Tuesday, June 24, 2014

പ്രദീപോജ്ജ്വലനായ ദശാസ്യന്‍


അസാധ്യമായ കാര്യങ്ങളെ തന്‍റെ ഇച്ഛാശക്തികൊണ്ടും ആത്മവിശ്വാസംകൊണ്ടും നേടിയെടുത്ത ഇതിഹാസകഥാപാത്രമാണ് രാവണന്‍.കഥകളിയിലെ ഏറ്റവും ആയാസമേറിയ ആറ് രാവണകഥാപാത്രങ്ങളെ തുടര്‍ച്ചയായി ശ്രീ കലാ: പ്രദീപ് അവതരിപ്പിച്ചു കണ്ടപ്പോള്‍ ഉല്‍ക്കര്‍ഷേച്ഛുവായ രാവണന്‍ പരകായപ്രവേശം ചെയ്തതായിട്ട് തന്നെയാണ് അനുഭവപ്പെട്ടത്.
ദശാസ്യം എന്ന ഈ പ്രോഗ്രാം ലക്ഷ്യം വെയ്ക്കുന്ന എല്ലാ ഉദ്ദേശ്യശുദ്ധികളും മനസ്സിലുളളപ്പോള്‍ തന്നെ ഒരു കഥകളി ആസ്വാദകന്‍ എന്ന നിലയില്‍ അല്പം ആശങ്കയോടുകൂടിയാണ് പോയത്.ഒന്നാമതായി ആറുകഥകള്‍ തുടര്‍ച്ചയായി ആടിഫലിപ്പിക്കാനുളള പ്രായോഗിക ബുദ്ധിമുട്ട്, ഈ കഥകള്‍ സൃഷ്ടിക്കുന്ന നൈരന്തര്യത്തിന്‍റെ അഭാവം തുടങ്ങി പലതും.പക്ഷെ ഈ മഹാനായ കലാകാരന്‍റെ ഇച്ഛാശക്തിക്കും അര്‍പ്പണബോധത്തിനും മുമ്പില്‍ എന്‍റെ ആശങ്കകളെല്ലാം അസ്ഥാനത്തായി.അസ്ഥാനത്തായി എന്ന് മാത്രമല്ല, ഈ നൈരന്തര്യത്തെ വളരെ രസകരമായി നോക്കിക്കാണാനും സാധിച്ചു.
ആധുനിക സാഹിത്യത്തില്‍ വളരെ പ്രചാരമേറിയ ഒരു സ്കൂളാണ് ബോധധാരാ നോവലുകള്‍.ഭൗതിക ലോകത്തെ ഘടികാരങ്ങളെ തകര്‍ത്ത് മനുഷ്യമനസ്സില്‍ ചലിക്കുന്ന ആന്തരികഘടികാരങ്ങളെ പിന്തുടരുന്ന ഒരു രചനാശൈലിയാണ് ഈ നോവലുകള്‍ക്കുളളത്.രേഖീയമായ ഒരു ജീവിത ചിത്രീകരണത്തിനു പകരം മനുഷ്യമനസ്സിന്‍റെ പ്രവചനാതീതമായ വക്രഗതിയാണ് ഈ നോവലുകള്‍ സത്യസന്ധമായി ചിത്രീകരിച്ചത്.വര്‍ത്തമാനത്തില്‍നിന്ന് ഭൂതകാലത്തിലേക്കും അവിടെ നിന്ന് ഭാവിയിലേക്കും തിരിച്ച് ഭൂതത്തിലേക്കോ വര്‍ത്തമാനത്തിലേക്കോ ക്രമവിരുദ്ധമായി ചലിക്കുന്ന ഒരു ആവിഷ്കരണരീതി ഇവയില്‍ കാണാന്‍ കഴിയും.ദശാസ്യത്തിലെ കഥകളുടെ ക്രമത്തിലും സമാനമായ ഒരു ആവിഷ്കാരരീതി അനുഭവപ്പെട്ടു.ഒരുപക്ഷെ ഇത് ബോധപൂര്‍വ്വം അല്ലായിരിക്കാം.
ഉദ്ഭവത്തില്‍ എനിക്ക് സുഖം ഭവിച്ചു എന്നുളളത് വര്‍ത്തമാനകാലമാണ്.അതിനു കാരണമെന്ത് എന്ന് രാവണന്‍ ആലോചിക്കുമ്പോള്‍ മനസ്സ് ഭൂതകാലത്തിലേക്ക് സഞ്ചരിക്കുന്നു.ഗബ്രിയേല്‍ ഗാര്‍സിയ മാര്‍ക്കേസ് മാജിക്കല്‍ റിയലിസത്തിലൂടെ ലാറ്റിനമേരിക്കന്‍ സാഹിത്യത്തില്‍ നിര്‍വ്വഹിച്ചതുപോലെ രാവണന്‍റെ ഓര്‍മ്മകളിലൂടെ പ്രൗഢമായ ഭൂതകാലത്തെ വീണ്ടെടുക്കുന്നു.ഇവിടെ എടുത്ത്പറയേണ്ടത് കറതീര്‍ന്ന കല്ലുവഴി സമ്പ്രദായത്തിന്‍റെ സൗന്ദര്യം കഥകളിത്തം തരിമ്പു പോലും നഷ്ടപ്പെടുത്താതെ ശ്രീ പ്രദീപ് മുഴുനീളെ അവതരിപ്പിച്ചു എന്നുളളതാണ്.ഉദ്ഭവത്തില്‍ ത്രൈലോക്യനാഥന്‍ എന്ന മുദ്രകാണിക്കാത്തതുപോലും രാവണന്‍റെ ആത്മവിശ്വാസത്തിന്‍റെ അത്യുദാത്തമായ മനോനിലയായിട്ടേ കണക്കാക്കാന്‍ കഴിയൂ.
ഓര്‍മ്മകളിലൂടെ സഞ്ചരിക്കുന്ന ഉത്ഭവത്തില്‍ നിന്ന് രണ്ടാമത്തെ കഥയായ രംഭാപ്രവേശത്തിലൂടെ വര്‍ത്തമാനകാലത്തിലേക്ക് രാവണന്‍ വരുമ്പോള്‍ ആ നൈരന്തര്യം നഷ്ടപ്പെട്ടതായി നമുക്ക് അനുഭവപ്പെടുന്നില്ല.എല്ലാ ചാപല്ല്യങ്ങളുമുളള മനുഷ്യനായി രാവണന്‍ മാറുന്നു.ലോകധര്‍മ്മിക്ക് അനവധി സാധ്യതകളുളള ഈ കഥയില്‍പോലും നാട്യധര്‍മ്മിയുടെ അതിരുകള്‍ ശ്രീ പ്രദീപ് ലംഘിക്കുന്നില്ല എന്നുളളത് ഈ കലാകാരന്‍റെ വൈഭവം തെളിയിക്കുന്നു.അദ്ദേഹത്തിന് ദാഹിച്ചപ്പോള്‍ വെളളം മേടിച്ചുകുടിച്ച രംഗം കാണികളെ വളരെയേറെ രസിപ്പിച്ചു.അവിടെയാണ് ഈ കലാകാരന്‍റെ രംഗബോധം മനസ്സിലാവുക.പ്രദീപ് ദാഹിച്ചിട്ട് വെളളം കുടിക്കുന്നു എന്നത് രാവണന്‍ വെളളം കുടിക്കുന്നതായി കാണികളെ അനുഭവിപ്പിക്കാന്‍ കഴിഞ്ഞപ്പോള്‍ ആ വലിയ കലാകാരന്‍റെ രംഗബോധത്തെ മനസ്സുകൊണ്ട് സാഷ്ടാംഗം നമസ്കരിച്ചു.
മൂന്നാമത്തെ കഥയായ ബാലി വിജയത്തിലെത്തുമ്പോള്‍ കഥാഘടന ഉദ്ഭവത്തോട് സമാനമാവുന്നുണ്ട്.നാരദനോട് ചന്ദ്രഹാസം ലഭിച്ച കഥ വിവരിക്കുന്നതിലൂടെ വീണ്ടും വര്‍ത്തമാനത്തില്‍നിന്ന് ഭൂതകാലത്തിലേക്ക് സഞ്ചരിക്കുന്നു.കൈലാസോദ്ധാരണവും പാര്‍വതീ വിരഹവും ആടുന്നത് ഉദ്ഭവവും രംഭാപ്രവേശവും കഴിഞ്ഞിട്ടാണ് എന്ന് വിശ്വസിക്കാന്‍ തന്നെ പ്രയാസം.തപസ്സാട്ടത്തില്‍ കണ്ട അതേ ഊര്‍ജ്ജം കൈലാസോദ്ധാരണത്തില്‍ കണ്ടപ്പോള്‍ ചില അനുഷ്ഠാന കലകളില്‍ കാണുന്നപോലെ ശരിക്കും രാവണന്‍ പ്രദീപില്‍ പരകായപ്രവേശം ചെയ്തു എന്ന് തോന്നിപ്പോയി.കലാകാരനും കഥാപാത്രവും ഒന്നാകുന്ന അവസ്ഥ.തുടര്‍ന്നുനടന്ന ബാലിവധം, തോരണയുദ്ധം, യുദ്ധം എന്നീ കഥകളിലൂടെ ശൃംഗാരവും ക്രോധവും വീര്യവും പരാക്രമശാലിത്വവും എല്ലാം മാറിമറിഞ്ഞ് ആ വേദിയില്‍ നിറഞ്ഞാടി.രാമരാവണയുദ്ധത്തിലൂടെ ദശാസ്യം പര്യവസാനിച്ചു.
ധനാശിപാടുമ്പോള്‍ രാവണന്‍ വേദിയില്‍നിന്നാടിയത് 10 മണിക്കൂറും 2മിനിറ്റും.ശ്രീ പ്രദീപ് വേദിയില്‍നിന്നിറങ്ങിയപ്പോള്‍ കണ്ട ഒരു രംഗം അവിടെ നിന്ന എല്ലാവരുടേയും മനസ്സ് കുളിര്‍പ്പിക്കുകയും കണ്ണ് നനയിപ്പിക്കുകയും ചെയ്തു.കഴിഞ്ഞ പതിനെട്ട് വര്‍ഷമായി ഞാന്‍ കഥകളി കാണുന്നു.ആദ്യമായിട്ടാണ് ഒരു കഥകളിനടന്‍ വേദിയില്‍നിന്ന് ഇറങ്ങിവരുമ്പോള്‍ ആരാധകര്‍ ചുറ്റും നിന്ന് ആര്‍പ്പു വിളിക്കുന്നത് കാണുന്നത്.അത് ഈ മഹാനടന്‍ അര്‍ഹിക്കുന്ന അംഗീകാരം തന്നെയാണ്.അദ്ദേഹത്തിന്‍റെ ഗുരുനാഥന്‍ ശ്രീ വാഴേങ്കട വിജയന്‍, കൂടെ വിഭീഷണനായി വേഷം കെട്ടിയ മകന്‍ പ്രണവ്, സഹധര്‍മ്മിണി, മറ്റു കുടുമ്പാംഗങ്ങള്‍ തുടങ്ങിയവര്‍ സന്നിഹിതരായിരുന്നത് അദ്ദേഹം ചെയ്ത സുകൃതത്തിന്‍റെ ഫലം.കൂടെ സഹകരിച്ച കലാകാരന്മാരും ഈ പ്രോഗ്രാം ഇത്ര ഗംഭീരമായി സംഘടിപ്പിച്ച സംഘാടകരും, പ്രത്യേകിച്ച് ഹരി ചാക്യാര്‍, രഞ്ജിനി, നാരായണേട്ടന്‍ തുടങ്ങി അനവധിപേര്‍ പ്രത്യേക അഭിനന്ദനം അര്‍ഹിക്കുന്നു.ജീവിതത്തില്‍ അസുലഭമായ ഒരു കലാവിരുന്നിന് സാക്ഷിയാവാന്‍ സാധിച്ചതിലുളള അതിയായ ചാരിതാര്‍ത്ഥ്യത്തോടു കൂടി ആ മഹാ കലാകാരനെ മനസ്സു കൊണ്ട് സാഷ്ടാംഗം നമസ്കരിക്കുന്നു.ഇനിയും ഇതുപോലുളള അപൂര്‍വ്വനേട്ടങ്ങള്‍ കൈവരിക്കാനുളള ആരോഗ്യവും ദൈവാനുഗ്രഹവും അദ്ദേഹത്തിനുണ്ടാവട്ടെ എന്ന് പ്രാര്‍ത്ഥിക്കുന്നു.

Thursday, June 5, 2014

പരിസ്ഥിതിയും മനുഷ്യനും

പ്രകൃതിഭംഗിനിറഞ്ഞ ഒരു ഗ്രാമത്തിൽ ജനിച്ചു വളർന്നതുകൊണ്ടാകണം പരിസ്ഥിതിയുടെ മൂല്യം കുട്ടിക്കാലത്ത് അറിഞ്ഞിരുന്നില്ല.പിന്നീട് ഹൈസ്കൂളിൽ പഠിക്കുന്ന കാലത്ത് ശാസ്ത്രസാഹിത്യപരിഷത്തിന്റെ എല്ലാ പരിപാടികളിലും പങ്കെടുക്കുമായിരുന്നു.അവിടെനിന്നാണ് പ്രകൃതി സംരക്ഷണം എന്ന വാക്ക് ആദ്യമായി കേൾക്കുന്നത്.എങ്കിലും പ്രകൃതിയുടെ സംരക്ഷണം നമ്മുടെ ദൈനംദിന ജീവിതവുമായിട്ട് എങ്ങനെ ബന്ധപ്പെട്ടുകിടക്കുന്നു എന്ന് അന്ന് മനസ്സിലായില്ല.കാരണം അതുവരെ കേട്ട കഥകളിലും ഉപദേശങ്ങളിലും പ്രകൃതി അദൃശ്യനായ ഈശ്വരന്റെ സൃഷ്ടിയാണെന്നും മനുഷ്യൻ അതിന്റെ മുൻപിൽ നിസ്സാരനായ ഒരു ജീവി മാത്രമാണെന്നുമാണ്.പിന്നീട് കാര്യങ്ങൾ കൂടുതൽ മനസ്സിലാക്കുകയും അതിനെപ്പറ്റി വായിക്കുകയും ചെയ്തപ്പോൾ ഒരു കാര്യം തീർച്ചയായി:മനുഷ്യൻ അത്ര നിസ്സാരനല്ലെന്നും അനേകകോടി വർഷങ്ങൾകൊണ്ട് പരിണമിച്ച് എല്ലാ ജീവജാലങ്ങൾക്കും വാസയോഗ്യമായ ഈ ഭൂമിയെ ഒരു മരുഭൂമിയാക്കിമാറ്റാൻ ഈ ‘നിസ്സാരനായ’ മനുഷ്യന്   അധികകാലമൊന്നും വേണ്ടിവരില്ലെന്ന്.അതിനാവശ്യമായ ദുഷ്ടതകളടങ്ങിയ പ്രോമിത്യൂസിന്റെ പേടകവുമായിട്ടാണ് എല്ലാ മനുഷ്യരും ഈ ഭൂമിയിലേക്ക് വരുന്നത്.

തൊണ്ണൂറുകളുടെ ആരംഭത്തിൽ സ്കൂൾവിദ്യാർത്ഥിയായിരിക്കുമ്പോൾ അന്നത്തെ ആക്റ്റിവിസ്റ്റുകൾ നൽകിയ മുന്നറിയുപ്പുകൾ ഇന്ന് വലിയ ശരികളായി മാറിയിരിക്കുന്നു.പിന്നീട് പരിസ്ഥിതിസംരക്ഷണത്തെ സംബന്ധിച്ച് ബൈബിൾ എന്ന് വിശേഷിപ്പിക്കുന്ന റേച്ചൽ കാഴ്സന്റെ ‘സൈലന്റ് സ്പ്രിംഗ് എന്ന പുസ്തകം വായിച്ചപ്പോൾ ഇതിന്റെ ഭീതിജനകമായ അവസ്ഥയും അതിന്റെ വരും വരായ്കളും തിരിച്ചറിഞ്ഞു.പിന്നീട് കോളേജിൽ പഠിച്ചിട്ടുള്ള ഇക്കോ ക്രിട്ടിസിസം എന്ന സാഹിത്യനിരൂപണശാഖയും ഈ വിഷയത്തിൽ കൂടുതൽ ചിന്തിക്കാൻ സഹായിച്ചു.ഈ അവബോധം എന്റെ രാഷ്ട്രീയത്തെ രൂപപ്പെടുത്തുന്നതിൽ വലിയ പങ്കു വഹിച്ചിട്ടുണ്ട്.രാഷ്ട്രീയം മനുഷ്യന്റെ ഉന്നമനത്തിന് വേണ്ടി മാത്രമല്ല നിലകൊള്ളേണ്ടത് മറിച്ച് ജീവവും അജീവവും ആയ എല്ലാ വസ്തുക്കളുടേയും സംരക്ഷണത്തിന് വേണ്ടിയാകണം എന്ന് ബോധ്യം വന്നു .പക്ഷെ പുത്തൻ രാഷ്ട്രീയപരിപ്രേക്ഷ്യങ്ങളെല്ലാം മധ്യകാലഘട്ടത്തിൽ മതങ്ങൾ വിശ്വസിച്ചത് പോലെ മനുഷ്യനാണ് ഭൂമിയുടെ കേന്ദ്രബിന്ദു എന്നും എല്ലാം അവന്റെ സുഖത്തിനും സന്തോഷത്തിനും വേണ്ടിയുള്ളതാണെന്നുമാണ്.ഈ അപകടം പിടച്ച രാഷ്ട്രീയത്തിനെതിരെ ഇനിയും നമ്മൾ മൗനമാചരിച്ചാൽ ഭാവിയിൽ വലിയ വില നൽകേണ്ടി വരും.

നേരത്തെ ചൂഷണം സ്യൂഡോ വികസനത്തിന്റെ കേന്ദ്രങ്ങളായ നഗരങ്ങളായിരുന്നെങ്കിൽ ഇപ്പോൾ അത് ഒരിക്കലും ഉണ്ടാവില്ല എന്നു വിശ്വസിച്ച ഗ്രാമങ്ങളിലേക്കും വന്നുതുടങ്ങി. നിർഭാഗ്യവശാൽ കമ്മ്യൂണിസ്റ്റ്പാർട്ടിയടക്കം എല്ലാ രാഷ്ട്രീയപാർട്ടികളും ഇവിടുത്തെ ഭൂമാഫിയക്കനുകൂലമാണ്. അപ്പോൾ വേറെന്താണ് വഴി?രാഷ്ട്രീയമായ നിറഭേദങ്ങളൊന്നുമില്ലാതെ അതാത് സ്ഥലത്തെ ജനങ്ങൾ ഒത്തുകൂടി ശക്തമായി പ്രതിഷേധിക്കുക.വളരെ ശ്രദ്ധേയമായ പല പരിസ്ഥിതിസമരങ്ങളിൽനിന്നും ഊർജ്ജമുൾക്കൊണ്ട് തങ്ങളുടെ ചുറ്റുപാടും സംരക്ഷിക്കുക.ഒരിക്കലും ഉണ്ടാവില്ല എന്നു പ്രതീക്ഷിച്ച ഇതുപോലുള്ള ചൂഷണങ്ങൾ ഞങ്ങളുടെ ഗ്രാമത്തിനേയും കാർന്നുതുടങ്ങി.വളരെ സന്തോഷമെന്ന് പറയട്ടെ എന്റെ ഏറ്റവും അടുത്ത സുഹൃത്തിന്റെ നേതൃത്ത്വത്തിൽ ചോരയും നീരുമുള്ള ഒരു പറ്റം ചെറുപ്പക്കാർ അതിനെതിരെ ശക്തമായി പ്രതികരിക്കുന്നു.നീതിക്കുവേണ്ടിയുള്ള സമരമാകുമ്പോൾ അത് വിജയിക്കും എന്ന കാര്യത്തിൽ യാതൊരു സംശയവുമില്ല.പ്രകൃതിരമണീയമായ ഒരു ഗ്രാമത്തിൽനിന്നു ഊഷരമായ ചെന്നൈ നഗരത്തിൽ എത്തിപ്പെട്ടപ്പോളാണ് മനുഷ്യജീവിതത്തിൽ പ്രകൃതിയുടെ പ്രാധാന്യം മനസ്സിലായത്. അധികം വൈകാതെ തിരിച്ചെത്തണമെന്ന ആഗ്രഹത്തോടെ എല്ലാ പരിസ്ഥിതിസമരങ്ങളും വിജയിക്കട്ടെ എന്നാഗ്രഹിക്കുന്നു.





Wednesday, May 7, 2014

ഉത്തരീയത്തിൻറെ രാവണോത്ഭവം


കഥകളിയിൽ കാണികളെ ഏറ്റവുമധികം ത്രസിപ്പിക്കുകയും ആവേശചിത്തരാക്കുകയും ചെയ്യുന്ന കഥാപാത്രമാണ് ഉത്ഭവത്തിലെ രാവണൻ.ചെന്നൈ ഉത്തരീയം ഇന്നലെ അവതരിപ്പിച്ച ഉത്ഭവത്തിൽ രാവണനെ അവതരിപ്പിച്ച ശ്രീ കലാമണ്ഡലം പ്രദീപ് മേൽസൂചിപ്പിച്ച ഘടകങ്ങളോട് പൂർണ്ണമായും നീതി പുലർത്തി.കഥകളിയിലെ മറ്റു കഥാപാത്രങ്ങളെ അപേക്ഷിച്ച് പണ്ഡിതപാമര ഭേദമന്യേ ആത്മഭാവം തോന്നുന്ന കഥാപാത്രമാണ് രാവണൻ.അതിന് കാരണം നമ്മുടെ തന്നെ ഒരു അപരവ്യക്തിത്വമാണ് രാവണൻ എന്നുളളതാണ്.കഥകളിയിലെ രാവണൻറെ പാത്രസൃഷ്ടി അസുരൻ എന്ന വാക്ക് പ്രതിനിധാനം ചെയ്യുന്ന അധമതലങ്ങളെ മറികടന്ന് മനുഷ്യൻറെ അപരിമേയമായ ആന്തരികശക്തിയുടെ ഉദാത്തമായ പ്രതിനിധാനമായി മാറുന്നു.രാവണൻറെ ഈ അപരിമേയ ശക്തി അഭിനയിച്ച് ഫലിപ്പിക്കുന്നതിൽ ശ്രീ പ്രദീപ് കാണിച്ച വൈഭവം അസാധാരണമായിരുന്നു.

തൻറെ അപ്രതിരോധ്യമായ ശക്തിയിൽ അടിയുറച്ച് വിശ്വസിക്കുന്ന കാര്യത്തിൽ രാവണനോളം പൂർണ്ണത പ്രകടിപ്പിക്കുന്ന ഒരു കഥാപാത്രം ലോകസാഹിത്യത്തിൽ തന്നെ വിരളമായിരിക്കും.തനിക്ക് തികച്ചും അവകാശപ്പെട്ട വരങ്ങൾ ത്രൈലോക്യനാഥനായ ബ്രഹ്മാവാണെങ്കിൽപ്പോലും താണ്കേണപേക്ഷിച്ച് വാങ്ങുകയല്ല വേണ്ടത്, മറിച്ച് വർദ്ധിതവീര്യത്തോടുകൂടി പിടിച്ചുവാങ്ങുകയാണ് വേണ്ടത് എന്ന കാര്യത്തില്‍ രാവണന് യാതൊരു സംശയവുമില്ല.ഈ ഉറച്ച അവകാശബോധം സാധാരണക്കാരായ നമ്മളെ ഉത്തേജിപ്പിച്ചില്ലെങ്കിലേ അത്ഭുതമുളളൂ.തനിക്ക് എന്തുകൊണ്ടും അർഹതയുളള അവകാശങ്ങൾ ലഭിച്ചതിനുശേഷം അവ തന്ന ആളെ ആവശ്യത്തിലധികം ബഹുമാനിക്കാനോ അയാളോട് അനാവശ്യമായ നന്ദിപ്രകടനം നടത്താനോ ആത്മവിശ്വാസത്തിൻറെ മൂർത്തിമദ്ഭാവമായ രാവണന് സാധിക്കുന്നില്ല.ഈ ഒരു ഊർജ്ജിതമായ വ്യക്തിത്വം തന്നെയാണ് ദുർബലചിത്തരായ നമ്മളെ രാവണൻറെ ആരാധകരാക്കുന്നത്.തൻറെ സ്വകാര്യമായ നേട്ടത്തിന് വേണ്ടി സ്വവ്യക്തിത്വം ഒരിടത്തും അടിയറ വെയ്ക്കുന്നില്ല എന്നുളളത് നമ്മുടെ ബഹുമാനം പതിന്മടങ്ങ് വർദ്ധിപ്പിക്കുന്നു.അഞ്ചാമത്തെ അഗ്നിയായി സൂര്യനോട് നിൽക്കണമെന്ന് അപേക്ഷിക്കുകയല്ല രാവണൻ ചെയ്യുന്നത് മറിച്ച് കൽപ്പിക്കുകയാണ്.അവകാശബോധവും ജീവിതാഭിലാഷങ്ങളുമുളള ഏതൊരു വ്യക്തിയെപ്പോലെയും തൻറെ ലക്ഷ്യം നേടിയെടുക്കാൻ സ്വജീവൻപോലും ബലിയർപ്പിക്കാൻ തയ്യാറാവുംബോൾ രാവണൻ എന്ന കഥാപാത്രം പാത്രസൃഷ്ടിയുടെ അത്യുദാത്ത മേഖലകൾ കൈയ്യടക്കുന്നു.ഈ പാത്രസൃഷ്ടിയിൽ ആട്ടകഥാകാരൻ പ്രകടിപ്പിച്ച ഔചിത്യം അനിർവചനീയമാണ്.ഓരോ സന്ദർഭത്തിലുമുളള അലർച്ച പോലും ഈ കഥാപാത്രത്തിന്‍റെ പ്രൗഢിയുടെ ആക്കം കൂട്ടുന്നു.

ഏതൊരു കാലഘട്ടത്തിലേയും മനുഷ്യസമൂഹത്തിൽ കാണുന്ന നിഷ്കർമ്മണ്യതയുടെ പ്രതീകങ്ങളാണ് കുംഭകർണ്ണനും വിഭീഷണനും.അതർഹിക്കുന്ന പുച്ഛത്തോടെ പ്രതാപബലവാനായ രാവണൻ തളളിക്കളയുന്നു.പക്ഷെ അപ്പോഴും തൻറെ സഹോദരന്മാരോടുളള സ്നേഹം ഏതൊരു മനുഷ്യനേയും പോലെ രാവണൻറെ മനസ്സിലും ഊറിക്കൂടി വരുന്നു.പാത്രസൃഷ്ടിയിലുളള അതിസൂക്ഷ്മമായ കൈയ്യടക്കത്തിലൂടെ അസുരൻ എന്നുളളത് നമ്മളിലെല്ലാം കുടികൊളളുന്ന ഒരു മാനസികതലമാണെന്ന് ആട്ടകഥാകാരൻ പറയാതെ പറയുന്നു.ഈയൊരു പാത്രസൃഷ്ടിവൈഭവമാണ് സാധാരണക്കാരായ നമ്മളേയും രാവണനുമായി തന്മയീഭവിപ്പിക്കുന്നത്.മനുഷ്യമനസ്സിലെ ഈ വിവിധ ഭാവങ്ങളെ അസാധാരണമായ കൈയ്യടക്കത്തോടെ അഭിനയിച്ചു ഫലിപ്പിച്ച ശ്രീ കലാ. പ്രദീപ് കഥകളിയിലെ എക്കാലത്തേയും മികച്ച നടന്മാരിൽ ഒരാളാണെന്ന് സംശയലേശമന്യേ തെളിയിച്ചു.
ശ്രീ കലാ. ബാജിയോ അവതരിപ്പിച്ച കുംഭകർണ്ണനും ശ്രീ കലാ. ശിബിചക്രവർത്തി അവതരിപ്പിച്ച വിഭീഷണനും ശ്രീ പ്രദീപിന് മികച്ച പിന്തുണ നല്കി.ശ്രീ അത്തിപറ്റ രവിയും ശ്രീ പനയൂർ കുട്ടനും നയിച്ച സംഗീതവും ശ്രീ കലാ. ബാലസുന്ദരനും ശ്രീ കലാ. വേണുമോഹനും ശ്രീ കലാ. ഹരിദാസനും ശ്രീ കലാ. വൈശാഖനും നയിച്ച മേളവിഭാഗവും പിന്നണിയിൽ പ്രവർത്തിച്ച ശ്രീ കലാ. സതീശനും ശ്രീ കോട്ടയ്ക്കൽ കുഞ്ഞിരാമനും ശ്രീ ഉണ്ണികൃഷ്ണനും ശ്രീ രാജനും ഈ ഉത്ഭവം ചെന്നൈയിലെ കഥകളി പ്രേമികൾക്ക് ഒരിക്കലും മറക്കാനാവാത്ത ഒരു അനുഭവമാണ് നൽകിയത്.

Monday, April 7, 2014

T M Krishna

ടി.എം.കൃഷ്ണയുടെ ഇന്റെർവ്യൂവിൽ അദ്ദേഹത്തിന് സംഗീതത്തെപറ്റിയുള്ള കാഴ്ചപ്പാടിന്റേയും തന്റെ ശൈലിയിലുള്ള മാറ്റത്തെ സംബന്ധിച്ചുള്ള അഭിപ്രായത്തിന്റേയും വരികൾക്കിടയിൽ വായിച്ചപ്പോൾ എന്റെ വികടബുദ്ധിയിൽ തോന്നിയ ചില കാര്യങ്ങളാണീ കുറിപ്പിൽ.

ഒരു പെർഫോർമർ എന്ന നിലയിൽ എല്ലാ തരത്തിലുമുള്ള പ്രശസ്തിയും അംഗീകാരങ്ങളും നേടിയ ആളാണ് കൃഷ്ണ.ഒരു ‘സംഗീതകലാനിധി’ മാത്രമേ ബാക്കിയുള്ളൂ.അയാളുടെ സ്വാധീനം വെച്ച് അത് തരപ്പെടുത്താൻ വല്ല്യ ബുദ്ധിമുട്ടും ഇല്ല.കൃഷ്ണ തന്നെ തുറന്നു സമ്മതിക്കുന്നപോലെ ഈ രസികരുടെ വാഴ്തലുകളും കൈയ്യടികളും മടുത്തു എന്നു പറയുന്നതിൽ കുറച്ച് വാസ്തവമില്ലാതെയില്ല.ഈ മുഖസ്തുതികളുടെ ഉച്ചസ്ഥായിയിൽ എത്തിയാൽ അതിലും ഉയർന്ന ഒരു പ്രതലത്തിലേക്ക് പോണം എന്ന് ഏതൊരു കലാകാരനും സ്വാഭാവികമായി തോന്നാം.

കൃഷ്ണയുടെ സംഗീതത്തെപ്പറ്റിയുള്ള വ്യാഖ്യാനങ്ങൾ കേട്ടപ്പോൾ എന്റെ മനസ്സിലേക്ക് വന്നത് മറ്റൊരു മഹാഗായകനാണ്…..സാക്ഷാൽ എം.ഡി.ആർ.ഇപ്പോൾ കൃഷ്ണ കലഹിക്കുന്ന പോലെ സാമ്പ്രദായിക  രീതികളോട് കലഹിച്ച ഒരാളാണ് എം.ഡി.ആർ.അറിഞ്ഞിടത്തോളം അദ്ദേഹം ജീവിച്ചിരുന്ന കാലത്ത് വലിയ അംഗീകാരം അദ്ദേഹത്തിന് ലഭിച്ചിരുന്നില്ല.ഒരു സാധാരണ സംഗീതാസ്വാദകന് എളുപ്പത്തിൽ പിടികൊടുക്കുന്നതായിരുന്നില്ല അദ്ദേഹത്തിന്റെ സംഗീതം…ഇന്നും അങ്ങനെ തന്നെ!!!പക്ഷെ ഒരാളുടെ കാലശേഷം അദ്ദേഹത്തിന്റെ മറ്റേതൊരു  സമകാലീനനേക്കാളും ആഘോഷിക്കപ്പെട്ട ഒരു സംഗീതജ്ഞൻ എം.ഡി.ആർ പോലെ മറ്റാരുമുണ്ടാവില്ല.ഈ സംഗീതത്തിലുള്ള വ്യത്യസ്തത അദ്ദേഹത്തെ ഒരു cult figure ആക്കി മാറ്റി.


മറ്റെല്ലാ ബിരുദങ്ങളും പ്രശസ്തിയും കാലത്തിന്റെ കുത്തൊഴുക്കിൽ ഒലിച്ചുപോവും.പക്ഷെ ഈ cult figure status കാലാകാലം നിലനിൽക്കും.എം.ഡി.ആർ തന്നെയാണ് മികച്ച ഉദാഹരണം.മറ്റൊരു ഉദാഹരണം എം.എസ്.സുബ്ബലക്ഷ്മി.  ഈ cult figure status തന്നെ മറ്റുള്ളവരിൽ നിന്ന് വേറിട്ട് നിർത്തും.തനിക്ക് തുല്ല്യമോ അല്ലെങ്കിൽ തന്നേക്കാൾ കേമത്തമുള്ളതോ ആയ അനവധി സംഗീതജ്ഞരുള്ളപ്പോൾ അവരിൽ നിന്ന് വ്യത്യസ്തമായി നിന്നാൽ മാത്രമേ ഈ cult figure status ലഭിക്കൂ എന്ന് മറ്റാരേക്കാളുമധികം അടിമുടി professional ആയ ടി.എം.കൃഷ്ണയ്ക്ക് നന്നായറിയാം.ഈ തിരിച്ചറിവിൽ കാലത്തെ അതിജീവിച്ച് നിലനിൽക്കാനുള്ള ഒരു യാത്രയുടെ ആരംഭമായിരിക്കുമോ ഇത്???

Sunday, April 6, 2014

T.M.Krishna




സമൂഹവീക്ഷണത്തിലും സംഗീതത്തിലും ഇത്രയും വിപ്ളവകരമായ അഭിപ്രായം കാത്തുസൂക്ഷിക്കുന്ന ഒരു സംഗീതജ്ഞന്‍ ടി.എം.കൃഷ്ണയെപ്പോലെ ഇന്ന് മറ്റൊരാളില്ല.കല സമൂഹത്തില്‍ നിന്ന് വേറിട്ട് നില്‍ക്കേണ്ട ഒന്നല്ലെന്നും കലാകാരന്‍ ദന്തഗോപുരവാസിയാവരുതെന്നും കൃഷ്ണ വിശ്വസിക്കുന്നു.

രണ്ടുദാഹരണങ്ങളിതാ:-

"യുക്തിധാരയുടെ അടിസ്ഥാനത്തിലാണോ ജീവിതത്തെ നോക്കികാണേണ്ടത്.എന്തുതന്നെയായാലും ഹിംസ ഹിംസ തന്നെയാണ്.അത് നന്മയ്ക്കുേണ്ടിയോ തിന്മയ്ക്കുവേണ്ടിയോ അല്ല.ഒരു ഹിംസ നടക്കുംബോള്‍ ആ ഹിംസ നല്ലതിന് വേണ്ടിയാണ് അല്ലെങ്കില്‍ ചീത്തതിനുവേണ്ടിയാണ് എന്ന് പറയുന്നതില്‍ അര്‍ത്ഥമില്ല.ഒരാളെ വേദനിപ്പിക്കാനോ ലൈംഗികമായി പീഡിപ്പിക്കാനോ കൊല്ലാനോ ചെയ്യുന്ന ഹിംസയും കൊന്നവനെ കൊല്ലുന്നതിലുളള ഹിംസയും തമ്മില്‍ അന്തരമുളളതായി ഞാന്‍ കരുതുന്നില്ല"

"എന്‍റെ ജീവിതത്തിന്‍റെ ലക്ഷ്യം സംഗീതം എന്നെ എവിടേക്ക് നയിക്കുന്നുവോ അങ്ങോട്ട് പോവുക എന്നതാണ്.കച്ചേരിയുടെ ചട്ടക്കുടിന്‍റെ കളളികളിലേക്ക് നീക്കുപോക്കുകള്‍ നടത്തി കയറി നില്‍ക്കാന്‍ ഞാന്‍ ആഗ്രഹിക്കുന്നില്ല.ഞാന്‍ സംഗീതമായി മാറുന്ന മുഹൂര്‍ത്തങ്ങളാണത്.സ്വീകരിക്കപ്പെടുക എന്ന മാനദണ്ഡം അപ്പോള്‍ അപ്രസക്തമാണ്"

താന്‍ ഇടപെഴുകുന്ന കര്‍മ്മമേഖലയെ ചോദ്യം ചെയ്യാതെ അനുസരണയോടെ പിന്തുടരണമെന്നും സമുഹത്തിലെ ബഹുഭൂരിപക്ഷത്തിന്‍റെ വിശ്വാസങ്ങള്‍ക്കും താല്‍പര്യങ്ങള്‍ക്കും എതിരെ ശബ്ദിക്കുന്നത് പാപവും അഹങ്കാരവുമാണെന്ന് കരുതുന്ന ഈ കപടസമൂഹത്തിലെ ഒരു യഥാർത്ഥ വിപ്ളവകാരി!!!

                                           Salute You T M Krishna!!!

Monday, March 31, 2014

ഭാഷ

ഇംഗ്ലീഷ് ഭാഷ പ്രധാനഭാഷയായിട്ട് പഠിച്ചത് കൊണ്ടും കുട്ടിക്കാലം തൊട്ട് വായനയുടെ അസുഖം ഉള്ളതുകൊണ്ടും അതിന്റെ ആഴം കണ്ട് ഇന്നും ഞാൻ പകച്ച്നിൽക്കുകയാണ്. നിരന്തരം  കേൾവിയിലൂടെയും വായനയിലൂടെയും ആ ഭാഷയിലുള്ള എന്റെ നിലവാരമുയർത്താൻ ശ്രമിക്കാറുണ്ട്.പക്ഷെ അതൊരിക്കലും മലയാളത്തോടുള്ള എന്റെ താല്പര്യം കുറച്ചിട്ടില്ല.ഓരോ ഭാഷയേയും അതിന്റേതായ തനിമയോടും പലമയോടും ഉപയോഗിക്കുമ്പോഴാണ് ആ ഭാഷ സൗന്ദര്യമുള്ളതായിത്തീരുന്നത്.ഒരു ഭാഷയെ വൈകാരികമായി ഉൾക്കൊള്ളാൻ കഴിയുമ്പോളാണ് അതിനെ സ്വാഭാവികതയോട്കൂടി പ്രയോഗിക്കാൻ കഴിയുന്നത്.അല്ലാതെ വരുമ്പോൾ അത് കൃത്രിമമാവും.ഈ കൃത്രിമത്വം ആണ് പല ടി.വി. ചാനൽ അവതാരകരുടേയും മംഗ്ലീഷിൽ കാണുന്നത്.ഈ കൃത്രിമത്വത്തിൽ നിന്ന് മനസ്സിലാക്കാം അവർ ഭാഷയെ വൈകാരികമായല്ല സമീപിക്കുന്നത് മറിച്ച് അപകർഷതാബോധം ഉള്ളതുകൊണ്ടാണെന്ന്.

ലോകത്തിലെ ഏറ്റവും ഭീകരമായ അധീശത്വം സാംസ്കാരികമായ അധീശത്വം ആണ്.ഈ സാംസ്കാരികമായ അധീശത്വത്തിന് ഉപോൽബലകമായ ഏറ്റവും ശക്തിയേറിയ ആയുധം ഭാഷയാണ്.സാമ്പത്തികവും സാമൂഹികവുമായ മേൽക്കോയ്മയിലൂടെ ആധിപത്യം നേടുന്ന സാമ്രാജ്യത്ത്വശക്തികൾ തങ്ങളുടെ സംസ്കാരമാണ് ഉത്തമം എന്ന് കീഴ്പ്പെടുത്തിയ ജനതയെ വിശ്വസിപ്പിക്കുന്നു.ആ വിശ്വാസം നീണ്ടകാലംനിലനിർത്താൻ അവർ ഭാഷയെ കരുവാക്കുന്നു.ലോകചരിത്രം പരിശോധിച്ചാൽ ഇത് മനസ്സിലാവും.ബ്രിട്ടീഷുകാർ ഇൻഡ്യയിലും പരീക്ഷിച്ചത് ഇതുതന്നെയാണ്.അത് അവർ പ്രതീക്ഷിച്ചതിലും അധികം ഇവിടെ വിജയിച്ചു.തൊലി കറത്തുപോയതിന്റെ അപകർഷതാബോധം ഇന്നും നമ്മളെ വിട്ടുപോയിട്ടില്ല.അതുകൊണ്ടാണ് ഇംഗ്ലീഷ് സംസാരിച്ചാൽ നിലവാരം ഉയരും എന്ന് നമ്മൾ തെറ്റിദ്ധരിക്കുന്നത്.ഈ തെറ്റിദ്ധാരണയാണ് നമ്മളെ ആവശ്യം ഇല്ലാത്തിടത്തും അനാവശ്യമായി ഇംഗ്ലീഷ്ഭാഷ ഉപയോഗിക്കാൻ നിർബന്ധിക്കുന്നത്, അല്ലാതെ ആ ഭാഷയോടുള്ള ബഹുമാനം കൊണ്ടൊന്നുമല്ല. മംഗ്ലീഷിൽ ചിലക്കുന്ന ഈ ചെല്ലക്കിളികളോട് ഈ ഭാഷയെപ്പറ്റിയോ സാഹിത്യത്തെപറ്റിയോ ചോദിച്ചാൽ അറിയാം ഇവർ ചേതൻ ഭഗത്തോ ഹാരിപോട്ടറോ സിഡ്നി ഷെൽഡനോ പോലുള്ള ചവറുകൾക്കപ്പുറം ഒന്നും വായിച്ചിട്ടുണ്ടാവില്ല എന്ന്.


ഈ കൃത്രിമത്ത്വം ഒഴിവാക്കി ഓരോ ഭാഷയുടേയും ശുദ്ധിനിലനിർത്തേണ്ടത് മറ്റാരേക്കാളുമുപരി മാധ്യമങ്ങളുടെ കടമയാണ്.അല്ലെങ്കിൽ ശ്രേഷ്ഠഭാഷാപദവിയിലൂടെ കിട്ടുന്ന കോടിക്കണക്കിന് രൂപ മലയാളഭാഷയുടെ ശവസംസ്കാരത്തിനും പുലകുളിയടിയന്തിരത്തിനും ആവും വിനിയോഗിക്കേണ്ടിവരുക.

Sunday, March 23, 2014

ഹിന്ദു ഐക്യം

മാനവസമൂഹത്തിന്റെ ലക്ഷ്യം ഭേദാfഭേദങ്ങളില്ലാതെ സ്വാതന്ത്ര്യം, സമത്വം, സാഹോദര്യം എന്ന നിലയിലേക്ക് എത്തുക എന്നുള്ളതാണ്.അതിന് പ്രതിലോമകരമായതെന്തും അപലപനീയം തന്നെയാണ്.പക്ഷെ ഈ മൂന്ന് സുവർണ്ണപദങ്ങളുണ്ടായ നാട്ടിൽ പോലും ഈ ലക്ഷ്യം സാക്ഷാത്കരിക്കപ്പെട്ടിട്ടില്ല.അപ്പോൾ വളരെ സങ്കീർണ്ണമായ സാമൂഹ്യഘടനയുള്ള ഇന്ത്യ പോലൊരു രാജ്യത്ത് ഈ സ്വപ്നം സാക്ഷാത്കരിക്കുക എന്നുള്ളത് വളരെ ദുർഘടമായ കാര്യമാണ്.

ഈയൊരു വെളിച്ചത്തിൽ വേണം ഇന്ന് എറണാകുളത്ത് നടന്ന ധർമ്മ രക്ഷാ സംഗമത്തെ വിലയിരുത്താൻ.മതത്തിന്റെ പേരിൽ സംഘടിക്കുന്നത്( ഫലത്തിൽ വിഘടനം) ഏതൊരു രാജ്യത്തെ സംബന്ധിച്ചും അഭികാമ്യമല്ലെങ്കിലും ഹിന്ദു മതത്തെ സംബന്ധിച്ചിടത്തോളം പുരോഗമനാത്മകമായ കാര്യമാണ്.മറ്റു മതങ്ങളെ അപേക്ഷിച്ച് അതിസങ്കീർണ്ണമായ ആന്തരികഘടനയോട് കൂടിയതാണ് ഹിന്ദുമതം.അത് ജാതികളും ഉപജാതികളുമായി വിഘടിച്ചു നിൽക്കുകയാണ്.അപ്പോൾ ഹിന്ദു എന്ന നിലയിൽ ഒറ്റകെട്ടായി നിൽക്കുക എന്നുള്ളത് താരതമ്യേന പുരോഗമനാത്മകമാണ്.ന്യൂനപക്ഷങ്ങൾ തങ്ങളുടെ ഉപരിപ്ലവമായ ഐക്യം കൊണ്ട് രാഷ്ട്രീയപരമായ ആനുകൂല്യങ്ങൾ നേടിയെടുക്കുംബോൾ ഭൂരിപക്ഷമായിട്ടും ഹിന്ദുക്കൾക്ക് ശബ്ദമുയർത്താൻ കഴിയാതെവരുകയും അതിൽ അമർഷമുണ്ടാവുകയും ചെയ്യുന്നതിൽ അസ്വാഭാവികതയൊന്നുമില്ല. പക്ഷെ തങ്ങളുടെ സ്വാർത്ഥതാല്പര്യങ്ങൾക്ക് ജാതിയേയും മതത്തേയും ഉപയോഗിക്കുന്ന ജാതി ആത്മീയ നേതാക്കൾ ഈ ദുഷിച്ച ജാതി-ഉപജാതിഘടനെയെ തുടച്ച്നീക്കി ഹിന്ദു എന്ന ഒറ്റ സ്വരൂപമായി നിൽക്കാനുള്ള എന്ത് ഒറ്റമൂലിയാണ് തരുന്നത്.ഹിന്ദു ഒറ്റകെട്ടായി നിൽക്കണം എന്ന വാചാടോപത്തിനപ്പുറം ഒരു പരിഹാരവും ഇവർക്ക് നിർദ്ദേശിക്കാൻ കഴിയുന്നില്ല.

സന്ന്യാസദീക്ഷസ്വീകരച്ചതിന്ശേഷവും ഇല്ലത്തേയും അമ്മാത്തേയും കഥകൾ പറഞ്ഞിരിക്കുന്ന സ്വാമിയാർമാരും ആഡ്യനെന്നും ആസ്യനെന്നും മറ്റു പല തരംതിരിവുകളുമുള്ള നമ്പൂരിമാരും പലതരത്തിലുള്ള ക്ഷത്രിയരും പത്തിലധികം ഉപജാതികളുള്ള നായന്മാരും തിണ്ടലും ശുദ്ധിയും പരസ്പരം നോക്കുന്ന ഉപജാതികൾ ഉള്ള അവർണ്ണരും അടങ്ങുന്ന കേരളത്തിലെ ഹിന്ദുമതത്തിൽ ഇക്കൂട്ടരോരോരുത്തരും ഓരോ തുരുത്തുകളായി നിൽക്കുകയാണ്.ഈ തുരുത്തുകളെ കൂട്ടിയോജിപ്പിക്കുന്ന പ്രായോഗികബുദ്ധിയോട്കൂടിയ പോംവഴികൾ നൽകാൻ കഴിയാത്തിടത്തോളം ഇവർ ഓരോ തുരുത്തുകളായി തന്നെ അവശേഷിക്കും.ഹിന്ദു എന്ന യഥാർത്ഥകൂട്ടായ്മ ഒരു വിദൂരസ്വപ്നമായിരിക്കും.ഓരോ സമ്മേളനത്തിലും കാണുന്ന ജനസമുദ്രം സമ്മേളനം കഴിയുംബോൾ തങ്ങളുടേതായ തുരുത്തുകളിലേക്ക് സന്തോഷത്തോടുകൂടി തിരിച്ചുപോവുകയും ചെയ്യും.

ഈയൊരു ഐക്യം ഹിന്ദുവിന് നേടാൻ കഴിഞ്ഞാൽ സ്വാതന്ത്ര്യം, സമത്വം, സാഹോദര്യം എന്ന സ്വപ്നം സാക്ഷാത്കരിക്കാൻ ബുദ്ധിമുട്ടുണ്ടാവില്ല.അതിന് അപ്പോൾ ശ്രമിച്ചില്ലെങ്കിൽ അത് മാനവസമൂഹത്തോട് ചെയ്യുന്ന ഏറ്റവും വലിയ പാതകമായിരിക്കും.