേയും അടിസ്ഥാനത്തിലാണ് വ്യാഖ്യാനിക്കുന്നത് എന്നതാണ് ഏറ്റവും രസകരമായ കാര്യം.അല്ലാതെ ഇവർ ഉയർത്തി പിടിക്കുന്ന പൈതൃകത്തിന്റെ സാംസ്കാരികാന്തരീക്ഷത്തിൽ നിന്നുകൊണ്ടല്ല.അതുകൊണ്ട് തന്നെ ഇക്കൂട്ടരുടെ വാദഗതികൾ പുരാതനഭാരതീയസംസ്കാരത്തിന്റെ വെളിച്ചത്തിൽ നോക്കി കാണുമ്പോൾ ധാരാളം വൈരുദ്ധ്യങ്ങൾ കാണുന്നു.അതിനു കാരണം ഇന്നത്തെ ഇന്ത്യൻ സമൂഹത്തിൽ കാണുന്ന കർശനമായ പല സദാചാരനിയമങ്ങളും യഥാർത്ഥത്തിൽ ഭാരതീയമല്ല മറിച്ച് വിക്റ്റോറിയൻ സദാചാരനിയമങ്ങളാണ് എന്നതാണ്.
അവിശ്വസനീയമായ പല കഥാസന്ദർഭങ്ങളും മാറ്റി നിർത്തി പൗരാണികഭാരത്തിന്റെ സാമൂഹ്യജീവിതം യുക്തിസഹമായി പരിശോധിച്ചാൽ ഇന്നത്തെ പല സദാചാരവാദികൾക്കും സ്വപ്നം കാണാൻപോലും കഴിയാത്തത്ര സ്വതന്ത്രവും കാപട്യരഹിതവും ആയിരുന്നു എന്ന് കാണാൻ കഴിയും.ബഹുഭാര്യാത്തവും ബഹുഭർത്തൃത്വവും വളരെ സാധാരണമായിരുന്ന ഒരു സമൂഹം,ഏറ്റവും ബഹുമാനിതരായ കഥാപാത്രങ്ങൾ (ശിവനും വിഷ്ണുവും) പരാമർശവിധേയരായ സ്വവർഗ്ഗരതിയുടെ ഇതിവൃത്തങ്ങൾ,സ്വന്തം മകനോട് നഗ്നനായ് തന്റെ മുൻപിൽ വരാൻ പറഞ്ഞ ഒരമ്മ ( ഗാന്ധാരി),തന്‍റെ മക്കള്‍ ഒരു സുന്ദരിയുടെ പേരില്‍ കലഹിക്കാതിരിക്കാന്‍ മകന്‍ കല്യാണം കഴിച്ചു കൊണ്ടുവന്ന സ്ത്രീയെ എല്ലാ മക്കളോടും പങ്കിട്ടെടുക്കാന്‍ ഉപദേശിച്ച മറ്റാരമ്മ, ലൈംഗികസ്വാതന്ത്ര്യം അനുഭവിച്ചിരുന്ന സന്ന്യാസിമാർ, ലൈംഗികതയെ ഏറ്റവും ശാസ്ത്രീയമായി വ്യാഖ്യാനിച്ച വാത്സ്യായനൻ, ക്ഷേത്രവുമായി ബന്ധപ്പെട്ട് ദാസിമാർ എന്ന ഒരു വർഗ്ഗത്തെ പരിപാലിച്ച് കാമപൂർത്തിക്കായി പരസ്യമായി ഉപയോഗിച്ചിരുന്ന ഒരു സമൂഹം, ലൈംഗികതയെ ക്ഷേത്രത്തിലെ ഏറ്റവും പാവനമായ ശ്രീകോവിലിനു ചുറ്റും ഒരു മറയുമില്ലാതെ ആലേഖനം ചെയ്യാൻ യാതൊരു സങ്കോചവും കാണിക്കാത്ത ഒരു സമൂഹം തുടങ്ങി നമ്മുടെ ഇന്നത്തെ സദാചാരബോധത്തെ പരിഹസിക്കുകയും അവജ്ഞയോടെ തള്ളിക്കളയുകയും ചെയ്യുന്ന അനവധി സങ്കല്പങ്ങളുടെ ആകെതുകയാണ് ഭാരതീയ സംസ്കാരം.പലകാര്യത്തിലും നമ്മളേക്കാളും പുരോഗമനചിന്താഗതിക്കാരായിരുന്നോ അന്നുള്ളവർ എന്നുപോലും സംശയം തോന്നാം.
ഭാരതീയപൈതൃകം ഇങ്ങനെയാണെന്നിരിക്കെ ഇതിന്റെ പേരിൽ സദാചാരവാദികൾ പ്രതിഷേധിക്കുന്നത് കാണുമ്പോൾ ശരിക്കും ചിരി വരുന്നു. ഇംഗ്ലണ്ട് പോലും ഉപേക്ഷിച്ച വിക്ടോറിയൻ സദാചാരബോധം തിരികെ കൊണ്ടുവരാൻ മാത്രേ പാശ്ചാത്യസംസ്കാരത്തെ എതിർക്കുന്ന ഇക്കൂട്ടരുടെ പ്രതിഷേധം ഉപകരിക്കൂ.അത് തന്നെയാണ് ആധുനിക ഇന്ത്യയിലെ ഏറ്റവും വലിയ വിരോധാഭാസവും.

Sunday, October 26, 2014

ഉത്തരീയത്തിന്റെ കീചകവധം


നൃത്ത-നൃത്ത്യ-നാട്യങ്ങളുടെ സമഞ്ജസ സമ്മേളനത്തിലൂടെ ലഭിക്കുന്ന രസാനുഭൂതിയാണ് കഥകളിയുടെ ആത്യന്തിക ലക്ഷ്യം എന്ന വിശ്വാസം ഊട്ടിയുറപ്പിക്കുന്നതായിരുന്നു ഉത്തരിയം അവതരിപ്പിച്ച കീചകവധം കഥകളി.ഈ രസാനുഭൂതി കാണികളുടെ മനസ്സിനെ വിമലീകരിച്ച് ആനന്ദത്തെ പ്രദാനം ചെയ്യുന്നു.
ലോകധർമ്മിയുടെ വീക്ഷണത്തിൽ അധാർമ്മികം എന്ന് തോന്നാവുന്ന ഒരു കഥയാണ് കീചകവധം.പക്ഷെ അന്നത്തെ സാമൂഹ്യവ്യവസ്ഥയിൽ തികച്ചും സ്വാഭാവികവും.ദാസ്യസ്ത്രീകൾ അധികാരി വർഗ്ഗത്തിന്റെ ഇംഗിതത്തിന് വഴങ്ങേണ്ടവരാണെന്ന് വിശ്വസിക്കുകയും അതിന് മൌനാനുവാദം നൽകുകയും ചെയ്യുന്ന ഒരു സമൂഹത്തിന്റെ പ്രതിനിധിയാണ് കീചകൻ.അങ്ങനെയുള്ള ഒരു വ്യക്തി പ്രധാനകഥാപാത്രമായി വരുന്ന ഒരു കഥ കാണുംബോൾ നമ്മളും ആ ഭൂതകാലാന്തരീക്ഷത്തിലേക്ക് മനസ്സുകൊണ്ട് സഞ്ചരിക്കാൻ തയ്യാറാവണം.അതല്ലാതെ നമ്മൾ ജീവിക്കുന്ന സമൂഹത്തിന്റെ മൂല്യങ്ങളെ മനസ്സിൽ വെച്ചുകൊണ്ട് കീചകവധം കണ്ടാൽ ആട്ടകഥാകാരൻ മനസ്സിൽ കണ്ടതിനു നേർ വിപരീതമായേ ആസ്വാദനം സംഭവിക്കുകയുള്ളൂ.അങ്ങനെ വന്നാൽ കീചകന് പകരം സൈരന്ധ്രിയായിരിക്കും നമ്മൾ സിമ്പതൈസ് ചെയ്യുന്ന കഥാപാത്രം.അപ്പോൾ ആട്ടകഥാകാരന്റെ എല്ലാ ഉദ്ദേശലക്ഷ്യങ്ങളും അവിടെ പരാജയപ്പെടുകയും കഥകളിയുടെ അടിസ്ഥാനലക്ഷ്യം തകരുകയും ചെയ്യുന്നു.
കഥകളിയുടെ അടിസ്ഥാനലക്ഷ്യത്തിൽനിന്ന് വ്യതിചലിക്കാൻ സാധിക്കാതെ കീചകൻ എന്ന കഥാപാത്രത്തിലേക്ക് ഒരു സൂചികാഗ്രത്തിലേക്കെന്നപോലെ സൂക്ഷ്മദൃക്കായിരിക്കാൻ ആസ്വാദകനെ പ്രേരിപ്പിക്കുന്നു എന്നതിലൂടെ കീചകവധം നാട്യധർമ്മിയുടെ കാഹളപടഹധ്വനികൾ മുഴങ്ങുന്ന ഒരു ഉത്സവമായി മാറുന്നു.ഈ ഉത്സവാഘോഷത്തിൽ എല്ലാ കാണികൾക്കും തിമിർത്താനന്ദിക്കാൻ സാധിച്ചു എന്നതാണ് ഏറ്റവും ചാരിതാർത്ഥ്യജനകമായ കാര്യം.സൈരന്ധ്രിയുടെ കരണത്തടിച്ചതിനു ശേഷം കീചകൻ മിശ്രവികാരങ്ങളോട്കൂടി തന്റെ കൈയ്യിനെ ശകാരിക്കുന്ന ഒരു രംഗം മാത്രം മതി ആ തരിപ്പ് നമുക്കനുഭവപ്പെടാൻ.അങ്ങനെ എത്രയെത്ര രംഗങ്ങളാണ് ശ്രീ പ്രദീപും കൂട്ടരും ഇന്നലെ ഭംഗിയാക്കിയത്.
എത്ര നയനാനന്ദകരമായിരുന്നു ഇന്നലത്തെ വേദി!!!മൂന്ന് തലമുറയിൽ പെട്ട കലാകാരന്മാർ ഒരു അഹംബോധവുമില്ലാതെ പരസ്പരം സഹകരിച്ചും പ്രോത്സാഹിപ്പിച്ചും അവിസ്മരണീയമാക്കിയ വേദി!!!ഏറ്റവും സീനിയറായ നാരായണേട്ടന്റെ അയത്നലളിതവും ശബ്ദഗാംഭീര്യം നിറഞ്ഞതുമായ സംഗീതവും അടുത്ത തലമുറയിൽ കഥകളിയുടെ രൂപ-ശില്പ സൌന്ദര്യത്തിന്റെ പതാകവാഹകനാകാൻ ശേഷിയുള്ള ശ്രീ പ്രദീപും പിന്നെ യുവതലമുറയിലെ നിറഞ്ഞ പ്രതീക്ഷകളായ മറ്റെല്ലാ കലാകാരന്മാരും ചേർന്ന് ഉത്സവമാക്കിയ ഈ വേദി ഒരിക്കലും മറക്കാൻ കഴിയില്ല.കഥകളിയുടെ ഭാവി ഈ കലാകാരന്മാരുടെ കൈയ്യിൽ സുരക്ഷിതമാണ് എന്ന കാര്യത്തിൽ യാതൊരു സംശയവുമില്ല.
അണിയറയിൽ പ്രവർത്തിച്ച സതീശേട്ടനേയും കുഞ്ഞിരാമേട്ടനേയും രാമകൃഷ്നനേയും പ്രത്യേകം അഭിനന്ദിക്കുന്നു.

Monday, September 15, 2014

വെണ്മണി ബാണിയുടെ വര്‍ത്തമാനസ്വരം:കലാ:ഹരീഷ് കുമാർ


ഏതൊരു കലാരൂപത്തിലും ഉയര്‍ന്നു വരുന്ന പ്രതിഭകള്‍ കാലത്തിന്‍റെ നൈരന്തര്യം സൃഷ്ടിക്കുന്ന ഉല്‍പന്നമാവും.തന്‍റെ മുന്‍ഗാമികളുടെ പ്രതിഭയുടെ സ്വാധീനം തന്‍റെ കലാഹൃദയത്തില്‍, സ്വന്തം ജന്മവാസന എന്ന രാസത്വരകത്തിന്‍റെ സഹായത്താല്‍ സംസ്കരിച്ച് തികച്ചും നൂതനമായ ഒരു കലാവ്യക്തിത്വം സൃഷ്ടിച്ചെടുക്കുന്നു.അങ്ങനെയുളള കലാകാരന്‍ ഒരിക്കലും തന്‍റെ മുന്‍ഗാമികളുടെ അനുവര്‍ത്തിയായിരിക്കില്ല, മറിച്ച് അതിന്‍റെ പതാകവാഹകനും അടുത്ത തലമുറയിലേക്ക് ആ ദീപശിഖയെ ആനയിക്കുന്നവനുമായിരിക്കും.
കഥകളി സംഗീതത്തില്‍ ഈ നൈരന്തര്യം സൃഷ്ടിച്ച പ്രതിഭകള്‍ വിരളമെങ്കിലും അര്‍ത്ഥപൂര്‍ണ്ണമായിരുന്നു.സോപാനശൈലിയോട് വളരെ അടുത്ത് നില്‍ക്കുന്ന വെങ്കിടകൃഷ്ണഭാഗവതരില്‍ ആരംഭിച്ച് കൂടുതല്‍ ശാസ്ത്രീയവും ആലാപനസമ്പുഷ്ടവുമായ നമ്പീശന്‍ സംഗീതത്തിലൂടെ കടഞ്ഞെടുക്കപ്പെട്ട് ഹിന്ദുസ്ഥാനി സംഗീതത്തിന്‍റെ ഭാവഗരിമയിലൂടെയും കളംപാട്ടിന്‍റെ പരുക്കന്‍ രുചികളിലൂടെയും സംസ്കരിച്ച് പുതിയ ഭാവുകത്വം സൃഷ്ടിച്ച ഉണ്ണികൃഷ്ണകുറുപ്പിലൂടെയും കഥകളി സംഗീതത്തിന്‍റെ പരിമിതികള്‍ക്കുളളില്‍ നിന്ന് അതിന്‍റെ സാധ്യതകളെ പരമാവധി ചൂഷണം ചെയ്ത ഗംഗാധരബാണിയിലൂടെയും ഭാവസംഗീതത്തിന്‍റെ ജനപ്രിയാംശത്തിലൂടെ പരിവര്‍ത്തന വിധേയമായ എമ്പ്രാന്തിരി സംഗീതത്തിലൂടെയും അത് വന്നെത്തിയത് ഭാവസംഗീതത്തിന്‍റെ ഹിമാലയ സാനുക്കളിലൂടെയും നീര്‍ച്ചുഴികളിലൂടെയും അനായാസം കയറിയിറങ്ങിയ വെണ്മണി ഹരിദാസ് എന്ന അത്ഭുതപ്രതിഭാസത്തിലാണ്.
അതിനുശേഷമുളള തലമുറയെ ഇതിഹാസം എന്ന നിലയില്‍ വിലയിരുത്താന്‍ സമയമായില്ലെങ്കില്‍ കൂടി ഈ ധാരയുടെ പിന്തുടര്‍ച്ചയെ അന്വേഷിക്കുന്നത് അര്‍ത്ഥപൂര്‍ണ്ണമായിരിക്കും.മേല്‍സൂചിപ്പിച്ച ചങ്ങലയുടെ അവസാനത്തെ കണ്ണിയായ വെണ്മണി ഹരിദാസ് എന്ന സംഗീതജ്ഞനായിരിക്കും ഇന്നത്തെ യുവസംഗീതപ്രതിഭകളെ ഏറ്റവും അധികം സ്വാധീനിച്ചിട്ടുളള പാട്ടുകാരന്‍.അതിന്‍റെ ഗുണവും ദോഷവും നമുക്ക് അനുഭവപ്പെടാറുണ്ട്.പലപ്പോഴും ഹരിദാസേട്ടന്‍റെ കേവലം അനുകരണം ആയി പല ആലാപനങ്ങളും ചുരുങ്ങുമ്പോള്‍ ചില പാട്ടുകാര്‍ ആ പ്രതിഭയെ നേരാംവണ്ണം സ്വാംശീകരിച്ച് തന്‍റെ സ്വന്തം പ്രതിഭയിലൂടെ സംസ്കരിച്ചെടുത്ത് ആ മഹാഗായകന്‍റെ യഥാര്‍ത്ഥ പിന്തുടര്‍ച്ചാവകാശിയായി മാറുന്നു.അങ്ങനെയുളള ഗായകരില്‍ ഏറ്റവും ശ്രദ്ധേയനാണ് ശ്രീ കലാ:ഹരീഷ് കുമാര്‍(മനയത്താറ്റ്).വെണ്മണി സംഗീതത്തില്‍ കാണുന്ന ഭാവപുഷ്കലതയും കീഴ്സ്ഥായിയിലും താരസ്ഥായിയിലും ഉളള അനായാസമായ സഞ്ചാരവും കഥാപാത്രത്തിന്‍റെ ഭാവത്തിനനുസരിച്ചുളള ശബ്ദനിയന്ത്രണവും മറ്റും ഹരീഷേട്ടനിലും തെളിഞ്ഞു കാണാം.പക്ഷെ അതൊരിക്കലും അനുകരണമായി അനുഭവപ്പെടുകയുമില്ല.ഇതിനു കാരണം ഇന്നലെ ശ്രീ വെണ്മണി ഹരിദാസ്-നെയ്യാറ്റിന്‍കര അനുസ്മരണത്തില്‍ ശ്രീ Manoj Kuroor പറഞ്ഞ ഒരു നിരീക്ഷണമാണ്.''തന്‍റെ മുന്‍ഗാമികളില്‍ നിന്ന് സ്വാംശീകരിച്ച കലാംശങ്ങളെ തന്‍റെ സ്വപ്രതിഭയിലൂടെ കടഞ്ഞെടുക്കുമ്പോളാണ് നല്ലൊരു കലാകാരന്‍ ജനിക്കുന്നത്.അയാളെ മനസ്സിലാക്കണമെങ്കില്‍ ആ കലാകാരന്‍റെ സാംസ്കാരിക-സാമൂഹിക പശ്ചാത്തലത്തലം കൂടി വിലയിരുത്തേണ്ടിവരും".കലാ:ഹരീഷ് കുമാറും സംഗീതത്തിന് വളരെ അനുകൂലമായ ഒരു അന്തരീക്ഷത്തിലാണ് വളര്‍ന്നത്.അദ്ദേഹത്തിന്‍റെ അച്ഛന്‍ ഒരു സംഗീതജ്ഞനായിരുന്നില്ലെങ്കില്‍ കൂടി സംഗീതത്തില്‍ നല്ല അറിവും താത്പര്യവും ഉളള വ്യക്തിയായിരുന്നു.കഥകളിയോടുളള സ്നേഹം കാരണമാണ് അദ്ദേഹത്തിന്‍റെ മക്കള്‍ക്ക് അജിതനെന്നും ഹരിയെന്നും(അജിതാഹരേ....)പേരിട്ടത് എന്ന് കേട്ടിട്ടുണ്ട്.അങ്ങനെ കുട്ടിക്കാലം മുതല്‍ക്ക് താന്‍ അറിയാതെയാണെങ്കിലും ഇല്ലത്ത് മുഴങ്ങി കേട്ടിരുന്ന കഥകളി പാട്ടിലൂടെയായിരുന്നു ഇദ്ദേഹം വളര്‍ന്നു വന്നത്.അങ്ങനെ തന്‍റെ കേള്‍വിശീലത്തിലൂടെ ആര്‍ജ്ജിച്ച അനുഭവങ്ങളും മാടമ്പിയാശാന്‍റെ കളരിയിലൂടെ ഇരുത്തംവന്ന സംഗീതജ്ഞാനവും ഹരിദാസേട്ടന്‍റെ കൂടെ ധാരാളം അരങ്ങുകളില്‍ പാടി ലഭിച്ച അരങ്ങറിവുകളും ഈ യുവകലാകാരനെ എണ്ണം പറഞ്ഞ ഒരു കഥകളി ഗായകനാക്കി മാറ്റി.
വെണ്മണി ഹരിദാസേട്ടന്‍റെ ജീവിതത്തില്‍ നമ്മള്‍ കണ്ടിരുന്ന ഒരു ഉള്‍വലിയല്‍ നമുക്ക് ഹരിയേട്ടനിലും കാണാന്‍ കഴിയും.അതുകൊണ്ട് തന്നെ അനാവശ്യമായ അവകാശവാദങ്ങളുമായി ഈ ഗായകനെ നമുക്ക് കാണാന്‍ കഴിയില്ല.ആരാധകവൃന്ദത്തിന്‍റെ "ഗ്വോ....ഗ്വോ
...." വിളികളും കേട്ടെന്നു വരില്ല.പക്ഷെ എത്ര മറയ്ക്കാന്‍ ശ്രമിച്ചാലും മറയാതെ ആ പ്രതിഭ അനിതരശോഭയോടുകൂടി അരങ്ങുകളില്‍ നിറഞ്ഞു നില്‍ക്കും.ഹരിദാസേട്ടന്‍റെ വേര്‍പാടോടുകൂടി നമുക്ക് നഷ്ടപ്പെട്ട ആ സംഗീതമാധുരി അടുത്ത തലമുറയിലേക്ക് ആനയിക്കുന്നത് ഹരിയേട്ടനായിരിക്കും എന്ന കാര്യത്തില്‍ യാതൊരു സംശയവുമില്ല.ഇനിയുളള കഥകളി വേദികള്‍ ഹരിയേട്ടന്‍റെ സംഗീതം കൊണ്ട് മുഖരിതമാവട്ടെ എന്നാശംസിക്കുന്നു.

Friday, September 5, 2014

അധ്യാപകദിന ചിന്തകൾ

ഇന്ത്യയിൽ ഏറ്റവും അധികം നാട്യങ്ങളോട്കൂടി ജീവിക്കാൻ വിധിക്കപ്പെട്ട വർഗ്ഗമാണ് അധ്യാപകർ.അധ്യാപകൻ ദൈവതുല്ല്യൻ എന്ന ഒരു ഭീകരസങ്കല്പം അവനെ കാപട്യങ്ങളുടെ മനുഷ്യരൂപമാക്കി മാറ്റുന്നു.ഈശ്വരൻ പരിപൂർണ്ണനായിരിക്കുന്നതുപോലെ അധ്യാപകനും പരിപൂർണ്ണനായിരിക്കണം എന്ന് വിദ്യാർത്ഥികളും സമൂഹവും ശഠിക്കുന്നു.പക്ഷെ ഈ ഈശ്വരസങ്കല്പം ചാർത്തിയ അധ്യാപനകർമ്മം വളരെ ജൈവവും തർക്ക-വിതർക്കങ്ങളാൽ മുഖരിതവുമാകേണ്ട കലാലയാന്തരീക്ഷത്തെ പ്രതികൂലമായി ബാധിക്കുകയാണുണ്ടായത്.അറിവിന്റെ വിനിമയത്തിലൂടെ ജൈവമാകേണ്ട ക്ലാസ്സ് മുറികൾ ഏകശിലാത്മകമായി മാറുന്നു.അധ്യാപകൻ പറയുന്നതെല്ലാം വേദവാക്യവും അയാളെ ചോദ്യം ചെയ്യുന്നത് പാപവുമാകുന്ന ഒരു വ്യവസ്ഥിതി വളർന്നു വന്നു.ഈ കൊടുക്കൽ വാങ്ങലുകളുടെ അഭാവം തന്നെയാണ് ഇന്ത്യൻ വിദ്യാഭ്യാസരംഗത്തിന്റെ തകർച്ചയ്ക്കുള്ള പ്രധാന കാരണവും.

അറിവ് പകർന്നു നൽകുന്ന അധ്യാപകൻ അറിവിന്റെ നിറകുടമല്ലെന്നും ഏതൊരു സാധാരണ മനുഷ്യനെ പോലെയും പരിമിതികളോട് കൂടിയവനാണെന്നും തെറ്റ് കണ്ടാൽ അത് ചൂണ്ടികാണിക്കാനും ചോദ്യം ചെയ്യാനും തർക്കിക്കാനും ഉള്ള എല്ലാ അവകാശങ്ങളും തങ്ങൾക്കുണ്ടെന്ന് വിദ്യാർത്ഥികൾ തിരിച്ചറിയുകയും, അതിനുള്ള പൂർണ്ണ അവകാശം വിദ്യാർത്ഥികൾക്കുണ്ടെന്ന് അധ്യാപകൻ തിരിച്ചറിയുകയും ചെയ്യുമ്പോളാണ് ജ്ഞാനോല്പാദനം അർത്ഥപൂർണ്ണമാകുന്നത്.ഇങ്ങനെയുള്ള അർത്ഥപൂർണ്ണമായ ജ്ഞാനോല്പാദത്തിന് ഉതകുന്ന രീതിയിൽ എല്ലാ പരിമിതികളേയും ഉൾകൊണ്ടുകൊണ്ട് സത്യസന്ധതയോട്കൂടി, പച്ചയായ മനുഷ്യനായി ക്ലാസ്സ്മുറികളിൽ ജീവിക്കാൻ ഈ അധ്യാപകദിനം എല്ലാ അധ്യാപകർക്കും പ്രേരകമാകട്ടെ എന്ന് പച്ചയായിരിക്കാൻ പാടുപെടുന്ന ഈ അധ്യാപകൻ ആശംസിക്കുന്നു.