Tuesday, November 18, 2014

മുൻ വിധികൾ

ഇന്ന് exam invigilation നോക്കുമ്പോൾ സ്ക്വാഡ് വന്നു.വളരെ random ആയി കുറേപേരെ പരിശോധിക്കുകയാണ് പതിവ്.അവർ സിലക്റ്റ് ചെയ്തവരെ ശ്രദ്ധിച്ചപ്പോളാണ് അദ്ഭുതകരമായ ഒരു കാര്യം മനസ്സിലായത്.നല്ല ഭംഗിയില്ലാത്ത ഡ്രസ്സ് ധരിച്ചവരേയും വളരെ അലക്ഷ്യമായി മുടി ചീകാതെയിരിക്കുന്നവരേയും തിരഞ്ഞ്പിടിച്ച് കുറ്റവാളികളേപ്പോലെ പരിശോധിക്കുന്നു.
ഇന്നും ബാഹ്യമായ വേഷവിധാനം നോക്കിയും തൊലിനിറം നോക്കിയും മറ്റ് ലക്ഷണം കണ്ടുമാണ് നമ്മൾ ആളെ വിലയിരുത്തുന്നത്.ഇതുപോലെത്തന്നെ മറ്റുപല മാനദണ്ഡങ്ങളും നമ്മൾ നല്ല സ്വഭാവസർട്ടിഫിക്കറ്റ് കൊടുക്കാൻ സൃഷ്ടിച്ച് വെച്ചിട്ടുണ്ട്.ഈശ്വരവിശ്വാസിയാവുക, അവനവന്റെ താല്പര്യത്തിനെതിരാണെങ്കിലും മറ്റുള്ളവർ പറയുന്നത് അനുസരിക്കുക, ചോദ്യം ചോദിക്കാതിരിക്കുക, തന്റെ മനസ്സിനു ശരിയെന്ന് തോന്നുന്നുവെങ്കിലും ഭൂരിപക്ഷസമൂഹത്തിന്റെ പ്രതിഷേധത്തെ പേടിച്ച് മൗനം പാലിക്കുക,വിമർശനം ഒഴിവാക്കുക, നിശ്ശബ്ദതയണ് അച്ചടക്കത്തിന്റെ ലക്ഷണം എന്ന് ധരിക്കുക തുടങ്ങി അനവധിയുണ്ട് മാനദണ്ഡങ്ങൾ.
ശരിക്കും പരിശോധിച്ചാൽ ഈ ‘നല്ല സ്വഭാവലക്ഷണങ്ങളെല്ലാം’ പ്രതിലോമകരമാണ്.ഇതിനെതിരെ ചിന്തിക്കുന്നവരാണ് കൂടുതലും യുക്തിസഹമായി ജീവിതത്തെ സമീപിക്കുകയും വിജയം വരിക്കുകയും ചെയ്യുന്നത്.

സദാചാരപൊലീസ്

സമൂഹത്തിന്റെ പൊതുബോധത്തെ അലോസരപ്പെടുത്തുന്ന എന്ത് പ്രശ്നം നമ്മുടെ നാട്ടിലുണ്ടായാലും സദാചാരവാദികൾ ശക്തമായി അതിനെ എതിർക്കുന്നതിന് പറയുന്ന ന്യായം നമ്മുടെ സാംസ്കാരിക പൈതൃകമാണ്.പക്ഷെ ഇവർ ഭാരതത്തിന്റെ ഈ പറയപ്പെടുന്ന സാംസ്കാരിക പൈതൃകത്തെ താൻ ജീവിക്കുന്ന സമൂഹത്തിന്റെ പൊതുവീക്ഷണത്തിന്റേയും വിശ്വാസത്തിന്റേയും മുൻവിധികളുടേയും അടിസ്ഥാനത്തിലാണ് വ്യാഖ്യാനിക്കുന്നത് എന്നതാണ് ഏറ്റവും രസകരമായ കാര്യം.അല്ലാതെ ഇവർ ഉയർത്തി പിടിക്കുന്ന പൈതൃകത്തിന്റെ സാംസ്കാരികാന്തരീക്ഷത്തിൽ നിന്നുകൊണ്ടല്ല.അതുകൊണ്ട് തന്നെ ഇക്കൂട്ടരുടെ വാദഗതികൾ പുരാതനഭാരതീയസംസ്കാരത്തിന്റെ വെളിച്ചത്തിൽ നോക്കി കാണുമ്പോൾ ധാരാളം വൈരുദ്ധ്യങ്ങൾ കാണുന്നു.അതിനു കാരണം ഇന്നത്തെ ഇന്ത്യൻ സമൂഹത്തിൽ കാണുന്ന കർശനമായ പല സദാചാരനിയമങ്ങളും യഥാർത്ഥത്തിൽ ഭാരതീയമല്ല മറിച്ച് വിക്റ്റോറിയൻ സദാചാരനിയമങ്ങളാണ് എന്നതാണ്.
അവിശ്വസനീയമായ പല കഥാസന്ദർഭങ്ങളും മാറ്റി നിർത്തി പൗരാണികഭാരത്തിന്റെ സാമൂഹ്യജീവിതം യുക്തിസഹമായി പരിശോധിച്ചാൽ ഇന്നത്തെ പല സദാചാരവാദികൾക്കും സ്വപ്നം കാണാൻപോലും കഴിയാത്തത്ര സ്വതന്ത്രവും കാപട്യരഹിതവും ആയിരുന്നു എന്ന് കാണാൻ കഴിയും.ബഹുഭാര്യാത്തവും ബഹുഭർത്തൃത്വവും വളരെ സാധാരണമായിരുന്ന ഒരു സമൂഹം,ഏറ്റവും ബഹുമാനിതരായ കഥാപാത്രങ്ങൾ (ശിവനും വിഷ്ണുവും) പരാമർശവിധേയരായ സ്വവർഗ്ഗരതിയുടെ ഇതിവൃത്തങ്ങൾ,സ്വന്തം മകനോട് നഗ്നനായ് തന്റെ മുൻപിൽ വരാൻ പറഞ്ഞ ഒരമ്മ ( ഗാന്ധാരി),തന്‍റെ മക്കള്‍ ഒരു സുന്ദരിയുടെ പേരില്‍ കലഹിക്കാതിരിക്കാന്‍ മകന്‍ കല്യാണം കഴിച്ചു കൊണ്ടുവന്ന സ്ത്രീയെ എല്ലാ മക്കളോടും പങ്കിട്ടെടുക്കാന്‍ ഉപദേശിച്ച മറ്റാരമ്മ, ലൈംഗികസ്വാതന്ത്ര്യം അനുഭവിച്ചിരുന്ന സന്ന്യാസിമാർ, ലൈംഗികതയെ ഏറ്റവും ശാസ്ത്രീയമായി വ്യാഖ്യാനിച്ച വാത്സ്യായനൻ, ക്ഷേത്രവുമായി ബന്ധപ്പെട്ട് ദാസിമാർ എന്ന ഒരു വർഗ്ഗത്തെ പരിപാലിച്ച് കാമപൂർത്തിക്കായി പരസ്യമായി ഉപയോഗിച്ചിരുന്ന ഒരു സമൂഹം, ലൈംഗികതയെ ക്ഷേത്രത്തിലെ ഏറ്റവും പാവനമായ ശ്രീകോവിലിനു ചുറ്റും ഒരു മറയുമില്ലാതെ ആലേഖനം ചെയ്യാൻ യാതൊരു സങ്കോചവും കാണിക്കാത്ത ഒരു സമൂഹം തുടങ്ങി നമ്മുടെ ഇന്നത്തെ സദാചാരബോധത്തെ പരിഹസിക്കുകയും അവജ്ഞയോടെ തള്ളിക്കളയുകയും ചെയ്യുന്ന അനവധി സങ്കല്പങ്ങളുടെ ആകെതുകയാണ് ഭാരതീയ സംസ്കാരം.പലകാര്യത്തിലും നമ്മളേക്കാളും പുരോഗമനചിന്താഗതിക്കാരായിരുന്നോ അന്നുള്ളവർ എന്നുപോലും സംശയം തോന്നാം.
ഭാരതീയപൈതൃകം ഇങ്ങനെയാണെന്നിരിക്കെ ഇതിന്റെ പേരിൽ സദാചാരവാദികൾ പ്രതിഷേധിക്കുന്നത് കാണുമ്പോൾ ശരിക്കും ചിരി വരുന്നു. ഇംഗ്ലണ്ട് പോലും ഉപേക്ഷിച്ച വിക്ടോറിയൻ സദാചാരബോധം തിരികെ കൊണ്ടുവരാൻ മാത്രേ പാശ്ചാത്യസംസ്കാരത്തെ എതിർക്കുന്ന ഇക്കൂട്ടരുടെ പ്രതിഷേധം ഉപകരിക്കൂ.അത് തന്നെയാണ് ആധുനിക ഇന്ത്യയിലെ ഏറ്റവും വലിയ വിരോധാഭാസവും.

Sunday, October 26, 2014

ഉത്തരീയത്തിന്റെ കീചകവധം


നൃത്ത-നൃത്ത്യ-നാട്യങ്ങളുടെ സമഞ്ജസ സമ്മേളനത്തിലൂടെ ലഭിക്കുന്ന രസാനുഭൂതിയാണ് കഥകളിയുടെ ആത്യന്തിക ലക്ഷ്യം എന്ന വിശ്വാസം ഊട്ടിയുറപ്പിക്കുന്നതായിരുന്നു ഉത്തരിയം അവതരിപ്പിച്ച കീചകവധം കഥകളി.ഈ രസാനുഭൂതി കാണികളുടെ മനസ്സിനെ വിമലീകരിച്ച് ആനന്ദത്തെ പ്രദാനം ചെയ്യുന്നു.
ലോകധർമ്മിയുടെ വീക്ഷണത്തിൽ അധാർമ്മികം എന്ന് തോന്നാവുന്ന ഒരു കഥയാണ് കീചകവധം.പക്ഷെ അന്നത്തെ സാമൂഹ്യവ്യവസ്ഥയിൽ തികച്ചും സ്വാഭാവികവും.ദാസ്യസ്ത്രീകൾ അധികാരി വർഗ്ഗത്തിന്റെ ഇംഗിതത്തിന് വഴങ്ങേണ്ടവരാണെന്ന് വിശ്വസിക്കുകയും അതിന് മൌനാനുവാദം നൽകുകയും ചെയ്യുന്ന ഒരു സമൂഹത്തിന്റെ പ്രതിനിധിയാണ് കീചകൻ.അങ്ങനെയുള്ള ഒരു വ്യക്തി പ്രധാനകഥാപാത്രമായി വരുന്ന ഒരു കഥ കാണുംബോൾ നമ്മളും ആ ഭൂതകാലാന്തരീക്ഷത്തിലേക്ക് മനസ്സുകൊണ്ട് സഞ്ചരിക്കാൻ തയ്യാറാവണം.അതല്ലാതെ നമ്മൾ ജീവിക്കുന്ന സമൂഹത്തിന്റെ മൂല്യങ്ങളെ മനസ്സിൽ വെച്ചുകൊണ്ട് കീചകവധം കണ്ടാൽ ആട്ടകഥാകാരൻ മനസ്സിൽ കണ്ടതിനു നേർ വിപരീതമായേ ആസ്വാദനം സംഭവിക്കുകയുള്ളൂ.അങ്ങനെ വന്നാൽ കീചകന് പകരം സൈരന്ധ്രിയായിരിക്കും നമ്മൾ സിമ്പതൈസ് ചെയ്യുന്ന കഥാപാത്രം.അപ്പോൾ ആട്ടകഥാകാരന്റെ എല്ലാ ഉദ്ദേശലക്ഷ്യങ്ങളും അവിടെ പരാജയപ്പെടുകയും കഥകളിയുടെ അടിസ്ഥാനലക്ഷ്യം തകരുകയും ചെയ്യുന്നു.
കഥകളിയുടെ അടിസ്ഥാനലക്ഷ്യത്തിൽനിന്ന് വ്യതിചലിക്കാൻ സാധിക്കാതെ കീചകൻ എന്ന കഥാപാത്രത്തിലേക്ക് ഒരു സൂചികാഗ്രത്തിലേക്കെന്നപോലെ സൂക്ഷ്മദൃക്കായിരിക്കാൻ ആസ്വാദകനെ പ്രേരിപ്പിക്കുന്നു എന്നതിലൂടെ കീചകവധം നാട്യധർമ്മിയുടെ കാഹളപടഹധ്വനികൾ മുഴങ്ങുന്ന ഒരു ഉത്സവമായി മാറുന്നു.ഈ ഉത്സവാഘോഷത്തിൽ എല്ലാ കാണികൾക്കും തിമിർത്താനന്ദിക്കാൻ സാധിച്ചു എന്നതാണ് ഏറ്റവും ചാരിതാർത്ഥ്യജനകമായ കാര്യം.സൈരന്ധ്രിയുടെ കരണത്തടിച്ചതിനു ശേഷം കീചകൻ മിശ്രവികാരങ്ങളോട്കൂടി തന്റെ കൈയ്യിനെ ശകാരിക്കുന്ന ഒരു രംഗം മാത്രം മതി ആ തരിപ്പ് നമുക്കനുഭവപ്പെടാൻ.അങ്ങനെ എത്രയെത്ര രംഗങ്ങളാണ് ശ്രീ പ്രദീപും കൂട്ടരും ഇന്നലെ ഭംഗിയാക്കിയത്.
എത്ര നയനാനന്ദകരമായിരുന്നു ഇന്നലത്തെ വേദി!!!മൂന്ന് തലമുറയിൽ പെട്ട കലാകാരന്മാർ ഒരു അഹംബോധവുമില്ലാതെ പരസ്പരം സഹകരിച്ചും പ്രോത്സാഹിപ്പിച്ചും അവിസ്മരണീയമാക്കിയ വേദി!!!ഏറ്റവും സീനിയറായ നാരായണേട്ടന്റെ അയത്നലളിതവും ശബ്ദഗാംഭീര്യം നിറഞ്ഞതുമായ സംഗീതവും അടുത്ത തലമുറയിൽ കഥകളിയുടെ രൂപ-ശില്പ സൌന്ദര്യത്തിന്റെ പതാകവാഹകനാകാൻ ശേഷിയുള്ള ശ്രീ പ്രദീപും പിന്നെ യുവതലമുറയിലെ നിറഞ്ഞ പ്രതീക്ഷകളായ മറ്റെല്ലാ കലാകാരന്മാരും ചേർന്ന് ഉത്സവമാക്കിയ ഈ വേദി ഒരിക്കലും മറക്കാൻ കഴിയില്ല.കഥകളിയുടെ ഭാവി ഈ കലാകാരന്മാരുടെ കൈയ്യിൽ സുരക്ഷിതമാണ് എന്ന കാര്യത്തിൽ യാതൊരു സംശയവുമില്ല.
അണിയറയിൽ പ്രവർത്തിച്ച സതീശേട്ടനേയും കുഞ്ഞിരാമേട്ടനേയും രാമകൃഷ്നനേയും പ്രത്യേകം അഭിനന്ദിക്കുന്നു.

Monday, September 15, 2014

വെണ്മണി ബാണിയുടെ വര്‍ത്തമാനസ്വരം:കലാ:ഹരീഷ് കുമാർ


ഏതൊരു കലാരൂപത്തിലും ഉയര്‍ന്നു വരുന്ന പ്രതിഭകള്‍ കാലത്തിന്‍റെ നൈരന്തര്യം സൃഷ്ടിക്കുന്ന ഉല്‍പന്നമാവും.തന്‍റെ മുന്‍ഗാമികളുടെ പ്രതിഭയുടെ സ്വാധീനം തന്‍റെ കലാഹൃദയത്തില്‍, സ്വന്തം ജന്മവാസന എന്ന രാസത്വരകത്തിന്‍റെ സഹായത്താല്‍ സംസ്കരിച്ച് തികച്ചും നൂതനമായ ഒരു കലാവ്യക്തിത്വം സൃഷ്ടിച്ചെടുക്കുന്നു.അങ്ങനെയുളള കലാകാരന്‍ ഒരിക്കലും തന്‍റെ മുന്‍ഗാമികളുടെ അനുവര്‍ത്തിയായിരിക്കില്ല, മറിച്ച് അതിന്‍റെ പതാകവാഹകനും അടുത്ത തലമുറയിലേക്ക് ആ ദീപശിഖയെ ആനയിക്കുന്നവനുമായിരിക്കും.
കഥകളി സംഗീതത്തില്‍ ഈ നൈരന്തര്യം സൃഷ്ടിച്ച പ്രതിഭകള്‍ വിരളമെങ്കിലും അര്‍ത്ഥപൂര്‍ണ്ണമായിരുന്നു.സോപാനശൈലിയോട് വളരെ അടുത്ത് നില്‍ക്കുന്ന വെങ്കിടകൃഷ്ണഭാഗവതരില്‍ ആരംഭിച്ച് കൂടുതല്‍ ശാസ്ത്രീയവും ആലാപനസമ്പുഷ്ടവുമായ നമ്പീശന്‍ സംഗീതത്തിലൂടെ കടഞ്ഞെടുക്കപ്പെട്ട് ഹിന്ദുസ്ഥാനി സംഗീതത്തിന്‍റെ ഭാവഗരിമയിലൂടെയും കളംപാട്ടിന്‍റെ പരുക്കന്‍ രുചികളിലൂടെയും സംസ്കരിച്ച് പുതിയ ഭാവുകത്വം സൃഷ്ടിച്ച ഉണ്ണികൃഷ്ണകുറുപ്പിലൂടെയും കഥകളി സംഗീതത്തിന്‍റെ പരിമിതികള്‍ക്കുളളില്‍ നിന്ന് അതിന്‍റെ സാധ്യതകളെ പരമാവധി ചൂഷണം ചെയ്ത ഗംഗാധരബാണിയിലൂടെയും ഭാവസംഗീതത്തിന്‍റെ ജനപ്രിയാംശത്തിലൂടെ പരിവര്‍ത്തന വിധേയമായ എമ്പ്രാന്തിരി സംഗീതത്തിലൂടെയും അത് വന്നെത്തിയത് ഭാവസംഗീതത്തിന്‍റെ ഹിമാലയ സാനുക്കളിലൂടെയും നീര്‍ച്ചുഴികളിലൂടെയും അനായാസം കയറിയിറങ്ങിയ വെണ്മണി ഹരിദാസ് എന്ന അത്ഭുതപ്രതിഭാസത്തിലാണ്.
അതിനുശേഷമുളള തലമുറയെ ഇതിഹാസം എന്ന നിലയില്‍ വിലയിരുത്താന്‍ സമയമായില്ലെങ്കില്‍ കൂടി ഈ ധാരയുടെ പിന്തുടര്‍ച്ചയെ അന്വേഷിക്കുന്നത് അര്‍ത്ഥപൂര്‍ണ്ണമായിരിക്കും.മേല്‍സൂചിപ്പിച്ച ചങ്ങലയുടെ അവസാനത്തെ കണ്ണിയായ വെണ്മണി ഹരിദാസ് എന്ന സംഗീതജ്ഞനായിരിക്കും ഇന്നത്തെ യുവസംഗീതപ്രതിഭകളെ ഏറ്റവും അധികം സ്വാധീനിച്ചിട്ടുളള പാട്ടുകാരന്‍.അതിന്‍റെ ഗുണവും ദോഷവും നമുക്ക് അനുഭവപ്പെടാറുണ്ട്.പലപ്പോഴും ഹരിദാസേട്ടന്‍റെ കേവലം അനുകരണം ആയി പല ആലാപനങ്ങളും ചുരുങ്ങുമ്പോള്‍ ചില പാട്ടുകാര്‍ ആ പ്രതിഭയെ നേരാംവണ്ണം സ്വാംശീകരിച്ച് തന്‍റെ സ്വന്തം പ്രതിഭയിലൂടെ സംസ്കരിച്ചെടുത്ത് ആ മഹാഗായകന്‍റെ യഥാര്‍ത്ഥ പിന്തുടര്‍ച്ചാവകാശിയായി മാറുന്നു.അങ്ങനെയുളള ഗായകരില്‍ ഏറ്റവും ശ്രദ്ധേയനാണ് ശ്രീ കലാ:ഹരീഷ് കുമാര്‍(മനയത്താറ്റ്).വെണ്മണി സംഗീതത്തില്‍ കാണുന്ന ഭാവപുഷ്കലതയും കീഴ്സ്ഥായിയിലും താരസ്ഥായിയിലും ഉളള അനായാസമായ സഞ്ചാരവും കഥാപാത്രത്തിന്‍റെ ഭാവത്തിനനുസരിച്ചുളള ശബ്ദനിയന്ത്രണവും മറ്റും ഹരീഷേട്ടനിലും തെളിഞ്ഞു കാണാം.പക്ഷെ അതൊരിക്കലും അനുകരണമായി അനുഭവപ്പെടുകയുമില്ല.ഇതിനു കാരണം ഇന്നലെ ശ്രീ വെണ്മണി ഹരിദാസ്-നെയ്യാറ്റിന്‍കര അനുസ്മരണത്തില്‍ ശ്രീ Manoj Kuroor പറഞ്ഞ ഒരു നിരീക്ഷണമാണ്.''തന്‍റെ മുന്‍ഗാമികളില്‍ നിന്ന് സ്വാംശീകരിച്ച കലാംശങ്ങളെ തന്‍റെ സ്വപ്രതിഭയിലൂടെ കടഞ്ഞെടുക്കുമ്പോളാണ് നല്ലൊരു കലാകാരന്‍ ജനിക്കുന്നത്.അയാളെ മനസ്സിലാക്കണമെങ്കില്‍ ആ കലാകാരന്‍റെ സാംസ്കാരിക-സാമൂഹിക പശ്ചാത്തലത്തലം കൂടി വിലയിരുത്തേണ്ടിവരും".കലാ:ഹരീഷ് കുമാറും സംഗീതത്തിന് വളരെ അനുകൂലമായ ഒരു അന്തരീക്ഷത്തിലാണ് വളര്‍ന്നത്.അദ്ദേഹത്തിന്‍റെ അച്ഛന്‍ ഒരു സംഗീതജ്ഞനായിരുന്നില്ലെങ്കില്‍ കൂടി സംഗീതത്തില്‍ നല്ല അറിവും താത്പര്യവും ഉളള വ്യക്തിയായിരുന്നു.കഥകളിയോടുളള സ്നേഹം കാരണമാണ് അദ്ദേഹത്തിന്‍റെ മക്കള്‍ക്ക് അജിതനെന്നും ഹരിയെന്നും(അജിതാഹരേ....)പേരിട്ടത് എന്ന് കേട്ടിട്ടുണ്ട്.അങ്ങനെ കുട്ടിക്കാലം മുതല്‍ക്ക് താന്‍ അറിയാതെയാണെങ്കിലും ഇല്ലത്ത് മുഴങ്ങി കേട്ടിരുന്ന കഥകളി പാട്ടിലൂടെയായിരുന്നു ഇദ്ദേഹം വളര്‍ന്നു വന്നത്.അങ്ങനെ തന്‍റെ കേള്‍വിശീലത്തിലൂടെ ആര്‍ജ്ജിച്ച അനുഭവങ്ങളും മാടമ്പിയാശാന്‍റെ കളരിയിലൂടെ ഇരുത്തംവന്ന സംഗീതജ്ഞാനവും ഹരിദാസേട്ടന്‍റെ കൂടെ ധാരാളം അരങ്ങുകളില്‍ പാടി ലഭിച്ച അരങ്ങറിവുകളും ഈ യുവകലാകാരനെ എണ്ണം പറഞ്ഞ ഒരു കഥകളി ഗായകനാക്കി മാറ്റി.
വെണ്മണി ഹരിദാസേട്ടന്‍റെ ജീവിതത്തില്‍ നമ്മള്‍ കണ്ടിരുന്ന ഒരു ഉള്‍വലിയല്‍ നമുക്ക് ഹരിയേട്ടനിലും കാണാന്‍ കഴിയും.അതുകൊണ്ട് തന്നെ അനാവശ്യമായ അവകാശവാദങ്ങളുമായി ഈ ഗായകനെ നമുക്ക് കാണാന്‍ കഴിയില്ല.ആരാധകവൃന്ദത്തിന്‍റെ "ഗ്വോ....ഗ്വോ
...." വിളികളും കേട്ടെന്നു വരില്ല.പക്ഷെ എത്ര മറയ്ക്കാന്‍ ശ്രമിച്ചാലും മറയാതെ ആ പ്രതിഭ അനിതരശോഭയോടുകൂടി അരങ്ങുകളില്‍ നിറഞ്ഞു നില്‍ക്കും.ഹരിദാസേട്ടന്‍റെ വേര്‍പാടോടുകൂടി നമുക്ക് നഷ്ടപ്പെട്ട ആ സംഗീതമാധുരി അടുത്ത തലമുറയിലേക്ക് ആനയിക്കുന്നത് ഹരിയേട്ടനായിരിക്കും എന്ന കാര്യത്തില്‍ യാതൊരു സംശയവുമില്ല.ഇനിയുളള കഥകളി വേദികള്‍ ഹരിയേട്ടന്‍റെ സംഗീതം കൊണ്ട് മുഖരിതമാവട്ടെ എന്നാശംസിക്കുന്നു.

Friday, September 5, 2014

അധ്യാപകദിന ചിന്തകൾ

ഇന്ത്യയിൽ ഏറ്റവും അധികം നാട്യങ്ങളോട്കൂടി ജീവിക്കാൻ വിധിക്കപ്പെട്ട വർഗ്ഗമാണ് അധ്യാപകർ.അധ്യാപകൻ ദൈവതുല്ല്യൻ എന്ന ഒരു ഭീകരസങ്കല്പം അവനെ കാപട്യങ്ങളുടെ മനുഷ്യരൂപമാക്കി മാറ്റുന്നു.ഈശ്വരൻ പരിപൂർണ്ണനായിരിക്കുന്നതുപോലെ അധ്യാപകനും പരിപൂർണ്ണനായിരിക്കണം എന്ന് വിദ്യാർത്ഥികളും സമൂഹവും ശഠിക്കുന്നു.പക്ഷെ ഈ ഈശ്വരസങ്കല്പം ചാർത്തിയ അധ്യാപനകർമ്മം വളരെ ജൈവവും തർക്ക-വിതർക്കങ്ങളാൽ മുഖരിതവുമാകേണ്ട കലാലയാന്തരീക്ഷത്തെ പ്രതികൂലമായി ബാധിക്കുകയാണുണ്ടായത്.അറിവിന്റെ വിനിമയത്തിലൂടെ ജൈവമാകേണ്ട ക്ലാസ്സ് മുറികൾ ഏകശിലാത്മകമായി മാറുന്നു.അധ്യാപകൻ പറയുന്നതെല്ലാം വേദവാക്യവും അയാളെ ചോദ്യം ചെയ്യുന്നത് പാപവുമാകുന്ന ഒരു വ്യവസ്ഥിതി വളർന്നു വന്നു.ഈ കൊടുക്കൽ വാങ്ങലുകളുടെ അഭാവം തന്നെയാണ് ഇന്ത്യൻ വിദ്യാഭ്യാസരംഗത്തിന്റെ തകർച്ചയ്ക്കുള്ള പ്രധാന കാരണവും.

അറിവ് പകർന്നു നൽകുന്ന അധ്യാപകൻ അറിവിന്റെ നിറകുടമല്ലെന്നും ഏതൊരു സാധാരണ മനുഷ്യനെ പോലെയും പരിമിതികളോട് കൂടിയവനാണെന്നും തെറ്റ് കണ്ടാൽ അത് ചൂണ്ടികാണിക്കാനും ചോദ്യം ചെയ്യാനും തർക്കിക്കാനും ഉള്ള എല്ലാ അവകാശങ്ങളും തങ്ങൾക്കുണ്ടെന്ന് വിദ്യാർത്ഥികൾ തിരിച്ചറിയുകയും, അതിനുള്ള പൂർണ്ണ അവകാശം വിദ്യാർത്ഥികൾക്കുണ്ടെന്ന് അധ്യാപകൻ തിരിച്ചറിയുകയും ചെയ്യുമ്പോളാണ് ജ്ഞാനോല്പാദനം അർത്ഥപൂർണ്ണമാകുന്നത്.ഇങ്ങനെയുള്ള അർത്ഥപൂർണ്ണമായ ജ്ഞാനോല്പാദത്തിന് ഉതകുന്ന രീതിയിൽ എല്ലാ പരിമിതികളേയും ഉൾകൊണ്ടുകൊണ്ട് സത്യസന്ധതയോട്കൂടി, പച്ചയായ മനുഷ്യനായി ക്ലാസ്സ്മുറികളിൽ ജീവിക്കാൻ ഈ അധ്യാപകദിനം എല്ലാ അധ്യാപകർക്കും പ്രേരകമാകട്ടെ എന്ന് പച്ചയായിരിക്കാൻ പാടുപെടുന്ന ഈ അധ്യാപകൻ ആശംസിക്കുന്നു.

Monday, July 28, 2014

ഉത്തരീയത്തിന്‍റെ ജടായുവധം കൂടിയാട്ടം


കഥകളി കണ്ടുശീലിച്ച ഒരാള്‍ക്ക് കൂടിയാട്ടം കാണുമ്പോള്‍ സ്വാഭാവികമായി മനസ്സില്‍ ഉയര്‍ന്നു വരുന്നത് ഒരു താരതമ്യാവലോകനം ആയിരിക്കും.ഇന്നലെ ചെന്നൈ ഉത്തരീയം അവതരിപ്പിച്ച ജടായുവധം കൂടിയാട്ടം കണ്ടപ്പഴും എന്‍റെ മനസ്സിലേക്ക് ആദ്യം കടന്നു വന്നത് ഈ സാജാത്യങ്ങളും വൈജാത്യങ്ങളുമാണ്.വേഷത്തിലും ചുട്ടിയിലും രംഗാവതരണത്തിലെ ചിട്ടകളിലും വാദ്യവിഭാഗത്തിലുമെല്ലാം സാജാത്യങ്ങളും വൈജാത്യങ്ങളും കാണാം.വേഷവിധാനങ്ങളുടെ വര്‍ണ്ണപ്പൊലിമയിലും ധാരാളിത്തത്തിലും കഥകളി മുന്‍പന്തിയില്‍ നില്‍ക്കുന്നു. അതു പോലെ തന്നെ വാദ്യോപകരണങ്ങളുടെ എണ്ണത്തിലും.സംഗീതവിഭാഗം കൂടിയാട്ടത്തില്‍ നടന്‍ സ്വയം നിര്‍വഹിക്കുമ്പോള്‍ കഥകളിയില്‍ പിന്നണിപാട്ടായി വേറിട്ടുനില്‍ക്കുന്നു.ഇത്രയും വ്യത്യാസങ്ങള്‍ ഉണ്ടെങ്കിലും കൂടിയാട്ടത്തിലെ രസാവിഷ്കാരത്തിന് അല്‍പം പോലും ന്യൂനത അനുഭവപ്പെടുന്നില്ല എന്നതാണ് ഇതിനെ ഒരു ക്ലാസിക് കല എന്ന് വിശേഷിപ്പിക്കാന്‍ കാരണം.വേഷവിധാനത്തിലെ ധാരാളിത്തക്കുറവ് ഒരു കാലത്ത് കഥകളിയിലും ഇങ്ങനെതന്നെയായിരുന്നു.പിന്നീട് പല പരിഷ്കാരങ്ങളിലൂടെയാണ് ഇന്നത്തെ രീതിയിലേക്ക് എത്തിയിട്ടുളളത്.ഇവിടെ എടുത്ത് പറയേണ്ടത് ജടായുവിന്‍റെ വേഷമാണ്.കഥകളിയിലെ ഹംസത്തിന്‍റെ വേഷത്തേക്കാള്‍ realistic ആയി തോന്നി. കൂടിയാട്ടത്തിന്‍റെ അവതരണശൈലിയുടേയും മറ്റു ഘടകങ്ങളുടേയും പരിശുദ്ധമായ സംരക്ഷണം തന്നെയാണ് അതിനെ UNESCO അംഗീകാരത്തിന് പാത്രമാക്കീത് എന്ന് കരുതാം.ഇപ്പോള്‍ തിരിഞ്ഞു നോക്കുമ്പോള്‍ UNESCO ഉപയോഗിച്ച വാക്കുകള്‍ എത്ര അര്‍ത്ഥവത്താണ് തിരിച്ചറിയുന്നു.
'Masterpiece of the Oral and Intangible Heritage of Humanity'
ഈ വാക്കുകളെ കൂടിയാട്ടത്തിന്‍റെ വെളിച്ചത്തില്‍ വ്യത്യസ്തമായി നോക്കികാണാനുളള ഒരു ശ്രമമാണിത്.
Oral
കഥകളിയില്‍ നിന്ന് വ്യത്യസ്തമായി ഇവിടെ കഥാപാത്രം തന്നെ സാഹിത്യം കൈകാര്യം ചെയ്യുന്നു.Shakespeare പറഞ്ഞതുപോലെ 'Brevity is the soul of wit' എന്നത് കൂടിയാട്ടത്തെ സംബന്ധിച്ച് തികച്ചും അര്‍ത്ഥവത്താണ്.ഒരു അഭിനയ കലയുടെ സാധ്യതകളെ പരിപൂര്‍ണ്ണമായി ഉപയോഗപ്പെടുത്താന്‍ സഹായിക്കുന്ന രീതിയില്‍ കാച്ചികുറുക്കിയ ശ്ലോകങ്ങള്‍ മാത്രം ഉള്‍പ്പെടുത്തി ആ സാഹിത്യത്തെ തന്‍റെ മനോധര്‍മ്മവൈഭവത്തിലൂടെ ഏറ്റവും വിശദമായ രീതിയില്‍ അഭിനയിച്ച് ഫലിപ്പിക്കാന്‍ നടന് അവസരം നല്‍കുന്നു.
Intangible
Intangible എന്ന വാക്കിന്‍റെ ഒരര്‍ത്ഥം പദാര്‍ത്ഥം എന്ന നിലയില്‍ സ്പര്‍ശിക്കാന്‍ കഴിയാത്തത് എന്നാണ്.കഥകളിയെ അപേക്ഷിച്ച് കൂടിയാട്ടം കാലാകാലങ്ങളില്‍ പരിഷ്കാരത്തിന് മുതിര്‍ന്നില്ല.രണ്ടായിരത്തിലധികം വര്‍ഷം പഴക്കമുളള ഈ കലാരൂപത്തിനെ അതിന്‍റെ തനിമയോടുകൂടി നിലനിര്‍ത്തി എന്നതാണ് ഈ ക്ലാസിക്കല്‍ കലാരൂപത്തിന്‍റെ പ്രത്യേകത.എന്നിട്ടും ഇത്ര കാലം കഴിഞ്ഞിട്ടും അത് പ്രേക്ഷകന്‍റെ രസാസ്വാദനത്തിന് ഒരു വിഘാതവും സൃഷ്ടിക്കുന്നില്ല എന്നുളളതാണ് ആ കലാരൂപത്തിന്‍റെ മഹത്വവും.
Heritage
Heritage എന്ന സങ്കല്‍പത്തിന്‍റെ പ്രത്യേകത അത് സമാനതകളില്ലാത്തതും പകരം വെയ്ക്കാന്‍ കഴിയാത്തതും ആണെന്നതാണ്.എല്ലാ അര്‍ത്ഥത്തിലും കൂടിയാട്ടം ആ വിശേഷണത്തിന് അര്‍ഹമാണ്.പക്ഷെ heritage എന്ന സങ്കല്‍പം നല്‍കുന്ന വലിയൊരു ഉത്തരവാദിത്ത്വം ഓരോ തലമുറയും അത് മാറ്റമില്ലാതെ സംരക്ഷിക്കണം എന്നുളളതാണ്.
ഇന്നലെ പൈങ്കുളം നാരായണചാക്യാരുടെ നേതൃത്ത്വത്തില്‍ നടന്ന ജടായുവധം കൂടിയാട്ടം ഈ വിശേഷണത്തിന് ചേര്‍ന്നവണ്ണം തന്നെയായിരുന്നു.UNESCO നല്‍കിയ വിശേഷണത്തിന് തരിമ്പുപോലും പോറലേല്‍ക്കാതെയുളള അവതരണം ഈ കലാരൂപം Intangible herirage ആയി നിലനില്‍ക്കും എന്ന വസ്തുത ഊട്ടിയുറപ്പിച്ചു.അദ്ദേഹത്തിന് അമ്മന്നൂര്‍ രജനീഷ് ചാക്യാരും കലാപീഠം അശ്വതിപ്രസാദും കലാപീഠം രാഹുലും വളരെ ഗംഭീരമായ പിന്തുണയാണ് നല്‍കിയത്.കലാ: രവികുമാറും സംഘവും കൈകാര്യം ചെയ്ത വാദ്യവിഭാഗം ആട്ടത്തിന്‍റെ നാടകീയതയെ പ്രോജ്ജ്വലിപ്പിച്ചു.കലാ: അഖില്‍ കൈകാര്യം ചെയ്ത ചുട്ടിയും കലാപീഠം അനാമിക കൈകാര്യം ചെയ്ത താളവിഭാഗവും പ്രത്യേക പരാമര്‍ശം അര്‍ഹിക്കുന്നു.
ഉത്തരീയം അവതരിപ്പിച്ച ഈ കൂടിയാട്ടം ചെന്നൈയിലെ കലാസ്വാദകര്‍ക്ക് ഒരു നവ്യാനുഭവമാണ് നല്‍കിയത്.

Saturday, July 12, 2014

പാലനാട് ദിവാകരൻ

ദിവാകരൻ പാലനാടെന്ന നാമം
വിവാദമന്യേ പുകഴുന്ന നാട്ടിൽ
ഭവാനിതൊന്നും അറിയുന്നതില്ലേ
ദിവാനിശം പാടിടുമീയുഗത്തിൽ
എന്റെ തലമുറയിലെ ഏതൊരു കഥകളി ആസ്വാദകനേയും പോലെ എന്റെ ആസ്വാദനവും ആരംഭിച്ചത് കഥകളി സംഗീതത്തിലൂടെയാണ്.സ്വാഭാവികമായി ഞങ്ങളുടെ തലമുറയുടെ സംഗീതഭാവുകത്വത്തെ നിർണ്ണയിച്ച ശ്രീ കലാ: ശങ്കരൻ എമ്പ്രാതിരിയിലൂടെയായിരുന്നു അത്.ഏമ്പ്രാന്തിരിയാശാനും വെണ്മണി ഹരിദാസേട്ടനും കൂടി പാടിയ കാസറ്റുകൾ പതുക്കെ പതുക്കെ സിനിമാ ഗാനങ്ങളുടെ കാസറ്റുകളേക്കാൾ പ്രിയമുള്ളതായി മാറി.പിന്നീട് എമ്പ്രാന്തിരി എവിടെ പാടുന്നുവോ അവിടെ കഥകളി കാണാൻ പോകുന്നത് ഒരു ശീലമായിമാറി.എന്തുകൊണ്ട് എമ്പ്രാന്തിരി സംഗീതം ഇത്ര പ്രിയപ്പെട്ടതായിമാറി എന്നാലോചിച്ചപ്പോൾ ആ സംഗീതം , മലയാളിയുടെ സംഗീതഭാവുകത്വത്തിന്റെ രൂപഭാവശില്പം നിർമ്മിച്ചെടുത്ത യേശുദാസ് സംഗീതം എന്ന മൂശയിൽ തന്നെയാണ് കടഞ്ഞെടുത്തത് എന്ന് തിരിച്ചറിഞ്ഞു; ശബ്ദഭാവസൗകുമാര്യത്തിന്റെ ഏകശിലാത്മകമായ സൗന്ദര്യം.(എമ്പ്രാന്തിരി- ഹരിദാസ് പാട്ട് എന്ന് പറയുന്നത് എത്രകണ്ട് ശരിയാണെന്ന് അറിയില്ല.കാരണം ഇവർ ചേർന്ന് പാടുമ്പോൾ ‘ വെണ്മണി സംഗീതം അനുഭവപ്പെട്ടിട്ടില്ല).
ഇങ്ങനെ എമ്പ്രാന്തിരി സംഗീതത്തിൽ ആമുഗ്ദ്ധനായി നടക്കുന്ന കാലത്താണ് എന്റെ അമ്മാത്ത് നിന്ന് ഒരു പഴേ ഓഡിയോ ക്യാസറ്റ് കിട്ടുന്നത്.കഥകളിയുടെ ലൈവ് റെക്കോർഡിംഗ്.അത് വരെ കേട്ട കാല്പനിക ഭംഗിയുള്ള ഒരു ശബ്ദമായിരുന്നില്ല അത്.അതുകൊണ്ട് തന്നെ സ്വാഭാവികമായും അവഗണിച്ചു.പിന്നീട് വീണ്ടും കേട്ടപ്പോൾ ആ ശബ്ദം പതുക്കെ എന്റെ ശരീരത്തിലേക്ക് അരിച്ച് ഇറങ്ങാൻ തുടങ്ങി.പിന്നീട് വല്ല്യമ്മാവനാണ് പറഞ്ഞ് തന്നത് അത് ഉണ്ണികൃഷ്ണകുറുപ്പിന്റെ പാട്ടാണെന്ന്. അന്നാണ് വെങ്കലനാദം എന്ന പ്രയോഗം ആദ്യമായി കേൾക്കുന്നത്.പിന്നീട് ഏറ്റവുമധികം കേട്ടിട്ടുള്ളതും ആ സംഗീതം തന്നെയാണ്, ഇന്നും.അതുവരെ കേൾക്കാത്ത ഒരു നാദപ്രപഞ്ചം .വെറും പിന്നണിപാട്ടെന്ന നിലയിൽ നിന്ന് കഥകളിപാട്ടിനെ ഹിന്ദുസ്ഥാനിസംഗീതത്തിന്റെ ഭാവഗരിമയിലൂടെയും കളമ്പാട്ടിന്റെ പരുക്കൻ രുചികളിലൂടേയും സംസ്കരിച്ച് പുതിയൊരു ഭാവുകത്വം തന്നെ കുറുപ്പ് നിർമ്മിച്ചെടുത്തു.
നിർഭാഗ്യമെന്ന് പറയട്ടെ എന്റെ തലമുറയ്ക്ക് ആ നാദവിസ്മയത്തെ നേരിട്ടാസ്വദിക്കാനുള്ള ഭാഗ്യമുണ്ടായില്ല.ക്യാസറ്റുലൂടെമാത്രം ആ ശബ്ദം കേട്ടതുകൊണ്ട് ഒരു അശരീരിസംഗീതത്തിന്റെ ദൈവീകപരിവേഷം ഞാൻ കുറുപ്പിന്റെ പാട്ടിന് ചാർത്തികൊടുത്തു.ആയിടയ്ക്കാണ് അമ്മാത്തെ ചാർച്ചക്കാരനായ പാലനാട് ദിവാകരേട്ടനെ ഞാൻ പരിചയപ്പെടുന്നത്.കുറുപ്പാശാന്റെ ഏറ്റവും പ്രിയപ്പെട്ട ശിഷ്യൻ എന്നറിഞ്ഞപ്പോൾ തന്നെ ഞാൻ ദിവാകരേട്ടന്റെ ആരാധകനായി മാറി.പിന്നീട് ദിവാകരേട്ടന്റെ പാട്ട് കേൾക്കുമ്പോഴെല്ലാം കുറുപ്പാശാന്റെ അദൃശ്യസാന്നിധ്യം ആ പാട്ടിൽ അനുഭവപ്പെട്ടിട്ടുണ്ട്..അക്ഷരസ്ഫുടതയിലും പദം മുറിക്കുന്നതിലും കഥാപാത്രത്തിന്റെ മാനസികനിലയ്ക്കനുസരിച്ച് പിന്നണിപാട്ടെന്ന പൂർണ്ണബോധ്യത്തോട്കൂടി ഭാവസ്ഫുരണം നൽകുന്നതിലും കുറുപ്പാംശം നമുക്ക് നല്ലവണ്ണം ദിവാകരേട്ടനിലും കാണാൻ കഴിയും.ശരീരഭാഷയിൽ വരെ ആ സ്വാധീനം കാണാം. ശബ്ദത്തിലും താരസ്ഥായിയിലുള്ള സഞ്ചാരത്തിലും മാത്രമാണ് വ്യത്യാസം അനുഭവപ്പെട്ടിട്ടുള്ളത്. ഇന്നും ദിവാകരേട്ടൻ ‘ യാമി യാമി’ പാടുമ്പോൾ കുറുപ്പ്ശൈലിയിൽ തന്നെയാണ് പാടുന്നത്.ഒരിക്കൽ എന്റെ ഇല്ലത്തിനടുത്തുള്ള അമ്പലത്തിൽ കുചേലവൃത്തം കഥകളി.ദിവാകരേട്ടനും രാജീവനുമാണ് പാട്ട്.’ ഇന്ധനസംബാദന’ എന്ന ഭാഗം ഹിന്ദോളത്തിനു പകരം രാഗം മാറ്റിയാണ് പാടിയത്.അതിനെപ്പറ്റി ചോദിച്ചപ്പോൾ പറഞ്ഞത് കുറുപ്പാശാൻ സന്ദർഭത്തിനനുസരിച്ച് ധാരാളം രാഗം മാറ്റി പാടാറുണ്ട്.അതാണെന്റെ ധൈര്യം എന്നാണ്.ഗുരുനാഥന്റെ സംഗീതവഴി ഇത്ര സ്വാംശീകരണക്ഷമതയോട് കൂടി ശിഷ്യനിലേക്ക് ഒഴുകിയിറങ്ങിയിരിക്കുന്നത് ഈയൊരു ഗുരുശിഷ്യപരമ്പരയിലല്ലാതെ വേറൊന്ന് കാണുവാൻ സാധിക്കില്ല.പർവതത്തിൽ നിന്നുത്ഭവിച്ച് നദിയിലൂടെ ഒഴുകി ജലം സമുദ്രത്തിൽ ചേരുന്നതുപോലെ കുറുപ്പാശാനിലൂടെ ഉറവപൊട്ടി ദിവാകരേട്ടൻ എന്ന ലോലനദിയിലൂടെ ഒഴുകി സമ്പന്നമായ ശിഷ്യപരമ്പരയിലൂടെ ആ പ്രവാഹം ഇന്നും അനുസ്യൂതം തുടർന്നു കൊണ്ടിരിക്കുന്നു.
ഒരു കലാകരന്റെ ജീവിതം സുഘടിതമായി നിൽക്കണമെങ്കിൽ അദ്ദേഹത്തിന്റെ കുടുമ്പാന്തരീക്ഷവും ദീപ്തമായിരിക്കണം.ദിവാകരേട്ടന്റെ സംഗീതമാധുര്യം പോലെ തന്നെ മധുരോദാരമാണ് അദ്ദേഹത്തിന്റെ പ്രിയപത്നി സുധോപ്പോളുടെ വ്യക്തിത്വവും.വാമഭാഗത്തിന്റെ പൂർണ്ണപിന്തുണ തന്നെയാണ് ദിവാകരേട്ടന്റെ പാട്ട് ഇന്നും സുധാമയമാക്കുന്നത്.അദ്ദേഹത്തിന്റെ സംഗീതവഴി മകൾ ദീപേടത്തിയിലൂടേയും മകനും എന്റെ പ്രിയ സുഹൃത്തുമായ സുദീപിലൂടേയും ഇന്നും അനുസ്യൂതം പ്രവഹിക്കുന്നു.
ഷഷ്ട്യബ്ദപൂർത്തി ആഘോഷിക്കുന്ന ദിവാകരേട്ടനും അദ്ദേഹത്തിന്റെ കുടുംബാംഗങ്ങൾക്കും എല്ലാ ആയുരാരോഗ്യസൗഖ്യങ്ങളും ഈ എളിയ ആസ്വാദകൻ നേരുന്നു.