യഥാർത്ഥലോകത്തും വെർച്ച്വൽ
ലോകത്തും പരിചയപ്പെട്ട ധാരാളം സുഹൃത്ത്ക്കളെ നേരിൽ കാണുകയും നല്ലൊരു കഥകളി കാണുകയും
ചെയ്യാം എന്ന ആഗ്രഹം കൊണ്ടാണ് ലേശം യാത്രാക്ലേശം അനുഭവിച്ചും ഗുരുവായൂരിൽ സ്മൃതിയരങ്ങിന്
പോയത്.രണ്ടും നിരാശപ്പെടുത്തിയില്ല.ശ്രീ മംഗലം പരമേശ്വരൻ ഭട്ടതിരിപ്പാട് അനുസ്മരണവുമായി
ബന്ധപ്പെട്ടാണ് കഥകളി അരങ്ങേറിയത്.
ആദ്യ കഥ സുഭദ്രാഹരണമായിരുന്നു.കോട്ടയം
കഥകൾ കഴിഞ്ഞാൽ വളരെ സങ്കേതബദ്ധമായ അനവധി രംഗങ്ങളാൽ സമ്പുഷ്ടമായ ഒരാട്ടക്കഥയാണ് സുഭദ്രാഹരണം.എല്ലാ
കഥാപാത്രങ്ങൾക്കും നിറഞ്ഞാടാൻ സാധ്യത നൽകുന്ന ഒരു കഥ.അർജ്ജുനനായി രംഗത്ത് വന്നത് ശ്രീ
കലാ:ഷണ്മുഖനാണ്.അനുദിനം തന്റെ പ്രവൃത്തിയെ ശുദ്ധീകരിച്ച് മുമ്പോട്ട് പോവുന്നതിൽ ബദ്ധശ്രദ്ധനാണ്
ഈ കലാകാരൻ എന്നത് ഓരോ അരങ്ങ് കഴിയുമ്പോളും ഷണ്മുഖൻ തെളിയിക്കുന്നു.നല്ലവണ്ണം അമർന്നിരുന്നുള്ള
നിലകളിലും ആട്ടങ്ങളിലുമെല്ലാം ശ്രീ ഷണ്മുഖൻ മുന്നരങ്ങുകളെ അപേക്ഷിച്ച് കൈവരിച്ച കൃത്യത സുഭദ്രാഹരണത്തിലെ മാലയിടൽ രംഗത്ത്
പ്രകടമായിരുന്നു.കൃഷ്ണനേയും ഇന്ദ്രനേയും വന്ദിക്കുന്നതിൽ കളരിയഭ്യാസത്തിന്റെ സൗന്ദര്യം
നിറഞ്ഞ് നിന്നു.അതുപോലെ തന്നെ അടുത്ത രംഗത്തുള്ള കൃഷ്ണനോടുള്ള ‘കഷ്ടം ഞാൻ” എന്ന പദവും
(പാടാൻ നല്ല വൈഭവം ആവശ്യപ്പെടുന്ന ഈ പദം ശ്രീ കലാ: ഹരീഷേട്ടനും രാജീവേട്ടനും ഭംഗിയായി
പാടി.കളിക്ക് മുമ്പ് ഈ പദത്തെപറ്റിയൊരു തമാശക്കഥ കേട്ടതുകൊണ്ട് കൂടുതൽ ശ്രദ്ധിക്കാനും
പറ്റി).പക്ഷെ മുമ്പ് പലപ്പോഴും അനുഭവപ്പെട്ടത് പോലെ ശ്രീ ഷണ്മുഖൻ അവസാനം പോരിന് വിളിക്കുന്ന
രംഗത്തുള്ള വീരരസാഭിനയം തൃപ്തികരമായിട്ട് തോന്നിയില്ല.അതു കഴിഞ്ഞിട്ടുള്ള നാലാമിരട്ടി
കലാശത്തിലും ആദ്യ രംഗങ്ങളിൽ കണ്ട ഊർജ്ജവും കൃത്യതയും അനുഭവപ്പെട്ടില്ല.(ഈ തോന്നൽ വ്യക്തിപരമാവാം).
പക്ഷെ കഥകളിയിൽ പച്ച വേഷത്തിന്റെ ഭാവി നിർണ്ണയിക്കുന്നതിൽ പ്രധാനിയായൊരാൾ ഷണ്മുഖനായിരിക്കും
എന്നതിൽ യാതൊരു സംശയവുമില്ല.പുരാണത്തിൽ ഏറ്റവും
സുന്ദരിയായ സ്ത്രീരത്നങ്ങളിൽ ഒരുവളാണ് സുഭദ്രയെങ്കിൽ കഥകളിയിൽ ഏറ്റവും ‘സുന്ദരിയായ’
പുരുഷനാണ് ശ്രീ ചമ്പക്കര വിജയൻ.അതുകൊണ്ട് സുഭദ്രയെ അവതരിപ്പിക്കാൻ സംഘാടകർക്ക് ആരെന്ന
കാര്യത്തിൽ സംശയമുണ്ടായിട്ടുണ്ടാവില്ല.എടുത്ത് പറയേണ്ട മറ്റൊന്നാണ് പീശപ്പിള്ളി രാജീവേട്ടന്റെ
ബലഭദ്രരും ആദിത്യന്റെ ശ്രീകൃഷ്ണനും.ധാരാളം
മനോധർമ്മ സാധ്യതകൾ നൽകുന്ന രംഗമാണ് ഇവർ ചേർന്നുള്ളത്.അതിന്റെ എല്ലാ സാധ്യതകളും ഇവർ
ഉപയോഗിച്ചു.ബാലലീലകൾ പറഞ്ഞ് പരിഹസിക്കുന്നതും മറ്റും വളരെ ഹൃദ്യമായിരുന്നു.കൃഷ്ണനെ
കറുത്തവൻ എന്ന മുദ്ര കാട്ടി ബലഭദ്രർ വിളിക്കുന്നതും വളരെ വ്യത്യസ്തമായി തോന്നി.അതു
പോലെ ഹൃദയഹാരിയായ ഒരു രംഗമായിരുന്നു സുഭദ്രയ്ക്ക് കരുതി വച്ചിരുന്ന മാല ബലഭദ്രരോട്
കൊടുക്കാൻ പറയുമ്പോൾ “എന്നാലും എന്നോട് ഒന്ന് പറയായിരുന്നു” എന്ന് തേങ്ങി കൊണ്ടുള്ള
വളരെ സുന്ദരമായ നാട്യധർമ്മിത്വം തുളുമ്പുന്ന ബലഭദ്രരുടെ അഭിനയം.ഇവിടെ എടുത്ത് പറയേണ്ടത്
വളരെ സർഗ്ഗഭാവനയുള്ള രാജീവേട്ടന്റെ കൂടെ അഭിനയിക്കുമ്പോൾ യാതൊരു പരിഭ്രമവുമില്ലാതെയുള്ള
ആദിത്യന്റെ പ്രകടനമാണ്.വളരെ കൃത്യമായ ചോദ്യങ്ങളിലൂടേയും മറുപടികളിലൂടേയും ആദിത്യൻ തന്റെ
പ്രതിഭ തെളിയിച്ചു.
രണ്ടാമത്തെ കഥ കാർത്തവീര്യാർജ്ജുന
വിജയത്തിൽ നിന്നുള്ള “കമലദളലോചനേ മമ ജീവനായികേ” എന്ന
പതിഞ്ഞ പദത്തോട് കൂടിയ ബാലിവിജയമായിരുന്നു.പതിവിൽ നിന്ന് വ്യത്യസ്തമായി ഈ പദം പകുതിയും
ഇരുന്ന് കൊണ്ടാണ് ആടുന്നത്.അത് ശ്രീ കലാ: പ്രദീപ് ആദ്യമായിട്ടാണ് ചെയ്യുന്നത് എന്നറിഞ്ഞത്
കളി കഴിഞ്ഞിട്ടാണ്.അതിന്റെ ഒരു പരിഭ്രമവും കണ്ടില്ല എന്നത് തന്നെയാണ് ഈ കലാകാരനെ വേറിട്ട്
നിർത്തുന്നതും പ്രിയങ്കരനാക്കുന്നതും.ഇവിടെ എടുത്ത് പറയേണ്ട മറ്റൊന്ന് പാടി രാഗത്തിലുള്ള
ഈ പദം അതിഗംഭീരമായി പാടിയ ശ്രീ രാം മോഹനേയും വിഷ്ണുവിനേയുമാണ്.പിന്നീട് വെള്ളിനേഴി
ഹരിദാസേട്ടന്റെ നാരദനും ആയിട്ടുള്ള ബാലി വിജയം പതിവുള്ളത് പോലെ.
ഇത്രയും ആട്ടപ്രധാനമായ കഥകൾക്ക് നിശ്ചയിച്ച മേളക്കാരും അനുയോജ്യരായവരായിരുന്നു.ശ്രീ
ബാലസുന്ദറും വേണുമോഹനും രവിശങ്കറും ശ്രീഹരിയും ചെണ്ടയിലും ശ്രീ ഹരിനാരായണനും രാജ് നാരായണനും
വേണുവും ആറ്റുപുറം ബിജുവേട്ടനും മദ്ദളത്തിലും ശരിക്കും കൊട്ടി തകർത്തു എന്ന് തന്നെ
പറയാം.തൊണ്ണൂറ്റൊമ്പത് ശതമാനവും യുവകലാകാരന്മാർ പങ്കെടുത്ത ഇത്രയും ഗംഭീരമായ ഒരു കഥകളി
ഈ കലാരൂപത്തിന്റെ ഭാവി ശോഭനമാണെന്നതിനുള്ള തെളിവാണ്.
അതിരാവിലെയുള്ള ചെന്നൈ വണ്ടി പിടിക്കേണ്ടിയിരുന്നത് കൊണ്ട് മൂന്നാമത്തെ
കഥയായ കിരാതം കാണാൻ സാധിച്ചില്ല.ഭാസിയേട്ടന്റെ കാട്ടാളൻ സത്യത്തിൽ കാണാൻ കഴിയാതിരുന്നതിൽ
വിഷമമുണ്ട്.നല്ലൊരു കഥകളിയും സൗഹൃദക്കൂട്ടായ്മയും പൂർണ്ണമായി ആസ്വദിച്ച് നിറഞ്ഞ മനസ്സോട്
കൂടിയാണ് ചെന്നൈയ്ക്ക് തിരിച്ചത്.ഇതിന്റെ മുഴുവൻ ക്രെഡിറ്റും മംഗലം മനോജേട്ടനും അനീഷേട്ടനും
മറ്റു കുടുമ്പാംഗൾക്കുമാണ്.ഇനിയും ധാരാളം സ്മൃതിയരങ്ങുകൾ ഉണ്ടാകട്ടെ.
