Monday, December 29, 2014

ശ്രീനിവാസൻ എന്ന ചലച്ചിത്രകാരൻ

തന്റെ സിനിമകളെ വിമർശിച്ച രാജീവ് രവിക്ക് കാര്യമായി എന്തോ കുഴപ്പമുണ്ട് എന്ന് പറഞ്ഞ നടൻ ശ്രീനിവാസൻ സ്വയം താഴുകയാണ് ചെയ്യുന്നത്.തനിക്കെല്ലാവരേയും വിമർശിക്കാം തന്നെയാരും വിമർശിക്കാൻ പാടില്ല എന്ന ഫ്യൂഡൽ ചിന്താഗതി തികച്ചും അപലപനീയമാണ്.

നർമ്മത്തിലും ആക്ഷേപഹാസ്യത്തിലും പൊതിഞ്ഞ ശ്രീനിവാസൻ സിനിമകൾ നമ്മളെല്ലാവരും എന്നും ആസ്വദിക്കുന്നുണ്ടെന്ന് വെച്ച് അവ വിമർശനാതീതമാണ് എന്ന് കരുതുന്നത് തികച്ചും മണ്ടത്തരം തന്നെയാണ്.വെറും രണ്ട് സിനിമ മാത്രേ എടുത്തുള്ളുവെങ്കിലും വ്യക്തമായ ഒരു രാഷ്ട്രീയം മുന്നോട്ട് വെക്കാൻ രാജീവ് രവി എന്ന സംവിധായകന് കഴിഞ്ഞിട്ടുണ്ട്.അങ്ങനെയുള്ളൊരാളുടെ വിമർശനത്തിനെതിരെ ശ്രീനിവാസനെപ്പോലുള്ള ഒരു സീനിയർ ചലച്ചിത്രകാരൻ പക്വതയോട് കൂടി പ്രതികരിച്ചിരുന്നെങ്കിൽ നമ്മുടെ ബഹുമാനം പതിന്മടങ്ങ് വർദ്ധിക്കുമായിരുന്നു.പണ്ട് അടൂരിനെ പരോക്ഷമായിട്ട്, അമ്പത് വർഷം മുൻപത്തെ കേരളസമൂഹത്തിന്റെ കഥ പറയുന്നവർ കപടബുദ്ധിജീവികളാണെന്ന് കളിയാക്കിയിരുന്നു.അന്നും കേരള സമൂഹം ആ പരിഹാസം ആസ്വദിക്കുകയാണ് ചെയ്തത്.പക്ഷെ ‘എലിപ്പത്തായം’ പോലൊരു രാഷ്ട്രീയശരിയോട് കൂടിയ സിനിമ എടുക്കാൻ ശ്രീനിവാസന് ഇനിയും സാധിച്ചിട്ടില്ല.

ശ്രീനിവാസൻ സിനിമയിൽ ഞാൻ കാണുന്ന പോരായ്മകൾ:-

1)  പണ്ട് മാത്യൂ ആർണോൾട് എന്ന ആംഗ്ലേയ കവി ജെഫ്രീ ചോസറുടെ കവിതയെ പറ്റി പറഞ്ഞ ഒരു വിമർശനമുണ്ട്: “He [Chaucer] lacks the high seriousness of the great classics, and therewith an important part of their virtue.”ഇത് ശ്രീനിവാസൻ സിനിമയെപ്പറ്റിയും ശരി തന്നെയാണ്.സിനിമയെപ്പറ്റിയുള്ള ഗൗരവമായ ഒരു ചർച്ചയിൽ ഏതെങ്കിലും ശ്രീനിവാസൻ സിനിമ ഉൾപ്പെടുത്താൻ പറ്റുമോ എന്ന് സംശയമാണ്.

 

2)  ശ്രീനിവാസൻ സിനിമകൾ നഷ്ടപ്പെടുത്തിയത് വളരെ ഗൗരവമേറിയ രാഷ്ട്രീയസംവാദങ്ങളാണ്.രാഷ്ട്രീയലോകത്തെ ദുഷിപ്പുകൾക്കെതിരെയുള്ള പരിഹാസം എന്ന നിലയിൽ അവതരിക്കപ്പെട്ട പല ശ്രീനിവാസൻ സിനിമകളും ഫലത്തിൽ അരാഷ്ട്രീയതയാണ് മുന്നോട്ട് വെച്ചത്.മധ്യവർഗ്ഗത്തിന്റെ ചില സംഗതികൾ എടുത്ത് അതിനെ ചൂഷണം ചെയ്യുകയാണ് ചെയ്തത് എന്ന രാജീവ് രവിയുടെ വിമർശനം ഒരു പരിധി വരെ ശരിയുമാണ്.


     ഇന്നും നമ്മൾ ശ്രീനിവാസൻ സിനിമകൾ ആസ്വദിക്കുന്നുണ്ടെങ്കിലും അയാൾ വിമർശനത്തിനതീതനാണെന്നും ശ്രീനിവാസന്റെ വിമർശനങ്ങളാണ് യഥാർത്ഥ രാഷ്ട്രീയശരികളെന്നും കരുതുന്നത് അനീതിയായിരിക്കും.പുതിയ ചലച്ചിത്രകാരന്മാർ വരിക്കാശ്ശേരിമനയും ഭാരതപ്പുഴയും വള്ളുവനാടൻ മലയാളവുമില്ലാതെ ശരിയായ രാഷ്ട്രീയബോധത്തോടെ അരികുജീവിതങ്ങളുടെ കഥ പറയാൻ ധൈര്യം കാണിക്കുമ്പോൾ അതിനെ പ്രോത്സാഹിപ്പിക്കേണ്ടത് ശ്രീനിവാസനെപ്പോലുള്ള മുതിർന്ന ചലച്ചിത്രകാരന്മാരുടെ കടമ കൂടിയാണ്.



Saturday, December 27, 2014

ശരീരത്തിന്റെ കലാപസാദ്ധ്യതകൾ

ശരീരത്തിന്റെ കലാപസാദ്ധ്യതകളിൽ നിന്നാണ് പല വിപ്ലവാശയങ്ങളും സാഹിത്യവും മറ്റു കലാസൃഷ്ടികളും ഉരുവാകുന്നത്.ആദിമമനുഷ്യന് ശരീരത്തെപ്പറ്റി ബോധമുണ്ടാവുകയും അതിൽ നിന്ന് നാണം എന്ന വികാരം ഉണ്ടായതും ആകാം ആദ്യത്തെ ശരീരകേന്ദ്രിതമായ വിപ്ലവം.പക്ഷെ ഈ വിപ്ലവത്തെ മതം എല്ലാകാലത്തും ഭയന്നിരുന്നു എന്നതിന്റെ തെളിവാണ് “Fall of Man” എന്ന പ്രയോഗം എന്ന് വേണം കരുതാൻ.എല്ലാ സംസ്കാരങ്ങളിലും ശരീരത്തിന്റെ ഈ തുറന്നിടലുകളേയും അതിന്റെ സാധ്യതകളേയും അടിച്ചമർത്താൻ ശ്രമങ്ങൾ ഉണ്ടായിട്ടുണ്ട്.

നഗ്നതയോടുകൂടിയ നാരീപൂജയിലൂടേയും ലൈംഗികതയുടെ പ്രയോഗസാദ്ധ്യതകളിലൂടേയും ഈശ്വരസാക്ഷാത്കാരം എന്ന ഭാരതത്തിലെ വാമമാർഗ്ഗസമ്പ്രദായത്തേയും പതിത്വം കല്പിച്ച് മാറ്റി നിർത്താനുള്ള കാരണവും മറ്റൊന്നായിരിക്കില്ല.ശ്രേഷ്ഠമായ അംഗങ്ങളോടുകൂടി രജസ്വലയായി സംഭോഗതൃഷ്ണയോടുകൂടിയ ഒരു സ്ത്രീയായി ഹോമകുണ്ഡത്തെ സങ്കല്പിക്കാൻ പറയുന്ന ഒരു സംസ്കാരഭൂമിയിൽ എന്നാണ് സ്പർശനത്തിലൂടേയും ആർത്തവത്തിലൂടേയും മനുഷ്യൻ അശുദ്ധനായി തുടങ്ങിയത്?


ദേവിയുടെ മാസമുറയെ ആരാധനയോടെ കാണുന്ന ഒരു സംസ്കാരഭൂമിയിൽ എന്ന് തൊട്ടാണ് മനുഷ്യശരീരം അശുദ്ധമായി തുടങ്ങിയത്?അശുദ്ധിയുടെ ശാസ്ത്രം തടഞ്ഞ് വെച്ച അവകാശങ്ങൾ നേടിയെടുക്കണമെങ്കിൽ കലാപം അശുദ്ധമായ ശരീരത്തിൽ നിന്ന് തന്നെ ആരംഭിക്കണം. 

Sunday, December 14, 2014

സംഗീതഭാവുകത്വവും മൈലാപ്പൂർ ‘താവളവും’


ചെന്നൈയിൽ മറ്റൊരു മാർഗഴിമാസം കൂടി വന്നെത്തിയിരിക്കുന്നു.കാറ്റിന്റെ ശബ്ദം പോലും രാഗത്തിന്റെ വഴികളിലൂടെ സഞ്ചരിക്കുന്ന കാലം.സംഗീതകലാനിധിയെപ്പറ്റിയും മ്യൂസിക്ക് അക്കാദമിയിൽ ഇക്കൊല്ലം ആർക്കെല്ലാം സ്ലോട്ട് കിട്ടിയിട്ടുണ്ട് എന്നതിനെപ്പറ്റിയും സഞ്ജയിയുടേയും അഭിഷേകിന്റേയും പുതിയ പരീക്ഷണങ്ങളെപ്പറ്റിയും ടി.എൻ.ശേഷഗോപാലന്റെ ഈ പ്രായത്തിലും കോട്ടം തട്ടാത്ത പ്രകടനങ്ങളെപ്പറ്റിയും ഫീമെയിൽ സിംഗേഴ്സിന്റെ പുതിയ ഫാഷൻ ഭ്രമത്തെപ്പറ്റിയും സഭാ കാന്റീനുകളിലെ വിഭവങ്ങളേയും പറ്റി മാത്രം സംസാരങ്ങൾ വായുവിൽ ഒഴുകി പരക്കുന്ന മൈലാപ്പൂർ-ആൽവാർപ്പേട്ട് എന്ന ഭൂമിശാസ്ത്രദ്വന്ദ്വങ്ങളിലേക്ക് ചുരുങ്ങുന്ന ചെന്നൈ നഗരം.രജനീകാന്തിന്റെ സിനിമയേക്കാളും ടിക്കറ്റ് കിട്ടാൻ ബുദ്ധിമുട്ടുള്ളത്രയും അത്ഭുതമാർന്ന നിറഞ്ഞുകവിഞ്ഞ സംഗീതസദസ്സുകൾ.ഇങ്ങനെയുള്ള സംഗീതലോകം ഏതൊരാളേയും ആകർഷിച്ചില്ലെങ്കിലേ അത്ഭുതമുള്ളൂ.

2008ലെ ഇതുപോലുള്ള ഒരു മാർഗഴിസീസണിലാണ് ഞാനും ഈ മോഹവലയത്തിൽ എത്തിപ്പെട്ടത്.അതിനു കാരണം മൈലാപ്പൂരിലുണ്ടായിരുന്ന ‘താവളം’ എന്ന ഓമനപ്പേരിൽ പ്രസിദ്ധമായിരുന്ന ഒരു ബാച്ചിലേഴ്സ് കൂടാരമായിരുന്നു.അയ്യപ്പന്റേയും ചുള്ളിക്കാടിന്റേയും കവിതകളിലും ജോൺ എബ്രഹാമിന്റേയും അരവിന്ദന്റേയും ജീവിതകഥകളിലും ഭ്രമിച്ച് ക്രമമില്ലായ്മയുടെ സൗന്ദര്യത്തെ നിശ്ശബ്ദമായി ആരാധിച്ചിരുന്ന ഒരു കാലത്താണ് ഞാൻ താവളവുമായിട്ട് പരിചയത്തിലെത്തുന്നത്.ഒരു ബാച്ചിലേഴ്സ് വീടിന് ചേർന്നരീതിയിൽ എല്ലാ അരാജകസ്വഭാവവും അതിന്റെ പരകോടിയിൽ എത്തിച്ചേർന്ന ഒരു ഇടമായിരുന്നു അത്.പക്ഷെ എല്ലാ അരാജകത്വലോകത്തിന്റേയും സവിശേഷത പോലെ അവിടേയും കലാവാസന തളം കെട്ടി നിന്നിരുന്നു.അടുക്കും ചിട്ടയുമില്ലാതെ ഒരു വന്യസൗന്ദര്യം കാത്തുസൂക്ഷിച്ചിരുന്ന ആ സ്ഥലത്തു നിന്ന് ഉയർന്ന് കേട്ടതും വൃത്തിയും ചിട്ടയും വശ്യസൗന്ദര്യവുമുള്ള സംഗീതമായിരുന്നില്ല, മറിച്ച് സംഗീതത്തിന്റെ വന്യസ്വഭാവമായിരുന്നു.ഇത് സംഗീതജ്ഞാനമില്ലാത്ത എന്റെ ഭാവുകത്വത്തേയും നല്ലവണ്ണം സ്വാധീനിച്ചു.മധുര മീനാക്ഷിയേയും ശ്രീകൃഷ്ണനേയും നേരിൽകാണുന്ന അനുഭവമുണ്ടാവാൻ കച്ചേരിക്ക് വരുന്ന എൺപത് വയസ്സ് കഴിഞ്ഞ മാമിമാരെ തൃപ്തിപ്പെടുത്തുന്നതിന് വേണ്ടി പാടുന്ന പട്ടുസാരി സംഗീതജ്ഞകളുടെ ഒരു കച്ചേരിക്ക് പോലും താവളത്തിൽ നിന്ന് പോയതായി ഓർമ്മയില്ല.മറിച്ച് ശബ്ദസുഖത്തിനും ഭക്തിക്കുമപ്പുറം സംഗീതസാഗരത്തിന്റെ  ആഴവും പരപ്പും തേടിയിറങ്ങി മുത്തും പവിഴവും ശേഖരിച്ചു വരുന്ന, സംഗീതത്തിന്റെ വന്യസൗന്ദര്യം അന്വേഷിച്ചിറങ്ങുന്ന പാട്ടുകാരുടെ കച്ചേരിക്ക് പോവാനായിരുന്നു എല്ലാവരും താല്പര്യം കാട്ടിയിരുന്നത്.


ഈ ക്രമമില്ലായ്മയിലെ സൗന്ദര്യം തന്നെയാണ് ഏതൊരു സംഗീതശാഖയുടേയും ജീവനും മുമ്പോട്ടുള്ള പ്രയാണത്തിന്റെ ചാലകശക്തിയും.ആ ബോധ്യം വന്നതോ ക്രമമില്ലായ്മയുടെ വന്യസൗന്ദര്യം തളംകെട്ടിനിന്ന ഒരു ‘താവള’ത്തിൽ നിന്നും.വീണ്ടും ഒരു മ്യൂസിക് സീസൺ വരുമ്പോൾ അരവിന്ദനെല്ലാം താമസിച്ചിരുന്ന കാല്പനികമായ പാരഗൺ ലോഡ്ജ് പോലെ ‘താവള'വും ഓർമ്മയിൽ വരുന്നത് യാദൃശ്ചികമല്ല.

Monday, December 1, 2014

Truth and Power

മിഷേൽ ഫൂക്കോ Truth and Power എന്ന പഠനത്തിൽ അധികാരം എങ്ങിനെ സത്യത്തെ സ്വാധീനിക്കുന്നു എന്നും manipulate ചെയ്യുന്നു എന്നും പറയുന്നുണ്ട്.സമൂഹത്തിലെ രാഷ്ട്രീയ-സാമ്പത്തിക ശക്തികൾ തങ്ങളുടെ ആഗ്രഹങ്ങൾക്കും ആവശ്യങ്ങൾക്കും അനുസരിച്ച് സത്യത്തെ വ്യാഖ്യാനിക്കുകയും പരമമായ സത്യം എന്ന നിലയിൽ അവതരിപ്പിക്കുകയും ചെയ്യുന്നതിനെ ധൈഷണികമായി പ്രതിരോധിക്കേണ്ടതിന്റെ ആവശ്യകത ഫൂക്കോ എടുത്തുപറയുന്നു.പരമമായ സത്യം എന്നത് തന്നെ ഒരു മിഥ്യയാണെന്ന് അദ്ദേഹം പറയുന്നുണ്ട്.അത് ഓരോ വ്യക്തിക്കും വ്യത്യസ്തമായിരിക്കും.ഭരിക്കുന്നവൻ തങ്ങളുടെ താല്പര്യങ്ങൾക്കും വിശ്വാസങ്ങൾക്കും അനുസരിച്ച് ഒരു regime of truth സൃഷ്ടിക്കുന്നു.ആ സത്യത്തെ അധികാരമുപയോഗിച്ച് വ്യക്തികളിൽ അടിച്ചേൽപ്പിക്കുന്നു.ഇവിടെ സമൂഹത്തിനെ ഒരു വലിയ ചിലന്തിവലയോട് ഫൂക്കോ ഉപമിക്കുന്നത് വളരെ അർത്ഥവത്താണ്.അതിൽ നിന്ന് രക്ഷപ്പെടണമെങ്കിൽ ഈ സത്യത്തെ വ്യക്ത്യധിഷ്ഠിതമായി മാറ്റുകയും സ്വന്തം യുക്തിബോധം കൊണ്ട് വിവേചിച്ചറിയുകയും വേണം.അങ്ങനെയുള്ള വ്യക്തികളുടെ ഒരു സമൂഹം ശക്തമായിരിക്കുകയും ചെയ്യും.

ഫൂക്കോയുടെ ഈ ആശയത്തെ ഇന്ത്യയുടെ സാംസ്കാരിക പശ്ചാത്തലത്തിൽ നോക്കിയാലും വളരെ പ്രസക്തമാണ്.ഇവിടെ ശരിയേതെന്ന് എല്ലാ കാലത്തും നിശ്ചയിച്ചിരുന്നത് അധികാരകേന്ദ്രങ്ങൾ തന്നെയാണ്.അറിവിന്റെ ഉത്പാദനത്തെ വളരെ വിദഗ്ധമായി, ചെറുതെങ്കിലും സാമൂഹ്യപരമായി വളരെ ശക്തമായ ഒരു  വിഭാഗത്തിലേക്ക് ചുരുക്കുകയും അവരുടെ മേധാവിത്വം സംരക്ഷിച്ചുപോരുന്ന വിധത്തിൽ അതിന്റെ വിതരണം ശ്രദ്ധാപൂർവ്വം നടത്തുകയും ചെയ്തുപോന്നു.അതിനെ ചോദ്യം ചെയ്യാതിരിക്കാൻ ഗുരു ഈശ്വരതുല്ല്യനാണെന്ന് വിശ്വസിപ്പിക്കുകയും ചെയ്തു.

അറിവിന്റെ ജനാധിപത്യം കൂടുതൽ ശക്തമായ ഇക്കാലത്ത്  കോട്ടകൊത്തളങ്ങൾ സംരക്ഷിക്കാൻ ഇക്കൂട്ടർ പല്ലും നഖവും ഉപയോഗിച്ച് പൊരുതുകയും ചെയ്യും.അതിനെ പ്രതിരോധിക്കേണ്ടത് സത്യത്തെ വ്യക്തിയുടെ വിവേചനഗ്രാഹ്യത്തിലൂടെ വ്യാഖ്യാനിക്കാൻ ആഗ്രഹിക്കുന്ന ഓരോ വ്യക്തിയുടേയും കടമയാണ്.
           


Tuesday, November 18, 2014

മുൻ വിധികൾ

ഇന്ന് exam invigilation നോക്കുമ്പോൾ സ്ക്വാഡ് വന്നു.വളരെ random ആയി കുറേപേരെ പരിശോധിക്കുകയാണ് പതിവ്.അവർ സിലക്റ്റ് ചെയ്തവരെ ശ്രദ്ധിച്ചപ്പോളാണ് അദ്ഭുതകരമായ ഒരു കാര്യം മനസ്സിലായത്.നല്ല ഭംഗിയില്ലാത്ത ഡ്രസ്സ് ധരിച്ചവരേയും വളരെ അലക്ഷ്യമായി മുടി ചീകാതെയിരിക്കുന്നവരേയും തിരഞ്ഞ്പിടിച്ച് കുറ്റവാളികളേപ്പോലെ പരിശോധിക്കുന്നു.
ഇന്നും ബാഹ്യമായ വേഷവിധാനം നോക്കിയും തൊലിനിറം നോക്കിയും മറ്റ് ലക്ഷണം കണ്ടുമാണ് നമ്മൾ ആളെ വിലയിരുത്തുന്നത്.ഇതുപോലെത്തന്നെ മറ്റുപല മാനദണ്ഡങ്ങളും നമ്മൾ നല്ല സ്വഭാവസർട്ടിഫിക്കറ്റ് കൊടുക്കാൻ സൃഷ്ടിച്ച് വെച്ചിട്ടുണ്ട്.ഈശ്വരവിശ്വാസിയാവുക, അവനവന്റെ താല്പര്യത്തിനെതിരാണെങ്കിലും മറ്റുള്ളവർ പറയുന്നത് അനുസരിക്കുക, ചോദ്യം ചോദിക്കാതിരിക്കുക, തന്റെ മനസ്സിനു ശരിയെന്ന് തോന്നുന്നുവെങ്കിലും ഭൂരിപക്ഷസമൂഹത്തിന്റെ പ്രതിഷേധത്തെ പേടിച്ച് മൗനം പാലിക്കുക,വിമർശനം ഒഴിവാക്കുക, നിശ്ശബ്ദതയണ് അച്ചടക്കത്തിന്റെ ലക്ഷണം എന്ന് ധരിക്കുക തുടങ്ങി അനവധിയുണ്ട് മാനദണ്ഡങ്ങൾ.
ശരിക്കും പരിശോധിച്ചാൽ ഈ ‘നല്ല സ്വഭാവലക്ഷണങ്ങളെല്ലാം’ പ്രതിലോമകരമാണ്.ഇതിനെതിരെ ചിന്തിക്കുന്നവരാണ് കൂടുതലും യുക്തിസഹമായി ജീവിതത്തെ സമീപിക്കുകയും വിജയം വരിക്കുകയും ചെയ്യുന്നത്.

സദാചാരപൊലീസ്

സമൂഹത്തിന്റെ പൊതുബോധത്തെ അലോസരപ്പെടുത്തുന്ന എന്ത് പ്രശ്നം നമ്മുടെ നാട്ടിലുണ്ടായാലും സദാചാരവാദികൾ ശക്തമായി അതിനെ എതിർക്കുന്നതിന് പറയുന്ന ന്യായം നമ്മുടെ സാംസ്കാരിക പൈതൃകമാണ്.പക്ഷെ ഇവർ ഭാരതത്തിന്റെ ഈ പറയപ്പെടുന്ന സാംസ്കാരിക പൈതൃകത്തെ താൻ ജീവിക്കുന്ന സമൂഹത്തിന്റെ പൊതുവീക്ഷണത്തിന്റേയും വിശ്വാസത്തിന്റേയും മുൻവിധികളുടേയും അടിസ്ഥാനത്തിലാണ് വ്യാഖ്യാനിക്കുന്നത് എന്നതാണ് ഏറ്റവും രസകരമായ കാര്യം.അല്ലാതെ ഇവർ ഉയർത്തി പിടിക്കുന്ന പൈതൃകത്തിന്റെ സാംസ്കാരികാന്തരീക്ഷത്തിൽ നിന്നുകൊണ്ടല്ല.അതുകൊണ്ട് തന്നെ ഇക്കൂട്ടരുടെ വാദഗതികൾ പുരാതനഭാരതീയസംസ്കാരത്തിന്റെ വെളിച്ചത്തിൽ നോക്കി കാണുമ്പോൾ ധാരാളം വൈരുദ്ധ്യങ്ങൾ കാണുന്നു.അതിനു കാരണം ഇന്നത്തെ ഇന്ത്യൻ സമൂഹത്തിൽ കാണുന്ന കർശനമായ പല സദാചാരനിയമങ്ങളും യഥാർത്ഥത്തിൽ ഭാരതീയമല്ല മറിച്ച് വിക്റ്റോറിയൻ സദാചാരനിയമങ്ങളാണ് എന്നതാണ്.
അവിശ്വസനീയമായ പല കഥാസന്ദർഭങ്ങളും മാറ്റി നിർത്തി പൗരാണികഭാരത്തിന്റെ സാമൂഹ്യജീവിതം യുക്തിസഹമായി പരിശോധിച്ചാൽ ഇന്നത്തെ പല സദാചാരവാദികൾക്കും സ്വപ്നം കാണാൻപോലും കഴിയാത്തത്ര സ്വതന്ത്രവും കാപട്യരഹിതവും ആയിരുന്നു എന്ന് കാണാൻ കഴിയും.ബഹുഭാര്യാത്തവും ബഹുഭർത്തൃത്വവും വളരെ സാധാരണമായിരുന്ന ഒരു സമൂഹം,ഏറ്റവും ബഹുമാനിതരായ കഥാപാത്രങ്ങൾ (ശിവനും വിഷ്ണുവും) പരാമർശവിധേയരായ സ്വവർഗ്ഗരതിയുടെ ഇതിവൃത്തങ്ങൾ,സ്വന്തം മകനോട് നഗ്നനായ് തന്റെ മുൻപിൽ വരാൻ പറഞ്ഞ ഒരമ്മ ( ഗാന്ധാരി),തന്‍റെ മക്കള്‍ ഒരു സുന്ദരിയുടെ പേരില്‍ കലഹിക്കാതിരിക്കാന്‍ മകന്‍ കല്യാണം കഴിച്ചു കൊണ്ടുവന്ന സ്ത്രീയെ എല്ലാ മക്കളോടും പങ്കിട്ടെടുക്കാന്‍ ഉപദേശിച്ച മറ്റാരമ്മ, ലൈംഗികസ്വാതന്ത്ര്യം അനുഭവിച്ചിരുന്ന സന്ന്യാസിമാർ, ലൈംഗികതയെ ഏറ്റവും ശാസ്ത്രീയമായി വ്യാഖ്യാനിച്ച വാത്സ്യായനൻ, ക്ഷേത്രവുമായി ബന്ധപ്പെട്ട് ദാസിമാർ എന്ന ഒരു വർഗ്ഗത്തെ പരിപാലിച്ച് കാമപൂർത്തിക്കായി പരസ്യമായി ഉപയോഗിച്ചിരുന്ന ഒരു സമൂഹം, ലൈംഗികതയെ ക്ഷേത്രത്തിലെ ഏറ്റവും പാവനമായ ശ്രീകോവിലിനു ചുറ്റും ഒരു മറയുമില്ലാതെ ആലേഖനം ചെയ്യാൻ യാതൊരു സങ്കോചവും കാണിക്കാത്ത ഒരു സമൂഹം തുടങ്ങി നമ്മുടെ ഇന്നത്തെ സദാചാരബോധത്തെ പരിഹസിക്കുകയും അവജ്ഞയോടെ തള്ളിക്കളയുകയും ചെയ്യുന്ന അനവധി സങ്കല്പങ്ങളുടെ ആകെതുകയാണ് ഭാരതീയ സംസ്കാരം.പലകാര്യത്തിലും നമ്മളേക്കാളും പുരോഗമനചിന്താഗതിക്കാരായിരുന്നോ അന്നുള്ളവർ എന്നുപോലും സംശയം തോന്നാം.
ഭാരതീയപൈതൃകം ഇങ്ങനെയാണെന്നിരിക്കെ ഇതിന്റെ പേരിൽ സദാചാരവാദികൾ പ്രതിഷേധിക്കുന്നത് കാണുമ്പോൾ ശരിക്കും ചിരി വരുന്നു. ഇംഗ്ലണ്ട് പോലും ഉപേക്ഷിച്ച വിക്ടോറിയൻ സദാചാരബോധം തിരികെ കൊണ്ടുവരാൻ മാത്രേ പാശ്ചാത്യസംസ്കാരത്തെ എതിർക്കുന്ന ഇക്കൂട്ടരുടെ പ്രതിഷേധം ഉപകരിക്കൂ.അത് തന്നെയാണ് ആധുനിക ഇന്ത്യയിലെ ഏറ്റവും വലിയ വിരോധാഭാസവും.

Sunday, October 26, 2014

ഉത്തരീയത്തിന്റെ കീചകവധം


നൃത്ത-നൃത്ത്യ-നാട്യങ്ങളുടെ സമഞ്ജസ സമ്മേളനത്തിലൂടെ ലഭിക്കുന്ന രസാനുഭൂതിയാണ് കഥകളിയുടെ ആത്യന്തിക ലക്ഷ്യം എന്ന വിശ്വാസം ഊട്ടിയുറപ്പിക്കുന്നതായിരുന്നു ഉത്തരിയം അവതരിപ്പിച്ച കീചകവധം കഥകളി.ഈ രസാനുഭൂതി കാണികളുടെ മനസ്സിനെ വിമലീകരിച്ച് ആനന്ദത്തെ പ്രദാനം ചെയ്യുന്നു.
ലോകധർമ്മിയുടെ വീക്ഷണത്തിൽ അധാർമ്മികം എന്ന് തോന്നാവുന്ന ഒരു കഥയാണ് കീചകവധം.പക്ഷെ അന്നത്തെ സാമൂഹ്യവ്യവസ്ഥയിൽ തികച്ചും സ്വാഭാവികവും.ദാസ്യസ്ത്രീകൾ അധികാരി വർഗ്ഗത്തിന്റെ ഇംഗിതത്തിന് വഴങ്ങേണ്ടവരാണെന്ന് വിശ്വസിക്കുകയും അതിന് മൌനാനുവാദം നൽകുകയും ചെയ്യുന്ന ഒരു സമൂഹത്തിന്റെ പ്രതിനിധിയാണ് കീചകൻ.അങ്ങനെയുള്ള ഒരു വ്യക്തി പ്രധാനകഥാപാത്രമായി വരുന്ന ഒരു കഥ കാണുംബോൾ നമ്മളും ആ ഭൂതകാലാന്തരീക്ഷത്തിലേക്ക് മനസ്സുകൊണ്ട് സഞ്ചരിക്കാൻ തയ്യാറാവണം.അതല്ലാതെ നമ്മൾ ജീവിക്കുന്ന സമൂഹത്തിന്റെ മൂല്യങ്ങളെ മനസ്സിൽ വെച്ചുകൊണ്ട് കീചകവധം കണ്ടാൽ ആട്ടകഥാകാരൻ മനസ്സിൽ കണ്ടതിനു നേർ വിപരീതമായേ ആസ്വാദനം സംഭവിക്കുകയുള്ളൂ.അങ്ങനെ വന്നാൽ കീചകന് പകരം സൈരന്ധ്രിയായിരിക്കും നമ്മൾ സിമ്പതൈസ് ചെയ്യുന്ന കഥാപാത്രം.അപ്പോൾ ആട്ടകഥാകാരന്റെ എല്ലാ ഉദ്ദേശലക്ഷ്യങ്ങളും അവിടെ പരാജയപ്പെടുകയും കഥകളിയുടെ അടിസ്ഥാനലക്ഷ്യം തകരുകയും ചെയ്യുന്നു.
കഥകളിയുടെ അടിസ്ഥാനലക്ഷ്യത്തിൽനിന്ന് വ്യതിചലിക്കാൻ സാധിക്കാതെ കീചകൻ എന്ന കഥാപാത്രത്തിലേക്ക് ഒരു സൂചികാഗ്രത്തിലേക്കെന്നപോലെ സൂക്ഷ്മദൃക്കായിരിക്കാൻ ആസ്വാദകനെ പ്രേരിപ്പിക്കുന്നു എന്നതിലൂടെ കീചകവധം നാട്യധർമ്മിയുടെ കാഹളപടഹധ്വനികൾ മുഴങ്ങുന്ന ഒരു ഉത്സവമായി മാറുന്നു.ഈ ഉത്സവാഘോഷത്തിൽ എല്ലാ കാണികൾക്കും തിമിർത്താനന്ദിക്കാൻ സാധിച്ചു എന്നതാണ് ഏറ്റവും ചാരിതാർത്ഥ്യജനകമായ കാര്യം.സൈരന്ധ്രിയുടെ കരണത്തടിച്ചതിനു ശേഷം കീചകൻ മിശ്രവികാരങ്ങളോട്കൂടി തന്റെ കൈയ്യിനെ ശകാരിക്കുന്ന ഒരു രംഗം മാത്രം മതി ആ തരിപ്പ് നമുക്കനുഭവപ്പെടാൻ.അങ്ങനെ എത്രയെത്ര രംഗങ്ങളാണ് ശ്രീ പ്രദീപും കൂട്ടരും ഇന്നലെ ഭംഗിയാക്കിയത്.
എത്ര നയനാനന്ദകരമായിരുന്നു ഇന്നലത്തെ വേദി!!!മൂന്ന് തലമുറയിൽ പെട്ട കലാകാരന്മാർ ഒരു അഹംബോധവുമില്ലാതെ പരസ്പരം സഹകരിച്ചും പ്രോത്സാഹിപ്പിച്ചും അവിസ്മരണീയമാക്കിയ വേദി!!!ഏറ്റവും സീനിയറായ നാരായണേട്ടന്റെ അയത്നലളിതവും ശബ്ദഗാംഭീര്യം നിറഞ്ഞതുമായ സംഗീതവും അടുത്ത തലമുറയിൽ കഥകളിയുടെ രൂപ-ശില്പ സൌന്ദര്യത്തിന്റെ പതാകവാഹകനാകാൻ ശേഷിയുള്ള ശ്രീ പ്രദീപും പിന്നെ യുവതലമുറയിലെ നിറഞ്ഞ പ്രതീക്ഷകളായ മറ്റെല്ലാ കലാകാരന്മാരും ചേർന്ന് ഉത്സവമാക്കിയ ഈ വേദി ഒരിക്കലും മറക്കാൻ കഴിയില്ല.കഥകളിയുടെ ഭാവി ഈ കലാകാരന്മാരുടെ കൈയ്യിൽ സുരക്ഷിതമാണ് എന്ന കാര്യത്തിൽ യാതൊരു സംശയവുമില്ല.
അണിയറയിൽ പ്രവർത്തിച്ച സതീശേട്ടനേയും കുഞ്ഞിരാമേട്ടനേയും രാമകൃഷ്നനേയും പ്രത്യേകം അഭിനന്ദിക്കുന്നു.

Monday, September 15, 2014

വെണ്മണി ബാണിയുടെ വര്‍ത്തമാനസ്വരം:കലാ:ഹരീഷ് കുമാർ


ഏതൊരു കലാരൂപത്തിലും ഉയര്‍ന്നു വരുന്ന പ്രതിഭകള്‍ കാലത്തിന്‍റെ നൈരന്തര്യം സൃഷ്ടിക്കുന്ന ഉല്‍പന്നമാവും.തന്‍റെ മുന്‍ഗാമികളുടെ പ്രതിഭയുടെ സ്വാധീനം തന്‍റെ കലാഹൃദയത്തില്‍, സ്വന്തം ജന്മവാസന എന്ന രാസത്വരകത്തിന്‍റെ സഹായത്താല്‍ സംസ്കരിച്ച് തികച്ചും നൂതനമായ ഒരു കലാവ്യക്തിത്വം സൃഷ്ടിച്ചെടുക്കുന്നു.അങ്ങനെയുളള കലാകാരന്‍ ഒരിക്കലും തന്‍റെ മുന്‍ഗാമികളുടെ അനുവര്‍ത്തിയായിരിക്കില്ല, മറിച്ച് അതിന്‍റെ പതാകവാഹകനും അടുത്ത തലമുറയിലേക്ക് ആ ദീപശിഖയെ ആനയിക്കുന്നവനുമായിരിക്കും.
കഥകളി സംഗീതത്തില്‍ ഈ നൈരന്തര്യം സൃഷ്ടിച്ച പ്രതിഭകള്‍ വിരളമെങ്കിലും അര്‍ത്ഥപൂര്‍ണ്ണമായിരുന്നു.സോപാനശൈലിയോട് വളരെ അടുത്ത് നില്‍ക്കുന്ന വെങ്കിടകൃഷ്ണഭാഗവതരില്‍ ആരംഭിച്ച് കൂടുതല്‍ ശാസ്ത്രീയവും ആലാപനസമ്പുഷ്ടവുമായ നമ്പീശന്‍ സംഗീതത്തിലൂടെ കടഞ്ഞെടുക്കപ്പെട്ട് ഹിന്ദുസ്ഥാനി സംഗീതത്തിന്‍റെ ഭാവഗരിമയിലൂടെയും കളംപാട്ടിന്‍റെ പരുക്കന്‍ രുചികളിലൂടെയും സംസ്കരിച്ച് പുതിയ ഭാവുകത്വം സൃഷ്ടിച്ച ഉണ്ണികൃഷ്ണകുറുപ്പിലൂടെയും കഥകളി സംഗീതത്തിന്‍റെ പരിമിതികള്‍ക്കുളളില്‍ നിന്ന് അതിന്‍റെ സാധ്യതകളെ പരമാവധി ചൂഷണം ചെയ്ത ഗംഗാധരബാണിയിലൂടെയും ഭാവസംഗീതത്തിന്‍റെ ജനപ്രിയാംശത്തിലൂടെ പരിവര്‍ത്തന വിധേയമായ എമ്പ്രാന്തിരി സംഗീതത്തിലൂടെയും അത് വന്നെത്തിയത് ഭാവസംഗീതത്തിന്‍റെ ഹിമാലയ സാനുക്കളിലൂടെയും നീര്‍ച്ചുഴികളിലൂടെയും അനായാസം കയറിയിറങ്ങിയ വെണ്മണി ഹരിദാസ് എന്ന അത്ഭുതപ്രതിഭാസത്തിലാണ്.
അതിനുശേഷമുളള തലമുറയെ ഇതിഹാസം എന്ന നിലയില്‍ വിലയിരുത്താന്‍ സമയമായില്ലെങ്കില്‍ കൂടി ഈ ധാരയുടെ പിന്തുടര്‍ച്ചയെ അന്വേഷിക്കുന്നത് അര്‍ത്ഥപൂര്‍ണ്ണമായിരിക്കും.മേല്‍സൂചിപ്പിച്ച ചങ്ങലയുടെ അവസാനത്തെ കണ്ണിയായ വെണ്മണി ഹരിദാസ് എന്ന സംഗീതജ്ഞനായിരിക്കും ഇന്നത്തെ യുവസംഗീതപ്രതിഭകളെ ഏറ്റവും അധികം സ്വാധീനിച്ചിട്ടുളള പാട്ടുകാരന്‍.അതിന്‍റെ ഗുണവും ദോഷവും നമുക്ക് അനുഭവപ്പെടാറുണ്ട്.പലപ്പോഴും ഹരിദാസേട്ടന്‍റെ കേവലം അനുകരണം ആയി പല ആലാപനങ്ങളും ചുരുങ്ങുമ്പോള്‍ ചില പാട്ടുകാര്‍ ആ പ്രതിഭയെ നേരാംവണ്ണം സ്വാംശീകരിച്ച് തന്‍റെ സ്വന്തം പ്രതിഭയിലൂടെ സംസ്കരിച്ചെടുത്ത് ആ മഹാഗായകന്‍റെ യഥാര്‍ത്ഥ പിന്തുടര്‍ച്ചാവകാശിയായി മാറുന്നു.അങ്ങനെയുളള ഗായകരില്‍ ഏറ്റവും ശ്രദ്ധേയനാണ് ശ്രീ കലാ:ഹരീഷ് കുമാര്‍(മനയത്താറ്റ്).വെണ്മണി സംഗീതത്തില്‍ കാണുന്ന ഭാവപുഷ്കലതയും കീഴ്സ്ഥായിയിലും താരസ്ഥായിയിലും ഉളള അനായാസമായ സഞ്ചാരവും കഥാപാത്രത്തിന്‍റെ ഭാവത്തിനനുസരിച്ചുളള ശബ്ദനിയന്ത്രണവും മറ്റും ഹരീഷേട്ടനിലും തെളിഞ്ഞു കാണാം.പക്ഷെ അതൊരിക്കലും അനുകരണമായി അനുഭവപ്പെടുകയുമില്ല.ഇതിനു കാരണം ഇന്നലെ ശ്രീ വെണ്മണി ഹരിദാസ്-നെയ്യാറ്റിന്‍കര അനുസ്മരണത്തില്‍ ശ്രീ Manoj Kuroor പറഞ്ഞ ഒരു നിരീക്ഷണമാണ്.''തന്‍റെ മുന്‍ഗാമികളില്‍ നിന്ന് സ്വാംശീകരിച്ച കലാംശങ്ങളെ തന്‍റെ സ്വപ്രതിഭയിലൂടെ കടഞ്ഞെടുക്കുമ്പോളാണ് നല്ലൊരു കലാകാരന്‍ ജനിക്കുന്നത്.അയാളെ മനസ്സിലാക്കണമെങ്കില്‍ ആ കലാകാരന്‍റെ സാംസ്കാരിക-സാമൂഹിക പശ്ചാത്തലത്തലം കൂടി വിലയിരുത്തേണ്ടിവരും".കലാ:ഹരീഷ് കുമാറും സംഗീതത്തിന് വളരെ അനുകൂലമായ ഒരു അന്തരീക്ഷത്തിലാണ് വളര്‍ന്നത്.അദ്ദേഹത്തിന്‍റെ അച്ഛന്‍ ഒരു സംഗീതജ്ഞനായിരുന്നില്ലെങ്കില്‍ കൂടി സംഗീതത്തില്‍ നല്ല അറിവും താത്പര്യവും ഉളള വ്യക്തിയായിരുന്നു.കഥകളിയോടുളള സ്നേഹം കാരണമാണ് അദ്ദേഹത്തിന്‍റെ മക്കള്‍ക്ക് അജിതനെന്നും ഹരിയെന്നും(അജിതാഹരേ....)പേരിട്ടത് എന്ന് കേട്ടിട്ടുണ്ട്.അങ്ങനെ കുട്ടിക്കാലം മുതല്‍ക്ക് താന്‍ അറിയാതെയാണെങ്കിലും ഇല്ലത്ത് മുഴങ്ങി കേട്ടിരുന്ന കഥകളി പാട്ടിലൂടെയായിരുന്നു ഇദ്ദേഹം വളര്‍ന്നു വന്നത്.അങ്ങനെ തന്‍റെ കേള്‍വിശീലത്തിലൂടെ ആര്‍ജ്ജിച്ച അനുഭവങ്ങളും മാടമ്പിയാശാന്‍റെ കളരിയിലൂടെ ഇരുത്തംവന്ന സംഗീതജ്ഞാനവും ഹരിദാസേട്ടന്‍റെ കൂടെ ധാരാളം അരങ്ങുകളില്‍ പാടി ലഭിച്ച അരങ്ങറിവുകളും ഈ യുവകലാകാരനെ എണ്ണം പറഞ്ഞ ഒരു കഥകളി ഗായകനാക്കി മാറ്റി.
വെണ്മണി ഹരിദാസേട്ടന്‍റെ ജീവിതത്തില്‍ നമ്മള്‍ കണ്ടിരുന്ന ഒരു ഉള്‍വലിയല്‍ നമുക്ക് ഹരിയേട്ടനിലും കാണാന്‍ കഴിയും.അതുകൊണ്ട് തന്നെ അനാവശ്യമായ അവകാശവാദങ്ങളുമായി ഈ ഗായകനെ നമുക്ക് കാണാന്‍ കഴിയില്ല.ആരാധകവൃന്ദത്തിന്‍റെ "ഗ്വോ....ഗ്വോ
...." വിളികളും കേട്ടെന്നു വരില്ല.പക്ഷെ എത്ര മറയ്ക്കാന്‍ ശ്രമിച്ചാലും മറയാതെ ആ പ്രതിഭ അനിതരശോഭയോടുകൂടി അരങ്ങുകളില്‍ നിറഞ്ഞു നില്‍ക്കും.ഹരിദാസേട്ടന്‍റെ വേര്‍പാടോടുകൂടി നമുക്ക് നഷ്ടപ്പെട്ട ആ സംഗീതമാധുരി അടുത്ത തലമുറയിലേക്ക് ആനയിക്കുന്നത് ഹരിയേട്ടനായിരിക്കും എന്ന കാര്യത്തില്‍ യാതൊരു സംശയവുമില്ല.ഇനിയുളള കഥകളി വേദികള്‍ ഹരിയേട്ടന്‍റെ സംഗീതം കൊണ്ട് മുഖരിതമാവട്ടെ എന്നാശംസിക്കുന്നു.

Friday, September 5, 2014

അധ്യാപകദിന ചിന്തകൾ

ഇന്ത്യയിൽ ഏറ്റവും അധികം നാട്യങ്ങളോട്കൂടി ജീവിക്കാൻ വിധിക്കപ്പെട്ട വർഗ്ഗമാണ് അധ്യാപകർ.അധ്യാപകൻ ദൈവതുല്ല്യൻ എന്ന ഒരു ഭീകരസങ്കല്പം അവനെ കാപട്യങ്ങളുടെ മനുഷ്യരൂപമാക്കി മാറ്റുന്നു.ഈശ്വരൻ പരിപൂർണ്ണനായിരിക്കുന്നതുപോലെ അധ്യാപകനും പരിപൂർണ്ണനായിരിക്കണം എന്ന് വിദ്യാർത്ഥികളും സമൂഹവും ശഠിക്കുന്നു.പക്ഷെ ഈ ഈശ്വരസങ്കല്പം ചാർത്തിയ അധ്യാപനകർമ്മം വളരെ ജൈവവും തർക്ക-വിതർക്കങ്ങളാൽ മുഖരിതവുമാകേണ്ട കലാലയാന്തരീക്ഷത്തെ പ്രതികൂലമായി ബാധിക്കുകയാണുണ്ടായത്.അറിവിന്റെ വിനിമയത്തിലൂടെ ജൈവമാകേണ്ട ക്ലാസ്സ് മുറികൾ ഏകശിലാത്മകമായി മാറുന്നു.അധ്യാപകൻ പറയുന്നതെല്ലാം വേദവാക്യവും അയാളെ ചോദ്യം ചെയ്യുന്നത് പാപവുമാകുന്ന ഒരു വ്യവസ്ഥിതി വളർന്നു വന്നു.ഈ കൊടുക്കൽ വാങ്ങലുകളുടെ അഭാവം തന്നെയാണ് ഇന്ത്യൻ വിദ്യാഭ്യാസരംഗത്തിന്റെ തകർച്ചയ്ക്കുള്ള പ്രധാന കാരണവും.

അറിവ് പകർന്നു നൽകുന്ന അധ്യാപകൻ അറിവിന്റെ നിറകുടമല്ലെന്നും ഏതൊരു സാധാരണ മനുഷ്യനെ പോലെയും പരിമിതികളോട് കൂടിയവനാണെന്നും തെറ്റ് കണ്ടാൽ അത് ചൂണ്ടികാണിക്കാനും ചോദ്യം ചെയ്യാനും തർക്കിക്കാനും ഉള്ള എല്ലാ അവകാശങ്ങളും തങ്ങൾക്കുണ്ടെന്ന് വിദ്യാർത്ഥികൾ തിരിച്ചറിയുകയും, അതിനുള്ള പൂർണ്ണ അവകാശം വിദ്യാർത്ഥികൾക്കുണ്ടെന്ന് അധ്യാപകൻ തിരിച്ചറിയുകയും ചെയ്യുമ്പോളാണ് ജ്ഞാനോല്പാദനം അർത്ഥപൂർണ്ണമാകുന്നത്.ഇങ്ങനെയുള്ള അർത്ഥപൂർണ്ണമായ ജ്ഞാനോല്പാദത്തിന് ഉതകുന്ന രീതിയിൽ എല്ലാ പരിമിതികളേയും ഉൾകൊണ്ടുകൊണ്ട് സത്യസന്ധതയോട്കൂടി, പച്ചയായ മനുഷ്യനായി ക്ലാസ്സ്മുറികളിൽ ജീവിക്കാൻ ഈ അധ്യാപകദിനം എല്ലാ അധ്യാപകർക്കും പ്രേരകമാകട്ടെ എന്ന് പച്ചയായിരിക്കാൻ പാടുപെടുന്ന ഈ അധ്യാപകൻ ആശംസിക്കുന്നു.

Monday, July 28, 2014

ഉത്തരീയത്തിന്‍റെ ജടായുവധം കൂടിയാട്ടം


കഥകളി കണ്ടുശീലിച്ച ഒരാള്‍ക്ക് കൂടിയാട്ടം കാണുമ്പോള്‍ സ്വാഭാവികമായി മനസ്സില്‍ ഉയര്‍ന്നു വരുന്നത് ഒരു താരതമ്യാവലോകനം ആയിരിക്കും.ഇന്നലെ ചെന്നൈ ഉത്തരീയം അവതരിപ്പിച്ച ജടായുവധം കൂടിയാട്ടം കണ്ടപ്പഴും എന്‍റെ മനസ്സിലേക്ക് ആദ്യം കടന്നു വന്നത് ഈ സാജാത്യങ്ങളും വൈജാത്യങ്ങളുമാണ്.വേഷത്തിലും ചുട്ടിയിലും രംഗാവതരണത്തിലെ ചിട്ടകളിലും വാദ്യവിഭാഗത്തിലുമെല്ലാം സാജാത്യങ്ങളും വൈജാത്യങ്ങളും കാണാം.വേഷവിധാനങ്ങളുടെ വര്‍ണ്ണപ്പൊലിമയിലും ധാരാളിത്തത്തിലും കഥകളി മുന്‍പന്തിയില്‍ നില്‍ക്കുന്നു. അതു പോലെ തന്നെ വാദ്യോപകരണങ്ങളുടെ എണ്ണത്തിലും.സംഗീതവിഭാഗം കൂടിയാട്ടത്തില്‍ നടന്‍ സ്വയം നിര്‍വഹിക്കുമ്പോള്‍ കഥകളിയില്‍ പിന്നണിപാട്ടായി വേറിട്ടുനില്‍ക്കുന്നു.ഇത്രയും വ്യത്യാസങ്ങള്‍ ഉണ്ടെങ്കിലും കൂടിയാട്ടത്തിലെ രസാവിഷ്കാരത്തിന് അല്‍പം പോലും ന്യൂനത അനുഭവപ്പെടുന്നില്ല എന്നതാണ് ഇതിനെ ഒരു ക്ലാസിക് കല എന്ന് വിശേഷിപ്പിക്കാന്‍ കാരണം.വേഷവിധാനത്തിലെ ധാരാളിത്തക്കുറവ് ഒരു കാലത്ത് കഥകളിയിലും ഇങ്ങനെതന്നെയായിരുന്നു.പിന്നീട് പല പരിഷ്കാരങ്ങളിലൂടെയാണ് ഇന്നത്തെ രീതിയിലേക്ക് എത്തിയിട്ടുളളത്.ഇവിടെ എടുത്ത് പറയേണ്ടത് ജടായുവിന്‍റെ വേഷമാണ്.കഥകളിയിലെ ഹംസത്തിന്‍റെ വേഷത്തേക്കാള്‍ realistic ആയി തോന്നി. കൂടിയാട്ടത്തിന്‍റെ അവതരണശൈലിയുടേയും മറ്റു ഘടകങ്ങളുടേയും പരിശുദ്ധമായ സംരക്ഷണം തന്നെയാണ് അതിനെ UNESCO അംഗീകാരത്തിന് പാത്രമാക്കീത് എന്ന് കരുതാം.ഇപ്പോള്‍ തിരിഞ്ഞു നോക്കുമ്പോള്‍ UNESCO ഉപയോഗിച്ച വാക്കുകള്‍ എത്ര അര്‍ത്ഥവത്താണ് തിരിച്ചറിയുന്നു.
'Masterpiece of the Oral and Intangible Heritage of Humanity'
ഈ വാക്കുകളെ കൂടിയാട്ടത്തിന്‍റെ വെളിച്ചത്തില്‍ വ്യത്യസ്തമായി നോക്കികാണാനുളള ഒരു ശ്രമമാണിത്.
Oral
കഥകളിയില്‍ നിന്ന് വ്യത്യസ്തമായി ഇവിടെ കഥാപാത്രം തന്നെ സാഹിത്യം കൈകാര്യം ചെയ്യുന്നു.Shakespeare പറഞ്ഞതുപോലെ 'Brevity is the soul of wit' എന്നത് കൂടിയാട്ടത്തെ സംബന്ധിച്ച് തികച്ചും അര്‍ത്ഥവത്താണ്.ഒരു അഭിനയ കലയുടെ സാധ്യതകളെ പരിപൂര്‍ണ്ണമായി ഉപയോഗപ്പെടുത്താന്‍ സഹായിക്കുന്ന രീതിയില്‍ കാച്ചികുറുക്കിയ ശ്ലോകങ്ങള്‍ മാത്രം ഉള്‍പ്പെടുത്തി ആ സാഹിത്യത്തെ തന്‍റെ മനോധര്‍മ്മവൈഭവത്തിലൂടെ ഏറ്റവും വിശദമായ രീതിയില്‍ അഭിനയിച്ച് ഫലിപ്പിക്കാന്‍ നടന് അവസരം നല്‍കുന്നു.
Intangible
Intangible എന്ന വാക്കിന്‍റെ ഒരര്‍ത്ഥം പദാര്‍ത്ഥം എന്ന നിലയില്‍ സ്പര്‍ശിക്കാന്‍ കഴിയാത്തത് എന്നാണ്.കഥകളിയെ അപേക്ഷിച്ച് കൂടിയാട്ടം കാലാകാലങ്ങളില്‍ പരിഷ്കാരത്തിന് മുതിര്‍ന്നില്ല.രണ്ടായിരത്തിലധികം വര്‍ഷം പഴക്കമുളള ഈ കലാരൂപത്തിനെ അതിന്‍റെ തനിമയോടുകൂടി നിലനിര്‍ത്തി എന്നതാണ് ഈ ക്ലാസിക്കല്‍ കലാരൂപത്തിന്‍റെ പ്രത്യേകത.എന്നിട്ടും ഇത്ര കാലം കഴിഞ്ഞിട്ടും അത് പ്രേക്ഷകന്‍റെ രസാസ്വാദനത്തിന് ഒരു വിഘാതവും സൃഷ്ടിക്കുന്നില്ല എന്നുളളതാണ് ആ കലാരൂപത്തിന്‍റെ മഹത്വവും.
Heritage
Heritage എന്ന സങ്കല്‍പത്തിന്‍റെ പ്രത്യേകത അത് സമാനതകളില്ലാത്തതും പകരം വെയ്ക്കാന്‍ കഴിയാത്തതും ആണെന്നതാണ്.എല്ലാ അര്‍ത്ഥത്തിലും കൂടിയാട്ടം ആ വിശേഷണത്തിന് അര്‍ഹമാണ്.പക്ഷെ heritage എന്ന സങ്കല്‍പം നല്‍കുന്ന വലിയൊരു ഉത്തരവാദിത്ത്വം ഓരോ തലമുറയും അത് മാറ്റമില്ലാതെ സംരക്ഷിക്കണം എന്നുളളതാണ്.
ഇന്നലെ പൈങ്കുളം നാരായണചാക്യാരുടെ നേതൃത്ത്വത്തില്‍ നടന്ന ജടായുവധം കൂടിയാട്ടം ഈ വിശേഷണത്തിന് ചേര്‍ന്നവണ്ണം തന്നെയായിരുന്നു.UNESCO നല്‍കിയ വിശേഷണത്തിന് തരിമ്പുപോലും പോറലേല്‍ക്കാതെയുളള അവതരണം ഈ കലാരൂപം Intangible herirage ആയി നിലനില്‍ക്കും എന്ന വസ്തുത ഊട്ടിയുറപ്പിച്ചു.അദ്ദേഹത്തിന് അമ്മന്നൂര്‍ രജനീഷ് ചാക്യാരും കലാപീഠം അശ്വതിപ്രസാദും കലാപീഠം രാഹുലും വളരെ ഗംഭീരമായ പിന്തുണയാണ് നല്‍കിയത്.കലാ: രവികുമാറും സംഘവും കൈകാര്യം ചെയ്ത വാദ്യവിഭാഗം ആട്ടത്തിന്‍റെ നാടകീയതയെ പ്രോജ്ജ്വലിപ്പിച്ചു.കലാ: അഖില്‍ കൈകാര്യം ചെയ്ത ചുട്ടിയും കലാപീഠം അനാമിക കൈകാര്യം ചെയ്ത താളവിഭാഗവും പ്രത്യേക പരാമര്‍ശം അര്‍ഹിക്കുന്നു.
ഉത്തരീയം അവതരിപ്പിച്ച ഈ കൂടിയാട്ടം ചെന്നൈയിലെ കലാസ്വാദകര്‍ക്ക് ഒരു നവ്യാനുഭവമാണ് നല്‍കിയത്.

Saturday, July 12, 2014

പാലനാട് ദിവാകരൻ

ദിവാകരൻ പാലനാടെന്ന നാമം
വിവാദമന്യേ പുകഴുന്ന നാട്ടിൽ
ഭവാനിതൊന്നും അറിയുന്നതില്ലേ
ദിവാനിശം പാടിടുമീയുഗത്തിൽ
എന്റെ തലമുറയിലെ ഏതൊരു കഥകളി ആസ്വാദകനേയും പോലെ എന്റെ ആസ്വാദനവും ആരംഭിച്ചത് കഥകളി സംഗീതത്തിലൂടെയാണ്.സ്വാഭാവികമായി ഞങ്ങളുടെ തലമുറയുടെ സംഗീതഭാവുകത്വത്തെ നിർണ്ണയിച്ച ശ്രീ കലാ: ശങ്കരൻ എമ്പ്രാതിരിയിലൂടെയായിരുന്നു അത്.ഏമ്പ്രാന്തിരിയാശാനും വെണ്മണി ഹരിദാസേട്ടനും കൂടി പാടിയ കാസറ്റുകൾ പതുക്കെ പതുക്കെ സിനിമാ ഗാനങ്ങളുടെ കാസറ്റുകളേക്കാൾ പ്രിയമുള്ളതായി മാറി.പിന്നീട് എമ്പ്രാന്തിരി എവിടെ പാടുന്നുവോ അവിടെ കഥകളി കാണാൻ പോകുന്നത് ഒരു ശീലമായിമാറി.എന്തുകൊണ്ട് എമ്പ്രാന്തിരി സംഗീതം ഇത്ര പ്രിയപ്പെട്ടതായിമാറി എന്നാലോചിച്ചപ്പോൾ ആ സംഗീതം , മലയാളിയുടെ സംഗീതഭാവുകത്വത്തിന്റെ രൂപഭാവശില്പം നിർമ്മിച്ചെടുത്ത യേശുദാസ് സംഗീതം എന്ന മൂശയിൽ തന്നെയാണ് കടഞ്ഞെടുത്തത് എന്ന് തിരിച്ചറിഞ്ഞു; ശബ്ദഭാവസൗകുമാര്യത്തിന്റെ ഏകശിലാത്മകമായ സൗന്ദര്യം.(എമ്പ്രാന്തിരി- ഹരിദാസ് പാട്ട് എന്ന് പറയുന്നത് എത്രകണ്ട് ശരിയാണെന്ന് അറിയില്ല.കാരണം ഇവർ ചേർന്ന് പാടുമ്പോൾ ‘ വെണ്മണി സംഗീതം അനുഭവപ്പെട്ടിട്ടില്ല).
ഇങ്ങനെ എമ്പ്രാന്തിരി സംഗീതത്തിൽ ആമുഗ്ദ്ധനായി നടക്കുന്ന കാലത്താണ് എന്റെ അമ്മാത്ത് നിന്ന് ഒരു പഴേ ഓഡിയോ ക്യാസറ്റ് കിട്ടുന്നത്.കഥകളിയുടെ ലൈവ് റെക്കോർഡിംഗ്.അത് വരെ കേട്ട കാല്പനിക ഭംഗിയുള്ള ഒരു ശബ്ദമായിരുന്നില്ല അത്.അതുകൊണ്ട് തന്നെ സ്വാഭാവികമായും അവഗണിച്ചു.പിന്നീട് വീണ്ടും കേട്ടപ്പോൾ ആ ശബ്ദം പതുക്കെ എന്റെ ശരീരത്തിലേക്ക് അരിച്ച് ഇറങ്ങാൻ തുടങ്ങി.പിന്നീട് വല്ല്യമ്മാവനാണ് പറഞ്ഞ് തന്നത് അത് ഉണ്ണികൃഷ്ണകുറുപ്പിന്റെ പാട്ടാണെന്ന്. അന്നാണ് വെങ്കലനാദം എന്ന പ്രയോഗം ആദ്യമായി കേൾക്കുന്നത്.പിന്നീട് ഏറ്റവുമധികം കേട്ടിട്ടുള്ളതും ആ സംഗീതം തന്നെയാണ്, ഇന്നും.അതുവരെ കേൾക്കാത്ത ഒരു നാദപ്രപഞ്ചം .വെറും പിന്നണിപാട്ടെന്ന നിലയിൽ നിന്ന് കഥകളിപാട്ടിനെ ഹിന്ദുസ്ഥാനിസംഗീതത്തിന്റെ ഭാവഗരിമയിലൂടെയും കളമ്പാട്ടിന്റെ പരുക്കൻ രുചികളിലൂടേയും സംസ്കരിച്ച് പുതിയൊരു ഭാവുകത്വം തന്നെ കുറുപ്പ് നിർമ്മിച്ചെടുത്തു.
നിർഭാഗ്യമെന്ന് പറയട്ടെ എന്റെ തലമുറയ്ക്ക് ആ നാദവിസ്മയത്തെ നേരിട്ടാസ്വദിക്കാനുള്ള ഭാഗ്യമുണ്ടായില്ല.ക്യാസറ്റുലൂടെമാത്രം ആ ശബ്ദം കേട്ടതുകൊണ്ട് ഒരു അശരീരിസംഗീതത്തിന്റെ ദൈവീകപരിവേഷം ഞാൻ കുറുപ്പിന്റെ പാട്ടിന് ചാർത്തികൊടുത്തു.ആയിടയ്ക്കാണ് അമ്മാത്തെ ചാർച്ചക്കാരനായ പാലനാട് ദിവാകരേട്ടനെ ഞാൻ പരിചയപ്പെടുന്നത്.കുറുപ്പാശാന്റെ ഏറ്റവും പ്രിയപ്പെട്ട ശിഷ്യൻ എന്നറിഞ്ഞപ്പോൾ തന്നെ ഞാൻ ദിവാകരേട്ടന്റെ ആരാധകനായി മാറി.പിന്നീട് ദിവാകരേട്ടന്റെ പാട്ട് കേൾക്കുമ്പോഴെല്ലാം കുറുപ്പാശാന്റെ അദൃശ്യസാന്നിധ്യം ആ പാട്ടിൽ അനുഭവപ്പെട്ടിട്ടുണ്ട്..അക്ഷരസ്ഫുടതയിലും പദം മുറിക്കുന്നതിലും കഥാപാത്രത്തിന്റെ മാനസികനിലയ്ക്കനുസരിച്ച് പിന്നണിപാട്ടെന്ന പൂർണ്ണബോധ്യത്തോട്കൂടി ഭാവസ്ഫുരണം നൽകുന്നതിലും കുറുപ്പാംശം നമുക്ക് നല്ലവണ്ണം ദിവാകരേട്ടനിലും കാണാൻ കഴിയും.ശരീരഭാഷയിൽ വരെ ആ സ്വാധീനം കാണാം. ശബ്ദത്തിലും താരസ്ഥായിയിലുള്ള സഞ്ചാരത്തിലും മാത്രമാണ് വ്യത്യാസം അനുഭവപ്പെട്ടിട്ടുള്ളത്. ഇന്നും ദിവാകരേട്ടൻ ‘ യാമി യാമി’ പാടുമ്പോൾ കുറുപ്പ്ശൈലിയിൽ തന്നെയാണ് പാടുന്നത്.ഒരിക്കൽ എന്റെ ഇല്ലത്തിനടുത്തുള്ള അമ്പലത്തിൽ കുചേലവൃത്തം കഥകളി.ദിവാകരേട്ടനും രാജീവനുമാണ് പാട്ട്.’ ഇന്ധനസംബാദന’ എന്ന ഭാഗം ഹിന്ദോളത്തിനു പകരം രാഗം മാറ്റിയാണ് പാടിയത്.അതിനെപ്പറ്റി ചോദിച്ചപ്പോൾ പറഞ്ഞത് കുറുപ്പാശാൻ സന്ദർഭത്തിനനുസരിച്ച് ധാരാളം രാഗം മാറ്റി പാടാറുണ്ട്.അതാണെന്റെ ധൈര്യം എന്നാണ്.ഗുരുനാഥന്റെ സംഗീതവഴി ഇത്ര സ്വാംശീകരണക്ഷമതയോട് കൂടി ശിഷ്യനിലേക്ക് ഒഴുകിയിറങ്ങിയിരിക്കുന്നത് ഈയൊരു ഗുരുശിഷ്യപരമ്പരയിലല്ലാതെ വേറൊന്ന് കാണുവാൻ സാധിക്കില്ല.പർവതത്തിൽ നിന്നുത്ഭവിച്ച് നദിയിലൂടെ ഒഴുകി ജലം സമുദ്രത്തിൽ ചേരുന്നതുപോലെ കുറുപ്പാശാനിലൂടെ ഉറവപൊട്ടി ദിവാകരേട്ടൻ എന്ന ലോലനദിയിലൂടെ ഒഴുകി സമ്പന്നമായ ശിഷ്യപരമ്പരയിലൂടെ ആ പ്രവാഹം ഇന്നും അനുസ്യൂതം തുടർന്നു കൊണ്ടിരിക്കുന്നു.
ഒരു കലാകരന്റെ ജീവിതം സുഘടിതമായി നിൽക്കണമെങ്കിൽ അദ്ദേഹത്തിന്റെ കുടുമ്പാന്തരീക്ഷവും ദീപ്തമായിരിക്കണം.ദിവാകരേട്ടന്റെ സംഗീതമാധുര്യം പോലെ തന്നെ മധുരോദാരമാണ് അദ്ദേഹത്തിന്റെ പ്രിയപത്നി സുധോപ്പോളുടെ വ്യക്തിത്വവും.വാമഭാഗത്തിന്റെ പൂർണ്ണപിന്തുണ തന്നെയാണ് ദിവാകരേട്ടന്റെ പാട്ട് ഇന്നും സുധാമയമാക്കുന്നത്.അദ്ദേഹത്തിന്റെ സംഗീതവഴി മകൾ ദീപേടത്തിയിലൂടേയും മകനും എന്റെ പ്രിയ സുഹൃത്തുമായ സുദീപിലൂടേയും ഇന്നും അനുസ്യൂതം പ്രവഹിക്കുന്നു.
ഷഷ്ട്യബ്ദപൂർത്തി ആഘോഷിക്കുന്ന ദിവാകരേട്ടനും അദ്ദേഹത്തിന്റെ കുടുംബാംഗങ്ങൾക്കും എല്ലാ ആയുരാരോഗ്യസൗഖ്യങ്ങളും ഈ എളിയ ആസ്വാദകൻ നേരുന്നു.

Wednesday, July 9, 2014

ഓറഞ്ച് മരണം

ഇത് ഫുട്ബോൾ.ഭാഗ്യനിർഭാഗ്യങ്ങൾ വിധിനിർണ്ണയത്തിൽ വലിയ സ്വാധീനം ചെലുത്തുന്ന കായികവിനോദം.ചില ടീമുകളെ ഭാഗ്യം നിരന്തരം പിന്തുടരുമ്പോൾ മറ്റു ചില ടീമുകളെ നിർഭാഗ്യം കൂടപ്പിറപ്പിനെ പോലെ അരിക്പറ്റി സഞ്ചരിക്കും.അങ്ങനെ നിർഭാഗ്യം കൂടപ്പിറപ്പായ ഒരു ടീമാണ് നിന്റെ ഹോളണ്ട്.ഫുട്ബോളിലെ സൗത്താഫ്രിക്കൻ ക്രിക്കറ്റ്ടീമാണ് നിന്റെ ഈ ഓറഞ്ച് പട.നിനക്ക് പ്രതിഭ ഒരു കാലത്തും അന്യമായിരുന്നില്ല,പക്ഷെ ജയം എന്നും അന്യമായി.
ഫുട്ബോൾ ആരാധകരേയും പണ്ഡിതന്മാരേയും എക്കാലത്തും ഒരുപോലെ ആവേശം കൊള്ളിച്ചിരുന്ന ടീമായിരുന്നു നിന്റേത്.ഏതൊരു വേൾഡ് കപ്പും നേടാനുള്ള യോഗ്യത നിനക്കുണ്ടായിരുന്നു.74ൽ യോഹാൻ ക്രൈഫിന്റെ നേതൃത്ത്വത്തിൽ ടോട്ടൽ ഫുട്ബോളിന്റെ വശ്യചാരുതയുമായ് വന്നപ്പോഴും 88ൽ മാർക്കോ വാൻ ബാസ്റ്റനും റൂഡ് ഗുള്ളിറ്റിന്റേയും നേതൃത്വത്തിൽ യൂറോ കപ്പ് നേടിയപ്പോഴും 90ലെ വേൾഡ്കപ്പിൽ പരാജയമായിരുന്നെങ്കിലും മാർക്കോ വാൻ ബാസ്റ്റനും റൂഡ് ഗുള്ളിറ്റും ഡെന്നിസ് ബെർക്കാമ്പും അടങ്ങിയ നിന്റെ താരനിരയും ആരാധകരുടെ മനസ്സിൽ ഒരിക്കലും മായാത്ത കാല്പന്തുകളിയുടെ കാല്പനിക സൗന്ദര്യം വാരിനിറച്ചു..ഇക്കൊല്ലവും നീ ഒരു അപവാദമല്ല.ലോകത്തെ ഏറ്റവും നല്ല പ്ലേമേക്കേഴ്സായ റോബനും സ്നൈഡറും വാൻ പേഴ്സിയും അടങ്ങിയ നിന്റെ ഓറഞ്ച്പട ലോകകപ്പ് നേടാൻ തികച്ചും അർഹർ തന്നെയാണ്.പക്ഷെ നിന്നെ എന്നും പിന്തുടർന്ന ആ അഭിശപ്ത നിർഭാഗ്യം ഇത്തവണയും നിന്നെ ധൃതരാഷ്ട്രാലിംഗനം പോലെ വാരിപുണർന്നു.
എങ്കിലും നിന്റെ യഥാർത്ഥ ആരാധകർക്ക് അഭിമാനിക്കാൻ വക നൽകിയാണ് നീ ഈ ലോകകപ്പിൽ നിന്ന് പടിയിറങ്ങുന്നത്.നിന്റെ സുവർണ്ണതാരം വാൻ പേഴ്സി സ്പെയിനെതിരെ നേടിയ ഹെഡർ,ആര്യൻ റോബൻ അവിശ്വസനീയമായ പന്തടക്കത്തോടെ നേടിയ ഗോളുകൾ!!!ഇത് തന്നെ ധാരാളം ഫുട്ബോളിനെ സ്നേഹിക്കുന്നവരുടെ മനസ്സിൽ നീ ഒരു മായാത്ത ഓർമ്മയായിരിക്കാൻ.ഗാന്ധിജിക്കും ടോൾസ്റ്റോയ്ക്കും കിട്ടാത്ത നൊബേൽ സമ്മാനം എങ്ങനെ നൊബേൽ സമ്മാനത്തിന് തന്നെ അപമാനമായി മാറിയോ അതു പോലെ നിന്റെ അലമാരയിൽ വേൾഡ്കപ്പില്ലാത്തത് നിനക്കല്ല അപമാനം മറിച്ച് വേൾഡ്കപ്പിന് തന്നെയാണ്.പുരസ്കാരങ്ങൾക്കെല്ലാമുപരി നീ ഞങ്ങളുടെ മനസ്സിൽ ഫുട്ബോളിന്റെ മാരിവിൽ സൗന്ദര്യമായി എക്കാലവും ജീവിക്കും.അതിവേഗഫുട്ബോളിന്റെ കാല്പനികവും വന്യവുമായ സൗന്ദര്യം കൊണ്ട് നീ ഞങ്ങളുടെ ഇനിയുള്ള നാളുകളേയും ധന്യമാക്കുക.
നന്ദി ഹോളണ്ട്!!!!!!!!!!!!!!ഒരായിരം നന്ദി!!!!!!!!!!!!!!!!

നളചരിതം അസ്തിത്വവാദവീക്ഷണത്തില്‍


ഇരുപതാം നൂറ്റാണ്ടിന്‍റെ ആദ്യശതകത്തില്‍ യൂറോപ്പില്‍ പ്രചുരപ്രചാരം നേടിയ ഒരു ജീവിതവീക്ഷണമാണ് അസ്തിത്വവാദം.ഷാങ് പാള്‍ സാര്‍ ത്ര്, ഫ്രാന്‍സ് കാഫ്ക, ഹൈഡഗര്‍ തുടങ്ങിയവരിലൂടെയാണ് ഈ പ്രസ്ഥാനം ശ്രദ്ധേയമായത്.ഈ വീക്ഷണം വ്യക്തിജീവിതത്തെ കേന്ദ്രബിന്ദുവായി പ്രതിഷ്ഠിക്കുകയും അവന്‍റെ അസ്തിത്വം, പ്രശ്നങ്ങള്‍, ജീവിതസാഫല്യം എന്നിവ ചര്‍ച്ചചെയ്യുകയും ചെയ്തു.നിര്‍ഭാഗ്യവശാല്‍ മനുഷ്യത്വത്തിന്‍റെ അന്തസ്സ് പാലിക്കാത്ത, അരാജകത്ത്വവും അകര്‍മ്മണ്യതയും പ്രചരിപ്പിക്കുന്ന ഒരിരുണ്ട തത്ത്വസംഹിതയാണ് ഇതെന്ന ആരോപണം ഈ പ്രസ്ഥാനം നേരിട്ടു.പക്ഷെ ഇതിന്‍റെ പ്രധാനിയായ സാര്‍ ത്ര് പറയുന്നത് അസ്തിത്വവാദം നിരാശയും വിഷാദവും ജനിപ്പിക്കുമെന്നല്ല മറിച്ച് മനുഷ്യന്‍റെ പുരോഗതിക്ക് അവന്‍ മാത്രമാണ് ഉത്തരവാദി എന്നും ആ ലക്ഷ്യം നേടാന്‍ അവന്‍ സ്വയം പ്രവര്‍ത്തിച്ച് ലക്ഷ്യപ്രാപ്തിയിലെത്തണമെന്നുമാണ്.ഇത് വളരെ ധീരവും പ്രസാദാത്മകവുമായ ഒരു കര്‍മ്മകാഹളമാണെന്ന് സാര്‍ ത്ര് പറയുന്നു.ഇത് സ്വന്തം ചിന്തയുടേയും കര്‍മ്മത്തിന്‍റേയും നവീകരണത്തിലൂടെമാത്രമേ സാധിക്കുകയുളളൂ.അതിന് ശ്രമിക്കാതിരിക്കുമ്പോള്‍ ജീവിതം നൈരാശ്യജനകമായ വിഷാദാത്മകത്വം കൈവരിക്കും.ഈയൊരു ജീവിതവീക്ഷണത്തിന്‍റെ പശ്ചാത്തലത്തില്‍ നളദമയന്തിമാരുടെ ജീവിതത്തെ അപഗ്രഥിക്കാനാണ് ഈ കുറിപ്പില്‍ ശ്രമിക്കുന്നത്.
പുരാണകഥയുടെ അവിഭാജ്യഘടകങ്ങളായ പ്രകൃത്യതീതശക്തികളുടേയും അതിമാനുഷകഥാപാത്രങ്ങളുടേയും സാന്നിധ്യംകൊണ്ട് സമ്പന്നമാണല്ലോ കഥകളി.അങ്ങനെവരുമ്പോള്‍ മറ്റു ആട്ടകഥകളെ അപേക്ഷിച്ച് പച്ചയായ മനുഷ്യജീവിതത്തോട് ഏറെകുറെ അടുത്ത്നില്‍ക്കുന്ന ഒരു ആട്ടകഥയാണ് നളചരിതം.പ്രഥമദൃഷ്ട്യാ ഏതൊരു സാധാരണക്കാരന്‍റെ ജീവിതത്തിലും സംഭവിക്കാവുന്ന കാര്യങ്ങളാണ് ഇതിലും കാണുവാന്‍ കഴിയുക.ഈ നാടകീയ രംഗങ്ങളാണ് നളചരിതത്തെ ഇത്രയും ജനകീയമായ ഒരാട്ടക്കഥയാവാന്‍ സഹായിച്ചത്.എങ്കിലും ഇതിഹാസനിഷ്പന്നമായ ഒരു കഥയായതുകൊണ്ട് നളചരിതത്തിലും മേല്‍പറഞ്ഞ അവിശ്വസനീയത കാണുവാന്‍ കഴിയും.കാര്‍ക്കോടകന്‍റെ ദംശനത്തിലൂടെ ബാഹുകനായി മാറുന്ന നളന്‍, നളന്‍റെ അവിശ്വസനീയമായ പാചകവൈദഗ്ദ്ധ്യം, നാലാം ദിവസത്തിലെ അശരീരി തുടങ്ങിയവ ചില ഉദാഹരണങ്ങള്‍ മാത്രം.ഇവ ആ കാലഘട്ടത്തിലെ സാഹിത്യത്തിന്‍റെ പൊതുവായ സ്വഭാവം എന്നല്ലാതെ ഒരു ദോഷമായി കാണാന്‍ കഴിയില്ല.സാഹിത്യത്തെ വിണ്ണില്‍നിന്ന് മണ്ണിലേക്ക് ഇറക്കിക്കൊണ്ട് വന്ന ഷേക്സ്പിയറില്‍പോലും ഈ രീതിയിലുളള പാത്രസൃഷ്ടി കാണുവാന്‍ കഴിയും.പക്ഷെ പിന്നീട് സാഹിത്യം വളരുകയും മനുഷ്യകേന്ദ്രിതമായ സാഹിത്യം വികസിക്കുകയും ചെയ്തു.അങ്ങനെ വികസിച്ചു വന്ന ഒരു കലാപ്രസ്ഥാനമാണ് അസ്തിത്വവാദം.ഇതിന്‍റെ വെളിച്ചത്തില്‍ മേല്‍പറഞ്ഞ അവിശ്വസനീയ ഘടകങ്ങളെ മാറ്റിനിര്‍ത്തികൊണ്ട് നളചരിതത്തെ നോക്കികാണുന്നത് വളരെ രസകരമായിരിക്കും.
വിഷാദവും നഷ്ടബോധവും നിറഞ്ഞ ജീവിതസന്ദര്‍ഭങ്ങളില്‍നിന്ന് തന്നില്‍നിന്ന് വിദൂരമായ, തനിക്കതീതമായ ഒരു ലക്ഷ്യപ്രാപ്തിക്കാണ് അസ്തിത്വവാദം പ്രാധാന്യം നല്‍കുന്നത് എന്നതിനാല്‍ ചൂതില്‍ തോറ്റ് സര്‍വ്വസ്വവും നഷ്ടപ്പെട്ട നളന്‍റെ ജീവിതസന്ദര്‍ഭത്തില്‍ നിന്ന് തുടങ്ങുന്നതാവും ഭംഗി.ചൂതുകളിയിലെ തോല്‍വിയില്‍ തുടങ്ങുന്നു നളന്‍റെ കര്‍മ്മത്തിന്‍റെ പരാജയം.പിന്നീട് അവസാനം വരേയും ആ കര്‍മ്മവിമുഖത വെടിഞ്ഞ് മേല്‍സൂചിപ്പിച്ച വിദൂരമായ ലക്ഷ്യപ്രാപ്തിയിലെത്താന്‍ നളനു സാധിക്കുന്നില്ല.പലരും നളനെ ഗ്രീക്ക് ദുരന്തനായകന്മാരുമായി താരതമ്യപ്പെടുത്തി കാണാറുണ്ട്.പക്ഷെ ഞാനതിനോട് വിയോജിക്കുന്നു.കാരണം തന്‍റെ ദുരിതാവസ്ഥയിലും ധൈര്യവും ആദര്‍ശവും ഊര്‍ജ്ജവും കൈവെടിയാത്തവരാണ് ഗ്രീക്ക് ദുരന്ത നായകര്‍.പക്ഷെ നളന്‍റെ കാര്യത്തില്‍ അത് ദിനംപ്രതി കുറഞ്ഞുവരുന്നതായാണ് കാണുന്നത്.തന്നെ പൂര്‍ണ്ണമായി വിശ്വസിച്ച് ഇറങ്ങിവന്ന ദമയന്തിയെ ബാലിശമായ രീതിയില്‍ കാട്ടിലുപേക്ഷിക്കുകയാണ് നളന്‍ ചെയ്യുന്നത്.അസ്തിത്വവാദം ലക്ഷ്യം വെയ്ക്കുന്ന ജീവിത വിജയത്തിന് നേര്‍വിപരീതമായിരുന്നു നളന്‍റെ ചെയ്തി.പിന്നീടങ്ങോട്ട് മുഴുവനും തന്‍റെ വിധിയെയോര്‍ത്ത് വിലപിക്കുന്ന നളനെയാണ് കാണാന്‍ കഴിയുന്നത്.തന്‍റെ വിഷമാവസ്ഥയെ തരണം ചെയ്ത് പൂര്‍വ്വസ്ഥിതിയിലേക്കെത്താനുളള ആത്മാര്‍ത്ഥമായ ഒരു ശ്രമവും നളനില്‍ കാണുന്നില്ല.ഈയൊരു കര്‍മ്മവിമുഖതയെ ഭത്സിക്കുകയും സ്വപ്രയത്നത്തിലൂടെ എല്ലാ ഐശ്വര്യങ്ങളും തിരികെ പിടിക്കണം എന്നും കാര്‍ക്കോടകന്‍ "നീ തന്നെ വേണം തവ ഗുണ ഘടേ" എന്ന ഉപദേശത്തിലൂടെ നളനെ ഓര്‍മ്മിപ്പിക്കുന്നുണ്ട്.ഈ കാര്‍ക്കോടകവചനം തന്നെയാണ് അസ്തിത്വവാദത്തിന്‍റെ അടിസ്ഥാന ആശയവും പരമമായ ലക്ഷ്യവും.പക്ഷെ രസകരമെന്നു പറയട്ടെ ഈ കര്‍മ്മോന്മുഖത നളനിലല്ല കാണാന്‍ കഴിയുന്നത് പകരം ദമയന്തിയിലാണ്.നളദമയന്തീപുനഃസമാഗമത്തിന് എല്ലാ പ്രയത്നവും അതിന്‍റെ ആത്മസംഘര്‍ഷങ്ങളും ഏറ്റെടുക്കുന്നത് ദമയന്തിയാണ്.അതുകൊണ്ട്തന്നെ രണ്ടാം ദിവസത്തിനു ശേഷം നളചരിതം എന്നതിനു പകരം ദമയന്തീചരിതം എന്നു പറയുന്നതാണ് ഉചിതം.ദമയന്തിയുടെ അസാന്നിധ്യം സൃഷ്ടിക്കുന്ന സാന്നിധ്യം ഇത് സാധൂകരിക്കുന്നു.
തന്നെ നിരുത്തരവാദപരമായി ഉപേക്ഷിച്ചു പോയിട്ടും നളനോട് ദമയന്തിക്ക് ഒരു വെറുപ്പും തോന്നുന്നില്ല എന്ന് മാത്രമല്ല പുനഃസമാഗമം നല്ലവണ്ണം ആഗ്രഹിക്കുകയും ചെയ്യുന്നു.വെറുതെ ആഗ്രഹിക്കുക മാത്രമല്ല അതിനുവേണ്ടി വളരെ നയപരമായ രീതിയില്‍ കാര്യങ്ങള്‍ മുമ്പോട്ട് കൊണ്ട് പോകുകയും ചെയ്യുന്നു.തന്‍റെ അസ്തിത്വദുഃഖത്തേയും വിഷാദാവസ്ഥയേയും പ്രവൃത്തിയിലൂടെ മറി കടക്കാന്‍ ദമയന്തി ശ്രമിക്കുമ്പോള്‍ നളന്‍ തന്‍റെ കഷ്ടസ്ഥിതിയോര്‍ത്തും ദുര്‍വിധിയെ പഴിച്ചുകൊണ്ടും മുഴുവന്‍ സമയവും വിലപിച്ചുകൊണ്ടിരിക്കുന്നു.ദമയന്തിയുമായിട്ട് പുനഃസമാഗമം നളന്‍ വളരെയധികം ആഗ്രഹിക്കുന്നുണ്ടെങ്കിലും അതിനു വേണ്ടിയുളള ഒരു പ്രയത്നവും എടുക്കുന്നതായി കാണുന്നില്ല.ഒരിക്കല്‍ നളന്‍ തന്‍റെ കദനകഥ അയവിറക്കുന്നതു കണ്ടപ്പോള്‍ ജീവലന്‍ കാര്യമന്വേഷിക്കുന്നുണ്ട്.അപ്പോള്‍ നളന്‍ ഒരര്‍ദ്ധസത്യമായ കഥയാണ് പറയുന്നത്.അതേസമയം തികച്ചും നുണയായിട്ടുളള തന്‍റെ രണ്ടാം വിവാഹവാര്‍ത്ത അമ്മയുടെ സമ്മതത്തോട്കൂടി ദമയന്തി മാലോകരെ അറിയിക്കുന്നു.തന്‍റെ കഷ്ടസ്ഥിതിയില്‍ വെറുതെ വിലപിച്ചിരിക്കാതെ സ്വപ്രയത്നത്തിലൂടെ ലക്ഷ്യപ്രാപ്തിയിലെത്തണം എന്ന് ദമയന്തി നമുക്ക് കാണിച്ചു തരുന്നു.അങ്ങനെ എല്ലാ അര്‍ത്ഥത്തിലും നളചരിതം ദമയന്തീചരിതമായി മാറുന്നു.
അസ്തിത്വവാദത്തിന്‍റെ അടിസ്ഥാന ആശയമായ വ്യക്തിഗതപ്രയത്നത്തിലൂടെയുളള ലക്ഷ്യപ്രാപ്തി ദമയന്തിയുടെ പ്രയത്നത്തിലൂടെ നളദമയന്തിമാരുടെ ജീവിതത്തില്‍ സാധിക്കുമ്പോള്‍ ദമയന്തി എന്ന കഥാപാത്രം ലോകസാഹിത്യത്തിലെ ഏറ്റവും ശ്രേഷ്ഠമായ സ്ത്രീകഥാപാത്രങ്ങളിലൊന്നായി മാറുന്നു.

Tuesday, June 24, 2014

പ്രദീപോജ്ജ്വലനായ ദശാസ്യന്‍


അസാധ്യമായ കാര്യങ്ങളെ തന്‍റെ ഇച്ഛാശക്തികൊണ്ടും ആത്മവിശ്വാസംകൊണ്ടും നേടിയെടുത്ത ഇതിഹാസകഥാപാത്രമാണ് രാവണന്‍.കഥകളിയിലെ ഏറ്റവും ആയാസമേറിയ ആറ് രാവണകഥാപാത്രങ്ങളെ തുടര്‍ച്ചയായി ശ്രീ കലാ: പ്രദീപ് അവതരിപ്പിച്ചു കണ്ടപ്പോള്‍ ഉല്‍ക്കര്‍ഷേച്ഛുവായ രാവണന്‍ പരകായപ്രവേശം ചെയ്തതായിട്ട് തന്നെയാണ് അനുഭവപ്പെട്ടത്.
ദശാസ്യം എന്ന ഈ പ്രോഗ്രാം ലക്ഷ്യം വെയ്ക്കുന്ന എല്ലാ ഉദ്ദേശ്യശുദ്ധികളും മനസ്സിലുളളപ്പോള്‍ തന്നെ ഒരു കഥകളി ആസ്വാദകന്‍ എന്ന നിലയില്‍ അല്പം ആശങ്കയോടുകൂടിയാണ് പോയത്.ഒന്നാമതായി ആറുകഥകള്‍ തുടര്‍ച്ചയായി ആടിഫലിപ്പിക്കാനുളള പ്രായോഗിക ബുദ്ധിമുട്ട്, ഈ കഥകള്‍ സൃഷ്ടിക്കുന്ന നൈരന്തര്യത്തിന്‍റെ അഭാവം തുടങ്ങി പലതും.പക്ഷെ ഈ മഹാനായ കലാകാരന്‍റെ ഇച്ഛാശക്തിക്കും അര്‍പ്പണബോധത്തിനും മുമ്പില്‍ എന്‍റെ ആശങ്കകളെല്ലാം അസ്ഥാനത്തായി.അസ്ഥാനത്തായി എന്ന് മാത്രമല്ല, ഈ നൈരന്തര്യത്തെ വളരെ രസകരമായി നോക്കിക്കാണാനും സാധിച്ചു.
ആധുനിക സാഹിത്യത്തില്‍ വളരെ പ്രചാരമേറിയ ഒരു സ്കൂളാണ് ബോധധാരാ നോവലുകള്‍.ഭൗതിക ലോകത്തെ ഘടികാരങ്ങളെ തകര്‍ത്ത് മനുഷ്യമനസ്സില്‍ ചലിക്കുന്ന ആന്തരികഘടികാരങ്ങളെ പിന്തുടരുന്ന ഒരു രചനാശൈലിയാണ് ഈ നോവലുകള്‍ക്കുളളത്.രേഖീയമായ ഒരു ജീവിത ചിത്രീകരണത്തിനു പകരം മനുഷ്യമനസ്സിന്‍റെ പ്രവചനാതീതമായ വക്രഗതിയാണ് ഈ നോവലുകള്‍ സത്യസന്ധമായി ചിത്രീകരിച്ചത്.വര്‍ത്തമാനത്തില്‍നിന്ന് ഭൂതകാലത്തിലേക്കും അവിടെ നിന്ന് ഭാവിയിലേക്കും തിരിച്ച് ഭൂതത്തിലേക്കോ വര്‍ത്തമാനത്തിലേക്കോ ക്രമവിരുദ്ധമായി ചലിക്കുന്ന ഒരു ആവിഷ്കരണരീതി ഇവയില്‍ കാണാന്‍ കഴിയും.ദശാസ്യത്തിലെ കഥകളുടെ ക്രമത്തിലും സമാനമായ ഒരു ആവിഷ്കാരരീതി അനുഭവപ്പെട്ടു.ഒരുപക്ഷെ ഇത് ബോധപൂര്‍വ്വം അല്ലായിരിക്കാം.
ഉദ്ഭവത്തില്‍ എനിക്ക് സുഖം ഭവിച്ചു എന്നുളളത് വര്‍ത്തമാനകാലമാണ്.അതിനു കാരണമെന്ത് എന്ന് രാവണന്‍ ആലോചിക്കുമ്പോള്‍ മനസ്സ് ഭൂതകാലത്തിലേക്ക് സഞ്ചരിക്കുന്നു.ഗബ്രിയേല്‍ ഗാര്‍സിയ മാര്‍ക്കേസ് മാജിക്കല്‍ റിയലിസത്തിലൂടെ ലാറ്റിനമേരിക്കന്‍ സാഹിത്യത്തില്‍ നിര്‍വ്വഹിച്ചതുപോലെ രാവണന്‍റെ ഓര്‍മ്മകളിലൂടെ പ്രൗഢമായ ഭൂതകാലത്തെ വീണ്ടെടുക്കുന്നു.ഇവിടെ എടുത്ത്പറയേണ്ടത് കറതീര്‍ന്ന കല്ലുവഴി സമ്പ്രദായത്തിന്‍റെ സൗന്ദര്യം കഥകളിത്തം തരിമ്പു പോലും നഷ്ടപ്പെടുത്താതെ ശ്രീ പ്രദീപ് മുഴുനീളെ അവതരിപ്പിച്ചു എന്നുളളതാണ്.ഉദ്ഭവത്തില്‍ ത്രൈലോക്യനാഥന്‍ എന്ന മുദ്രകാണിക്കാത്തതുപോലും രാവണന്‍റെ ആത്മവിശ്വാസത്തിന്‍റെ അത്യുദാത്തമായ മനോനിലയായിട്ടേ കണക്കാക്കാന്‍ കഴിയൂ.
ഓര്‍മ്മകളിലൂടെ സഞ്ചരിക്കുന്ന ഉത്ഭവത്തില്‍ നിന്ന് രണ്ടാമത്തെ കഥയായ രംഭാപ്രവേശത്തിലൂടെ വര്‍ത്തമാനകാലത്തിലേക്ക് രാവണന്‍ വരുമ്പോള്‍ ആ നൈരന്തര്യം നഷ്ടപ്പെട്ടതായി നമുക്ക് അനുഭവപ്പെടുന്നില്ല.എല്ലാ ചാപല്ല്യങ്ങളുമുളള മനുഷ്യനായി രാവണന്‍ മാറുന്നു.ലോകധര്‍മ്മിക്ക് അനവധി സാധ്യതകളുളള ഈ കഥയില്‍പോലും നാട്യധര്‍മ്മിയുടെ അതിരുകള്‍ ശ്രീ പ്രദീപ് ലംഘിക്കുന്നില്ല എന്നുളളത് ഈ കലാകാരന്‍റെ വൈഭവം തെളിയിക്കുന്നു.അദ്ദേഹത്തിന് ദാഹിച്ചപ്പോള്‍ വെളളം മേടിച്ചുകുടിച്ച രംഗം കാണികളെ വളരെയേറെ രസിപ്പിച്ചു.അവിടെയാണ് ഈ കലാകാരന്‍റെ രംഗബോധം മനസ്സിലാവുക.പ്രദീപ് ദാഹിച്ചിട്ട് വെളളം കുടിക്കുന്നു എന്നത് രാവണന്‍ വെളളം കുടിക്കുന്നതായി കാണികളെ അനുഭവിപ്പിക്കാന്‍ കഴിഞ്ഞപ്പോള്‍ ആ വലിയ കലാകാരന്‍റെ രംഗബോധത്തെ മനസ്സുകൊണ്ട് സാഷ്ടാംഗം നമസ്കരിച്ചു.
മൂന്നാമത്തെ കഥയായ ബാലി വിജയത്തിലെത്തുമ്പോള്‍ കഥാഘടന ഉദ്ഭവത്തോട് സമാനമാവുന്നുണ്ട്.നാരദനോട് ചന്ദ്രഹാസം ലഭിച്ച കഥ വിവരിക്കുന്നതിലൂടെ വീണ്ടും വര്‍ത്തമാനത്തില്‍നിന്ന് ഭൂതകാലത്തിലേക്ക് സഞ്ചരിക്കുന്നു.കൈലാസോദ്ധാരണവും പാര്‍വതീ വിരഹവും ആടുന്നത് ഉദ്ഭവവും രംഭാപ്രവേശവും കഴിഞ്ഞിട്ടാണ് എന്ന് വിശ്വസിക്കാന്‍ തന്നെ പ്രയാസം.തപസ്സാട്ടത്തില്‍ കണ്ട അതേ ഊര്‍ജ്ജം കൈലാസോദ്ധാരണത്തില്‍ കണ്ടപ്പോള്‍ ചില അനുഷ്ഠാന കലകളില്‍ കാണുന്നപോലെ ശരിക്കും രാവണന്‍ പ്രദീപില്‍ പരകായപ്രവേശം ചെയ്തു എന്ന് തോന്നിപ്പോയി.കലാകാരനും കഥാപാത്രവും ഒന്നാകുന്ന അവസ്ഥ.തുടര്‍ന്നുനടന്ന ബാലിവധം, തോരണയുദ്ധം, യുദ്ധം എന്നീ കഥകളിലൂടെ ശൃംഗാരവും ക്രോധവും വീര്യവും പരാക്രമശാലിത്വവും എല്ലാം മാറിമറിഞ്ഞ് ആ വേദിയില്‍ നിറഞ്ഞാടി.രാമരാവണയുദ്ധത്തിലൂടെ ദശാസ്യം പര്യവസാനിച്ചു.
ധനാശിപാടുമ്പോള്‍ രാവണന്‍ വേദിയില്‍നിന്നാടിയത് 10 മണിക്കൂറും 2മിനിറ്റും.ശ്രീ പ്രദീപ് വേദിയില്‍നിന്നിറങ്ങിയപ്പോള്‍ കണ്ട ഒരു രംഗം അവിടെ നിന്ന എല്ലാവരുടേയും മനസ്സ് കുളിര്‍പ്പിക്കുകയും കണ്ണ് നനയിപ്പിക്കുകയും ചെയ്തു.കഴിഞ്ഞ പതിനെട്ട് വര്‍ഷമായി ഞാന്‍ കഥകളി കാണുന്നു.ആദ്യമായിട്ടാണ് ഒരു കഥകളിനടന്‍ വേദിയില്‍നിന്ന് ഇറങ്ങിവരുമ്പോള്‍ ആരാധകര്‍ ചുറ്റും നിന്ന് ആര്‍പ്പു വിളിക്കുന്നത് കാണുന്നത്.അത് ഈ മഹാനടന്‍ അര്‍ഹിക്കുന്ന അംഗീകാരം തന്നെയാണ്.അദ്ദേഹത്തിന്‍റെ ഗുരുനാഥന്‍ ശ്രീ വാഴേങ്കട വിജയന്‍, കൂടെ വിഭീഷണനായി വേഷം കെട്ടിയ മകന്‍ പ്രണവ്, സഹധര്‍മ്മിണി, മറ്റു കുടുമ്പാംഗങ്ങള്‍ തുടങ്ങിയവര്‍ സന്നിഹിതരായിരുന്നത് അദ്ദേഹം ചെയ്ത സുകൃതത്തിന്‍റെ ഫലം.കൂടെ സഹകരിച്ച കലാകാരന്മാരും ഈ പ്രോഗ്രാം ഇത്ര ഗംഭീരമായി സംഘടിപ്പിച്ച സംഘാടകരും, പ്രത്യേകിച്ച് ഹരി ചാക്യാര്‍, രഞ്ജിനി, നാരായണേട്ടന്‍ തുടങ്ങി അനവധിപേര്‍ പ്രത്യേക അഭിനന്ദനം അര്‍ഹിക്കുന്നു.ജീവിതത്തില്‍ അസുലഭമായ ഒരു കലാവിരുന്നിന് സാക്ഷിയാവാന്‍ സാധിച്ചതിലുളള അതിയായ ചാരിതാര്‍ത്ഥ്യത്തോടു കൂടി ആ മഹാ കലാകാരനെ മനസ്സു കൊണ്ട് സാഷ്ടാംഗം നമസ്കരിക്കുന്നു.ഇനിയും ഇതുപോലുളള അപൂര്‍വ്വനേട്ടങ്ങള്‍ കൈവരിക്കാനുളള ആരോഗ്യവും ദൈവാനുഗ്രഹവും അദ്ദേഹത്തിനുണ്ടാവട്ടെ എന്ന് പ്രാര്‍ത്ഥിക്കുന്നു.

Thursday, June 5, 2014

പരിസ്ഥിതിയും മനുഷ്യനും

പ്രകൃതിഭംഗിനിറഞ്ഞ ഒരു ഗ്രാമത്തിൽ ജനിച്ചു വളർന്നതുകൊണ്ടാകണം പരിസ്ഥിതിയുടെ മൂല്യം കുട്ടിക്കാലത്ത് അറിഞ്ഞിരുന്നില്ല.പിന്നീട് ഹൈസ്കൂളിൽ പഠിക്കുന്ന കാലത്ത് ശാസ്ത്രസാഹിത്യപരിഷത്തിന്റെ എല്ലാ പരിപാടികളിലും പങ്കെടുക്കുമായിരുന്നു.അവിടെനിന്നാണ് പ്രകൃതി സംരക്ഷണം എന്ന വാക്ക് ആദ്യമായി കേൾക്കുന്നത്.എങ്കിലും പ്രകൃതിയുടെ സംരക്ഷണം നമ്മുടെ ദൈനംദിന ജീവിതവുമായിട്ട് എങ്ങനെ ബന്ധപ്പെട്ടുകിടക്കുന്നു എന്ന് അന്ന് മനസ്സിലായില്ല.കാരണം അതുവരെ കേട്ട കഥകളിലും ഉപദേശങ്ങളിലും പ്രകൃതി അദൃശ്യനായ ഈശ്വരന്റെ സൃഷ്ടിയാണെന്നും മനുഷ്യൻ അതിന്റെ മുൻപിൽ നിസ്സാരനായ ഒരു ജീവി മാത്രമാണെന്നുമാണ്.പിന്നീട് കാര്യങ്ങൾ കൂടുതൽ മനസ്സിലാക്കുകയും അതിനെപ്പറ്റി വായിക്കുകയും ചെയ്തപ്പോൾ ഒരു കാര്യം തീർച്ചയായി:മനുഷ്യൻ അത്ര നിസ്സാരനല്ലെന്നും അനേകകോടി വർഷങ്ങൾകൊണ്ട് പരിണമിച്ച് എല്ലാ ജീവജാലങ്ങൾക്കും വാസയോഗ്യമായ ഈ ഭൂമിയെ ഒരു മരുഭൂമിയാക്കിമാറ്റാൻ ഈ ‘നിസ്സാരനായ’ മനുഷ്യന്   അധികകാലമൊന്നും വേണ്ടിവരില്ലെന്ന്.അതിനാവശ്യമായ ദുഷ്ടതകളടങ്ങിയ പ്രോമിത്യൂസിന്റെ പേടകവുമായിട്ടാണ് എല്ലാ മനുഷ്യരും ഈ ഭൂമിയിലേക്ക് വരുന്നത്.

തൊണ്ണൂറുകളുടെ ആരംഭത്തിൽ സ്കൂൾവിദ്യാർത്ഥിയായിരിക്കുമ്പോൾ അന്നത്തെ ആക്റ്റിവിസ്റ്റുകൾ നൽകിയ മുന്നറിയുപ്പുകൾ ഇന്ന് വലിയ ശരികളായി മാറിയിരിക്കുന്നു.പിന്നീട് പരിസ്ഥിതിസംരക്ഷണത്തെ സംബന്ധിച്ച് ബൈബിൾ എന്ന് വിശേഷിപ്പിക്കുന്ന റേച്ചൽ കാഴ്സന്റെ ‘സൈലന്റ് സ്പ്രിംഗ് എന്ന പുസ്തകം വായിച്ചപ്പോൾ ഇതിന്റെ ഭീതിജനകമായ അവസ്ഥയും അതിന്റെ വരും വരായ്കളും തിരിച്ചറിഞ്ഞു.പിന്നീട് കോളേജിൽ പഠിച്ചിട്ടുള്ള ഇക്കോ ക്രിട്ടിസിസം എന്ന സാഹിത്യനിരൂപണശാഖയും ഈ വിഷയത്തിൽ കൂടുതൽ ചിന്തിക്കാൻ സഹായിച്ചു.ഈ അവബോധം എന്റെ രാഷ്ട്രീയത്തെ രൂപപ്പെടുത്തുന്നതിൽ വലിയ പങ്കു വഹിച്ചിട്ടുണ്ട്.രാഷ്ട്രീയം മനുഷ്യന്റെ ഉന്നമനത്തിന് വേണ്ടി മാത്രമല്ല നിലകൊള്ളേണ്ടത് മറിച്ച് ജീവവും അജീവവും ആയ എല്ലാ വസ്തുക്കളുടേയും സംരക്ഷണത്തിന് വേണ്ടിയാകണം എന്ന് ബോധ്യം വന്നു .പക്ഷെ പുത്തൻ രാഷ്ട്രീയപരിപ്രേക്ഷ്യങ്ങളെല്ലാം മധ്യകാലഘട്ടത്തിൽ മതങ്ങൾ വിശ്വസിച്ചത് പോലെ മനുഷ്യനാണ് ഭൂമിയുടെ കേന്ദ്രബിന്ദു എന്നും എല്ലാം അവന്റെ സുഖത്തിനും സന്തോഷത്തിനും വേണ്ടിയുള്ളതാണെന്നുമാണ്.ഈ അപകടം പിടച്ച രാഷ്ട്രീയത്തിനെതിരെ ഇനിയും നമ്മൾ മൗനമാചരിച്ചാൽ ഭാവിയിൽ വലിയ വില നൽകേണ്ടി വരും.

നേരത്തെ ചൂഷണം സ്യൂഡോ വികസനത്തിന്റെ കേന്ദ്രങ്ങളായ നഗരങ്ങളായിരുന്നെങ്കിൽ ഇപ്പോൾ അത് ഒരിക്കലും ഉണ്ടാവില്ല എന്നു വിശ്വസിച്ച ഗ്രാമങ്ങളിലേക്കും വന്നുതുടങ്ങി. നിർഭാഗ്യവശാൽ കമ്മ്യൂണിസ്റ്റ്പാർട്ടിയടക്കം എല്ലാ രാഷ്ട്രീയപാർട്ടികളും ഇവിടുത്തെ ഭൂമാഫിയക്കനുകൂലമാണ്. അപ്പോൾ വേറെന്താണ് വഴി?രാഷ്ട്രീയമായ നിറഭേദങ്ങളൊന്നുമില്ലാതെ അതാത് സ്ഥലത്തെ ജനങ്ങൾ ഒത്തുകൂടി ശക്തമായി പ്രതിഷേധിക്കുക.വളരെ ശ്രദ്ധേയമായ പല പരിസ്ഥിതിസമരങ്ങളിൽനിന്നും ഊർജ്ജമുൾക്കൊണ്ട് തങ്ങളുടെ ചുറ്റുപാടും സംരക്ഷിക്കുക.ഒരിക്കലും ഉണ്ടാവില്ല എന്നു പ്രതീക്ഷിച്ച ഇതുപോലുള്ള ചൂഷണങ്ങൾ ഞങ്ങളുടെ ഗ്രാമത്തിനേയും കാർന്നുതുടങ്ങി.വളരെ സന്തോഷമെന്ന് പറയട്ടെ എന്റെ ഏറ്റവും അടുത്ത സുഹൃത്തിന്റെ നേതൃത്ത്വത്തിൽ ചോരയും നീരുമുള്ള ഒരു പറ്റം ചെറുപ്പക്കാർ അതിനെതിരെ ശക്തമായി പ്രതികരിക്കുന്നു.നീതിക്കുവേണ്ടിയുള്ള സമരമാകുമ്പോൾ അത് വിജയിക്കും എന്ന കാര്യത്തിൽ യാതൊരു സംശയവുമില്ല.പ്രകൃതിരമണീയമായ ഒരു ഗ്രാമത്തിൽനിന്നു ഊഷരമായ ചെന്നൈ നഗരത്തിൽ എത്തിപ്പെട്ടപ്പോളാണ് മനുഷ്യജീവിതത്തിൽ പ്രകൃതിയുടെ പ്രാധാന്യം മനസ്സിലായത്. അധികം വൈകാതെ തിരിച്ചെത്തണമെന്ന ആഗ്രഹത്തോടെ എല്ലാ പരിസ്ഥിതിസമരങ്ങളും വിജയിക്കട്ടെ എന്നാഗ്രഹിക്കുന്നു.





Wednesday, May 7, 2014

ഉത്തരീയത്തിൻറെ രാവണോത്ഭവം


കഥകളിയിൽ കാണികളെ ഏറ്റവുമധികം ത്രസിപ്പിക്കുകയും ആവേശചിത്തരാക്കുകയും ചെയ്യുന്ന കഥാപാത്രമാണ് ഉത്ഭവത്തിലെ രാവണൻ.ചെന്നൈ ഉത്തരീയം ഇന്നലെ അവതരിപ്പിച്ച ഉത്ഭവത്തിൽ രാവണനെ അവതരിപ്പിച്ച ശ്രീ കലാമണ്ഡലം പ്രദീപ് മേൽസൂചിപ്പിച്ച ഘടകങ്ങളോട് പൂർണ്ണമായും നീതി പുലർത്തി.കഥകളിയിലെ മറ്റു കഥാപാത്രങ്ങളെ അപേക്ഷിച്ച് പണ്ഡിതപാമര ഭേദമന്യേ ആത്മഭാവം തോന്നുന്ന കഥാപാത്രമാണ് രാവണൻ.അതിന് കാരണം നമ്മുടെ തന്നെ ഒരു അപരവ്യക്തിത്വമാണ് രാവണൻ എന്നുളളതാണ്.കഥകളിയിലെ രാവണൻറെ പാത്രസൃഷ്ടി അസുരൻ എന്ന വാക്ക് പ്രതിനിധാനം ചെയ്യുന്ന അധമതലങ്ങളെ മറികടന്ന് മനുഷ്യൻറെ അപരിമേയമായ ആന്തരികശക്തിയുടെ ഉദാത്തമായ പ്രതിനിധാനമായി മാറുന്നു.രാവണൻറെ ഈ അപരിമേയ ശക്തി അഭിനയിച്ച് ഫലിപ്പിക്കുന്നതിൽ ശ്രീ പ്രദീപ് കാണിച്ച വൈഭവം അസാധാരണമായിരുന്നു.

തൻറെ അപ്രതിരോധ്യമായ ശക്തിയിൽ അടിയുറച്ച് വിശ്വസിക്കുന്ന കാര്യത്തിൽ രാവണനോളം പൂർണ്ണത പ്രകടിപ്പിക്കുന്ന ഒരു കഥാപാത്രം ലോകസാഹിത്യത്തിൽ തന്നെ വിരളമായിരിക്കും.തനിക്ക് തികച്ചും അവകാശപ്പെട്ട വരങ്ങൾ ത്രൈലോക്യനാഥനായ ബ്രഹ്മാവാണെങ്കിൽപ്പോലും താണ്കേണപേക്ഷിച്ച് വാങ്ങുകയല്ല വേണ്ടത്, മറിച്ച് വർദ്ധിതവീര്യത്തോടുകൂടി പിടിച്ചുവാങ്ങുകയാണ് വേണ്ടത് എന്ന കാര്യത്തില്‍ രാവണന് യാതൊരു സംശയവുമില്ല.ഈ ഉറച്ച അവകാശബോധം സാധാരണക്കാരായ നമ്മളെ ഉത്തേജിപ്പിച്ചില്ലെങ്കിലേ അത്ഭുതമുളളൂ.തനിക്ക് എന്തുകൊണ്ടും അർഹതയുളള അവകാശങ്ങൾ ലഭിച്ചതിനുശേഷം അവ തന്ന ആളെ ആവശ്യത്തിലധികം ബഹുമാനിക്കാനോ അയാളോട് അനാവശ്യമായ നന്ദിപ്രകടനം നടത്താനോ ആത്മവിശ്വാസത്തിൻറെ മൂർത്തിമദ്ഭാവമായ രാവണന് സാധിക്കുന്നില്ല.ഈ ഒരു ഊർജ്ജിതമായ വ്യക്തിത്വം തന്നെയാണ് ദുർബലചിത്തരായ നമ്മളെ രാവണൻറെ ആരാധകരാക്കുന്നത്.തൻറെ സ്വകാര്യമായ നേട്ടത്തിന് വേണ്ടി സ്വവ്യക്തിത്വം ഒരിടത്തും അടിയറ വെയ്ക്കുന്നില്ല എന്നുളളത് നമ്മുടെ ബഹുമാനം പതിന്മടങ്ങ് വർദ്ധിപ്പിക്കുന്നു.അഞ്ചാമത്തെ അഗ്നിയായി സൂര്യനോട് നിൽക്കണമെന്ന് അപേക്ഷിക്കുകയല്ല രാവണൻ ചെയ്യുന്നത് മറിച്ച് കൽപ്പിക്കുകയാണ്.അവകാശബോധവും ജീവിതാഭിലാഷങ്ങളുമുളള ഏതൊരു വ്യക്തിയെപ്പോലെയും തൻറെ ലക്ഷ്യം നേടിയെടുക്കാൻ സ്വജീവൻപോലും ബലിയർപ്പിക്കാൻ തയ്യാറാവുംബോൾ രാവണൻ എന്ന കഥാപാത്രം പാത്രസൃഷ്ടിയുടെ അത്യുദാത്ത മേഖലകൾ കൈയ്യടക്കുന്നു.ഈ പാത്രസൃഷ്ടിയിൽ ആട്ടകഥാകാരൻ പ്രകടിപ്പിച്ച ഔചിത്യം അനിർവചനീയമാണ്.ഓരോ സന്ദർഭത്തിലുമുളള അലർച്ച പോലും ഈ കഥാപാത്രത്തിന്‍റെ പ്രൗഢിയുടെ ആക്കം കൂട്ടുന്നു.

ഏതൊരു കാലഘട്ടത്തിലേയും മനുഷ്യസമൂഹത്തിൽ കാണുന്ന നിഷ്കർമ്മണ്യതയുടെ പ്രതീകങ്ങളാണ് കുംഭകർണ്ണനും വിഭീഷണനും.അതർഹിക്കുന്ന പുച്ഛത്തോടെ പ്രതാപബലവാനായ രാവണൻ തളളിക്കളയുന്നു.പക്ഷെ അപ്പോഴും തൻറെ സഹോദരന്മാരോടുളള സ്നേഹം ഏതൊരു മനുഷ്യനേയും പോലെ രാവണൻറെ മനസ്സിലും ഊറിക്കൂടി വരുന്നു.പാത്രസൃഷ്ടിയിലുളള അതിസൂക്ഷ്മമായ കൈയ്യടക്കത്തിലൂടെ അസുരൻ എന്നുളളത് നമ്മളിലെല്ലാം കുടികൊളളുന്ന ഒരു മാനസികതലമാണെന്ന് ആട്ടകഥാകാരൻ പറയാതെ പറയുന്നു.ഈയൊരു പാത്രസൃഷ്ടിവൈഭവമാണ് സാധാരണക്കാരായ നമ്മളേയും രാവണനുമായി തന്മയീഭവിപ്പിക്കുന്നത്.മനുഷ്യമനസ്സിലെ ഈ വിവിധ ഭാവങ്ങളെ അസാധാരണമായ കൈയ്യടക്കത്തോടെ അഭിനയിച്ചു ഫലിപ്പിച്ച ശ്രീ കലാ. പ്രദീപ് കഥകളിയിലെ എക്കാലത്തേയും മികച്ച നടന്മാരിൽ ഒരാളാണെന്ന് സംശയലേശമന്യേ തെളിയിച്ചു.
ശ്രീ കലാ. ബാജിയോ അവതരിപ്പിച്ച കുംഭകർണ്ണനും ശ്രീ കലാ. ശിബിചക്രവർത്തി അവതരിപ്പിച്ച വിഭീഷണനും ശ്രീ പ്രദീപിന് മികച്ച പിന്തുണ നല്കി.ശ്രീ അത്തിപറ്റ രവിയും ശ്രീ പനയൂർ കുട്ടനും നയിച്ച സംഗീതവും ശ്രീ കലാ. ബാലസുന്ദരനും ശ്രീ കലാ. വേണുമോഹനും ശ്രീ കലാ. ഹരിദാസനും ശ്രീ കലാ. വൈശാഖനും നയിച്ച മേളവിഭാഗവും പിന്നണിയിൽ പ്രവർത്തിച്ച ശ്രീ കലാ. സതീശനും ശ്രീ കോട്ടയ്ക്കൽ കുഞ്ഞിരാമനും ശ്രീ ഉണ്ണികൃഷ്ണനും ശ്രീ രാജനും ഈ ഉത്ഭവം ചെന്നൈയിലെ കഥകളി പ്രേമികൾക്ക് ഒരിക്കലും മറക്കാനാവാത്ത ഒരു അനുഭവമാണ് നൽകിയത്.

Monday, April 7, 2014

T M Krishna

ടി.എം.കൃഷ്ണയുടെ ഇന്റെർവ്യൂവിൽ അദ്ദേഹത്തിന് സംഗീതത്തെപറ്റിയുള്ള കാഴ്ചപ്പാടിന്റേയും തന്റെ ശൈലിയിലുള്ള മാറ്റത്തെ സംബന്ധിച്ചുള്ള അഭിപ്രായത്തിന്റേയും വരികൾക്കിടയിൽ വായിച്ചപ്പോൾ എന്റെ വികടബുദ്ധിയിൽ തോന്നിയ ചില കാര്യങ്ങളാണീ കുറിപ്പിൽ.

ഒരു പെർഫോർമർ എന്ന നിലയിൽ എല്ലാ തരത്തിലുമുള്ള പ്രശസ്തിയും അംഗീകാരങ്ങളും നേടിയ ആളാണ് കൃഷ്ണ.ഒരു ‘സംഗീതകലാനിധി’ മാത്രമേ ബാക്കിയുള്ളൂ.അയാളുടെ സ്വാധീനം വെച്ച് അത് തരപ്പെടുത്താൻ വല്ല്യ ബുദ്ധിമുട്ടും ഇല്ല.കൃഷ്ണ തന്നെ തുറന്നു സമ്മതിക്കുന്നപോലെ ഈ രസികരുടെ വാഴ്തലുകളും കൈയ്യടികളും മടുത്തു എന്നു പറയുന്നതിൽ കുറച്ച് വാസ്തവമില്ലാതെയില്ല.ഈ മുഖസ്തുതികളുടെ ഉച്ചസ്ഥായിയിൽ എത്തിയാൽ അതിലും ഉയർന്ന ഒരു പ്രതലത്തിലേക്ക് പോണം എന്ന് ഏതൊരു കലാകാരനും സ്വാഭാവികമായി തോന്നാം.

കൃഷ്ണയുടെ സംഗീതത്തെപ്പറ്റിയുള്ള വ്യാഖ്യാനങ്ങൾ കേട്ടപ്പോൾ എന്റെ മനസ്സിലേക്ക് വന്നത് മറ്റൊരു മഹാഗായകനാണ്…..സാക്ഷാൽ എം.ഡി.ആർ.ഇപ്പോൾ കൃഷ്ണ കലഹിക്കുന്ന പോലെ സാമ്പ്രദായിക  രീതികളോട് കലഹിച്ച ഒരാളാണ് എം.ഡി.ആർ.അറിഞ്ഞിടത്തോളം അദ്ദേഹം ജീവിച്ചിരുന്ന കാലത്ത് വലിയ അംഗീകാരം അദ്ദേഹത്തിന് ലഭിച്ചിരുന്നില്ല.ഒരു സാധാരണ സംഗീതാസ്വാദകന് എളുപ്പത്തിൽ പിടികൊടുക്കുന്നതായിരുന്നില്ല അദ്ദേഹത്തിന്റെ സംഗീതം…ഇന്നും അങ്ങനെ തന്നെ!!!പക്ഷെ ഒരാളുടെ കാലശേഷം അദ്ദേഹത്തിന്റെ മറ്റേതൊരു  സമകാലീനനേക്കാളും ആഘോഷിക്കപ്പെട്ട ഒരു സംഗീതജ്ഞൻ എം.ഡി.ആർ പോലെ മറ്റാരുമുണ്ടാവില്ല.ഈ സംഗീതത്തിലുള്ള വ്യത്യസ്തത അദ്ദേഹത്തെ ഒരു cult figure ആക്കി മാറ്റി.


മറ്റെല്ലാ ബിരുദങ്ങളും പ്രശസ്തിയും കാലത്തിന്റെ കുത്തൊഴുക്കിൽ ഒലിച്ചുപോവും.പക്ഷെ ഈ cult figure status കാലാകാലം നിലനിൽക്കും.എം.ഡി.ആർ തന്നെയാണ് മികച്ച ഉദാഹരണം.മറ്റൊരു ഉദാഹരണം എം.എസ്.സുബ്ബലക്ഷ്മി.  ഈ cult figure status തന്നെ മറ്റുള്ളവരിൽ നിന്ന് വേറിട്ട് നിർത്തും.തനിക്ക് തുല്ല്യമോ അല്ലെങ്കിൽ തന്നേക്കാൾ കേമത്തമുള്ളതോ ആയ അനവധി സംഗീതജ്ഞരുള്ളപ്പോൾ അവരിൽ നിന്ന് വ്യത്യസ്തമായി നിന്നാൽ മാത്രമേ ഈ cult figure status ലഭിക്കൂ എന്ന് മറ്റാരേക്കാളുമധികം അടിമുടി professional ആയ ടി.എം.കൃഷ്ണയ്ക്ക് നന്നായറിയാം.ഈ തിരിച്ചറിവിൽ കാലത്തെ അതിജീവിച്ച് നിലനിൽക്കാനുള്ള ഒരു യാത്രയുടെ ആരംഭമായിരിക്കുമോ ഇത്???

Sunday, April 6, 2014

T.M.Krishna




സമൂഹവീക്ഷണത്തിലും സംഗീതത്തിലും ഇത്രയും വിപ്ളവകരമായ അഭിപ്രായം കാത്തുസൂക്ഷിക്കുന്ന ഒരു സംഗീതജ്ഞന്‍ ടി.എം.കൃഷ്ണയെപ്പോലെ ഇന്ന് മറ്റൊരാളില്ല.കല സമൂഹത്തില്‍ നിന്ന് വേറിട്ട് നില്‍ക്കേണ്ട ഒന്നല്ലെന്നും കലാകാരന്‍ ദന്തഗോപുരവാസിയാവരുതെന്നും കൃഷ്ണ വിശ്വസിക്കുന്നു.

രണ്ടുദാഹരണങ്ങളിതാ:-

"യുക്തിധാരയുടെ അടിസ്ഥാനത്തിലാണോ ജീവിതത്തെ നോക്കികാണേണ്ടത്.എന്തുതന്നെയായാലും ഹിംസ ഹിംസ തന്നെയാണ്.അത് നന്മയ്ക്കുേണ്ടിയോ തിന്മയ്ക്കുവേണ്ടിയോ അല്ല.ഒരു ഹിംസ നടക്കുംബോള്‍ ആ ഹിംസ നല്ലതിന് വേണ്ടിയാണ് അല്ലെങ്കില്‍ ചീത്തതിനുവേണ്ടിയാണ് എന്ന് പറയുന്നതില്‍ അര്‍ത്ഥമില്ല.ഒരാളെ വേദനിപ്പിക്കാനോ ലൈംഗികമായി പീഡിപ്പിക്കാനോ കൊല്ലാനോ ചെയ്യുന്ന ഹിംസയും കൊന്നവനെ കൊല്ലുന്നതിലുളള ഹിംസയും തമ്മില്‍ അന്തരമുളളതായി ഞാന്‍ കരുതുന്നില്ല"

"എന്‍റെ ജീവിതത്തിന്‍റെ ലക്ഷ്യം സംഗീതം എന്നെ എവിടേക്ക് നയിക്കുന്നുവോ അങ്ങോട്ട് പോവുക എന്നതാണ്.കച്ചേരിയുടെ ചട്ടക്കുടിന്‍റെ കളളികളിലേക്ക് നീക്കുപോക്കുകള്‍ നടത്തി കയറി നില്‍ക്കാന്‍ ഞാന്‍ ആഗ്രഹിക്കുന്നില്ല.ഞാന്‍ സംഗീതമായി മാറുന്ന മുഹൂര്‍ത്തങ്ങളാണത്.സ്വീകരിക്കപ്പെടുക എന്ന മാനദണ്ഡം അപ്പോള്‍ അപ്രസക്തമാണ്"

താന്‍ ഇടപെഴുകുന്ന കര്‍മ്മമേഖലയെ ചോദ്യം ചെയ്യാതെ അനുസരണയോടെ പിന്തുടരണമെന്നും സമുഹത്തിലെ ബഹുഭൂരിപക്ഷത്തിന്‍റെ വിശ്വാസങ്ങള്‍ക്കും താല്‍പര്യങ്ങള്‍ക്കും എതിരെ ശബ്ദിക്കുന്നത് പാപവും അഹങ്കാരവുമാണെന്ന് കരുതുന്ന ഈ കപടസമൂഹത്തിലെ ഒരു യഥാർത്ഥ വിപ്ളവകാരി!!!

                                           Salute You T M Krishna!!!

Monday, March 31, 2014

ഭാഷ

ഇംഗ്ലീഷ് ഭാഷ പ്രധാനഭാഷയായിട്ട് പഠിച്ചത് കൊണ്ടും കുട്ടിക്കാലം തൊട്ട് വായനയുടെ അസുഖം ഉള്ളതുകൊണ്ടും അതിന്റെ ആഴം കണ്ട് ഇന്നും ഞാൻ പകച്ച്നിൽക്കുകയാണ്. നിരന്തരം  കേൾവിയിലൂടെയും വായനയിലൂടെയും ആ ഭാഷയിലുള്ള എന്റെ നിലവാരമുയർത്താൻ ശ്രമിക്കാറുണ്ട്.പക്ഷെ അതൊരിക്കലും മലയാളത്തോടുള്ള എന്റെ താല്പര്യം കുറച്ചിട്ടില്ല.ഓരോ ഭാഷയേയും അതിന്റേതായ തനിമയോടും പലമയോടും ഉപയോഗിക്കുമ്പോഴാണ് ആ ഭാഷ സൗന്ദര്യമുള്ളതായിത്തീരുന്നത്.ഒരു ഭാഷയെ വൈകാരികമായി ഉൾക്കൊള്ളാൻ കഴിയുമ്പോളാണ് അതിനെ സ്വാഭാവികതയോട്കൂടി പ്രയോഗിക്കാൻ കഴിയുന്നത്.അല്ലാതെ വരുമ്പോൾ അത് കൃത്രിമമാവും.ഈ കൃത്രിമത്വം ആണ് പല ടി.വി. ചാനൽ അവതാരകരുടേയും മംഗ്ലീഷിൽ കാണുന്നത്.ഈ കൃത്രിമത്വത്തിൽ നിന്ന് മനസ്സിലാക്കാം അവർ ഭാഷയെ വൈകാരികമായല്ല സമീപിക്കുന്നത് മറിച്ച് അപകർഷതാബോധം ഉള്ളതുകൊണ്ടാണെന്ന്.

ലോകത്തിലെ ഏറ്റവും ഭീകരമായ അധീശത്വം സാംസ്കാരികമായ അധീശത്വം ആണ്.ഈ സാംസ്കാരികമായ അധീശത്വത്തിന് ഉപോൽബലകമായ ഏറ്റവും ശക്തിയേറിയ ആയുധം ഭാഷയാണ്.സാമ്പത്തികവും സാമൂഹികവുമായ മേൽക്കോയ്മയിലൂടെ ആധിപത്യം നേടുന്ന സാമ്രാജ്യത്ത്വശക്തികൾ തങ്ങളുടെ സംസ്കാരമാണ് ഉത്തമം എന്ന് കീഴ്പ്പെടുത്തിയ ജനതയെ വിശ്വസിപ്പിക്കുന്നു.ആ വിശ്വാസം നീണ്ടകാലംനിലനിർത്താൻ അവർ ഭാഷയെ കരുവാക്കുന്നു.ലോകചരിത്രം പരിശോധിച്ചാൽ ഇത് മനസ്സിലാവും.ബ്രിട്ടീഷുകാർ ഇൻഡ്യയിലും പരീക്ഷിച്ചത് ഇതുതന്നെയാണ്.അത് അവർ പ്രതീക്ഷിച്ചതിലും അധികം ഇവിടെ വിജയിച്ചു.തൊലി കറത്തുപോയതിന്റെ അപകർഷതാബോധം ഇന്നും നമ്മളെ വിട്ടുപോയിട്ടില്ല.അതുകൊണ്ടാണ് ഇംഗ്ലീഷ് സംസാരിച്ചാൽ നിലവാരം ഉയരും എന്ന് നമ്മൾ തെറ്റിദ്ധരിക്കുന്നത്.ഈ തെറ്റിദ്ധാരണയാണ് നമ്മളെ ആവശ്യം ഇല്ലാത്തിടത്തും അനാവശ്യമായി ഇംഗ്ലീഷ്ഭാഷ ഉപയോഗിക്കാൻ നിർബന്ധിക്കുന്നത്, അല്ലാതെ ആ ഭാഷയോടുള്ള ബഹുമാനം കൊണ്ടൊന്നുമല്ല. മംഗ്ലീഷിൽ ചിലക്കുന്ന ഈ ചെല്ലക്കിളികളോട് ഈ ഭാഷയെപ്പറ്റിയോ സാഹിത്യത്തെപറ്റിയോ ചോദിച്ചാൽ അറിയാം ഇവർ ചേതൻ ഭഗത്തോ ഹാരിപോട്ടറോ സിഡ്നി ഷെൽഡനോ പോലുള്ള ചവറുകൾക്കപ്പുറം ഒന്നും വായിച്ചിട്ടുണ്ടാവില്ല എന്ന്.


ഈ കൃത്രിമത്ത്വം ഒഴിവാക്കി ഓരോ ഭാഷയുടേയും ശുദ്ധിനിലനിർത്തേണ്ടത് മറ്റാരേക്കാളുമുപരി മാധ്യമങ്ങളുടെ കടമയാണ്.അല്ലെങ്കിൽ ശ്രേഷ്ഠഭാഷാപദവിയിലൂടെ കിട്ടുന്ന കോടിക്കണക്കിന് രൂപ മലയാളഭാഷയുടെ ശവസംസ്കാരത്തിനും പുലകുളിയടിയന്തിരത്തിനും ആവും വിനിയോഗിക്കേണ്ടിവരുക.

Sunday, March 23, 2014

ഹിന്ദു ഐക്യം

മാനവസമൂഹത്തിന്റെ ലക്ഷ്യം ഭേദാfഭേദങ്ങളില്ലാതെ സ്വാതന്ത്ര്യം, സമത്വം, സാഹോദര്യം എന്ന നിലയിലേക്ക് എത്തുക എന്നുള്ളതാണ്.അതിന് പ്രതിലോമകരമായതെന്തും അപലപനീയം തന്നെയാണ്.പക്ഷെ ഈ മൂന്ന് സുവർണ്ണപദങ്ങളുണ്ടായ നാട്ടിൽ പോലും ഈ ലക്ഷ്യം സാക്ഷാത്കരിക്കപ്പെട്ടിട്ടില്ല.അപ്പോൾ വളരെ സങ്കീർണ്ണമായ സാമൂഹ്യഘടനയുള്ള ഇന്ത്യ പോലൊരു രാജ്യത്ത് ഈ സ്വപ്നം സാക്ഷാത്കരിക്കുക എന്നുള്ളത് വളരെ ദുർഘടമായ കാര്യമാണ്.

ഈയൊരു വെളിച്ചത്തിൽ വേണം ഇന്ന് എറണാകുളത്ത് നടന്ന ധർമ്മ രക്ഷാ സംഗമത്തെ വിലയിരുത്താൻ.മതത്തിന്റെ പേരിൽ സംഘടിക്കുന്നത്( ഫലത്തിൽ വിഘടനം) ഏതൊരു രാജ്യത്തെ സംബന്ധിച്ചും അഭികാമ്യമല്ലെങ്കിലും ഹിന്ദു മതത്തെ സംബന്ധിച്ചിടത്തോളം പുരോഗമനാത്മകമായ കാര്യമാണ്.മറ്റു മതങ്ങളെ അപേക്ഷിച്ച് അതിസങ്കീർണ്ണമായ ആന്തരികഘടനയോട് കൂടിയതാണ് ഹിന്ദുമതം.അത് ജാതികളും ഉപജാതികളുമായി വിഘടിച്ചു നിൽക്കുകയാണ്.അപ്പോൾ ഹിന്ദു എന്ന നിലയിൽ ഒറ്റകെട്ടായി നിൽക്കുക എന്നുള്ളത് താരതമ്യേന പുരോഗമനാത്മകമാണ്.ന്യൂനപക്ഷങ്ങൾ തങ്ങളുടെ ഉപരിപ്ലവമായ ഐക്യം കൊണ്ട് രാഷ്ട്രീയപരമായ ആനുകൂല്യങ്ങൾ നേടിയെടുക്കുംബോൾ ഭൂരിപക്ഷമായിട്ടും ഹിന്ദുക്കൾക്ക് ശബ്ദമുയർത്താൻ കഴിയാതെവരുകയും അതിൽ അമർഷമുണ്ടാവുകയും ചെയ്യുന്നതിൽ അസ്വാഭാവികതയൊന്നുമില്ല. പക്ഷെ തങ്ങളുടെ സ്വാർത്ഥതാല്പര്യങ്ങൾക്ക് ജാതിയേയും മതത്തേയും ഉപയോഗിക്കുന്ന ജാതി ആത്മീയ നേതാക്കൾ ഈ ദുഷിച്ച ജാതി-ഉപജാതിഘടനെയെ തുടച്ച്നീക്കി ഹിന്ദു എന്ന ഒറ്റ സ്വരൂപമായി നിൽക്കാനുള്ള എന്ത് ഒറ്റമൂലിയാണ് തരുന്നത്.ഹിന്ദു ഒറ്റകെട്ടായി നിൽക്കണം എന്ന വാചാടോപത്തിനപ്പുറം ഒരു പരിഹാരവും ഇവർക്ക് നിർദ്ദേശിക്കാൻ കഴിയുന്നില്ല.

സന്ന്യാസദീക്ഷസ്വീകരച്ചതിന്ശേഷവും ഇല്ലത്തേയും അമ്മാത്തേയും കഥകൾ പറഞ്ഞിരിക്കുന്ന സ്വാമിയാർമാരും ആഡ്യനെന്നും ആസ്യനെന്നും മറ്റു പല തരംതിരിവുകളുമുള്ള നമ്പൂരിമാരും പലതരത്തിലുള്ള ക്ഷത്രിയരും പത്തിലധികം ഉപജാതികളുള്ള നായന്മാരും തിണ്ടലും ശുദ്ധിയും പരസ്പരം നോക്കുന്ന ഉപജാതികൾ ഉള്ള അവർണ്ണരും അടങ്ങുന്ന കേരളത്തിലെ ഹിന്ദുമതത്തിൽ ഇക്കൂട്ടരോരോരുത്തരും ഓരോ തുരുത്തുകളായി നിൽക്കുകയാണ്.ഈ തുരുത്തുകളെ കൂട്ടിയോജിപ്പിക്കുന്ന പ്രായോഗികബുദ്ധിയോട്കൂടിയ പോംവഴികൾ നൽകാൻ കഴിയാത്തിടത്തോളം ഇവർ ഓരോ തുരുത്തുകളായി തന്നെ അവശേഷിക്കും.ഹിന്ദു എന്ന യഥാർത്ഥകൂട്ടായ്മ ഒരു വിദൂരസ്വപ്നമായിരിക്കും.ഓരോ സമ്മേളനത്തിലും കാണുന്ന ജനസമുദ്രം സമ്മേളനം കഴിയുംബോൾ തങ്ങളുടേതായ തുരുത്തുകളിലേക്ക് സന്തോഷത്തോടുകൂടി തിരിച്ചുപോവുകയും ചെയ്യും.

ഈയൊരു ഐക്യം ഹിന്ദുവിന് നേടാൻ കഴിഞ്ഞാൽ സ്വാതന്ത്ര്യം, സമത്വം, സാഹോദര്യം എന്ന സ്വപ്നം സാക്ഷാത്കരിക്കാൻ ബുദ്ധിമുട്ടുണ്ടാവില്ല.അതിന് അപ്പോൾ ശ്രമിച്ചില്ലെങ്കിൽ അത് മാനവസമൂഹത്തോട് ചെയ്യുന്ന ഏറ്റവും വലിയ പാതകമായിരിക്കും.



Thursday, March 20, 2014

നഗരജീവിതം

നഗരജീവിതത്തിൻറെ തിന്മകളെപ്പറ്റിയും നാട്ടിൻപുറത്തിന്റെ നന്മയേയും സമൃദ്ധിയേയും പറ്റി ഇനിയും പറഞ്ഞ് കൊതി തീരാത്തവരാണ് നമ്മളെല്ലാവരും.പക്ഷെ നഗരജീവിതം വ്യക്തിജീവിതത്തിൽ പുരോഗമനാത്മകമായി നമുക്ക് പലതും നൽകുന്നു എന്നാണ് എന്റെ അനുഭവം പഠിപ്പിക്കുന്നത്.യഥാസ്ഥിതികചുറ്റുപാടിന്റെ ഫലമായി നമുക്കുണ്ടാവുന്ന സങ്കുചിതമനസ്ഥിതി നഗരം തകർത്ത്തരിപ്പണമാക്കുന്നതായിട്ടാണ് അനുഭവം.നാട്ടിലായിരുന്നപ്പോൾ അനാരോഗ്യകരമായ തെറ്റിദ്ധാരണകൾ മനസ്സിൽ കുത്തിവച്ചതിനാൽ അടുത്തസുഹൃത്തുക്കളുടെ വീട്ടിൽ നിന്ന് ഭക്ഷണം കഴിക്കുന്നത് വലിയ ഒരു പാപമാണെന്ന് പോലും കരുതിയിട്ടുണ്ട്.നഗരജീവിതം എന്റെ ഈ പാപബോധത്തെ നിഷ്കരുണം തകർത്തെറിയുകയും മനുഷ്യനെ മനുഷ്യനായി തന്നെ മനസ്സിലാക്കാൻ പഠിപ്പിക്കുകയും ചെയ്തു.ഈ പന്തിഭോജനത്തെ പാപമായി നോക്കികാണുവാൻ ആരുമില്ല എന്നുള്ളതും നഗരത്തിന്റെ ഒരു മേന്മയാണ്.

വ്യക്തിസ്വാതന്ത്ര്യം കൂടുതൽ അനുഭവപ്പെട്ടിട്ടുള്ളത് നഗരത്തിലാണ്.സാമൂഹ്യമായ ഇടപെടലുകൾ നഗരജീവിതത്തിൽ ചുരുങ്ങുന്നു എന്നുള്ളത് ശരിയാണെങ്കിലും വ്യക്തിയെന്ന നിലയിൽ moral policing താരതമ്യേന കുറവായ നഗരത്തിൽ തന്റെ വ്യക്തിസ്വത്വത്തിനോട് ആത്മാർത്ഥമായി സംവദിക്കാനും അതിനനുസരിച്ച് പ്രവർത്തിക്കാനും സാധിക്കുന്നു.

നഗരത്തിൽ ജനിച്ചുവളർന്ന കുട്ടികളിൽ ജാതിമതചിന്ത കുറവായിട്ടാണ് കാണുന്നത്.അതുകൊണ്ടാണ് നഗരത്തിൽ ജനിച്ചുവളർന്ന കുട്ടികൾ അന്യജാതിക്കാരെ വിവാഹം ചെയ്യുംബോൾ അതൊരു സാംസ്കാരികസംത്രാസമായി രക്ഷിതാക്കൾക്കും ബന്ധുജനങ്ങൾക്കും തോന്നുമ്പോഴും കുട്ടികൾക്ക് അതിൽ ഒരസ്വാഭാവികതയും തോന്നാതെ സന്തോഷമായിട്ട് കഴിയാൻ സാധിക്കുന്നത്.

നഗരജീവിതത്തിന്റെ തിരക്ക് നമ്മളെ അനാവശ്യചിന്തകളിൽ നിന്ന് അകറ്റി നിർത്തുന്നു. ആൾകൂട്ടത്തിൽ തനിയെ എന്ന ഈ അവസ്ഥ മറ്റുള്ളവർ തന്നെ ശ്രദ്ധിക്കുന്നുണ്ടോ എന്നും മറ്റുള്ളവർ തന്നെക്കുറിച്ച് എന്ത് ചിന്തിക്കും എന്നുമുള്ള വേവലാതികൾ ഇല്ലാതെ നമ്മളെ ജീവിക്കാൻ സഹായിക്കുന്നു.

നർമ്മ മുഹൂർത്തങ്ങൾ

ഒരിക്കലും മറക്കാനാവത്ത ചില സ്വാനുഭവ നർമ്മമുഹൂർത്തങ്ങൾ.

1)  ഒരിക്കൽ വടക്ക്ഭാഗത്ത് കലശത്തിന് പോയപ്പോൾ ഒരു നമ്പൂരിയെ പരിചയപ്പെട്ടു.അദ്ദേഹം മകൾക്ക് വേളിയാലോചിക്കുകയായിരുന്നു.എന്താ demand എന്ന് ഞാൻ ചോദിച്ചപ്പോൾ അദ്ദേഹം:
       “ ഏത് നായയായാലും വേണ്ടില്ല്യ, നമ്പൂര്യായാ മതി”
       ഞാൻ : !@%#$&^%!)*(:(:(:(

2)  ബോംബയിൽ ഒരു കലശത്തിന് പോയപ്പോൾ അവിടെ മേൽശാന്തിയായിരുന്നാളോട് പൂജയൊക്കെ അറിയോന്ന് ചോദിച്ചു.

  അദ്ദേഹം : ക്കെ പഠിച്ചതാണ്….ശാന്തി കഴിച്ചൊക്കെ മറന്നു!!!!!!!!!!!!!!!

3)  പേരശ്ശിയുടെ മകൻ ബിജുവേട്ടന്റെ വേളിയുടെ പുണ്യാഹമാണ് രംഗം.അഞ്ചുപേരിൽ നാലുപേരുടെ തളിക്കൽ തീർന്നു.ഒരാള് മാത്രം പിന്നേം ജപിച്ചുകൊണ്ടിരിക്കുന്നു.ക്ഷമ കെട്ട നാലുപേരിലൊരാൾ:
     “ എന്താ ഇയാള്ടെ തീരാത്തെ? ഇയാൾക്ക് മുഴുവൻ അറിയൂംന്ന്
       തോന്ന്ണൂ!!!!!!!!!!!!!!
4)  ഒരമ്പലത്തിൽ മേൽശാന്തി സൂക്ഷിക്കണ വഴിപാട് ലിസ്റ്റ്:

    ജപിച്ച പുണ്യാഹം = 30 രൂപ

    ജപിക്കാത്ത പുണ്യാഹം= 15 രൂപ
 
5)  വിദ്യാപീഠത്തിൽ കഥകളി തീരെ താത്പര്യമില്ലാത്ത ഒരാളോട് കഥകളി കണ്ടുകഴിഞ്ഞ് വന്ന ഒരാൾ:

ഒന്നാമൻ: ഇന്നലെ പാട്ട് ഹൈദരാലിയായിരുന്നു.ഗംഭീരമായി
രണ്ടാമൻ ( താല്പര്യമില്ലാതെ); ടിപ്പു ഉണ്ടായിരുന്നില്ലേ????????

6)  വിദ്യാപീഠത്തിൽ രാത്രി വളരെ വൈകി രണ്ടു പേർ     സംസാരിച്ചിരിക്കുന്നു.

ഒന്നാമൻ: ഏട്ടാ, എനിക്ക് ഉറക്കം വരുണൂ….
രണ്ടാമൻ: പിന്നെന്തിനാടോ ഉറക്കുളച്ച് ഇങ്ങനെ ഇരിക്കണെ….പോയി മുഖം കഴികീട്ട് വരൂ!!!!!!!!! 

7)  ഒരു കലശസ്ഥലം

   ഞാൻ ഒരു കലശം പൂജിക്ക്ണൂ.എന്റെ കലശപൂജ കഴിഞ്ഞിട്ടും മാരാർ കൊട്ട് നിർത്തുന്നില്ല.പിന്നെ അന്വേഷിച്ചപ്പോളാണ് അറിഞ്ഞത്. അയാൾ അടുത്തിടയ്ക്ക് പഠിച്ചിറങ്ങിയതാണ്.പെട്ടെന്ന് കലാശം മറന്ന്പോയത്രെ!!!!!!!!!!!!!!!!

N.B. ഇതിൽ പറഞ്ഞിട്ടുള്ള എല്ലാ കഥാപാത്രങ്ങളും ജീവിച്ചിരിക്കുന്നതിനാൽ പേരു വെളിപ്പെടുത്താൻ നിർവാഹമില്ല.ഇതിൽ പറഞ്ഞ പല അനുഭവങ്ങളും എന്റെ അടുത്ത സുഹൃത്തുക്കളായിട്ട് പങ്കുവെച്ചിട്ടുള്ളതാണ്.ആവർത്തനവിരസത ക്ഷമിക്കുക.




Monday, March 17, 2014

വികസിത കേരളം



വികസനസംബന്ധമായ ചർച്ചകളിലെല്ലാം പരാമർശവിധേയമാകാത്ത  ഒരു പേരാണ് കേരളം. ഇക്കാലത്ത് മലയാളിയുടെ ചർച്ചയിൽ പോലും കടന്നുവരുന്നത് തമിഴ്നാടും ഗുജറാത്തും മറ്റ് ഉത്തരേന്ത്യൻ സംസ്ഥാനങ്ങളും മറ്റുമാണ്.പക്ഷെ വിരോധാഭാസമെന്ന് പറയട്ടെ ലോകപ്രശസ്ത സാമ്പത്തിക ശാസ്ത്രജ്ഞൻ അമർത്യാസെന്നിന്റെ ആദരവിന് പാത്രമാവുകയും ഐക്യരാഷ്ട്രസഭയുടെ അഭിനന്ദനത്തിന് അർഹമാവുകയും ചെയ്ത ഒരു വികസനമാതൃകയാണ് കേരളത്തിന്റേത്.എന്തുകൊണ്ടായിരിക്കാം വ്യാവസായികപുരോഗതി താരതമ്യേന കുറവായ കേരളത്തെ വികസിതമായ പല യൂറോപ്യൻ രാജ്യങ്ങളുമായി തുലനം ചെയ്തത്. അതു മനസ്സിലാക്കുവാൻ അവർ ഉപയോഗിച്ച മാനദണ്ഡങ്ങൾ പരിശോധിച്ചാൽ മതി. സാധാരണക്കാരന്റെ കണ്ണിൽ മായക്കാഴ്ചകൾ സൃഷ്ടിക്കുന്ന കോർപ്പറേറ്റ് വികസനമല്ല മറിച്ച് സമൂഹത്തിലെ ഏറ്റവും താഴേതട്ടിലുള്ള വ്യക്തിയുടെ ജീവിതത്തിൽ വരെ ബൗദ്ധികവും ഭൗതികവുമായ സുഖസൗകര്യങ്ങൾ പ്രദാനം ചെയ്യാൻ ശേഷിയുള്ളവയെയാണ് മാനദണ്ഡമായി അവർ ഉപയോഗിച്ചത്.

GDP (Gross Domestic Product) & HDI (Human Development Index)

എല്ലാ ചർച്ചകളിലും കേൾക്കുന്ന രണ്ട് പദങ്ങളാണ് ഇവ.ഒരു രാജ്യത്തിന്റെ വികസനത്തെ അളക്കാൻ ഉപയോഗിക്കുന്ന അളവുകോലുകളാണ് ഇവ രണ്ടും.GDP വ്യാവസായിക പുരോഗതിയെ അടിസ്ഥാനപ്പെടുത്തിയാകുമ്പോൾ HDI സമൂഹത്തിലെ എല്ലാ മനുഷ്യരുടേയും ജീവിതനിലവാരത്തിന്റെ  അടിസ്ഥാനത്തിൽ കണക്കാക്കുന്നു. പുരോഗതിയാർജിച്ച ഒരു നാട്ടിൽ സാമ്പത്തിക ശാസ്ത്രപ്രകാരം ഇവ രണ്ടും പരസ്പരപൂരകങ്ങളായിരിക്കണം.അതായത് GDP Rate ഉയരുംബോൾ HDIയും  ഉയരണം.പക്ഷെ നിർഭാഗ്യവശാൽ ഇന്ത്യയിൽ ഇവ അജഗജാന്തരമാണ്.മറിച്ച് വികസിത രാജ്യങ്ങൾ പരിശോധിച്ചാൽ രണ്ടും ഉയർന്ന നിലയിൽ നിൽക്കുന്നത് കാണാം.ഈയൊരു വെളിച്ചത്തിൽ വേണം ഇവിടെ നടക്കുന്ന വികസനചർച്ചകളുടെയെല്ലാം പിന്നിലുള്ള സ്വാർത്ഥതാല്പര്യങ്ങളേയും രഹസ്യ അജണ്ടകളേയും പറ്റി മനസ്സിലാക്കാൻ.
Kerala Model of Development

മുകളിൽ സൂചിപ്പിച്ച മാനദണ്ഡങ്ങൾ ഉപയോഗിച്ച് പരിശോധിക്കുംബോൾ മനസ്സിലാവും കേരളം എങ്ങനെ യഥാർത്ഥവികസനസങ്കൽപ്പത്തിൽ മറ്റു സംസ്ഥാനങ്ങളെ അപേക്ഷിച്ച് മുന്നിൽ നിൽക്കുന്നു എന്ന്. HDI കണക്കാക്കാൻ ഉപയോഗിക്കുന്ന അളവുകോലുകളാണ് ആരോഗ്യം, ശിശുമരണനിരക്ക്, ആയുസ്സ്, വിദ്യാഭ്യാസം, രാഷ്ട്രീയപ്രബുദ്ധത,തൊഴിൽസംരക്ഷണം, ശുചിത്വം തുടങ്ങിയവ.ഉയർന്ന GDPയുടെ ഭാഗമായിട്ട് ഉയരേണ്ട Per Capita Income വളരെ കുറവായിട്ടും കേരളം എങ്ങനെ HDIയിൽ ഉയർന്ന നിലവാരം പുലർത്തുന്നു എന്ന് തിരിച്ചറിയുംബോൾ ഏറ്റവും വികസിതമായ സംസ്ഥാനം കേരളമാണെന്ന് നമ്മൾ മനസ്സിലാക്കുന്നു.എന്നാൽ ഈ മുന്നേറ്റം വളരെ സ്വാഭാവികമായി വന്നുചേർന്നതാണോ അതോ ഏതെങ്കിലും ദിവ്യശക്തിയുടെ വരദാനമാണോ? ഒരിക്കലുമല്ല, മറിച്ച് വളരെ വലിയ  സഹനങ്ങളിലൂടെയും ആത്മത്യാഗങ്ങളിലൂടേയും നേടിയെടുത്തതാണ്.അതിലേക്ക് നയിച്ച സംഭവങ്ങളെ ഒന്ന് ചുരുക്കി പറയാൻ ശ്രമിക്കാം.
1)    കേരളീയ നവോത്ഥാനം  

വിവേകാനന്ദൻ ഭ്രാന്താലയം എന്ന് വിശേഷിപ്പിച്ച കേരളത്തെ മനുഷ്യാലയമാക്കി മാറ്റാൻ വേണ്ടി നടന്ന ശുദ്ധികലശമാണ് കേരളീയനവോത്ഥാനം.തന്റെ സമുദായത്തിനുള്ളിലെ അശാസ്ത്രീയമായ അനാചാരങ്ങളെ തുടച്ചുനീക്കാൻ ഉള്ളിൽ നിന്ന് പട നയിച്ച് വി.ടിയും അയിത്തം എന്ന ദുർഭൂതത്തിന്റെ ഇരകളായിരുന്ന ഈഴവരെ മുഖ്യധാരയിലേക്ക് കൊണ്ടുവന്ന ശ്രീനാരായണഗുരുവും ക്ഷേത്രപ്രവേശനവിളംബരവും മറ്റു നവോത്ഥാന മുന്നേറ്റങ്ങളും കേരളീയസമൂഹത്തിനെ ഇരുണ്ടഗുഹയിൽ നിന്ന് കാറ്റോട്ടമുള്ള തുറന്നിടങ്ങളിലേക്ക് കൊണ്ടുവന്നു.

2)    ഇടതുപക്ഷപ്രസ്ഥാനം

    കേരളീയനവോത്ഥാനത്തിന്റെ നേട്ടങ്ങളെ മുന്നോട്ട് കൊണ്ടുപോകുകയും സമൂഹത്തിന്റെ അടിത്തട്ടിലേക്ക് ആ നേട്ടങ്ങളെ എത്തിക്കുകയും ചെയ്തതിൽ കേരളത്തിലെ ഇടതുപക്ഷപ്രസ്ഥാനം വഹിച്ച പങ്കു നിസ്തുലമാണ്.ബംഗാളിൽ അവ പരാജയപ്പെട്ടപ്പോൾ ഇവിടെ വിജയകരമാക്കാൻ കഴിഞ്ഞതിൽ പ്രധാന കാരണം അതിന്റെ പിന്നിൽ പ്രവർത്തിച്ച ദീർഘദർശികളും നിസ്വാർത്ഥരുമായ അന്നത്തെ കമ്മ്യൂണിസ്റ്റ് ആചാര്യന്മാരാണ്.വിദ്യാഭാസ ബില്ലും ലാൻഡ് ട്രിബ്യൂണൽ ബില്ലും തൊഴിലാളി സംരക്ഷണവും സാഹിത്യസമ്പോഷണവും എല്ലാം ഇതിന് ആക്കം കൂട്ടി.ഇത് കേരളജനതയെ രാഷ്ട്രീയപ്രബുദ്ധരാക്കി.

3)    ക്രിസ്ത്യൻ മിഷനറി പ്രവർത്തനം

   ക്രിസ്ത്യൻ മിഷനറി കേരളത്തിലെ വിദ്യാഭ്യാസമേഖലയ്ക്ക് ചെയ്ത സേവനം നിസ്തർക്കമാണ്.അവർ ഇംഗ്ലീഷ് വിദ്യാഭ്യാസത്തിന് പ്രചാരം നൽകി.അതിലൂടെ ഒരു ഭാഷ മാത്രമല്ല നമ്മൾ പഠിച്ചത് മറിച്ച് ആ ഭാഷയിലൂടെ ഒഴുകിയെത്തിയ സ്വതന്ത്രചിന്തകൂടിയാണ്.ഇത് നമ്മളെ യൂറോപ്യൻ സാഹിത്ത്യവുമായിട്ട് അടുപ്പിക്കുകയും അവ നമ്മളുടെ ജീവിതവീക്ഷണത്തേയും ചിന്താഗതിയേയും മാറ്റിമറിക്കുകയും ചെയ്തു.

4)    മലയാളസാഹിത്യം

ഇന്ത്യയിലെ ഏറ്റവും സമ്പന്നമായ സാഹിത്യമാണ് നമ്മുടേത്.നവോത്ഥാനാനന്തരം രാജസദസ്സുകളിൽ നിന്ന് സാഹിത്യം തെരുവിലേക്ക് ഇറങ്ങിവന്നു.അത് സമൂഹത്തിലെ അടിത്തട്ടിലുള്ളവരുടേയും അരികുജീവിതങ്ങളുടേയും ജീവിതം ചിത്രീകരിക്കുകയും ഒരു പുതിയ സാമൂഹ്യബോധം സൃഷ്ടിക്കുകയും ചെയ്തു.

5)    ആരോഗ്യസംരക്ഷണം

 ആദ്യത്തെ ഗവണ്മെന്റു ആരോഗ്യമേഖലയിൽ  എടുത്ത ധീരമായ നടപടികൾ ആരോഗ്യസംരക്ഷണത്തിന്റെ ആവശ്യകതെയെപറ്റി ജനങ്ങളെ ബോധവാന്മാരാക്കി.പിന്നീട് വന്ന എല്ലാ സർക്കാരുകളും ഇത് തുടർന്നുകൊണ്ടുപോവുന്നതിൽ ബദ്ധശ്രദ്ധയുള്ളവരായിരുന്നു.ഇന്നും കേരളത്തിലുള്ളയത്ര Govt. dispensaryകൾ മറ്റൊരു സംസ്ഥാനത്തിലുമില്ല.സൗജന്യ ആരോഗ്യപരിരക്ഷ സമൂഹത്തിന്റെ ആരോഗ്യപരിപാലനത്തിൽ നിർണ്ണായകപങ്ക് വഹിച്ചു.

6)    സാക്ഷരതാ യജ്ഞം

  കേരളചരിത്രത്തിലെ മറ്റൊരു നാഴികകല്ല്.ഇന്നും മലയാളിയെ മറ്റു നാട്ടുകാരുടെ മുൻപിൽ നട്ടെല്ലുയർത്തി നിൽക്കാൻ സഹായിക്കുന്ന ഘടകം.

7)    പരിസ്ഥിതി മുന്നേറ്റങ്ങൾ

    ഹരിതസുന്ദരമായ ഈ നാടിനെ വികസനത്തിന്റെ പേരിൽ കാർന്നുതിന്നുന്നതിനെതിരെ ഉയർന്ന silent valley മുതൽക്കുള്ള ശക്തമായ പ്രക്ഷോഭങ്ങൾ ഈ നാടിനെ കുറയൊക്കെ അതേ സമ്പന്നതയിൽ നിലനിർത്തുന്നു.


    മുകളിൽ പറഞ്ഞ ലിസ്റ്റ് അപൂർണ്ണമാണെങ്കിലും കേരളത്തിനെ ഇന്നത്തെ കേരളമാക്കാൻ സഹായിച്ച സംഭവങ്ങളാണ് ഇവയെല്ലാം.എന്തെല്ലാം കുറവുകളുണ്ടെങ്കിലും സമൂഹത്തിലെ ബഹുഭൂരിപക്ഷം വരുന്ന ജനങ്ങളുടെ സന്ത്വനത്തിന് നിദാനമാകേണ്ട വികസനസങ്കല്പം ന്യൂനപക്ഷമായ corporateകളുടെ താല്പര്യങ്ങൾക്ക് വേണ്ടി അട്ടിമറിക്കുമ്പോൾ നാം നശിപ്പിക്കുന്നത് നമ്മുടെ മുൻപേ നടന്നവർ അനേകകാലത്തെ സഹനസമരങ്ങളിലൂടെ നേടിയെടുത്ത ഈ വാഗ്ദത്തഭൂമിയെയാണ്.അത് നിലനിർത്തുക എന്നുള്ളത് പുതിയ വികസനസങ്കൽപ്പങ്ങളുടെ മഞ്ഞവെളിച്ചത്തിൽ കണ്ണുചിമ്മിനിൽക്കുന്ന നമ്മളോരോരുത്തരുടേയും കടമയാണ്.

Saturday, March 8, 2014

കഥകളി എന്ന രംഗകല


കേരളത്തിലെ ഏറ്റവും പ്രചാരമേറിയ രംഗകല എന്ന നിലയിൽ കഥകളി മറ്റു രംഗകലകളിൽ നിന്ന് എങ്ങനെ വ്യത്യസ്തമാവുന്നു.എല്ലാ കലാരൂപങ്ങളുടേയും ലക്ഷ്യം വിവിധ കഥാപാത്രങ്ങളിലൂടേയും സന്ദർഭങ്ങളിലൂടേയും ഉള്ള ഭാവസ്ഫുരീകരണവും അതിന്റെ വിനിമയവും ആണ്.അങ്ങനെ വരുംബോൾ കഥകളി മറ്റ് രംഗകലകളായ നാടകത്തിൽ നിന്നും സിനിമയിൽ നിന്നും എങ്ങനെ വ്യത്യസ്തമാവുന്നു.കഥകളിയിൽ അഭിനയത്തിനാണോ ആട്ടത്തിനാണോ കൂടുതൽ പ്രാധാന്യം എന്ന തർക്കം അനവധി കാലമായിട്ട് ഇവിടെ നിലനിൽക്കുന്നുണ്ട്.കഥകളി കണ്ടു മാത്രം ആസ്വാദകനായിട്ടുള്ള ഒരാളുടെ അഭിപ്രായം മാത്രമാണിത്.

കഥകളിയുടെ രംഗപാഠം സൂക്ഷ്മമായി പരിശോധിച്ചാൽ അതിന്റെ ഒരു ന്യൂനത തന്നെ അതിന്റെ നേട്ടമായി ഭവിച്ചു എന്ന് മനസ്സിലാവും. കൂടുതലും അമാനുഷകഥാപാത്രങ്ങൾ നിറഞ്ഞ കഥകളിയിൽ അമാനുഷപ്രവൃത്തികൾ നിറഞ്ഞ അഭിനയരംഗങ്ങൾ അധികം ഉണ്ടായി എന്നത് സ്വാഭാവികം മാത്രം.പക്ഷെ നാടകത്തിലോ സിനിമയിലോ കാണുന്ന പോലെ പശ്ചാത്തലക്രമീകരണങ്ങളുടെ സഹായത്തോടെ  സൃഷ്ടിക്കപ്പേടുന്ന അന്തരീക്ഷം കഥകളിക്ക് അന്യമായി.ഈ അഭാവം കഥകളി എന്ന കലാരൂപത്തിന് ഗുണമായി ഭവിച്ചു.നാടകത്തിലും സിനിമയിലും നടൻ സൃഷ്ടിക്കേണ്ടാത്ത അന്തരീക്ഷം കഥകളിയിൽ നടൻ തന്റെ ആംഗികാഭിനയത്തിലൂടെ സൃഷ്ടിക്കണം എന്ന അവസ്ഥ വന്നു.ഇത് ശൈലീകൃതമായ രംഗപാഠത്തിന്റെ പ്രാധാന്യത്തെ ഊട്ടിയുറപ്പിച്ചു.ഭാവാഭിനയം ആംഗികാഭിനയത്തിനെ സഹായിക്കുന്ന ഘടകം മാത്രമായിമാറി.കൈലാസോദ്ധാരണം ഒരു ഉദാഹരണം മാത്രം.ആംഗികാഭിനയത്തിന്റെ ശക്തിയും സൗന്ദര്യവും എങ്ങനെ ഈ രംഗത്തിന്റെ മാറ്റു കൂട്ടുന്നു എന്ന് നമുക്ക് മനസ്സിലാവുന്നതാണ്.

അതേസമയം ആംഗികാഭിനയം കൂടാതയുള്ള ഭാവാഭിനയമുഹൂർത്തങ്ങൾ സിനിമയിലോ സാഹിത്യത്തിലോ അനുഭവപ്പെടുന്ന അളവിൽ എനിക്ക് കഥകളിയിൽ അനുഭവപെട്ടിട്ടില്ല.സിനിമയിൽ ലഭിക്കുന്ന പശ്ചാത്തലാന്തരീക്ഷത്തിന്റേയോ പശ്ചാത്തലസംഗീതത്തിൻടേയോ പിന്തുണ കഥകളിയിൽ താരതമ്മ്യേന കുറവായതാവാം ഇതിന് കാരണം.പിറവി എന്ന സിനിമയിൽ പ്രേംജി അവതരിപ്പിക്കുന്ന കഥാപാത്രം മകനെ കാത്തിരിക്കുന്ന ഒരു രംഗമുണ്ട്. ആ രംഗത്തിന്റെ ഒരു തീവ്രത നളചരിതത്തിലെ മറിമാങ്കണ്ണി എന്ന പദത്തിന്റെ രംഗാഭിനയത്തിൽ എനിക്ക് അനുഭവപ്പെട്ടിട്ടില്ല ( സന്ദർഭം ഒന്നല്ലെങ്കിലും).ഇതിന് physical spaceന്റെ ഒരു പരിമിതിയും കാരണമാവാം.അതേ സമയം തന്നെ മേൽസൂചിപ്പിച്ച കൈലാസോദ്ധാരണം എന്ന രംഗത്തിന്റെ ഗാംഭീര്യം ഒരു സിനിമയിലോ സീരിയലിലോ എനിക്കനുഭവപ്പെട്ടിട്ടുമില്ല. ഈ പരിമിതികൾ മനസ്സിൽ കണ്ടുകൊണ്ടാവാം ആദ്യകാലങ്ങളിലെ ആട്ടകഥാകാരന്മാർ ആംഗികാഭിനയത്തിന് പ്രാധാന്യമുള്ള ശൈലീകൃതമായ ആട്ടകഥകൾ ചിട്ടപ്പെടുത്തിയത്.


ഇവിടെ കഥയറിഞ്ഞ് ആട്ടം കാണുക എന്ന പ്രയോഗം തന്നെ പരിമിതിയായി     മാറുന്നു.കഥയുടെ വിവിധ രസങ്ങൾക്കപ്പുറം ശൈലീകൃതമായ ആട്ടങ്ങളോട് സാത്മ്യം പ്രാപിക്കാൻ കഴിയുംബോളാണ് കഥകളിയാസ്വാദനം അർത്ഥപൂർണ്ണമാവുന്നത്.ഈ ചിട്ടപ്രധാനമായ ആട്ടങ്ങളുടെ അഭാവം മൂലമാവാം മാനസികദ്രവീകരണശക്തിയുള്ള പല സന്ദർഭങ്ങളുണ്ടായിട്ടും സമീപകാലത്തുണ്ടായിട്ടുള്ള പല ആട്ടകഥകൾക്കും  കഥകളിയാസ്വാദകരുടെ ഇടയിൽ രണ്ടാം സ്ഥാനം മാത്രം ലഭിക്കുന്നത്.

Monday, March 3, 2014

ഭാരതീയവിജ്ഞാനം


ലോകത്തിലെ ഏറ്റവും സംബന്നമായ വിജ്ഞാനശാഖയായിരുന്നു ഭാരതത്തിന്റേത്.പ്രകൃതിയിലെ സൂര്യൻ മുതൽ പുൽക്കൊടി വരെയുള്ള എല്ലാ പ്രതിഭാസങ്ങളേയും ബഹുമാനിക്കാൻ പഠിപ്പിക്കുന്ന വേദങ്ങളും ലോകത്തിലെ ഏറ്റവും ആഴമേറിയ തത്ത്വചിന്താപദ്ധതിയായ ഉപനിഷത്തുക്കളും കണക്കിൽ ഭാസ്കരനും ജ്യോതിശാസ്ത്രത്തിൽ ആര്യഭട്ടനും വൈദ്യത്തിൽ ചരകനും ശുശ്രുതനും യുക്തിചിന്തയിൽ ചാർവാകനും സാഹിത്യത്തിൽ വ്യാസനും വാൽമീകിയും ഭാഷാശാസ്ത്രത്തിൽ പാണിനിയും കാമസൂത്രത്തിൽ വത്സ്യായനനും യോഗശാസ്ത്രത്തിൽ പതഞ്ജലിയും നാട്യശാസ്ത്രത്തിൽ ഭരതമുനിയും തുടങ്ങി ലോകത്തിലെ ഏതു സംസ്കാരത്തേയും അസൂയപ്പെടുത്തുന്ന അളവിൽ സംബന്നമായിരുന്നു പുരാതന ഭാരതം.യൂറോപ്പിലെ നവോത്ഥാനത്തിന് നൂറ്റാണ്ടുകൾക്ക് മുൻബ് തന്നെ ഭാരതീയ ശാസ്ത്രശാഖ അഭൂതപൂർവമായ വികാസം പ്രാപിച്ചിരുന്നു.പക്ഷെ ഈ ശാസ്ത്രമുന്നേറ്റം നമ്മൾക്ക് അധികകാലം മുന്നോട്ട് കൊണ്ടുപൊവാൻ കഴിഞ്ഞില്ല, പകരം പാശ്ചാത്യനാടുകളിൽ വികസിച്ച ആധുനിക ശാസ്ത്രശാഖ നമ്മളെ മറികടന്ന് അനേകകാതം മുന്നോട്ട് പോയി.ഇതിന് ആരെയാണ് പഴിചാരേണ്ടത്? ഗാർഗിപോലുള്ള വ്യക്തികൾ ജീവിച്ചിരുന്ന ഈ നാട്ടിൽ വിമർശനവിധേയമായിരുന്ന ഈ വിജ്ഞാനശാഖകൾക്ക് എങ്ങനെയാണ് നാശം സംഭവിച്ചത്?ഇതിന്റെ കാരണം അന്വേഷിച്ചാൽ അത് ശാസ്ത്രീയമല്ല,  മറിച്ച് ചരിത്രപരമാണ് എന്ന് മനസ്സിലാവും.
വൈദികഹിന്ദുമതത്തിന് ഏറ്റ വലിയ ഒരു പ്രഹരമായിരുന്നു മൗര്യസാമ്രാജ്യകാലഘട്ടത്തിലെ ഭരണം.ആ കാലഘട്ടത്തിലാണ് ബുദ്ധമതം ഇവിടെ പ്രചാരം നേടിയത്.മൗര്യരാജാക്കന്മാരുടെ സഹായത്തോടെ ബുദ്ധമതം ഭാരതം മുഴുവൻ എന്ന പോലെ വ്യാപിച്ചു.ബ്രാഹ്മണരുടെ വൈദികാധിപത്യത്തിനെതിരെയുള്ള ഒരു വിപ്ലവമായിരുന്നല്ലോ ബുദ്ധമതം.ഇത് ഹിന്ദുമതത്തിനേൽപ്പിച്ച ക്ഷീണം കുറച്ചൊന്നുമായിരുന്നില്ല.പിന്നീട് ഹിന്ദുമതത്തിന് ഒരു ഉണർവുണ്ടായത് ഗുപ്തസാമ്രാജ്യകാലഘട്ടത്തിലായിരുന്നു.ആ കാലഘട്ടത്തിന്റെ ഏറ്റവും വലിയ സംഭാവനയായിരുന്നു ഭക്തിപ്രസ്ഥാനം.
ഭക്തിപ്രസ്ഥാനം ഹിന്ദുമതത്തെ കൂടുതൽ ജനകീയവൽക്കരിച്ചു.ബ്രാഹ്മണർക്കും ക്ഷത്രീയർക്കും മാത്രം പ്രാധാന്യമുണ്ടായിരുന്ന ഹിന്ദുമതം കൂടുതൽ inclusive ആയി മാറി.സമൂഹത്തിലെ ബഹുഭൂരിപക്ഷം വരുന്ന ജനതയെ ആകർഷിക്കാൻ അവർ കണ്ടെത്തിയ ഉപാധി സംഗീതവും കഥകളും ആയിരുന്നു.മീരാഭായിയും സൂർദാസുമെല്ലാം ഉദാഹരണം.കഥകളുടെ കാര്യം ചിന്തിച്ചപ്പോൾ സാധാരണജനങ്ങളുടെ കഥകൾക്ക് പകരം ഈശ്വരന്റെ കഥകളാണ് ഈയൊരു സന്ദർഭത്തിൽ അത്യാവശ്യം എന്ന് തിരച്ചറിഞ്ഞു.ഉപനിഷത്തുക്കളിലെ ആഴമേറിയ ആശയങ്ങൾ സാധാരണജനങ്ങളെ ആകർഷിക്കില്ല എന്ന് തിരിച്ചറിഞ്ഞ ഇവർ ഇതിഹാസത്തിലെ ചോരയും നീരുമുള്ള കഥാപാത്രങ്ങളെ അമാനുഷകഥാപാത്രങ്ങളായി ചിത്രീകരിച്ച് പുതിയൊരു കാല്പനികഛായയുള്ള കഥകൾ സൃഷ്ടിച്ചു.അങ്ങനെ പുരാണങ്ങൾ പിറവിയെടുത്തു.മനുഷ്യകഥാനുഗായിയായ സാഹിത്യം ഈശ്വരകഥാനുഗായിയായി മാറി.
ഭക്തിപ്രസ്ഥാനം സാമൂഹ്യപരമായ വലിയൊരു വിപ്ലവമാണ് സൃഷ്ടിച്ചതെങ്കിലും ഭാരതീയശാസ്ത്രവിജ്ഞാനശാഖയ്ക്ക് അത് പ്രതികൂലമായി ഭവിച്ചു.മനുഷ്യകഥാനുഗായികളായിരുന്ന രചനകൾ ഈശ്വരകഥാനുഗായികളായി മാറിയപ്പോൾ വിമർശനബുദ്ധ്യാ സമീപിക്കേണ്ടിയിരുന്ന പുസ്തകങ്ങളെല്ലാം പൂജനീയ വസ്തുക്കളായി മാറി.നവോത്ഥാനന്തര യൂറോപ്പിൽ ആധുനികശാസ്ത്രം മതത്തെ വിഴുങ്ങിയപ്പോൾ ഇവിടെ മറിച്ചാണ് സംഭവിച്ചത്; മതം ശാസ്ത്രത്തെ വിഴുങ്ങി!!!!!!!!!!!!!!!!!പുതിയ മതാഖ്യാനങ്ങളുടെ വെളിച്ചത്തിലായി പിന്നീടുള്ള എല്ലാ ആഖ്യാനങ്ങളും.
ആരാധ്യപുരുഷന്മാരായ ഈശ്വരന്മാരുടെ കഥകൾ പറയുന്ന പുസ്തകങ്ങൾ വിമർശിക്കുന്നത് മഹാപാപമായി കാണുന്ന ഒരു സമൂഹമായി മാറി നമ്മുടേത്.മതവിശ്വാസങ്ങളെയെല്ലാം തകർത്തെറിഞ്ഞുകൊണ്ട് ശരികളിൽ നിന്ന് കൂടുതൽ ശരികളിലേക്ക് ആധുനികശാസ്ത്രം വളർന്നപ്പോൾ മതം വിഴുങ്ങിയ ഭാരതത്തിലെ ശാസ്ത്രം വിമർശനവിധേയമാക്കാൻ നമ്മൾ ഭയന്നു.തെറ്റുതിരുത്തി മുന്നേറാനുള്ള ഈ ഭയം നമ്മളുടെ ശാസ്ത്രശാഖയുടെ വളർച്ചയെ തടഞ്ഞുനിർത്തി.സ്വതന്ത്രമായി വായിക്കപ്പെടേണ്ടുന്ന പുസ്തകങ്ങൾ പൂജിക്കപ്പെട്ടു തുടങ്ങിയപ്പോൾ അത് ചോദ്യം ചെയ്യലിന്റെ അന്ത്യം കുറിച്ചു.
 പുസ്തകങ്ങൾ പൂജിക്കപ്പെടുംബോൾ അക്ഷരങ്ങൾ മരിക്കുന്നു………അറിവും!!!!