Thursday, February 20, 2014

ആൾദൈവം എന്ന മിഥ്യ

ആൾദൈവം എന്ന മിഥ്യ
ALL ദൈവം എന്ന സത്യം

അമൃതാനന്ദമയീ മOത്തിലെ ഒരു വിഴുപ്പും കൂടി പഞ്ചായത്ത് കുളത്തിൽ കൊണ്ടുവന്ന് കഴുകി കുളം വൃത്തികേടാക്കിയിരിക്കുന്നു.എനിക്ക് പ്രത്യേകിച്ച് ഒരു ഞെട്ടലൊന്നും ഉണ്ടായില്ലെങ്കിലും ഇതിനു അനുകൂലമായും പ്രതികൂലമായും ധാരാളം വാഗ്വാദങ്ങൾ നടക്കുന്നത് കാണുംബോൾ ഇതെഴുതണമെന്ന് തോന്നി.എനിക്ക് വ്യക്തിപരമായി സഹായം ചെയ്യാത്തത് കൊണ്ടോ ഞാൻ വ്യക്തിപരമായി അവരെ എന്തെങ്കിലും ആവശ്യത്തിനു സമീപിക്കാത്തത് കൊണ്ടോ ആവാം ഈ നിർമമത.അപ്പോൾ ആരാണു ഇതിൽ ദുഖിക്കുന്നത്?ഈ പ്രസ്ഥാനവുമായി നേരിട്ട് ബന്ധമുള്ളവരോ അവരിൽ നിന്ന് എന്തെങ്കിലും സഹായം സ്വീകരിച്ചവരോ ആവാം.തന്നെ സഹായിച്ചവരെ സ്നേഹിക്കുന്നതോ അവരോട് നന്ദി പ്രകടിപ്പിക്കുന്നതൊ തെറ്റല്ല.പക്ഷെ ഈ സഹായത്തിന്റെ പേരിൽ, പല രീതിയിൽ കോടിക്കണക്കിനു രൂപ സംബാദിക്കുന്ന  ഇവരെ ആൾദൈവമാക്കുന്നത് ഭാരതീയ സങ്കല്പം ഉദ്ഘോഷിക്കുന്ന യഥാർത്ഥ ഈശ്വരസങ്കല്പത്തോട് ചെയ്യുന്ന വലിയ ഒരു ചതിയാവും.

എന്താണു ഭാരതീയ ഈശ്വരസങ്കല്പം?
1)  ഉപനിഷത്തുക്കൾ വിരാട്പുരുഷൻ എന്ന ഒരു സങ്കൽപത്തെപ്പറ്റി വിശദമായി പ്രദിപാദിക്കുന്നുണ്ട്.ഓരോ കല്പം കഴിഞ്ഞാൽ പ്രളയമുണ്ടാവുന്നു ( ഈ പ്രളയജലത്തെ കാരണജലം എന്നു പറയുന്നു) ഈ കാരണജലത്തിൽ ഒരു അണ്ഡമുണ്ടാവുകയും ആ അണ്ഡം ഭേദിക്കപ്പെട്ട് ദ്യാവാപൃഥിവികളായി മാറുകയും ചെയ്യുന്നു.. ഇതിനിടയിൽ സ്ഥിതിചെയ്യുന്ന, ഈ വിശ്വം മുഴുവൻ നിറഞ്ഞ്നിൽക്കുന്ന ചൈതന്യത്തെ വിരാട്പുരുഷനെന്നു പറയുന്നു.

പക്ഷെ എന്നെ ആകർഷിച്ചിട്ടുള്ളത് ഈ വിവരണമല്ല,(എത്രകണ്ട് ഇത് ശാസ്ത്രീയമായി ശരിയാണെന്നും അറിയില്ല) മറിച്ച് സങ്കൽപ്പിക്കുന്ന രീതിയാണു……….ഈ വിരാട്പുരുഷനെ അതിമനോഹരാകൃതിയായ ഒരു ബാലനായി സങ്കല്പിക്കാനാണു പറയുന്നത്.ഭാരതീയസങ്കല്പത്തിലെ ഏറ്റവും സുന്ദരവും ആധികാരികവുമായ ഈശ്വരസങ്കല്പമാണു ഇത്.ഈ ഒരു തലത്തിലേക്ക് എങ്ങനെ എത്താം എന്നതിനു ഉത്തരമായി ഷട്തൃംശതിതത്ത്വങ്ങളെപറ്റി വിശദമാക്കുന്നു.പഞ്ചഭൂതങ്ങളേയും പഞ്ചതന്മാത്രകളേയും മനസ്സിനേയും ബുദ്ധിയേയും അഹങ്കാരത്തേയും മറികടന്ന് സദാശിവത്ത്വം എന്ന ഒരു തലത്തിലെത്തുന്നു….ഈ സദാശിവൻ എന്ന സങ്കല്പം ശിവൻ എന്ന സങ്കല്പവുമായി യാതൊരു ബന്ധവുമില്ല, മറിച്ച് ശിശുസഹജമായ നിഷ്കളങ്കതയാണു.അപ്പോൾ ഈശ്വരൻ എന്നത് ഒരു രൂപമല്ല മറിച്ച് മനസ്സിന്റെ ഒരു അവസ്ഥയാണു………ശിശുസഹജമായ നിഷ്കളങ്കത!!!!!!!!!!!!!!!!!

2)  സാന്ദ്രമായ ആനന്ദവും അവബോധവും തേടിയ മേൽപ്പത്തൂരും അവസാനം ഈശ്വരനെ കണ്ടത് ശിശുവിന്റെ രൂപത്തിലാണു. ( ‘ദിവ്യകൈശോരവേഷം’…..പല ഭാഗവതക്കാരും ഉണ്ണികൃഷ്ണൻ എന്ന് വ്യാഖ്യാനിക്കുന്നുണ്ട്, പക്ഷെ അത് തെറ്റാണു…അഗ്രേപശ്യാമി എന്ന ശ്ലോകം വായിച്ചാൽ മനസ്സിലാവും).
3)  പ്രസിദ്ധ ഇംഗ്ലീഷ് കവി Wordsworth അദ്ദേഹത്തിന്റെ പ്രസിദ്ധമായ Ode on Intimations of Immortality എന്ന കവിതയിൽ പറയുന്നത് Child is the father of Man എന്നാണു. അദ്ദേഹത്തിനു ശിശുവിന്റെ നിഷ്കളങ്കതയിൽ മാത്രമാണു ഈശ്വരനെ ദർശിക്കാൻ സാധിക്കുന്നത്.

മേല്പറഞ്ഞ കാര്യങ്ങൾ പരിശോധിച്ചാൽ ഒരു കാര്യം മനസ്സിലാവും….ലോകത്തിലെ എല്ലാ മതങ്ങളും ഉദ്ഘോഷിക്കുന്ന ഈശ്വരത്ത്വം നമ്മുടെ മനസ്സിലെ ശിശുസഹജമായ നിഷ്കളങ്കതയാണു….ആ നിഷ്കളങ്കത ആർജ്ജിക്കുംബോൾ നമ്മളും ഈശ്വരനായി മാറുന്നു.അതു തന്നെയാണു അഹം ബ്രഹ്മാസ്മിയും തത്ത്വമസിയും!!!!!!!!!!!!!

ഈ നിഷ്കളങ്കത കോടിക്കണക്കിനു രൂപയുടെ ബിസിനസ്സ് നടത്തുന്ന ഒരു ആൾദൈവങ്ങളിലും എനിക്ക് കാണാൻ കഴിഞ്ഞിട്ടില്ല…..അതു കൊണ്ട് അവരോട് ഒരു ആരാധനയും തോന്നിയിട്ടില്ല.

          “വാക്കുകൾ കൂട്ടിച്ചൊല്ലാൻ വയ്യാത്ത കിടാങ്ങളെ
          ദീർഘദർശനം ചെയ്യും ദൈവജ്ഞരല്ലോ നിങ്ങൾ”


No comments:

Post a Comment