Tuesday, August 2, 2016

Politics and common man

എല്ലാ ഇലക്ഷൻ കഴിഞ്ഞാലും കേൾക്കുന്ന സ്ഥിരം പല്ലവിയാണ് ആരു ജയിച്ചാലും നമുക്ക് കാര്യമൊന്നുമില്ല, ജീവിക്കണമെങ്കിൽ നമ്മൾ തന്നെ അധ്വാനിക്കണം എന്ന്. ഭരിക്കുന്നവർ തമിഴ്നാട്ടിലെ പോലെ സൗജന്യങ്ങൾ വിതരണം ചെയ്യണമെന്നോ അല്ലെങ്കിൽ രാഷ്ട്രീയമെന്നാൽ ഭരിക്കുന്നവരുടെ ബിസ്സിനസ്സ് മാത്രമാണെന്നോ ഉള്ള ഒരു തെറ്റിദ്ധാരണയിൽ നിന്നാണ് ഈ വാദം ഉണ്ടാവുന്നത്. രാഷ്ട്രീയത്തിന്റെ മുഖ്യ ഉത്തരവാദിത്വം വ്യവസ്ഥിതി സൃഷ്ടിക്കുകയും നിലനിർത്തുകയും ചെയ്യുക എന്നതാണ്. അത് വിദ്യാഭ്യാസത്തിലൂടേയും ആരോഗ്യപരിപാലനത്തിലൂടേയുംസാമുഹ്യസുരക്ഷയിലൂടേയും മറ്റുമാണ് കൈവരിക്കുന്നത്. ഇവയെ സമൂഹത്തിന്റെ എല്ലാ തുറകളിലേക്കും എത്തിക്കുക എന്നതാണ് ഗവേണൻസിന്റെ ലക്ഷ്യം. ഈ വ്യവസ്ഥിതിയെ ഫലപ്രദമായി പൂരിപ്പിച്ചെടുക്കുകയും ഈ പ്രക്രിയയുടെ കാവലാളായി നിൽക്കുകയും ചെയ്യുക എന്നതാണ് ഒരു പൗരന്റെ ധർമ്മം. അതായത് ഭരിക്കുന്നവരെ പോലെ ഭരിക്കപ്പെടുന്നവർക്കും തുല്ല്യമായ ഉത്തരവാദിത്വം ഉണ്ടെന്നർത്ഥം. ആ അർത്ഥത്തിൽ ഓരോ പൗരനും രാഷ്ട്രീയ ജീവിയാണ്. അങ്ങനെയുള്ള കൂട്ടുത്തരവാദിത്വത്തിൽ നിന്ന് മാറി നിന്ന് വ്യവസ്ഥിതി നൽകിയ എല്ലാ ആനുകൂല്ല്യങ്ങളും കൈപ്പറ്റി സുരക്ഷിതമായ തുരുത്തുകളിലെത്തുമ്പോൾ ഉണ്ടാവുന്ന ഒരു മനോവൈകല്ല്യമാണ് സമൂഹത്തിലെന്ത് നടന്നാലും അതെന്നെ ബാധിക്കില്ല എന്ന തോന്നൽ. രാഷ്ട്രീയം അധികാരത്തിലിരിക്കുന്നവരുടെ മാത്രം സ്വകാര്യവിഷയമാണെന്ന തെറ്റിദ്ധാരണ ഇതിൽ നിന്നാണ് ഉടലെടുക്കുന്നത്. ഇതിനൊരു പരിഹാരമേയുള്ളൂ; ഓരോ വ്യക്തിയും രാഷ്ട്രീയ ജീവിയായി മാറുക. അരാഷ്ട്രീയത എന്നത് സുരക്ഷിതമായ ഒരിടത്തേക്ക് സ്വയം ഒതുങ്ങാനുള്ള സ്വാർത്ഥമോഹത്തിന്റെ മറ്റൊരു പേരാണെന്ന് തിരിച്ചറിയുക. ഈ അരാഷ്ട്രീയതയുടെ മുഖം മൂടി മാറ്റിയാൽ മനസ്സിലാവും അനീതിക്കെതിരെയുള്ള ശബ്ദമുയർത്തലും പ്രതിഷേധങ്ങളും ശബ്ദമലിനീകരണങ്ങളല്ലെന്ന്.

Semantics

" Experience of a sunset for example in a painting or in a poem is more memorable than in actual sunset because the mind has participated more in the execution of it than in the absence of a direct sense stimuli. Art sharpens our experience"
തന്റെ കവിതകളിലെ ക്ലിഷ്ടതയ്ക്കെതിരെ ആരോപണം വന്നപ്പോൾ T.S.Eliot പറഞ്ഞ വാക്കുകളാണ് മുകളിൽ കൊടുത്തിരിക്കുന്നത്. ചിന്തിക്കുക എന്ന പ്രക്രിയ ലേശം ക്ലേശമുള്ളത് തന്നെയാണ്. ഗഹനമായ ഒരു വിഷയത്തെ മനസ്സിലാക്കാൻ വാക്കുകളുടെ അർത്ഥം മാത്രം അറിഞ്ഞാൽ പലപ്പോഴും മതിയാവില്ല, ഒരു വാക്ക് നിർമ്മിക്കപ്പെടുന്നത് ചരിത്രവും രാഷ്ട്രീയവും തത്ത്വചിന്തയും അധികാരബന്ധങ്ങളും തുടങ്ങി അനേകം ഘടകങ്ങൾ ചേർന്നാണ്. അപ്പോൾ നമ്മുടെ വായനയും ഈ അർത്ഥങ്ങളെല്ലാം മനസ്സിൽ പേറിയാവണം. ലൈംഗിക സദാചാരം എന്ന വാക്ക് കാണുമ്പോൾ സദാചാരം എന്ന നിഘണ്ടുവിലെ അർത്ഥമെടുത്താൽ വേട്ടക്കാരൻ ഇരയായി മാറും. അതല്ലാതാവണമെങ്കിൽ ആ വാക്ക് കേരളീയ സമൂഹത്തിൽ എങ്ങനെ ഉപയോഗിക്കപ്പെടുന്നു എന്നും അതിലേക്ക് നയിച്ച സെമാന്റിക് വ്യാഖ്യാനങ്ങളെന്താണെന്നും മനസ്സിലാക്കണം.

ന ബ്രൂയാൽ സത്യമപ്രിയം!!!


ടി.എം.കൃഷ്ണയ്ക്ക് നൽകിയ മഗ്സാസെ അവാർഡിന്റെ സൈറ്റേഷനിലെ പരാമർശത്തിനെതിരെ പ്രതിഷേധിക്കുന്നവർ ഇങ്ങനെ കണ്ണടച്ചിരുട്ടാക്കിയാൽ ഇല്ലാതാവുന്നതല്ല യാഥാർത്ഥ്യം. അത് ഒരു വിദേശ അവാർഡ് കമ്മറ്റി പറഞ്ഞു എന്നതുകൊണ്ട് അതിനെ സാമ്മ്രാജ്യത്ത്വശക്തികളുടെ ഉപജാപമാണെന്ന രീതിയിൽ ചിത്രീകരിക്കുന്നതിൽ പരം കാപട്യം വേറൊന്നുമില്ല. ഒരു യേശുദാസിന്റേയോ രാജരത്തിനം പിള്ളയുടേയോ പേരെടുത്ത് പറഞ്ഞ് അതിനെ നിഷേധിക്കാൻ ശ്രമിക്കുന്നതും ബാലിശമാണ്.
ഇക്കണോമിക്ക് അല്ലെങ്കിൽ പൊളിറ്റിക്കൽ ഇമ്പീരിയലിസത്തേക്കാൾ ശക്തമായത് കൾച്ചറൽ ഇമ്പീരിയലിസമാണ് എന്ന് ഏറ്റവും നല്ലവണ്ണം മനസ്സിലാക്കിയവരാണ് അധികാരി വർഗ്ഗം. അതിന്റെ സ്വാധീനം ഇന്ത്യയിലെ എല്ലാ ക്ലാസ്സിക്കൽ കലകളിലും കാണാം. ഒരേ സമയം കലയുടെ സംരക്ഷകൻ എന്ന ഇമേജ് നിലനിർത്തുമ്പോളും അതിന്റെ കൾച്ചറൽ സ്പേസിനെ തങ്ങളുടെ സാംസ്കാരിക പരിധിക്കുള്ളിൽ ഒതുക്കി നിർത്തുന്നതിൽ ബദ്ധശ്രദ്ധരായിരുന്നു. ഈ കൺഫൈന്മെന്റ് കഥകളിയിലും കർണ്ണാടക സംഗീതത്തിലും എല്ലാം ഇപ്പോഴും ശക്തമായി നിലനിൽക്കുന്നുണ്ട് എന്നതാണ് യാഥാർത്ഥ്യം. ഈ അദൃശ്യമായ എലീറ്റിസ്റ്റ് ബോധത്തിനെ അതിന്റെ ഉള്ളിൽ നിന്ന് വെല്ലുവിളിക്കാനുള്ള ധൈര്യം ഇല്ലാതെ വന്നതു കൊണ്ടാണ് ദേവദാസിയായ എം.എസ് സുബ്ബുലക്ഷ്മിയെ ഒരു തമിഴ് ബ്രാഹ്മണ യുവതിയായി മദ്രാസ് സംഗീത ലോകത്ത് സദാശിവത്തിന് അവതരിപ്പിക്കേണ്ടി വന്നത്. അവിടെയാണ് സിസ്റ്റത്തിന്റെ ഉള്ളിൽ നിന്ന് അതിനെ വിമർശിക്കുന്ന കൃഷ്ണയുടെ ഉദ്യമത്തെ ബഹുമാനിക്കേണ്ടത്. ഒരു സമൂഹത്തിന്റെ പൊതു ബോധത്തിനെ സ്വാധീനിക്കാൻ കലയ്ക്ക് കഴിയുമ്പോൾ, അതിന് മനുഷ്യന്റെ നിലവാരമുയർത്താൻ സാധിക്കുമ്പോൾ, കല സമൂഹത്തിലേക്ക് ഇറങ്ങുന്നതിന് തടസ്സമാവുന്ന എന്തിനേയും ചോദ്യം ചെയ്യുക എന്നത് ഒരു രാഷ്ട്രീയ പ്രവർത്തനമാണ്. അതാണ് കൃഷ്ണ ചെയ്യുന്നത്. കൃഷ്ണ ഉയർത്തുന്ന ചോദ്യങ്ങൾ നിങ്ങളെ ശല്ല്യപ്പെടുത്തുന്നുണ്ടെങ്കിൽ അത് തന്നെയാണ് അയാളുടെ നിലപാട് ശരിയാണെന്നുള്ളതിന് ഏറ്റവും നല്ല തെളിവും.
മദ്രാസ്സിലെ കർണ്ണാടക സംഗീത ലോകം കൂടുതൽ ഇങ്ക്ളൂസീവ് ആകുന്ന വരെ ഈ ശല്ല്യപ്പെടുത്തുന്ന ചോദ്യങ്ങൾ മുഴങ്ങുകയും ചെയ്യും. കാരൈക്കുടി മണിയ്ക്ക് ഇനിയും സംഗീത കലാനിധി കിട്ടിയിട്ടില്ല എന്ന് കൂട്ടി വായിക്കുമ്പോൾ കൃഷ്ണയുയർത്തുന്ന ചോദ്യങ്ങൾ വളരെ പ്രസക്തവും.

Sunday, March 27, 2016

ഉത്തരീയത്തിന്റെ ബകവധം

നൃത്തനാടകം എന്ന് വിശേഷിപ്പിക്കാവുന്ന കഥകളിയുടെ ചൊല്ലിയാട്ടസൗന്ദര്യം നിറഞ്ഞ് നിൽക്കുന്ന കഥകളാണ് കോട്ടയം കഥകൾ.അതിനെ അതിശയിപ്പിക്കുന്ന ആട്ടക്കഥകൾ പിന്നീടുണ്ടായിട്ടുണ്ടോ എന്നതും സംശയം.തലമുറകൾ കഴിയുംതോറും ഈ ചൊല്ലിയാട്ടവിശുദ്ധി കാത്തു സൂക്ഷിക്കുക എന്നത് തന്നെയാണ് കഥകളിയെ നിലനിർത്തുക എന്നതിന്റെ അർത്ഥവും.അങ്ങനെ കഥകളിയെ അടുത്ത തലമുറയിലേക്ക് കൂട്ടി കൊണ്ടുപോകുന്ന ഒരുപറ്റം കലാകാരന്മാരിൽ വളരെയധികം പ്രതീക്ഷ നൽകുന്നവരാണ് ശ്രീ കലാ: നീരജും ശ്രീ കലാ:അരുൺ വാര്യരും.ഇത് തെളിയിക്കുന്നതായിരുന്നു ഇന്നലെ ഉത്തരീരം അവതരിപ്പിച്ച പാണ്ഡവായനം സീരീസിലെ ബകവധം കഥകളി.

ലളിതയുടെ (ഹിഡുമ്പി) സാരി നൃത്തത്തോട് കൂടി തുടങ്ങുന്ന ഭാഗം മുതൽ ഘടോത്കചനും ഹിഡുമ്പിയും ഭീമന്റെ അനുവാദത്തോട് കൂടി കാട്ടിലേക്ക് തിരിച്ചു പോകുന്ന രംഗം വരെയാണ് അവതരിപ്പിച്ചത്.സാരി നൃത്തത്തിന് ശേഷം ലളിതയുടെ ‘മാരസദൃശ’ എന്ന പദം.ലജ്ജയും കാമവും സ്ഥായീ ഭാവവും ഹിഡുമ്പനെപറ്റി സൂചിപ്പിക്കുമ്പോളും മറ്റും ആവശ്യം വേണ്ട സഞ്ചാരീ ഭാവവുമെല്ലാം അരുൺ വാര്യർ വളരെ ഭംഗിയായി അവതരിപ്പിച്ചു.സ്ത്രീ വേഷത്തിനു വേണ്ട രൂപസൗന്ദര്യവും ലളിത പൊലുള്ള ചിട്ട പ്രധാനമായ വേഷത്തിനു വേണ്ട ചൊല്ലിയാട്ടശുദ്ധിയും ഒത്തിണങ്ങിയ കലാകാരനാണ് ശ്രീ അരുൺ വാര്യർ.കഴിഞ്ഞ കുറേ വർഷങ്ങളിലെ രംഗപരിചയം കൊണ്ട് ഈ നടൻ നേടുന്ന പക്വത വളരെ പ്രതീക്ഷ നൽകുന്നതാണ്.

വീരരസത്തോട് കൂടിയ ശൃംഗാരം സ്ഥായീഭാവമായി ചിട്ടയായ ചൊല്ലിയാട്ട സൗന്ദര്യത്തോട് കൂടി അവതരിപ്പിക്കേണ്ട കഥാപാത്രമാണ് ബകവധത്തിലെ ഭീമൻ.നല്ല കളരിയഭ്യാസവും അരങ്ങു പരിചയവും വേണ്ട ഈ കഥാപാത്രം പുതുതലമുറയുടെ പ്രതിനിധിയായ ശ്രീ നീരജ് വളരെ ഭംഗിയായി തന്നെ അവതരിപ്പിച്ചു. ‘പാണ്ഡുസുതന്മാർ ഞങ്ങളാകുന്നു ബാലേ’ എന്ന ചരണത്തിലെ വീര്യവും നാഗകേതനന്‍  തന്റെ വ്യാജത്താല്നാടും നഗരവും വെടിഞ്ഞിങ്ങുപോന്നതും”  എന്ന ദിക്കിലെ ക്രോധവും ശോകവും തുടങ്ങി പല രംഗങ്ങളിലേയും രസാഭിനയം വളരെ നന്നായി.പക്ഷെ സ്ഥായിയിൽ നിന്ന് സഞ്ചാരീ ഭാവങ്ങളിലേക്ക് മാറുമ്പോഴുള്ള ഭാവപ്രകടനം ലേശം കൂടി ആവിഷ്കരണ സമർത്ഥമാവാമായിരുന്നു എന്ന് തോന്നി. ഭീമൻ വ്യാസനെ വണങ്ങുന്നതാപസകുലതിലകപതിഞ്ഞ ഇരട്ടികളോടുകൂടിയ പദത്തിന്റെ പതിഞ്ഞകാലത്തിലുള്ള അവതരണം ഈ നടന്റെ ചൊല്ലിയാട്ടത്തിന്റെ ഭംഗി പൂർണ്ണമായി കാണികൾക്ക് അനുഭവവേദ്യമായി..അതുപോലെ ചെന്താര്ബാണഎന്ന ചരണാത്തെ തുടര്ന്നുള്ള ഇരട്ടിയുടെ അന്ത്യത്തില്ഭീമന്ഹിഡിംബിയെ ആലിംഗനംചെയ്തുള്ള നൃത്തത്തോടുക്കൂടിയുള്ള നിഷക്രമണവും നല്ല കൃത്യതയോട് കൂടി തന്നെ അവതരിപ്പിച്ചു.കലാ: ശ്രീരാമിന്റെ ഘടോത്കചൻ വളരെ നന്നായി.അവസാനം സൂചിക്കിരിക്കലോട് കൂടിയ നാലിരട്ടി കലാശം സങ്കേത ബദ്ധമായി തന്നെ ശ്രീറാം അവതരിപ്പിച്ചു.കലാ:അതുൽ വ്യാസന്റെ വേഷം വളരെ ഭംഗിയായി കൈകാര്യം ചെയ്തു.

ഇന്നലത്തെ കളിയിൽ എടുത്തു പറയേണ്ട മറ്റൊരു ഘടകമാണ് പാട്ട്.മൂന്ന് പതിഞ്ഞ പദങ്ങൾ വളരെ ഭംഗിയായി രണ്ട് ഗായകർ മാത്രം നിന്ന് പാടുക എന്നത് വളരെ ആയാസകരമായ ഒന്നാണ്.പക്ഷെ ശ്രീ കലാ: വിനോദും കലാ: സുധീഷും അതിസുന്ദരമായിട്ടും അനായാസേനയും  പാടി നിറച്ചു.യദുകുലകാമ്പോജിയും ബിലഹരിയും തോടിയും വളരെ ചിട്ടപ്രധാനമാട്ട് പാടുമ്പോഴും അതിനിടയിൽ ഒരു നീലാമ്പരിയും പാടിയുമെല്ലാം കർണ്ണപീയൂഷമായി എന്ന് തന്നെയാണ് വിശേഷിപ്പിക്കേണ്ടത്.കലാ: വേണുമോഹനും കലാ: വൈശാഖും ചേർന്ന മേളവും തുല്ല്യ നിലവാരം പുലർത്തി.കലാ: സതീശേട്ടൻ ചുട്ടിയും കുഞ്ഞിരാമേട്ടനും സംഘവും അണിയറയും കൈകാര്യം ചെയ്തു.

    

Sunday, December 27, 2015

സ്മൃതിയരങ്ങ് @ ഗുരുവായൂർ

യഥാർത്ഥലോകത്തും വെർച്ച്വൽ ലോകത്തും പരിചയപ്പെട്ട ധാരാളം സുഹൃത്ത്ക്കളെ നേരിൽ കാണുകയും നല്ലൊരു കഥകളി കാണുകയും ചെയ്യാം എന്ന ആഗ്രഹം കൊണ്ടാണ് ലേശം യാത്രാക്ലേശം അനുഭവിച്ചും ഗുരുവായൂരിൽ സ്മൃതിയരങ്ങിന് പോയത്.രണ്ടും നിരാശപ്പെടുത്തിയില്ല.ശ്രീ മംഗലം പരമേശ്വരൻ ഭട്ടതിരിപ്പാട് അനുസ്മരണവുമായി ബന്ധപ്പെട്ടാണ് കഥകളി അരങ്ങേറിയത്.

ആദ്യ കഥ സുഭദ്രാഹരണമായിരുന്നു.കോട്ടയം കഥകൾ കഴിഞ്ഞാൽ വളരെ സങ്കേതബദ്ധമായ അനവധി രംഗങ്ങളാൽ സമ്പുഷ്ടമായ ഒരാട്ടക്കഥയാണ് സുഭദ്രാഹരണം.എല്ലാ കഥാപാത്രങ്ങൾക്കും നിറഞ്ഞാടാൻ സാധ്യത നൽകുന്ന ഒരു കഥ.അർജ്ജുനനായി രംഗത്ത് വന്നത് ശ്രീ കലാ:ഷണ്മുഖനാണ്.അനുദിനം തന്റെ പ്രവൃത്തിയെ ശുദ്ധീകരിച്ച് മുമ്പോട്ട് പോവുന്നതിൽ ബദ്ധശ്രദ്ധനാണ് ഈ കലാകാരൻ എന്നത് ഓരോ അരങ്ങ് കഴിയുമ്പോളും ഷണ്മുഖൻ തെളിയിക്കുന്നു.നല്ലവണ്ണം അമർന്നിരുന്നുള്ള നിലകളിലും ആട്ടങ്ങളിലുമെല്ലാം ശ്രീ ഷണ്മുഖൻ മുന്നരങ്ങുകളെ അപേക്ഷിച്ച്  കൈവരിച്ച കൃത്യത സുഭദ്രാഹരണത്തിലെ മാലയിടൽ രംഗത്ത് പ്രകടമായിരുന്നു.കൃഷ്ണനേയും ഇന്ദ്രനേയും വന്ദിക്കുന്നതിൽ കളരിയഭ്യാസത്തിന്റെ സൗന്ദര്യം നിറഞ്ഞ് നിന്നു.അതുപോലെ തന്നെ അടുത്ത രംഗത്തുള്ള കൃഷ്ണനോടുള്ള ‘കഷ്ടം ഞാൻ” എന്ന പദവും (പാടാൻ നല്ല വൈഭവം ആവശ്യപ്പെടുന്ന ഈ പദം ശ്രീ കലാ: ഹരീഷേട്ടനും രാജീവേട്ടനും ഭംഗിയായി പാടി.കളിക്ക് മുമ്പ് ഈ പദത്തെപറ്റിയൊരു തമാശക്കഥ കേട്ടതുകൊണ്ട് കൂടുതൽ ശ്രദ്ധിക്കാനും പറ്റി).പക്ഷെ മുമ്പ് പലപ്പോഴും അനുഭവപ്പെട്ടത് പോലെ ശ്രീ ഷണ്മുഖൻ അവസാനം പോരിന് വിളിക്കുന്ന രംഗത്തുള്ള വീരരസാഭിനയം തൃപ്തികരമായിട്ട് തോന്നിയില്ല.അതു കഴിഞ്ഞിട്ടുള്ള നാലാമിരട്ടി കലാശത്തിലും ആദ്യ രംഗങ്ങളിൽ കണ്ട ഊർജ്ജവും കൃത്യതയും അനുഭവപ്പെട്ടില്ല.(ഈ തോന്നൽ വ്യക്തിപരമാവാം). പക്ഷെ കഥകളിയിൽ പച്ച വേഷത്തിന്റെ ഭാവി നിർണ്ണയിക്കുന്നതിൽ പ്രധാനിയായൊരാൾ ഷണ്മുഖനായിരിക്കും എന്നതിൽ യാതൊരു സംശയവുമില്ല.പുരാണത്തിൽ   ഏറ്റവും സുന്ദരിയായ സ്ത്രീരത്നങ്ങളിൽ ഒരുവളാണ് സുഭദ്രയെങ്കിൽ കഥകളിയിൽ ഏറ്റവും ‘സുന്ദരിയായ’ പുരുഷനാണ് ശ്രീ ചമ്പക്കര വിജയൻ.അതുകൊണ്ട് സുഭദ്രയെ അവതരിപ്പിക്കാൻ സംഘാടകർക്ക് ആരെന്ന കാര്യത്തിൽ സംശയമുണ്ടായിട്ടുണ്ടാവില്ല.എടുത്ത് പറയേണ്ട മറ്റൊന്നാണ് പീശപ്പിള്ളി രാജീവേട്ടന്റെ ബലഭദ്രരും ആദിത്യന്റെ  ശ്രീകൃഷ്ണനും.ധാരാളം മനോധർമ്മ സാധ്യതകൾ നൽകുന്ന രംഗമാണ് ഇവർ ചേർന്നുള്ളത്.അതിന്റെ എല്ലാ സാധ്യതകളും ഇവർ ഉപയോഗിച്ചു.ബാലലീലകൾ പറഞ്ഞ് പരിഹസിക്കുന്നതും മറ്റും വളരെ ഹൃദ്യമായിരുന്നു.കൃഷ്ണനെ കറുത്തവൻ എന്ന മുദ്ര കാട്ടി ബലഭദ്രർ വിളിക്കുന്നതും വളരെ വ്യത്യസ്തമായി തോന്നി.അതു പോലെ ഹൃദയഹാരിയായ ഒരു രംഗമായിരുന്നു സുഭദ്രയ്ക്ക് കരുതി വച്ചിരുന്ന മാല ബലഭദ്രരോട് കൊടുക്കാൻ പറയുമ്പോൾ “എന്നാലും എന്നോട് ഒന്ന് പറയായിരുന്നു” എന്ന് തേങ്ങി കൊണ്ടുള്ള വളരെ സുന്ദരമായ നാട്യധർമ്മിത്വം തുളുമ്പുന്ന ബലഭദ്രരുടെ അഭിനയം.ഇവിടെ എടുത്ത് പറയേണ്ടത് വളരെ സർഗ്ഗഭാവനയുള്ള രാജീവേട്ടന്റെ കൂടെ അഭിനയിക്കുമ്പോൾ യാതൊരു പരിഭ്രമവുമില്ലാതെയുള്ള ആദിത്യന്റെ പ്രകടനമാണ്.വളരെ കൃത്യമായ ചോദ്യങ്ങളിലൂടേയും മറുപടികളിലൂടേയും ആദിത്യൻ തന്റെ പ്രതിഭ തെളിയിച്ചു.

രണ്ടാമത്തെ കഥ കാർത്തവീര്യാർജ്ജുന വിജയത്തിൽ നിന്നുള്ള “കമലദളലോചനേ മമ ജീവനായികേ” എന്ന പതിഞ്ഞ പദത്തോട് കൂടിയ ബാലിവിജയമായിരുന്നു.പതിവിൽ നിന്ന് വ്യത്യസ്തമായി ഈ പദം പകുതിയും ഇരുന്ന് കൊണ്ടാണ് ആടുന്നത്.അത് ശ്രീ കലാ: പ്രദീപ് ആദ്യമായിട്ടാണ് ചെയ്യുന്നത് എന്നറിഞ്ഞത് കളി കഴിഞ്ഞിട്ടാണ്.അതിന്റെ ഒരു പരിഭ്രമവും കണ്ടില്ല എന്നത് തന്നെയാണ് ഈ കലാകാരനെ വേറിട്ട് നിർത്തുന്നതും പ്രിയങ്കരനാക്കുന്നതും.ഇവിടെ എടുത്ത് പറയേണ്ട മറ്റൊന്ന് പാടി രാഗത്തിലുള്ള ഈ പദം അതിഗംഭീരമായി പാടിയ ശ്രീ രാം മോഹനേയും വിഷ്ണുവിനേയുമാണ്.പിന്നീട് വെള്ളിനേഴി ഹരിദാസേട്ടന്റെ നാരദനും ആയിട്ടുള്ള ബാലി വിജയം പതിവുള്ളത് പോലെ.

ഇത്രയും ആട്ടപ്രധാനമായ കഥകൾക്ക് നിശ്ചയിച്ച മേളക്കാരും അനുയോജ്യരായവരായിരുന്നു.ശ്രീ ബാലസുന്ദറും വേണുമോഹനും രവിശങ്കറും ശ്രീഹരിയും ചെണ്ടയിലും ശ്രീ ഹരിനാരായണനും രാജ് നാരായണനും വേണുവും ആറ്റുപുറം ബിജുവേട്ടനും മദ്ദളത്തിലും ശരിക്കും കൊട്ടി തകർത്തു എന്ന് തന്നെ പറയാം.തൊണ്ണൂറ്റൊമ്പത് ശതമാനവും യുവകലാകാരന്മാർ പങ്കെടുത്ത ഇത്രയും ഗംഭീരമായ ഒരു കഥകളി ഈ കലാരൂപത്തിന്റെ ഭാവി ശോഭനമാണെന്നതിനുള്ള തെളിവാണ്.


അതിരാവിലെയുള്ള ചെന്നൈ വണ്ടി പിടിക്കേണ്ടിയിരുന്നത് കൊണ്ട് മൂന്നാമത്തെ കഥയായ കിരാതം കാണാൻ സാധിച്ചില്ല.ഭാസിയേട്ടന്റെ കാട്ടാളൻ സത്യത്തിൽ കാണാൻ കഴിയാതിരുന്നതിൽ വിഷമമുണ്ട്.നല്ലൊരു കഥകളിയും സൗഹൃദക്കൂട്ടായ്മയും പൂർണ്ണമായി ആസ്വദിച്ച് നിറഞ്ഞ മനസ്സോട് കൂടിയാണ് ചെന്നൈയ്ക്ക് തിരിച്ചത്.ഇതിന്റെ മുഴുവൻ ക്രെഡിറ്റും മംഗലം മനോജേട്ടനും അനീഷേട്ടനും മറ്റു കുടുമ്പാംഗൾക്കുമാണ്.ഇനിയും ധാരാളം സ്മൃതിയരങ്ങുകൾ ഉണ്ടാകട്ടെ.

Tuesday, December 8, 2015

Giving up the sacred thread

വീണപ്പോൾ താങ്ങിയ അപരിചിതൻ
എന്നിലുള്ള സംശയം തീർത്തു തന്നില്ലേ
                      -കല്പറ്റ നാരായണൻ

കഴിഞ്ഞ കുറച്ച് ദിവസങ്ങളായി ഒന്നും എഴുതാൻ തോന്നിയിരുന്നില്ല.ഒരു ദുരന്തം ആദ്യമായിട്ട് നേരിൽ കണ്ടതിന്റെ ഞെട്ടൽ തന്നെയായിരുന്നു കാരണം.തൊട്ട് മുമ്പിൽ മനുഷ്യർ എല്ലാം നഷ്ടപ്പെട്ട് ഇനിയെന്ത് എന്ന ഏറ്റവും ദാരുണമായ ഒരു ചോദ്യം ചോദിക്കുമ്പോൾ വളരെ സുരക്ഷിതമായ ഒരു മുറിയിലിരുന്ന് ഫേസ്ബുക്കിൽ മനുഷ്യസ്നേഹത്തെ പറ്റിയോ ദീനാനുകമ്പയെ പറ്റിയോ പോസ്റ്റിടുന്നതിൽപരം കാപട്യവും വേറൊന്നില്ല.പക്ഷെ ഇപ്പോൾ ഒന്നു മനസ്സിലാവുന്നു.ദുരന്തമാണ് ഏറ്റവും വലിയ അധ്യാപകനെന്ന്.ലോകമഹായുദ്ധവും മഹാമാരിയും നേരിട്ട് അനുഭവിക്കാത്ത ഒരു സമൂഹത്തിൽ നിന്നുണ്ടാകുന്ന അസ്തിത്വവാദനോവലുകൾക്ക് ലോകോത്തരനിലവാരം ഉണ്ടാകില്ല എന്ന് പറയുന്നത് എത്ര ശരിയാണ്.

ഏതൊരു ചെന്നൈ നിവാസിയേയും പോലെ എന്നിലും കുറേ സംശയനിവാരണം നിർവഹിച്ചു ഈ ദുരന്തം. ആത്യന്തികമായി ഈ സമൂഹത്തിൽ മനുഷ്യൻ മാത്രമേ ഉള്ളൂ എന്ന് ഈ ദുരന്തമാണ് എനിക്ക് നേരിട്ട് പഠിപ്പിച്ച് തന്നത് .ബാക്കിയെല്ലാം സ്ഥാപിത താത്പര്യക്കാരുടെ സൃഷ്ടി മാത്രം. (ഈ അറിവ് ഇത്ര കാലം വായനയിൽ നിന്ന് മാത്രേ കിട്ടിയിരുന്നുള്ളൂ.പക്ഷെ നേരിട്ടുള്ള അനുഭവത്തിന് എത്ര മടങ്ങ് ശക്തി!!!!).ഈ തിരിച്ചറിവ്  സമകാലിക ഇന്ത്യയിൽ വളരെ ഗുണകരമാണെന്ന് പൂർണ്ണ ബോധ്യവുമുണ്ട്.വളരെ യാഥാസ്ഥിതികമായി ചിന്തിക്കുന്ന ഒരു ബ്രാഹ്മണ കുടുമ്പത്തിലാണ് ഞാൻ ജനിച്ചത്.കുടുമ്പാന്തരിക്ഷത്തിൽ എപ്പോഴും പൂജയെ പറ്റിയും അന്ധവിശ്വാസങ്ങളെപ്പറ്റിയുമാണ് സംസാരം അധികവും.പിന്നീട് പൂജാ വിഷയങ്ങളാണ് പഠിച്ചതും.അത് മനസ്സിലുയർത്തിയ ധാരാളം സംശയങ്ങൾ എന്നെ അതിൽ നിന്ന് വഴി മാറി സഞ്ചരിക്കാൻ പ്രേരിപ്പിച്ചു.പിന്നീട് ഇംഗ്ലീഷ് സാഹിത്യം പഠിക്കാൻ ചെന്നൈയ്ക്ക് വരുകയും  ഇവിടെ തന്നെ അധ്യാപകനായി തുടരുകയും ചെയ്തു.ചെന്നൈ ജീവിതവും എന്റെ വായനയും ലോകപരിചയവും എന്നിലെ യാഥാസ്ഥിതികനെ മാറ്റി മറിച്ചു എന്ന് തന്നെ പറയാം.ജാതിയുടേയും മതത്തിന്റേയും പൊള്ളത്തരം മനസ്സിലാക്കാനും കുറയൊക്കെ ആ സങ്കുചിത മനസ്ഥിതിയിൽ നിന്ന് പുറത്ത് കടക്കാനും ചെന്നൈ പഠിപ്പിച്ചു. എങ്കിലും കാലാകാലങ്ങളായി മനസ്സിന്റെ അടിത്തട്ടിൽ  അടിഞ്ഞു കൂടിയിരുന്ന ജാതി ബോധം പൂർണ്ണമായിട്ട് വിട്ടു പോയിരുന്നില്ല.അത് മാറി കിട്ടാനും ഈ ദുരന്തം സഹായിച്ചു. ദുരന്തത്തിൽ പെട്ട ആളുകളെ ഏത് ജാതിയാണെന്നോ മതമാണെന്നോ നോക്കാതെ സാധാരണക്കാരായ ജനങ്ങൾ രക്ഷിക്കുന്ന കാഴ്ച്ചയാണ് എവിടേയും കണ്ടത്.അത് എന്നിൽ അവശേഷിച്ചിരുന്ന ജാത്യാഭിമാനത്തെ കണക്കറ്റം പരിഹസിക്കുന്നതിനു ശേഷിയുള്ളതായിരുന്നു.അത് വലിയൊരു തീരുമാനം ജീവിതത്തിൽ എടുക്കാൻ പ്രേരിപ്പിച്ചു.ജാതിയുടെ പ്രകട ചിഹ്നമായ പൂണൂൽ ഉപേക്ഷിക്കാൻ.

    ഞാൻ എന്റെ പൂണൂൽ ഉപേക്ഷിച്ചു.


പലർക്കും ഇതൊരു സാധാരണ സംഭവമാവും.പക്ഷെ യാഥാസ്ഥിതികമായ അന്തരീക്ഷത്തിൽ ജനിച്ചു വളർന്ന എന്നെ സംബന്ധിച്ചിടത്തോളം അത്ര എളുപ്പമായിരുന്നില്ല ഈ കർമ്മം.വളരെ കാലത്തെ ചിന്തയും സ്വയം ബോധ്യങ്ങളും വേണ്ടി വന്നു എനിക്ക് എന്നെത്തന്നെ ബോധ്യപ്പെടുത്താൻ.ആ ബോധ്യം ഊട്ടിയുറപ്പിക്കാൻ ഒരു ദുരന്തം വേണ്ടി വന്നു എന്നത് ഒരു കാവ്യനീതിയായിരിക്കാം. 

Tuesday, November 24, 2015

Identity Politics

സമത്വമുന്നേറ്റയാത്രയിൽ യോഗക്ഷേമസഭാ പ്രസിഡന്റ് കാളിദാസ ഭട്ടതിരി പങ്കെടുത്തതിൽ യോഗക്ഷേമസഭയിൽ അഭിപ്രായവ്യത്യാസം.ഹിന്ദു ഐക്യം എന്ന ആശയത്തോട് വിരോധമില്ല, പക്ഷെ മുന്നേറ്റയാത്രയിൽ പങ്കെടുക്കുന്നതിനോട് യോജിപ്പില്ല എന്നാണ് ഒരു സഭാ നേതാവ് ടിവിയിൽ പറഞ്ഞത്.ഗ്രാമ്യഭാഷയിൽ പറഞ്ഞാൽ “ഹിന്ദു ഐക്യം എല്ലാം ആവാം, പക്ഷെ അതൊരു ഈഴവന്റെ കീഴിലാവണം എന്നത് പള്ളീ പോയി പറഞ്ഞാ മതി എന്ന്.”ഇത് തന്നെയാണ് ഉട്ടോപ്യനായ ഹിന്ദു ഐക്യത്തിലെ വിരോധാഭാസവും.അടരടരുകളായി നിലനിൽക്കുന്ന ജാതികളുടെ ഒരു സംഘാതമാണ് ഹിന്ദു എന്ന സംജ്ഞ.അതിന്റെ നിലനില്പ് എല്ലാക്കാലത്തും ഒരിക്കലും മാറാൻ സമ്മതിക്കാത്ത മേൽജാതി-കീഴ്ജാതി ഹൈറാർക്കി അടിസ്ഥാനപ്പെടുത്തിയാണ്.അത് ഏറ്റവും മേൽജാതിയായ നമ്പൂരിയിൽ മാത്രം കാണുന്ന ഒന്നല്ല, മറിച്ച് ഹിന്ദു സമുദായത്തിലെ (അങ്ങനെയൊന്നില്ല എന്ന് എം.ജി.എസ്)എല്ലാ ജാതികളിലും ഉണ്ട്.അതിന്റെ ഏറ്റവും വലിയ ദൃഷ്ടാന്തമാണ് വെള്ളാപ്പിള്ളി ഉപയോഗിക്കുന്ന ‘നായാടി മുതൽ നമ്പൂരി വരെ’ എന്ന പ്രയോഗം.ഇതിൽ ഈഴവനെ ഈ ഹൈറാർക്കിയുടെ മധ്യത്തിൽ നിർത്തുന്നതിൽ വെള്ളാപ്പിള്ളി അഭിമാനം കൊള്ളുന്നുമുണ്ട്.ഹിന്ദു ഐക്യം ഉണ്ടായാലും നായാടി ഈഴവന്റെ താഴെ തന്നെ എന്നർത്ഥം.ഇത് തന്നെയാണ് സ്വത്വരാഷ്ട്രീയത്തിന്റെ പ്രശ്നവും.സ്വത്വരാഷ്ട്രീയം എപ്പോഴും ഐഡന്റിറ്റിയെ ലിബറേറ്റ് ചെയ്യാം എന്നേ പറയൂ.അല്ലാതെ ഐഡന്റിറ്റിയിൽനിന്ന് ലിബറേറ്റ് ചെയ്യാൻ ശ്രമിക്കില്ല.അതിന്റെ പ്രശ്നം മാർക്സ് The German Ideology എന്ന പുസ്തകത്തിൽ പറയുന്നുണ്ട്: “as soon as the distribution of labour comes into being, each man has a particular, exclusive sphere of activity, which is forced upon him and from which he cannot escape.” അങ്ങനെ സംഭവിച്ചാൽ അവരവരുടെ നിലനില്പ് തന്നെയാണ് ചോദ്യം ചെയ്യപ്പെടുക.ഇത് മനസ്സിലാക്കതെയാണ് സ്വത്വരാഷ്ട്രീയത്തിലേക്ക് ഈയ്യാമ്പാറ്റകളെ പോലെ ജാതിവെറിയന്മാർ ചെന്ന് ചാടുന്നത്. ഐഡന്റിറ്റിയെ ലിബറേറ്റ് ചെയ്യുന്നതിന് പകരം ഐഡന്റിറ്റിയിൽനിന്ന് ലിബറേറ്റ്  ചെയ്യുക എന്നതാവണം യഥാർത്ഥ രാഷ്ട്രീയം.അങ്ങനെയുള്ള രാഷ്ട്രീയത്തിന് മാത്രേ സമൂഹത്തിന്റെ ടോട്ടാലിറ്റിയെ എൻഹാൻസ് ചെയ്യുന്ന വ്യക്തിസ്വത്വങ്ങളെ സൃഷ്ടിക്കാൻ കഴിയൂ.