Sunday, December 27, 2015

സ്മൃതിയരങ്ങ് @ ഗുരുവായൂർ

യഥാർത്ഥലോകത്തും വെർച്ച്വൽ ലോകത്തും പരിചയപ്പെട്ട ധാരാളം സുഹൃത്ത്ക്കളെ നേരിൽ കാണുകയും നല്ലൊരു കഥകളി കാണുകയും ചെയ്യാം എന്ന ആഗ്രഹം കൊണ്ടാണ് ലേശം യാത്രാക്ലേശം അനുഭവിച്ചും ഗുരുവായൂരിൽ സ്മൃതിയരങ്ങിന് പോയത്.രണ്ടും നിരാശപ്പെടുത്തിയില്ല.ശ്രീ മംഗലം പരമേശ്വരൻ ഭട്ടതിരിപ്പാട് അനുസ്മരണവുമായി ബന്ധപ്പെട്ടാണ് കഥകളി അരങ്ങേറിയത്.

ആദ്യ കഥ സുഭദ്രാഹരണമായിരുന്നു.കോട്ടയം കഥകൾ കഴിഞ്ഞാൽ വളരെ സങ്കേതബദ്ധമായ അനവധി രംഗങ്ങളാൽ സമ്പുഷ്ടമായ ഒരാട്ടക്കഥയാണ് സുഭദ്രാഹരണം.എല്ലാ കഥാപാത്രങ്ങൾക്കും നിറഞ്ഞാടാൻ സാധ്യത നൽകുന്ന ഒരു കഥ.അർജ്ജുനനായി രംഗത്ത് വന്നത് ശ്രീ കലാ:ഷണ്മുഖനാണ്.അനുദിനം തന്റെ പ്രവൃത്തിയെ ശുദ്ധീകരിച്ച് മുമ്പോട്ട് പോവുന്നതിൽ ബദ്ധശ്രദ്ധനാണ് ഈ കലാകാരൻ എന്നത് ഓരോ അരങ്ങ് കഴിയുമ്പോളും ഷണ്മുഖൻ തെളിയിക്കുന്നു.നല്ലവണ്ണം അമർന്നിരുന്നുള്ള നിലകളിലും ആട്ടങ്ങളിലുമെല്ലാം ശ്രീ ഷണ്മുഖൻ മുന്നരങ്ങുകളെ അപേക്ഷിച്ച്  കൈവരിച്ച കൃത്യത സുഭദ്രാഹരണത്തിലെ മാലയിടൽ രംഗത്ത് പ്രകടമായിരുന്നു.കൃഷ്ണനേയും ഇന്ദ്രനേയും വന്ദിക്കുന്നതിൽ കളരിയഭ്യാസത്തിന്റെ സൗന്ദര്യം നിറഞ്ഞ് നിന്നു.അതുപോലെ തന്നെ അടുത്ത രംഗത്തുള്ള കൃഷ്ണനോടുള്ള ‘കഷ്ടം ഞാൻ” എന്ന പദവും (പാടാൻ നല്ല വൈഭവം ആവശ്യപ്പെടുന്ന ഈ പദം ശ്രീ കലാ: ഹരീഷേട്ടനും രാജീവേട്ടനും ഭംഗിയായി പാടി.കളിക്ക് മുമ്പ് ഈ പദത്തെപറ്റിയൊരു തമാശക്കഥ കേട്ടതുകൊണ്ട് കൂടുതൽ ശ്രദ്ധിക്കാനും പറ്റി).പക്ഷെ മുമ്പ് പലപ്പോഴും അനുഭവപ്പെട്ടത് പോലെ ശ്രീ ഷണ്മുഖൻ അവസാനം പോരിന് വിളിക്കുന്ന രംഗത്തുള്ള വീരരസാഭിനയം തൃപ്തികരമായിട്ട് തോന്നിയില്ല.അതു കഴിഞ്ഞിട്ടുള്ള നാലാമിരട്ടി കലാശത്തിലും ആദ്യ രംഗങ്ങളിൽ കണ്ട ഊർജ്ജവും കൃത്യതയും അനുഭവപ്പെട്ടില്ല.(ഈ തോന്നൽ വ്യക്തിപരമാവാം). പക്ഷെ കഥകളിയിൽ പച്ച വേഷത്തിന്റെ ഭാവി നിർണ്ണയിക്കുന്നതിൽ പ്രധാനിയായൊരാൾ ഷണ്മുഖനായിരിക്കും എന്നതിൽ യാതൊരു സംശയവുമില്ല.പുരാണത്തിൽ   ഏറ്റവും സുന്ദരിയായ സ്ത്രീരത്നങ്ങളിൽ ഒരുവളാണ് സുഭദ്രയെങ്കിൽ കഥകളിയിൽ ഏറ്റവും ‘സുന്ദരിയായ’ പുരുഷനാണ് ശ്രീ ചമ്പക്കര വിജയൻ.അതുകൊണ്ട് സുഭദ്രയെ അവതരിപ്പിക്കാൻ സംഘാടകർക്ക് ആരെന്ന കാര്യത്തിൽ സംശയമുണ്ടായിട്ടുണ്ടാവില്ല.എടുത്ത് പറയേണ്ട മറ്റൊന്നാണ് പീശപ്പിള്ളി രാജീവേട്ടന്റെ ബലഭദ്രരും ആദിത്യന്റെ  ശ്രീകൃഷ്ണനും.ധാരാളം മനോധർമ്മ സാധ്യതകൾ നൽകുന്ന രംഗമാണ് ഇവർ ചേർന്നുള്ളത്.അതിന്റെ എല്ലാ സാധ്യതകളും ഇവർ ഉപയോഗിച്ചു.ബാലലീലകൾ പറഞ്ഞ് പരിഹസിക്കുന്നതും മറ്റും വളരെ ഹൃദ്യമായിരുന്നു.കൃഷ്ണനെ കറുത്തവൻ എന്ന മുദ്ര കാട്ടി ബലഭദ്രർ വിളിക്കുന്നതും വളരെ വ്യത്യസ്തമായി തോന്നി.അതു പോലെ ഹൃദയഹാരിയായ ഒരു രംഗമായിരുന്നു സുഭദ്രയ്ക്ക് കരുതി വച്ചിരുന്ന മാല ബലഭദ്രരോട് കൊടുക്കാൻ പറയുമ്പോൾ “എന്നാലും എന്നോട് ഒന്ന് പറയായിരുന്നു” എന്ന് തേങ്ങി കൊണ്ടുള്ള വളരെ സുന്ദരമായ നാട്യധർമ്മിത്വം തുളുമ്പുന്ന ബലഭദ്രരുടെ അഭിനയം.ഇവിടെ എടുത്ത് പറയേണ്ടത് വളരെ സർഗ്ഗഭാവനയുള്ള രാജീവേട്ടന്റെ കൂടെ അഭിനയിക്കുമ്പോൾ യാതൊരു പരിഭ്രമവുമില്ലാതെയുള്ള ആദിത്യന്റെ പ്രകടനമാണ്.വളരെ കൃത്യമായ ചോദ്യങ്ങളിലൂടേയും മറുപടികളിലൂടേയും ആദിത്യൻ തന്റെ പ്രതിഭ തെളിയിച്ചു.

രണ്ടാമത്തെ കഥ കാർത്തവീര്യാർജ്ജുന വിജയത്തിൽ നിന്നുള്ള “കമലദളലോചനേ മമ ജീവനായികേ” എന്ന പതിഞ്ഞ പദത്തോട് കൂടിയ ബാലിവിജയമായിരുന്നു.പതിവിൽ നിന്ന് വ്യത്യസ്തമായി ഈ പദം പകുതിയും ഇരുന്ന് കൊണ്ടാണ് ആടുന്നത്.അത് ശ്രീ കലാ: പ്രദീപ് ആദ്യമായിട്ടാണ് ചെയ്യുന്നത് എന്നറിഞ്ഞത് കളി കഴിഞ്ഞിട്ടാണ്.അതിന്റെ ഒരു പരിഭ്രമവും കണ്ടില്ല എന്നത് തന്നെയാണ് ഈ കലാകാരനെ വേറിട്ട് നിർത്തുന്നതും പ്രിയങ്കരനാക്കുന്നതും.ഇവിടെ എടുത്ത് പറയേണ്ട മറ്റൊന്ന് പാടി രാഗത്തിലുള്ള ഈ പദം അതിഗംഭീരമായി പാടിയ ശ്രീ രാം മോഹനേയും വിഷ്ണുവിനേയുമാണ്.പിന്നീട് വെള്ളിനേഴി ഹരിദാസേട്ടന്റെ നാരദനും ആയിട്ടുള്ള ബാലി വിജയം പതിവുള്ളത് പോലെ.

ഇത്രയും ആട്ടപ്രധാനമായ കഥകൾക്ക് നിശ്ചയിച്ച മേളക്കാരും അനുയോജ്യരായവരായിരുന്നു.ശ്രീ ബാലസുന്ദറും വേണുമോഹനും രവിശങ്കറും ശ്രീഹരിയും ചെണ്ടയിലും ശ്രീ ഹരിനാരായണനും രാജ് നാരായണനും വേണുവും ആറ്റുപുറം ബിജുവേട്ടനും മദ്ദളത്തിലും ശരിക്കും കൊട്ടി തകർത്തു എന്ന് തന്നെ പറയാം.തൊണ്ണൂറ്റൊമ്പത് ശതമാനവും യുവകലാകാരന്മാർ പങ്കെടുത്ത ഇത്രയും ഗംഭീരമായ ഒരു കഥകളി ഈ കലാരൂപത്തിന്റെ ഭാവി ശോഭനമാണെന്നതിനുള്ള തെളിവാണ്.


അതിരാവിലെയുള്ള ചെന്നൈ വണ്ടി പിടിക്കേണ്ടിയിരുന്നത് കൊണ്ട് മൂന്നാമത്തെ കഥയായ കിരാതം കാണാൻ സാധിച്ചില്ല.ഭാസിയേട്ടന്റെ കാട്ടാളൻ സത്യത്തിൽ കാണാൻ കഴിയാതിരുന്നതിൽ വിഷമമുണ്ട്.നല്ലൊരു കഥകളിയും സൗഹൃദക്കൂട്ടായ്മയും പൂർണ്ണമായി ആസ്വദിച്ച് നിറഞ്ഞ മനസ്സോട് കൂടിയാണ് ചെന്നൈയ്ക്ക് തിരിച്ചത്.ഇതിന്റെ മുഴുവൻ ക്രെഡിറ്റും മംഗലം മനോജേട്ടനും അനീഷേട്ടനും മറ്റു കുടുമ്പാംഗൾക്കുമാണ്.ഇനിയും ധാരാളം സ്മൃതിയരങ്ങുകൾ ഉണ്ടാകട്ടെ.

Tuesday, December 8, 2015

Giving up the sacred thread

വീണപ്പോൾ താങ്ങിയ അപരിചിതൻ
എന്നിലുള്ള സംശയം തീർത്തു തന്നില്ലേ
                      -കല്പറ്റ നാരായണൻ

കഴിഞ്ഞ കുറച്ച് ദിവസങ്ങളായി ഒന്നും എഴുതാൻ തോന്നിയിരുന്നില്ല.ഒരു ദുരന്തം ആദ്യമായിട്ട് നേരിൽ കണ്ടതിന്റെ ഞെട്ടൽ തന്നെയായിരുന്നു കാരണം.തൊട്ട് മുമ്പിൽ മനുഷ്യർ എല്ലാം നഷ്ടപ്പെട്ട് ഇനിയെന്ത് എന്ന ഏറ്റവും ദാരുണമായ ഒരു ചോദ്യം ചോദിക്കുമ്പോൾ വളരെ സുരക്ഷിതമായ ഒരു മുറിയിലിരുന്ന് ഫേസ്ബുക്കിൽ മനുഷ്യസ്നേഹത്തെ പറ്റിയോ ദീനാനുകമ്പയെ പറ്റിയോ പോസ്റ്റിടുന്നതിൽപരം കാപട്യവും വേറൊന്നില്ല.പക്ഷെ ഇപ്പോൾ ഒന്നു മനസ്സിലാവുന്നു.ദുരന്തമാണ് ഏറ്റവും വലിയ അധ്യാപകനെന്ന്.ലോകമഹായുദ്ധവും മഹാമാരിയും നേരിട്ട് അനുഭവിക്കാത്ത ഒരു സമൂഹത്തിൽ നിന്നുണ്ടാകുന്ന അസ്തിത്വവാദനോവലുകൾക്ക് ലോകോത്തരനിലവാരം ഉണ്ടാകില്ല എന്ന് പറയുന്നത് എത്ര ശരിയാണ്.

ഏതൊരു ചെന്നൈ നിവാസിയേയും പോലെ എന്നിലും കുറേ സംശയനിവാരണം നിർവഹിച്ചു ഈ ദുരന്തം. ആത്യന്തികമായി ഈ സമൂഹത്തിൽ മനുഷ്യൻ മാത്രമേ ഉള്ളൂ എന്ന് ഈ ദുരന്തമാണ് എനിക്ക് നേരിട്ട് പഠിപ്പിച്ച് തന്നത് .ബാക്കിയെല്ലാം സ്ഥാപിത താത്പര്യക്കാരുടെ സൃഷ്ടി മാത്രം. (ഈ അറിവ് ഇത്ര കാലം വായനയിൽ നിന്ന് മാത്രേ കിട്ടിയിരുന്നുള്ളൂ.പക്ഷെ നേരിട്ടുള്ള അനുഭവത്തിന് എത്ര മടങ്ങ് ശക്തി!!!!).ഈ തിരിച്ചറിവ്  സമകാലിക ഇന്ത്യയിൽ വളരെ ഗുണകരമാണെന്ന് പൂർണ്ണ ബോധ്യവുമുണ്ട്.വളരെ യാഥാസ്ഥിതികമായി ചിന്തിക്കുന്ന ഒരു ബ്രാഹ്മണ കുടുമ്പത്തിലാണ് ഞാൻ ജനിച്ചത്.കുടുമ്പാന്തരിക്ഷത്തിൽ എപ്പോഴും പൂജയെ പറ്റിയും അന്ധവിശ്വാസങ്ങളെപ്പറ്റിയുമാണ് സംസാരം അധികവും.പിന്നീട് പൂജാ വിഷയങ്ങളാണ് പഠിച്ചതും.അത് മനസ്സിലുയർത്തിയ ധാരാളം സംശയങ്ങൾ എന്നെ അതിൽ നിന്ന് വഴി മാറി സഞ്ചരിക്കാൻ പ്രേരിപ്പിച്ചു.പിന്നീട് ഇംഗ്ലീഷ് സാഹിത്യം പഠിക്കാൻ ചെന്നൈയ്ക്ക് വരുകയും  ഇവിടെ തന്നെ അധ്യാപകനായി തുടരുകയും ചെയ്തു.ചെന്നൈ ജീവിതവും എന്റെ വായനയും ലോകപരിചയവും എന്നിലെ യാഥാസ്ഥിതികനെ മാറ്റി മറിച്ചു എന്ന് തന്നെ പറയാം.ജാതിയുടേയും മതത്തിന്റേയും പൊള്ളത്തരം മനസ്സിലാക്കാനും കുറയൊക്കെ ആ സങ്കുചിത മനസ്ഥിതിയിൽ നിന്ന് പുറത്ത് കടക്കാനും ചെന്നൈ പഠിപ്പിച്ചു. എങ്കിലും കാലാകാലങ്ങളായി മനസ്സിന്റെ അടിത്തട്ടിൽ  അടിഞ്ഞു കൂടിയിരുന്ന ജാതി ബോധം പൂർണ്ണമായിട്ട് വിട്ടു പോയിരുന്നില്ല.അത് മാറി കിട്ടാനും ഈ ദുരന്തം സഹായിച്ചു. ദുരന്തത്തിൽ പെട്ട ആളുകളെ ഏത് ജാതിയാണെന്നോ മതമാണെന്നോ നോക്കാതെ സാധാരണക്കാരായ ജനങ്ങൾ രക്ഷിക്കുന്ന കാഴ്ച്ചയാണ് എവിടേയും കണ്ടത്.അത് എന്നിൽ അവശേഷിച്ചിരുന്ന ജാത്യാഭിമാനത്തെ കണക്കറ്റം പരിഹസിക്കുന്നതിനു ശേഷിയുള്ളതായിരുന്നു.അത് വലിയൊരു തീരുമാനം ജീവിതത്തിൽ എടുക്കാൻ പ്രേരിപ്പിച്ചു.ജാതിയുടെ പ്രകട ചിഹ്നമായ പൂണൂൽ ഉപേക്ഷിക്കാൻ.

    ഞാൻ എന്റെ പൂണൂൽ ഉപേക്ഷിച്ചു.


പലർക്കും ഇതൊരു സാധാരണ സംഭവമാവും.പക്ഷെ യാഥാസ്ഥിതികമായ അന്തരീക്ഷത്തിൽ ജനിച്ചു വളർന്ന എന്നെ സംബന്ധിച്ചിടത്തോളം അത്ര എളുപ്പമായിരുന്നില്ല ഈ കർമ്മം.വളരെ കാലത്തെ ചിന്തയും സ്വയം ബോധ്യങ്ങളും വേണ്ടി വന്നു എനിക്ക് എന്നെത്തന്നെ ബോധ്യപ്പെടുത്താൻ.ആ ബോധ്യം ഊട്ടിയുറപ്പിക്കാൻ ഒരു ദുരന്തം വേണ്ടി വന്നു എന്നത് ഒരു കാവ്യനീതിയായിരിക്കാം. 

Tuesday, November 24, 2015

Identity Politics

സമത്വമുന്നേറ്റയാത്രയിൽ യോഗക്ഷേമസഭാ പ്രസിഡന്റ് കാളിദാസ ഭട്ടതിരി പങ്കെടുത്തതിൽ യോഗക്ഷേമസഭയിൽ അഭിപ്രായവ്യത്യാസം.ഹിന്ദു ഐക്യം എന്ന ആശയത്തോട് വിരോധമില്ല, പക്ഷെ മുന്നേറ്റയാത്രയിൽ പങ്കെടുക്കുന്നതിനോട് യോജിപ്പില്ല എന്നാണ് ഒരു സഭാ നേതാവ് ടിവിയിൽ പറഞ്ഞത്.ഗ്രാമ്യഭാഷയിൽ പറഞ്ഞാൽ “ഹിന്ദു ഐക്യം എല്ലാം ആവാം, പക്ഷെ അതൊരു ഈഴവന്റെ കീഴിലാവണം എന്നത് പള്ളീ പോയി പറഞ്ഞാ മതി എന്ന്.”ഇത് തന്നെയാണ് ഉട്ടോപ്യനായ ഹിന്ദു ഐക്യത്തിലെ വിരോധാഭാസവും.അടരടരുകളായി നിലനിൽക്കുന്ന ജാതികളുടെ ഒരു സംഘാതമാണ് ഹിന്ദു എന്ന സംജ്ഞ.അതിന്റെ നിലനില്പ് എല്ലാക്കാലത്തും ഒരിക്കലും മാറാൻ സമ്മതിക്കാത്ത മേൽജാതി-കീഴ്ജാതി ഹൈറാർക്കി അടിസ്ഥാനപ്പെടുത്തിയാണ്.അത് ഏറ്റവും മേൽജാതിയായ നമ്പൂരിയിൽ മാത്രം കാണുന്ന ഒന്നല്ല, മറിച്ച് ഹിന്ദു സമുദായത്തിലെ (അങ്ങനെയൊന്നില്ല എന്ന് എം.ജി.എസ്)എല്ലാ ജാതികളിലും ഉണ്ട്.അതിന്റെ ഏറ്റവും വലിയ ദൃഷ്ടാന്തമാണ് വെള്ളാപ്പിള്ളി ഉപയോഗിക്കുന്ന ‘നായാടി മുതൽ നമ്പൂരി വരെ’ എന്ന പ്രയോഗം.ഇതിൽ ഈഴവനെ ഈ ഹൈറാർക്കിയുടെ മധ്യത്തിൽ നിർത്തുന്നതിൽ വെള്ളാപ്പിള്ളി അഭിമാനം കൊള്ളുന്നുമുണ്ട്.ഹിന്ദു ഐക്യം ഉണ്ടായാലും നായാടി ഈഴവന്റെ താഴെ തന്നെ എന്നർത്ഥം.ഇത് തന്നെയാണ് സ്വത്വരാഷ്ട്രീയത്തിന്റെ പ്രശ്നവും.സ്വത്വരാഷ്ട്രീയം എപ്പോഴും ഐഡന്റിറ്റിയെ ലിബറേറ്റ് ചെയ്യാം എന്നേ പറയൂ.അല്ലാതെ ഐഡന്റിറ്റിയിൽനിന്ന് ലിബറേറ്റ് ചെയ്യാൻ ശ്രമിക്കില്ല.അതിന്റെ പ്രശ്നം മാർക്സ് The German Ideology എന്ന പുസ്തകത്തിൽ പറയുന്നുണ്ട്: “as soon as the distribution of labour comes into being, each man has a particular, exclusive sphere of activity, which is forced upon him and from which he cannot escape.” അങ്ങനെ സംഭവിച്ചാൽ അവരവരുടെ നിലനില്പ് തന്നെയാണ് ചോദ്യം ചെയ്യപ്പെടുക.ഇത് മനസ്സിലാക്കതെയാണ് സ്വത്വരാഷ്ട്രീയത്തിലേക്ക് ഈയ്യാമ്പാറ്റകളെ പോലെ ജാതിവെറിയന്മാർ ചെന്ന് ചാടുന്നത്. ഐഡന്റിറ്റിയെ ലിബറേറ്റ് ചെയ്യുന്നതിന് പകരം ഐഡന്റിറ്റിയിൽനിന്ന് ലിബറേറ്റ്  ചെയ്യുക എന്നതാവണം യഥാർത്ഥ രാഷ്ട്രീയം.അങ്ങനെയുള്ള രാഷ്ട്രീയത്തിന് മാത്രേ സമൂഹത്തിന്റെ ടോട്ടാലിറ്റിയെ എൻഹാൻസ് ചെയ്യുന്ന വ്യക്തിസ്വത്വങ്ങളെ സൃഷ്ടിക്കാൻ കഴിയൂ.



Wednesday, September 23, 2015

സംവരണം

നമ്പൂതിരി യോഗക്ഷേമ സഭയ്ക്ക് പിറകെ കേരളത്തിലെ തമിഴ് ബ്രാഹ്മണസഭയും സംവരണാനുകൂല്യങ്ങൾക്ക് വേണ്ടി അവകാശവാദം ഉന്നയിച്ചിരിക്കുന്നു.ഗുജറാത്തിലെ പട്ടേൽ സമുദായത്തിൽ നിന്ന് തുടങ്ങിയ ഈ അമർഷം പതുക്കെ ഇന്ത്യയിലെ എല്ലാ സംവരണവിരുദ്ധവിഭാഗങ്ങളിലേക്കും പടരുന്ന കാഴ്ച്ചയാണ് കാണുന്നത്.സവർണ്ണ വിഭാഗങ്ങൾക്ക് തങ്ങളുടെ പഴയ അവകാശങ്ങൾ തിരികെ നേടിയെടുക്കാൻ ഏറ്റവും പറ്റിയ അവസരം ബി.ജെ.പി. ഭരിക്കുന്ന ഇന്ത്യയാണെന്ന് മറ്റാരേക്കാളും നല്ലവണ്ണം അറിയുന്നത് ഇവിടുത്തെ സവർണ്ണർക്ക് തന്നെയാണ്.പക്ഷെ ഇവരെല്ലാം സംവരണം എന്നതുകൊണ്ട് അർത്ഥമാക്കുന്നത് ജോലിയിലും വിദ്യാഭ്യാസത്തിലുമുള്ള പരിഗണനകളാണ്.അതായത് സംവരണത്തിന്റെ ലക്ഷ്യം തന്നെ ജോലിയിലും വിദ്യാഭ്യാസത്തിലുമുള്ള പരിഗണനകളാണ് എന്ന രീതിയിലാണ് വ്യാഖ്യാനിക്കുന്നത്.പക്ഷെ ഇന്ത്യൻ ഭരണഘടന മേല്പറഞ്ഞ പരിഗണനകളെ ലക്ഷ്യമായിട്ടല്ല, മറിച്ച് മാർഗ്ഗം മാത്രമായിട്ടാണ് പറയുന്നത്.ലക്ഷ്യം സാമൂഹ്യമായിട്ടുള്ള അനീതിയും ചൂഷണവും തുടച്ച് നീക്കുക എന്നതാണ്.
“Article 46 of the Constitution states that "The State shall promote with special care the educational and economic interests of the weaker sections of the people, and, in particular, of the Scheduled Castes and the Scheduled Tribes, and shall protect them from social injustice and all forms of exploitation."
അതായത് ഈ സാമൂഹ്യാനീതിയും ചൂഷണവും തുടച്ച് നീക്കാൻ ഒരു ഉപാധി മാത്രമണ് സംവരണം.അതിനേറ്റവും ശക്തമായ മാർഗ്ഗം കാലാകാലങ്ങളായി അടിച്ചമർത്തപ്പെട്ട വിഭാഗങ്ങളെ വിദ്യാഭ്യാസത്തിലൂടേയും ജോലി നൽകിയും സമൂഹത്തിന്റെ മുഖ്യധാരയിലേക്ക് കൊണ്ടുവരിക എന്നതാണ്.ഇപ്രകാരമുള്ള സാമൂഹികാനീതിയും ചൂഷണവും ഇവിടുത്തെ ഒരു സവർണ്ണ വിഭാഗവും അനുഭവിച്ചിട്ടില്ല, അനുഭവിക്കുന്നുമില്ല.അതുകൊണ്ട് തന്നെ അവർ സംവരണത്തിന് വേണ്ടി അവകാശവാദം ഉന്നയിക്കുന്നത് അസംബന്ധവുമാണ്.
യഥാർത്ഥത്തിൽ കാര്യങ്ങളെ സൂക്ഷ്മവായനയ്ക്ക് വിധേയമാക്കിയാൽ മനസ്സിലാവും ഇവർ സംവരണം ലഭിക്കാനല്ല സമരം ചെയ്യുന്നത്,പകരം ഇപ്പോൾ ലഭിക്കുന്നവർക്കുള്ള സംവരണം നിർത്തലാക്കാനാണ്.അതിനു ശേഷം ആർക്കും തെറ്റെന്ന് തോന്നാത്ത ‘കഴിവുള്ളവന് അവസരം നൽകുക’ എന്ന വ്യക്തിത്വ വികസന മന്ത്രം ഉയർത്തിക്കാട്ടി വീണ്ടും പഴയ പ്രതാപകാലത്തേക്ക് തിരിച്ചു വരികയും ചെയ്യാം.അതിന് ഏറ്റവും വളക്കൂറുള്ള മണ്ണ് ‘അച്ഛേ ദിൻ’ കൊണ്ട് വരാൻ പരിശ്രമിക്കുന്ന സംഘപരിവാരം ഭരിക്കുന്ന ഇന്നത്തെ ഇന്ത്യ തന്നെയാണ്.ഇപ്പോൾ പരിശ്രമിച്ചില്ലെങ്കിൽ അത് ഏറ്റവും വലിയ ചരിത്രവിഡ്ഢിത്തമാവുകയും ചെയ്യും.

Monday, September 21, 2015

Sanskrit Language

ലോകത്തിലെ ഏത് ഭാഷയും പോലെ സുന്ദരവും ലോകോത്തരസാഹിത്യം കൊണ്ട് സമ്പന്നവുമാണ് സംസ്കൃതം.പക്ഷെ ഒരു ഭാഷ ജൈവമായി നിലനിൽക്കുന്നത് അതിന്റെ രണ്ട് രൂപങ്ങളായ വരമൊഴിയിലൂടേയും വാമൊഴിയിലൂടേയും ആണ്.സംസ്കൃതഭാഷയെ സംബന്ധിച്ചിടത്തോളം അതിന്റെ വരമൊഴിരൂപം ഒരു പരിധി വരെ സംരക്ഷിക്കപ്പെട്ടിട്ടുണ്ട്.എന്നാൽ വാമൊഴിരൂപം നമുക്ക് പൂർണ്ണമായി നഷ്ടപ്പെട്ടു എന്ന്തന്നെ പറയാം.അത് ആർഷഭാരതവക്താക്കൾ കരുതുന്നപോലെ വിദേശഭാഷയായ ഇംഗ്ലീഷിന്റെ കടന്ന് കയറ്റം കൊണ്ടൊന്നുമല്ല, മറിച്ച് നമ്മുടെ സമൂഹത്തിൽ നിലനിന്നിരുന്ന ദുഷിച്ച സാമൂഹ്യാന്തരീക്ഷം ഭൂരിപക്ഷജനതയിൽ നിന്ന് ദൈവീകതയുടെ പേരിൽ ഈ ഭാഷയെ മാറ്റിനിർത്തിയതുകൊണ്ടാണ്.ലോകത്ത് ഒരു ഭാഷാസമൂഹങ്ങളിലും കാണാത്ത രീതിയിലുള്ള അശാസ്ത്രീയമായ ദൈവീകത സംസ്കൃതഭാഷയ്ക്ക് ചാർത്തികൊടുക്കുകയും അതിനെ വിമർശനബുദ്ധ്യാ പഠിക്കുന്നതിനു പകരം പൂജിക്കുന്നു എന്ന ദുര്യോഗമാണ് ഈ ഭാഷ നേരിടുന്ന ഏറ്റവും വലിയ വെല്ലുവിളി.ഒരു സമൂഹത്തിലെ ഭൂരിപക്ഷ ജനത സംസാരിക്കുമ്പോൾ മാത്രമേ ആ ഭാഷ ജൈവമായി നിലനിൽക്കുകയുള്ളൂ.നിർഭാഗ്യവശാൽ നമ്മുടെ സങ്കുചിത മനസ്ഥിതി കൊണ്ട് അതിന്റെ വാമൊഴിരൂപം നഷ്ടപ്പെട്ടു.ഇപ്പോൾ ഈ വാർത്ത ഒറ്റ നോട്ടത്തിൽ വളരെ പ്രോത്സാഹനകരം എന്ന് തോന്നാം.പക്ഷെ ഇവർ സംസാരഭാഷ എന്ന് അവകാശപ്പെടുന്നത് വരമൊഴിയാണ് എന്ന് ഈ വാർത്തയിൽ കൊടുത്തിരിക്കുന്ന ഉദാഹരണം വായിച്ചാൽതന്നെ മനസ്സിലാവും.അത് മലയാളത്തിൽ ഭർത്താവ് ഭാര്യയോട് പുട്ടിൽ തേങ്ങ കുറവാണ് എന്ന പരാതി "പുട്ടിൽ തേങ്ങയുടെ പ്രതിനിധാനം കുറവാണ്" എന്ന് പറഞ്ഞാൽ എത്രകണ്ട് അരോചകമാവുമോ അതു പോലെ പരിഹാസ്യമാവും.അതുകൊണ്ട് നഷ്ടപ്പെട്ടതിനെ വികലമായി തിരിച്ചു കൊണ്ടുവരുന്നതിലും ഭേദം നിലവിലുള്ളതിനെ സമൂഹത്തിന്റെ എല്ലാ കോണുകളിലേക്കും എത്തിക്കുക എന്നതാണ്.അതിന് 'ദേവനാഗരി' എന്ന ദുർഗന്ധം വമിക്കുന്ന തിരിച്ചറിയൽ കാർഡ് ആദ്യം വലിച്ചെറിയണം.

Actor Srinivasan

കേരളത്തിലെ മധ്യവർഗ്ഗപൊതുബോധത്തിനെ ചൂഷണം ചെയ്താണ് എല്ലാ ശ്രീനിവാസൻ സിനിമകളും ഉണ്ടായിരിക്കുന്നത്.എന്തിനേയും ഉപരിപ്ലവമായി സമീപിക്കുന്ന ഈ പൊതുബോധം അതുകൊണ്ട് തന്നെ ശ്രീനിവാസൻ സിനിമയിലെ അരാഷ്ട്രീയതയേയും പൊതുസമൂഹത്തിന് പരിഹാസ്യമായ സംഭവങ്ങളുടെ ചിത്രീകരണത്തേയും കൈയ്യടിച്ചു സ്വീകരിച്ചു.അതിന്റെ ആവർത്തനം മടുത്തു എന്നതിന്റെ ലക്ഷണമാണ് അടുത്തകാലത്തിറങ്ങിയ അയാളുടെ എല്ലാ സിനിമകളും.ഇങ്ങനെ തന്റെ പ്രശസ്തിക്ക് ക്ഷയം വന്നു തുടങ്ങുമ്പോൾ എല്ലാ വിദ്വാന്മാർക്കും ഉണ്ടാവുന്ന ഒരു അസുഖമാണ് ആദർശവേഷം കെട്ടുക എന്നത്.അതിനും അവർ തിരഞ്ഞെടുക്കുക മേല്പറഞ്ഞ പൊതുസമൂഹത്തിൽ കൂടുതൽ ആദർശപരിവേഷം ലഭിക്കുന്ന മേഖലകൾ തിരഞ്ഞെടുക്കുക എന്നതാണ്.അങ്ങനെയാണ് ടിയാൻ ഇപ്പോൾ ഏറ്റവും ജനശ്രദ്ധ ലഭിക്കുന്ന ജൈവപച്ചക്കറിക്കൃഷിയിലേക്ക് കാലെടുത്ത് വെക്കുന്നത്.ജൈവപച്ചക്കറി എന്ന സങ്കല്പത്തിന് ദോഷമൊന്നുമില്ല.പക്ഷെ അതിന്റെ പേരിൽ ശാസ്ത്രീയമായി വികസിതമായ എല്ലാം തെറ്റാണ് എന്ന് വാദിക്കുന്ന മൗലികവാദം ഒരു മനോരോഗമാണ്.ജൈവപച്ചക്കറിയുടെ പേരിൽ എല്ലാ കീടനാശിനികളും ഉപയോഗിച്ചുള്ള കൃഷി രീതികൾ അസംബന്ധമാണ് എന്ന് വാദിക്കുമ്പോൾ ശ്രീനിവാസൻ അപമാനിക്കുന്നത് ഭക്ഷ്യക്ഷാമം നേരിട്ട ഇന്ത്യയെ അതിൽ നിന്ന് കരകയറ്റി ഇന്നീ കാണുന്ന സ്വയം പര്യാപ്തത കൈവരിക്കാൻ സഹായിച്ച കുറേ ശാസ്ത്രജ്ഞരുടെ മഹത്തായ സംഭാവനകളെയാണ്.


ഇതേ മനോരോഗത്തിന്റെ ഏറ്റവും ഭീകരമായ വേർഷനാണ് ഇപ്പോൾ ഇയാൾ പറയുന്ന ക്യാൻസർ ചികിത്സയുമായി ബന്ധപ്പെട്ട പൊട്ടത്തരങ്ങൾ.ഏത് വിഷയവും അന്ധമായി പിന്തുടരുന്നത് മൗലികവാദമാണ്.ആ മനോരോഗത്തിന് ചികിത്സയാണ് ആദ്യം വേണ്ടത്.എത്രയും പെട്ടെന്ന് അയാളുടെ ബുദ്ധിക്ക് ബാധിച്ചിരിക്കുന്ന ക്യാൻസറിന് ചികിത്സ തേടിയിട്ടാവാം മലയാളി മധ്യവർഗ്ഗത്തെ പ്രബുദ്ധരാക്കൽ പ്രക്രിയ. 

Minority status for Namboothiri

ജീവിതം തന്നെ സമരമായി മാറിയ തൊഴിലാളി വര്‍ഗ്ഗം അധികാരികളുടെ കാരുണ്യത്തിനും സഹായത്തിനും വേണ്ടി കാത്തുനില്‍ക്കാതെ തങ്ങളുടെ അവകാശങ്ങള്‍ക്കായി ധീരമായി പോരാടുന്ന ഒരു രോമാഞ്ചജനകമായ കാഴ്ചയാണ് നമ്മളിപ്പോള്‍ കണ്ടുകൊണ്ടിരിക്കുന്നത്.ഇതേ കാലഘട്ടത്തില്‍ തന്നെ നമ്പൂതിരി സമുദായത്തെ ന്യൂനപക്ഷമായി അംഗീകരിക്കണം എന്ന പരിഹാസ്യവും അവശത നിറഞ്ഞതുമായ നിര്‍ദ്ദേശവും കാണേണ്ടി വന്നത് ചരിത്രത്തിന്‍റെ ഒരു കാവ്യനീതിയാവും.
യാതൊരു ശാസ്ത്രീയസാധൂകരണവുമില്ലാത്ത പാരമ്പര്യവാദത്തിലധിഷ്ഠിതമായി ഒരു ദേശത്തെ മുഴുവന്‍ അടക്കിവാണ ന്യൂനപക്ഷവിഭാഗമാണ് നമ്പൂതിരി സമുദായം.പഴയ ചൊല്ലു പോലെ 'ഉണ്ണുക, ഉറങ്ങുക,ഉണ്ണിയെ ഉണ്ടാക്കുക' എന്നല്ലാതെ ശരീരം അനക്കി പണിയെടുത്ത ശീലം നമ്പൂതിരിക്ക് ഉണ്ടായിരുന്നില്ല.അതിനൊരു മാറ്റം വന്നത് ഭൂപരിഷ്കരണത്തോട് കൂടിയാണ്.വിദ്യാഭ്യാസം നേടി ശരീരമനങ്ങി ജോലിയെടുത്താലേ പട്ടിണി കിടക്കാതെ ജീവിക്കാന്‍ കഴിയൂ എന്നവസ്ഥ വന്നപ്പോള്‍ അവന്‍ പഠിക്കാനും ജോലിക്ക് പോവാനും തയ്യാറായി.പക്ഷെ അപ്പഴും ശാന്തി-തന്ത്രവൃത്തി-വൈദികവൃത്തി തുടങ്ങിയ മേഖലകളിലെ അവകാശം വിട്ടുകൊടുത്തില്ല.ഇന്ന് വിദ്യാഭ്യാസം നേടാത്ത നമ്പൂതിരി യുവാക്കള്‍ ജീവിക്കുന്നത് മേല്‍പറഞ്ഞ ഏതെങ്കിലും ജോലി കൊണ്ടാണ്.അതിലുളള കുത്തക തകരുകയും എല്ലാ ജാതിക്കാര്‍ക്കും ഈ പ്രവൃത്തികള്‍ ചെയ്യാം എന്ന സ്ഥിതി വന്നാലേ നമ്പൂതിരി സമുദായം ആധുനികമായി പുരോഗമിക്കൂ.അതു വരെ ഉപനയനം കഴിഞ്ഞാല്‍ ഒരു വര്‍ഷം ചമതയിട്ടാല്‍ മതിയോ അതോ മൂന്നു വര്‍ഷം ചമതയിടണോ എന്ന ബാലിശമായ വിഷയത്തില്‍ കൂലങ്കഷമായി ചര്‍ച്ച ചെയ്ത് കാലം കഴിക്കും.
ഇരുപതാം നൂറ്റാണ്ടിന്‍റെ ആദ്യദശകങ്ങളില്‍ നമ്പൂതിരി സമുദായത്തിലെ ദുരാചാരങ്ങളില്‍ നിന്ന് സമുദായത്തെ വിമുക്തമാക്കി നമ്പൂതിരിയെ മനുഷ്യനാക്കി ആധുനികവത്കരിക്കാനാണ് യോഗക്ഷേമ സഭ സ്ഥാപിതമായതെങ്കില്‍ ഇന്ന് കാലത്തിനനുസരിച്ച് സഭാംഗങ്ങളെ ആധുനിക വിദ്യാഭ്യാസത്തിലൂടെ കൂടുതല്‍ പുരോഗമനമാക്കാനാണ് ശ്രമിക്കേണ്ടത്.അല്ലാതെ യാതൊരു അര്‍ഹതയുമില്ലാതെ അവശതയനുഭവിക്കുന്ന വിഭാഗങ്ങള്‍ക്ക് നല്‍കേണ്ടുന്ന സംവരണത്തിന് അവകാശമുന്നയിച്ചു കൊണ്ടല്ല.അത് ചരിത്രത്തോട് ചെയ്യുന്ന ഏറ്റവും വലിയ അനീതിയാവും.സ്മൃതി കൊണ്ട് കെട്ടിയുയര്‍ത്തിയ കോട്ടക്കൊത്തളങ്ങളെ പുരോഗമനചിന്ത കൊണ്ട് തല്ലി തകര്‍ത്ത വി.ടിയും എം.ആര്‍.ബിയും പ്രേംജിയുമെല്ലാം തുടങ്ങിയ ഒരു മഹാപ്രസ്ഥാനത്തെ വീണ്ടും സ്മൃതി കൊണ്ട് ഇരുട്ടറ കെട്ടി സമുദായംഗങ്ങളെ തളച്ചിടാന്‍ ശ്രമിച്ചാല്‍ കാലം നിങ്ങള്‍ക്ക് മാപ്പ് തരില്ല.എം.ടി. എഴുതിയത് പോലെ നാലുകെട്ട് പൊളിച്ച് കാറ്റും വെളിച്ചവും കടക്കുന്ന ഒരു കെട്ടിടം പണിയാനാവണം യോഗക്ഷേമസഭ ശ്രമിക്കേണ്ടത്.