Thursday, February 20, 2014

ഞാനും കർണാടകസംഗീതവും

ചെന്നൈയിലേക്ക് കൂടും കുടുക്കയമായിട്ട് ചേക്കേറിയതിനു ശേഷമാണു ഞാൻ കർണാടകസംഗീതം കൂടുതൽ കേട്ട് തുടങ്ങിയത്….അതിനു കാരണം ഈ വിഷയത്തിൽ നല്ല അറിവും കംബവുമുള്ള കുറേ നല്ല സുഹൃത്ത്ക്കളാണു…..പക്ഷെ ഈ രസികരാക്ഷസന്മാരുടെ ഇടയിൽ നിൽക്കുംബോൾ സംഗീതത്തിലുള്ള അറിവില്ലായ്മ എന്നിൽ അപകർഷതാബോധം സൃഷ്ടിച്ചിട്ടുണ്ട്……ഗവാസ്കറുടേയും രവിശാസ്ത്രിയുടേയും കൂടെ കമന്ററി ബോക്സിലിരിക്കുന്ന മന്ദിരാബേദിയുടെ അവസ്ഥയായിരുന്നു എന്റേത്.(ഒരാൾ കളിയുടെ നാടകീയഭാവത്തെ കാണികൾക്ക് പകർന്നു നൽകുംബബോൾ മറ്റെയാൾ അതിന്റെ ശാസ്ത്രീയവശങ്ങളെ ഇഴകീറി പരിശോധിച്ച് കാണികളെ പ്രബുദ്ധരാക്കുന്നു). എനിക്കും കച്ചേരി നല്ലോണം ആസ്വദിക്കാൻ കഴിയുന്നുണ്ടെന്നു മറ്റുള്ളവരെ പറഞ്ഞു ബോധ്യപ്പെടുത്താൻ കഴിഞ്ഞിട്ടില്ലെങ്കിലും ഞാൻ മറ്റുള്ളവരാസ്വദിക്കുന്ന പോലെയോ  അല്ലെങ്കിൽ അതിലധികമോ ആസ്വദിക്കുന്നുണ്ടെന്ന് തിരിച്ചറിഞ്ഞു.ഒരു ശാസ്ത്രീയ അടിത്തറയുമില്ലാതെ  ഇതെങ്ങനെ സാധിക്കുന്നു എന്നുള്ളതു എന്നെ പലപ്പോഴും അത്ഭുതപ്പെടുത്തി.ആ അന്വേഷണമാണു ഈ ചെറിയ കുറിപ്പിനാധാരം.
കലാസ്വാദനപ്രക്രിയ മനസ്സിലാവണമെങ്കിൽ കലയുടെ അടിസ്ഥാനസ്വഭാവം മനസ്സിലാവണം…..പ്രസിദ്ധ വിക്ടോറിയൻ കവി മാത്യു ആർണോൾഡ് എഴുതിയ Study of Poetry എന്ന പ്രബന്ധത്തിൽ പറയുന്നത് കലയുടെ ലക്ഷ്യം പ്രഹർഷണവും പ്രബോധനവും(delight and instruct) ആണെന്നാണു.ഭാരതീയ കാവ്യശാസ്ത്രത്തിൽ മമ്മടൻ പറയുന്നതും ഇത് തന്നെയാണു……’കാന്താ സമ്മിതതയാ ഉപദേശയുജേ’ ( കാമുകി തന്റെ കാമുകനു ഉപദേശം കൊടുക്കുന്നത് പോലെ മധുരതരമാവണം കവിത).
മേൽ സൂചിപ്പിച്ച ആനന്ദം ഉപരിപ്ലവമല്ല,മറിച്ച് വളരെ ആഴമേറിയതാണു.വളരെ ഘനമേറിയ ഭൈരവിയോ തോടിയോ കല്ല്യാണിയോ കേൾക്കുംബോഴും അത്ര ഘനമില്ലാത്ത ആനന്ദഭൈരവി തുടങ്ങിയവ കേൾക്കുംബോഴും ഒരേ അളവിലുള്ള ആനന്ദമാണു ലഭിക്കുന്നത്.അപ്പോൾ ഈ ആനന്ദം ഒരു slapstick comedy scene കാണുംബോൾ ലഭിക്കുന്ന സന്തോഷമല്ല മറിച്ച് നമ്മൾ ആസ്വദിക്കുന്ന കല നമ്മുടെ മനസ്സിനെ മഥിക്കുകയും ആ മഥനം നമ്മളെ ശുദ്ധീകരിക്കുകയും ചെയ്യുന്നു.ഈ ശുദ്ധീകരണം നൽകുന്ന ഫലമാണു ആനന്ദം.ഇതിനെ അരിസ്റ്റോട്ടിൽ Catharsis എന്നു വിളിക്കുന്നു(Aristotle’s Poetics).അതു കൊണ്ടാണു Tragedy കണ്ടാൽ ലഭിക്കുന്നത് ആനന്ദമാണെന്ന് അദ്ദേഹം പറയുന്നത്.
എങ്ങനെ ഒരു സാധാരണ ആസ്വാദകനു ഇത് സ്വായത്തമാക്കാം.അതിനു കുറുക്കുവഴികളൊന്നുമില്ല മറിച്ച് തന്റെ സഞ്ചിത സംസ്കാരത്തിൽ നിന്ന് ഊർജ്ജമുൾക്കൊണ്ട് നിരന്തരശ്രവണത്തിലൂടെ  നേടിയെടുക്കുകയേ നിവൃത്തിയുള്ളൂ….ഇതിനെ Intellectual Susceptibility എന്നു പറയുന്നു.
ഇപ്പോൾ നിങ്ങൾക്ക് സംശയം തോന്നാം സംഗീതത്തിൽ പാണ്ഡിത്യമുള്ളയാൾക്ക് ഒരു മേൽക്കോയ്മയും ഇല്ലേ എന്ന്….തീർച്ചയായും ഉണ്ട്….അതാണു മേൽ സൂചിപ്പിച്ച കലയുടെ രണ്ടാമത്തെ ലക്ഷ്യം; പ്രബോധനം.ആനന്ദത്തിനൊപ്പം അറിവ് വർദ്ധിക്കുകയും അതിലൂടെ തന്റെ കലാജീവിതം അഭിവൃദ്ധിപ്പെടുകയും തന്മൂലം സമൂഹത്തിനെ ശുദ്ധീകരിക്കാൻ കെൽപ്പുള്ളവരായി കലാകാരന്മാർ മാറുകയും ചെയ്യുന്നു!!!!!!!!!!!!!!!!!!!!!!!!

വാൽകഷ്ണം:രാഗലക്ഷണങ്ങളുടെ ഒരു ഭാരവുമില്ലാതെ ശെമ്മാങ്കുടിയുടെ 1956ലെ Chennai Music Academy Concertൽ നിന്നു ഭൈരവിയിലുള്ള ‘കാമാക്ഷി അംബ’ എന്ന കൃതി കേട്ടുകൊണ്ടിരിക്കുന്നു:):):):):)

No comments:

Post a Comment